•  2 May 2024
  •  ദീപം 57
  •  നാളം 8
വര്‍ത്തമാനം

മലയാളകവിതയുടെ മണിച്ചിലങ്ക

ലയാളത്തിന്റെ പ്രിയകവി സുഗതകുമാരിയുടെ വേര്‍പാടിന്റെ വേദന ശമിക്കുംമുമ്പേ അവരുടെ ജന്മദിനംകൂടി കടന്നുവന്ന് കാവ്യാസ്വാദകരെ പിന്നെയും കണ്ണീരണിയിച്ചിരിക്കുന്നു. എണ്‍പത്തേഴുവര്‍ഷത്തെ സഫലമായ ജീവിതത്തിനൊടുവില്‍ ചാരിതാര്‍ഥ്യത്തോടെ വിടപറഞ്ഞുപോയ  ആ സര്‍ഗധനയുടെ ഓര്‍മയ്ക്കുമുമ്പില്‍ നന്ദിനിറഞ്ഞ ഹൃദയത്തോടെ ശിരസു നമിക്കാനേ നമുക്കവകാശമുള്ളൂ.
സ്വാനുഭവം മുന്‍നിര്‍ത്തി പറഞ്ഞാല്‍, എന്റെ തലമുറയുടെ ഭാവുകത്വം രൂപപ്പെടുത്തിയ കവികള്‍ രണ്ടുപേരാണ് - ഒ.എന്‍.വി.യും സുഗതകുമാരിയും. അവരുടെ കവിതകള്‍ വായിക്കുകയും ആസ്വദിക്കുകയും ചെയ്തു വളര്‍ന്നവരാണു ഞങ്ങള്‍. അധ്യാപകജീവിതം തിരഞ്ഞെടുത്ത ഞങ്ങളില്‍ പലരും ആ കവിതകള്‍ പഠിപ്പിച്ചു പുതിയ തലമുറയെ നവലാവണ്യാനുഭവങ്ങളിലേക്കു നയിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ പിന്തിരിഞ്ഞുനോക്കുമ്പോള്‍, ഒരു വസ്തുത എടുത്തുപറയേണ്ടതുണ്ടെന്നു തോന്നുന്നു. മനസ്സില്‍ നന്മയുടെ പ്രകാശം പരത്തുന്നവയാണ് രണ്ടുപേരുടെയും കവിതകള്‍. വായിക്കുകയും ആസ്വദിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവരൊക്കെ മനുഷ്യനന്മയുടെ പാലാഴിയില്‍ മുങ്ങിനിവരുകയായിരുന്നു.
1961 ല്‍ പുറത്തുവന്ന 'മുത്തുച്ചിപ്പി'യാണ് സുഗതകുമാരിയുടെ ആദ്യ കവിതാസമാഹാരം. 'സുഗതകുമാരിയുടെ ഈ ഹൃദയംഗമങ്ങളായ കവിതകള്‍ക്കും അവതാരിക വേണമോ?' എന്ന് ആശ്ചര്യംകൊള്ളുന്ന ബാലാമണിയമ്മയുടേതാണ് 'വാത്സല്യദീപ്ത'മായ അവതാരിക. സുഗതകുമാരിയുടെ ഏറ്റവും മനോഹരമായ കവിതയെന്ന് ഒരു വിഭാഗം സഹൃദയര്‍ ഇന്നും വിലയിരുത്തുന്ന 'കാളിയമര്‍ദ്ദനം' വായിച്ചുകൊണ്ടാണ് നമ്മള്‍ സമാഹാരത്തിലേക്കു പ്രവേശിക്കുന്നത്.
അഹന്തയുടെ സഹസ്രഫണങ്ങള്‍ വിടര്‍ത്തുന്ന ഉന്മാദിയായ മനുഷ്യാത്മാവിന്റെ പ്രതീകമാണു കവിതയിലെ കാളിയന്‍. അവന്റെ ആയിരം പത്തികളെയും രക്തം തെറിക്കുംവിധം മര്‍ദ്ദിച്ചു നൃത്തംവയ്ക്കുന്ന ഉണ്ണിക്കൃഷ്ണന്‍ പരമാത്മാവിന്റെ പ്രതീകവും. മലയാളകാവ്യലോകത്തിന് അത്യപൂര്‍വ്വവും അത്യാഹ്ലാദകരവുമായ കാവ്യാനുഭവമാണ് 'കാളിയമര്‍ദ്ദനം' സമ്മാനിച്ചത്. ബാലാമണിയമ്മയുടെ ആഹ്ലാദവിവശമായ വാക്കുകളില്‍ പ്രതിഫലിക്കുന്നത് ആ അനുഭവം തന്നെയാണ്. 'എന്തൊരു പുതുമ! എന്തൊരഴക്! കാളിയമര്‍ദ്ദനത്തിലെ അഹന്താമോചകന്റെ വേദനാകരങ്ങളെങ്കിലും പ്രിയതരങ്ങളായ കാല്‍ച്ചുവടുകള്‍ വായനക്കാരുടെ മനസ്സിലും മധുരമായൊരു താളക്കൊഴുപ്പോടെ വന്നുവീഴുന്നില്ലേ? ഏതാപത്തിലും ഭഗവത്‌സ്പര്‍ശമനുഭവിക്കുന്ന മഹാമനുഷ്യതയെ ഇത്ര ആലോചനാമൃതമായി മറ്റൊരു മലയാളകവിയും ചിത്രീകരിച്ചതായോര്‍ക്കുന്നില്ല.
ശബ്ദവും അര്‍ഥവും കാളിന്ദിയിലെ ഓളങ്ങള്‍പോലെ ഇളകിമറിയുന്നതിനിടയില്‍ ഉണ്ണിക്കണ്ണന്റെ പാദങ്ങളിലെ മണിച്ചിലങ്കയുടെ മധുരനാദം വേറിട്ടുകേള്‍ക്കുന്നു. അകമ്പടിയായി കണ്ണന്റെ ഓടക്കുഴലില്‍നിന്നുയരുന്ന ദിവ്യഗീതവും. ആസ്വാദകമനസ്സ് അവാച്യമായൊരു ഭാവലയത്തിലേക്കു വഴുതിവീഴുമ്പോള്‍ തത്ത്വചിന്താഗംഭീരമായ ഒരു തലോടല്‍കൂടി അനുഭവപ്പെടുകയായി. അത് കാളിയന്റെ ആത്മനിവേദനമാണ്.
''നിറുത്തിടൊല്ലേ നൃത്തം,             നിര്‍വൃതി
ലയത്തിലാത്മാവലിയുന്നു
മദാന്ധകാരം മാറീലാ, മിഴി
തുറന്നു പൂര്‍ണത കണ്ടീലാ,
അന്ധതയാലേ പുണരുംജീവിത
ബന്ധനമൊന്നു
        മഴിഞ്ഞീലാ,
അറിഞ്ഞു ഞാനെന്നുള്ളോരീ             വെറു-
മഹന്ത കണ്ണാ, മാഞ്ഞീലാ....''
മനുഷ്യമനസ്സിനെ ഈശ്വരചിന്തയിലേക്കു പ്രത്യാനയിക്കാനും ഈശ്വരാശ്രയബോധത്തില്‍ ഉറപ്പിക്കാനും  പര്യാപ്തമായ ഈ വരികള്‍ ഒട്ടേറെ പ്രസംഗങ്ങളില്‍ ഉദ്ധരിച്ച് ശ്രോതാക്കളോടു സംവദിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുള്ളതും ഓര്‍ക്കുന്നു. ഇത്തിരിയെങ്കിലും ചിന്താശേഷിയുള്ളവരെ ആഴത്തില്‍ സ്പര്‍ശിക്കാനും ചിന്തിക്കാനും ഈ വരികള്‍ക്ക് അന്യാദൃശമായൊരു ലാവണ്യക്ഷമതയുണ്ട്.
നൈസര്‍ഗികമായ സര്‍ഗശക്തിയുടെ അനര്‍ഗളപ്രവാഹമാണു സുഗതകുമാരിയുടെ കവിതകള്‍. ഇതു തിരിച്ചറിഞ്ഞ ആസ്വാദകലോകത്തോടൊപ്പം അന്നത്തെ സമുന്നതസാഹിത്യപ്രതിഭകളും കവിയെ നിറമനസ്സോടെ ഉള്‍ക്കൊണ്ടു. അവരുടെ സമാഹാരങ്ങള്‍ക്ക് അവതാരിക കുറിച്ച ഗുരുതുല്യരായ കവികളുടെയും നിരൂപകരുടെയും അനുഗ്രഹവചസ്സുകള്‍ അതാണു വെളിപ്പെടുത്തുന്നത്.
അറുപതുകളില്‍ മലയാളത്തിലെ ഏറ്റവും ആദരണീയനായ കവി ജി. ശങ്കരക്കുറുപ്പായിരുന്നു. സുഗതയുടെ രണ്ടാമത്തെ കവിതാസമാഹാരം 'സ്വപ്നഭൂമി' (1965)യെ അനുഗ്രഹിച്ചയച്ചതു ജി യാണ്. 'ഉഷസ്സ് ആരുടെയും അവതാരികയോടുകൂടിയല്ല പ്രപഞ്ചത്തിലേക്കു കടന്നുവരുന്നത്. ഈ സ്വപ്നഭൂമിക്ക് എന്തിനാണ് ഒരാമുഖം?' എന്നാണദ്ദേഹം വാത്സല്യപൂര്‍വ്വം കുറിച്ചത്. പാതിരാപ്പൂക്കള്‍ക്ക് (1967) എസ്. ഗുപ്തന്‍ നായരും പാവം മാനവഹൃദയത്തിന് (1968) എന്‍.വി. കൃഷ്ണവാര്യരും രാത്രിമഴയ്ക്ക്(1977) എന്‍. കൃഷ്ണപിള്ളയും എഴുതിയ അവതാരികകള്‍, കാനനച്ചോലയിലൂടെ പതഞ്ഞൊഴുകുന്ന തെളിനീര്‍പ്രവാഹംപോലെ സംശുദ്ധമായ ലാവണ്യാനുഭവം പകരുന്ന സുഗതകുമാരിക്കവിതകള്‍ക്കുള്ള അനുഗ്രഹദായകമായ സാക്ഷ്യങ്ങളാണ്.
സുഗതകുമാരിയുടെ കവിമനസ്സ് താദാത്മ്യംകൊണ്ട ഇതിഹാസപ്രതീകം വൃന്ദാവനത്തിലെ രാധയാണ്. അവിടെ ഒരു വ്യത്യാസമുള്ളതു പ്രത്യേകം ശ്രദ്ധിക്കണം. അതു വൃന്ദാവനത്തില്‍ പ്രേമലീലകളാടിനടന്ന രാധയല്ല. കൃഷ്ണനെ നഷ്ടപ്പെട്ട രാധയാണ്. കംസവധത്തിന് മഥുരയിലേക്ക് അക്രൂരന്‍ തെളിച്ച അശ്വരഥത്തില്‍ കയറിപ്പോയ മുരളീകൃഷ്ണന്‍ പിന്നീടൊരിക്കലും അമ്പാടിയിലേക്കു മടങ്ങിയില്ല. 'കണ്ണീര്‍നിറഞ്ഞ മിഴിയുമായ്, കാണാത്ത കണ്ണനെത്തേടിനടന്ന രാധ'യായിരുന്നു പിന്നെ അമ്പാടിയിലുണ്ടായിരുന്നത്. ഈ രാധയാണ് സുഗതകുമാരിയുടെ ഉള്ളില്‍ കുടിയേറിയത്. അതവര്‍ അവാച്യമായിത്തന്നെ പറഞ്ഞുവച്ചിട്ടുണ്ട്: 
ഈ രാധയുള്ളില്‍ പ്രതിഷ്ഠിത            മാകയാല്‍
തീരാത്ത തേടലാകുന്നു ജന്മം
മഥുരയ്ക്കുപോയ കണ്ണന്റെ രാധയ്ക്കു പിന്നീടെന്തുപറ്റി? കുട്ടിക്കാലംമുതല്‍ക്കേ സുഗതയുടെ മനസ്സില്‍ നൊന്തുയര്‍ന്നുകൊണ്ടിരുന്ന ഒരു ചോദ്യമാണിത്. കൃഷ്ണനെ പിരിഞ്ഞ രാധയെ സാന്ത്വനിപ്പിക്കുക എളുപ്പമല്ല. കൃഷ്ണസന്നിധിയിലേ അവള്‍ക്കു ശാന്തി ലഭിക്കൂ. ഈ ചോദ്യത്തിന്റെയും ബോധ്യത്തിന്റെയും ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് 'രാധയെവിടെ?' എന്ന ദീര്‍ഘകാവ്യാഖ്യാനം. ''എന്റെയീ രാധയ്ക്ക് അമൃതമായ പ്രേമംതേടി ഉഴലുന്ന സ്ത്രീയുടെ മുഖമാണ്. അനന്തമായ പൂര്‍ണത തേടുന്ന  മനുഷ്യജീവന്റെ മുഖം ഇതില്‍നിന്നു ഭിന്നമല്ലല്ലോ'' എന്നു കവി ആമുഖമായി കുറിച്ചിട്ടുണ്ട്.
ഉഴന്നലയുന്ന ഈ അന്വേഷണം നീണ്ടുപോകുമ്പോള്‍ എത്തിച്ചേരുക മിസ്റ്റിസിസത്തിന്റെ കവാടത്തിലാണ്. സുഗതകുമാരിയുടെ കവിമനസ്സും എത്തിച്ചേര്‍ന്നത് അവിടെത്തന്നെയാണ്. ആ കവിതകളിലുടനീളം നിറഞ്ഞുനില്ക്കുന്ന വിഷാദവും നഷ്ടബോധവും ഗൃഹാതുരതയുമെല്ലാം ഇതിന്റെ സൂചനകളാണ്. ഈ തീവ്രാനുഭവത്തിന്റെ ഉദ്ദീപകവിഭാവങ്ങളായി സമകാലികജീവിതത്തിലെ മൂല്യനിരാസവും ഭോഗതൃഷ്ണയും അടങ്ങാത്ത ആര്‍ത്തിയും ധര്‍മവിമുഖതയും കൂട്ടുവരികയും ചെയ്തു. അതോടെ നന്മമാത്രം തേടിയുഴറിയ ആ കണ്ണുകളില്‍ പരിഭ്രമം നിറഞ്ഞു. ഇതിനു പരിഹാരമെന്ത് എന്നറിയാതെ അവര്‍ വ്യസനത്തിലായി. ഈ മനോഭാവത്തെയാണ് ആര്‍ഷസംസ്‌കാരം ധര്‍മവ്യസനം എന്നു വിളിക്കുന്നത്. സമാദരണീയരായ ഗുരുജനങ്ങളെ മുഴുവന്‍ ആയുധധാരികളായി ശത്രുപക്ഷത്തു കണ്ട പാര്‍ത്ഥന്‍ കുരുക്ഷേത്രഭൂമിയില്‍ തേര്‍ത്തടത്തില്‍ തളര്‍ന്നിരുന്നുപോകാനിടയാക്കിയതും ഈ ധര്‍മവ്യസനമാണ്. ഗീതോപദേശം അര്‍ജുനനെ യുദ്ധസജ്ജനാക്കി; കവിധര്‍മം സുഗതകുമാരിയെയും. ഒരു കവിയുടെ ആയുധങ്ങള്‍ കവിതകളല്ലാതെ മറ്റെന്താണ്?
സുഗതകുമാരിക്കവിതയില്‍ കയറ്റിറക്കങ്ങളില്ല. ഒരിക്കലും കവിത അവരുടെ കൈയില്‍നിന്നു വഴുതിപ്പോയിട്ടില്ല. 'ഇനിയീമനസ്സില്‍ കവിതയില്ല' എന്ന് 1983 ല്‍ അവര്‍ പരിഭ്രമംകൊണ്ടെങ്കിലും, കവിത പക്ഷേ, അവരെ വിട്ടുപോകാന്‍ തയ്യാറായില്ല. അതു തിരിച്ചറിഞ്ഞ കവി തൊട്ടടുത്തവര്‍ഷംതന്നെ എഴുതി; 'ഒരുപാട്ടു പിന്നെയും പാടിനോക്കുന്നിതാ' എന്ന്. സമാനഹൃദയര്‍ മുഴുവന്‍ തന്റെ കവിതയ്ക്കുവേണ്ടി കാതോര്‍ക്കുന്നുണ്ടെന്ന് അവര്‍ക്കു ബോധ്യമുണ്ടായിരുന്നു.
ഇരുളില്‍ തിളങ്ങുമീ പാട്ടു            കേള്‍ക്കാന്‍ കൂടെ
മരമുണ്ടു മഴയുണ്ട് കുളിരുമുണ്ട്!
നിഴലുണ്ടു പുഴയുണ്ടു 
    തലയാട്ടുവാന്‍ താഴെ
വഴിമരച്ചോട്ടിലെപ്പുല്ലുമുണ്ട്!
ആരുമില്ലെങ്കിലെന്തായിരം             കൊമ്പത്തു
താരുണ്ട് താരങ്ങളുണ്ട്
അപ്പാട്ടിലാഹ്ലാദത്തേനുണ്ട്,             കനിവെഴും
സ്വപ്നങ്ങളുണ്ട്, കണ്ണീരുമുണ്ട്.
ഈ വരികളില്‍ സുഗതകുമാരിക്കവിതയുടെ ഉള്‍ത്തുടിപ്പുകളാണു മുഴങ്ങുന്നത്.
സുഗതകുമാരിയിലെ കവിയെയും വ്യക്തിയെയും ഒട്ടൊക്കെ അടുത്തറിയാന്‍ എനിക്കു കഴിഞ്ഞിട്ടുമുണ്ട്. 1989 ല്‍ അവരുമായി ഒരുമാസം നീണ്ട ഇടവേളകളില്‍ സംസാരിച്ചു തയ്യാറാക്കിയ ദീര്‍ഘമായ അഭിമുഖം ദീപിക വാരാന്തപ്പതിപ്പിന്റെ രണ്ടു ലക്കങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. സ്വന്തം കാവ്യജീവിതത്തെക്കുറിച്ചു കവിയുടെ മനസ്സുതുറന്ന വെളിപ്പെടുത്തലുകള്‍ നിറഞ്ഞതാണ് ആ മുഖാമുഖം.
1995 ല്‍ ഞാന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായിരിക്കുമ്പോള്‍ തളിര് ബാലമാസികയുടെ പ്രസാധനത്തില്‍ അവരില്‍നിന്നു ലഭിച്ച സഹകരണമാണ് മറ്റൊരനുഭവം. ജവഹര്‍ ബാലഭവനില്‍നിന്നു സുഗതകുമാരി ചീഫ് എഡിറ്ററായി പ്രസിദ്ധീകരിച്ചിരുന്ന ആ മാസിക പ്രസിദ്ധീകരണം മുടങ്ങിക്കിടക്കുകയായിരുന്നു. മാസികയ്ക്കുണ്ടായിരുന്ന ജനപ്രീതി കണക്കിലെടുത്ത് ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റേതായി അതു പുനഃപ്രസാധനം ചെയ്താല്‍ കൊള്ളാമെന്നു ഞാന്‍ ആഗ്രഹിച്ചു. വിവരമറിഞ്ഞ സുഗതകുമാരി വളരെ സന്തുഷ്ടയായി. മാത്രവുമല്ല, എന്റെ അഭ്യര്‍ത്ഥന മാനിച്ച് തളിരിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം സ്വീകരിക്കുകയും ഒരു രൂപപോലും പ്രതിഫലം വാങ്ങാതെ എഡിറ്റിംഗ് ജോലി നിര്‍വഹിക്കുകയും ചെയ്തു.
ആ വര്‍ഷം നവംബര്‍ 14 ശിശുദിനത്തിലായിരുന്നു തളിരിന്റെ ആദ്യലക്കം പ്രകാശനം ചെയ്തത്. പ്രകാശകന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ പ്രസ് കോണ്‍ഫെറന്‍സ് ഹാളിലായിരുന്നു ചടങ്ങ്. ആ ദിവസത്തിനൊരു പ്രത്യേകതകൂടിയുണ്ട്. കേരളത്തില്‍ ചാരായനിരോധനം നടപ്പിലാക്കാന്‍ അന്നത്തെ മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. യോഗംകഴിഞ്ഞാണ് മുഖ്യമന്ത്രി വന്നത്. ചടങ്ങിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി  സുഗതകുമാരിയോടു പറഞ്ഞു: ''ടീച്ചറേ, കേരളത്തില്‍ ചാരായം നിരോധിക്കാനുള്ള തീരുമാനം എടുത്തിട്ടാണ് ഞാന്‍ വരുന്നത്. 300 കോടി രൂപയുടെ വരുമാനം വേണ്ടെന്നുവച്ചു.''
സുഗതകുമാരി എഴുന്നേറ്റ് ഇരുകൈകളും ശിരസ്സില്‍വച്ചു പ്രാര്‍ഥനാപൂര്‍വ്വം മറുപടി പറഞ്ഞു: ''മുഖ്യമന്ത്രിക്കു കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും അനുഗ്രഹം ഉണ്ടാകും.''
സുഗതകുമാരിയുടെ ദീപ്തസ്മരണയ്ക്കു പ്രണാമം!

 

Login log record inserted successfully!