•  2 May 2024
  •  ദീപം 57
  •  നാളം 8
വര്‍ത്തമാനം

രാഷ്ട്രീയവഴികളില്‍ വെളിച്ചമായി മാര്‍പാപ്പാ

രാഹുല്‍ഗാന്ധി വീണ്ടും വാര്‍ത്താകേന്ദ്രമായിരിക്കുന്നു. സ്വന്തം പാര്‍ട്ടിയുടെ 135-ാം വാര്‍ഷികവേളയില്‍ അദ്ദേഹം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. പാര്‍ട്ടിപ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന സോണിയാഗാന്ധിക്ക് അനാരോഗ്യം കാരണം വാര്‍ഷികച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞുമില്ല. രാഷ്ട്രീയശത്രുക്കള്‍ ഇതു വിവാദമാക്കിയില്ലെങ്കിലല്ലേ അദ്ഭുതപ്പെടേണ്ടൂ?
ഒരു വാര്‍ഷികദിനം പെട്ടെന്നു കടന്നുവരുന്നതല്ല. അതൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ജന്മവാര്‍ഷികമാകുമ്പോള്‍ പാര്‍ട്ടിനേതാക്കളുടെ ഡയറിയില്‍ അതു വളരെ പ്രാധാന്യത്തോടെ ഇടംപിടിക്കേണ്ടതാണ്. ആ ദിവസം ഒഴിവാക്കിയേ മറ്റു പരിപാടികള്‍ ക്രമീകരിക്കാവൂ. കാരണം, അതൊരു സ്വന്തം കാര്യമല്ല, പാര്‍ട്ടിയുടെ പൊതുവിഷയമാണ്. പാര്‍ട്ടിയണികളോടു മുഴുവന്‍ ബന്ധപ്പെട്ടതാണ്. അവരില്‍ രാഷ്ട്രീയാവേശം ഒരിക്കല്‍കൂടി കത്തിപ്പടരേണ്ട ദിനമാണ്.
അത്തരമൊരു സന്ദര്‍ഭത്തില്‍ നേതാവിന്റെ അഭാവം വാര്‍ഷികപരിപാടികളുടെ ശോഭ കെടുത്തിക്കളയും. അനുയായികളുടെ ആവേശം തണുപ്പിച്ചുകളയും. ഇതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 135-ാം വാര്‍ഷികാചരണത്തിനു സംഭവിച്ചത്. പാര്‍ട്ടിയിലെ ഏറ്റവും ശ്രദ്ധേയനായ നേതാവ് രാഹുല്‍ഗാന്ധി അന്നു വിദേശത്തായിരുന്നു.
വ്യക്തിപരമായ ആവശ്യത്തിനാണദ്ദേഹം വിദേശത്തുപോയതെന്നാണ് ഔദ്യോഗികവിശദീകരണം. അത് രാഹുല്‍ഗാന്ധിയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതൊഴിവാക്കണം എന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല. പക്ഷേ, ഒരു രാഷ്ട്രീയനേതാവെന്ന നിലയില്‍ സ്വകാര്യാവശ്യങ്ങള്‍ പൊതുആവശ്യങ്ങള്‍ക്കുവേണ്ടി മാറ്റിവയ്ക്കാനോ പുനഃക്രമീകരിക്കാനോ അദ്ദേഹത്തിനു ബാധ്യതയുണ്ടായിരുന്നു. അതുണ്ടായില്ല എന്നതുകൊണ്ടാണ് രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തിന്റെ വിദേശയാത്ര ആയുധമാക്കിയത്.
ഇവിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പായുടെ രാഷ്ട്രീയദര്‍ശനം പ്രസക്തമാകുന്നത്. ഏറ്റവും പുതിയ ചാക്രികലേഖനമായ 'നാം സോദര'രില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു: ''രാഷ്ട്രീയത്തെ പുതിയ രീതിയില്‍ അംഗീകരിക്കാന്‍ ഞാന്‍ ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുകയാണ്. പൊതുനന്മയെ തെരയുന്നിടത്തോളം, വൈശിഷ്ട്യമാര്‍ന്ന ദൈവവിളിയും ഉപവിയുടെ അത്യുന്നതരൂപങ്ങളിലൊന്നുമാണത്.''
സ്വാര്‍ത്ഥതയുടെ വ്യക്തിതാത്പര്യങ്ങളും രാഷ്ട്രീയത്തെ വല്ലാതെ കളങ്കപ്പെടുത്തിക്കഴിഞ്ഞിരിക്കുന്ന വര്‍ത്തമാനകാലത്ത്, രാഷ്ട്രീയപ്രവര്‍ത്തനം ഉപവിയുടെ അത്യുന്നതരൂപവും ദൈവവിളിയുമായിരിക്കണം എന്ന മാര്‍പാപ്പായുടെ ആഹ്വാനം പുതുയുഗപ്പിറവിയുടെ ഉണര്‍ത്തുപാട്ടാവേണ്ടതാണ്.
സഹജീവികളുടെ ആവശ്യങ്ങളില്‍, സാമൂഹികകൂട്ടായ്മകളില്‍ നല്ല സമരിയാക്കാരനാവാന്‍ രാഷ്ട്രീയക്കാരനു കഴിയണം എന്നാണു മാര്‍പാപ്പാ ഓര്‍മ്മിപ്പിക്കുന്നത്. ഈ ആശയം വിശദമാക്കിക്കൊണ്ടദ്ദേഹം ആവര്‍ത്തിച്ചെഴുതുന്നു: ''വ്യക്തികള്‍ ആവശ്യക്കാരായവരെ സഹായിക്കുമ്പോള്‍, എല്ലാവര്‍ക്കും സാഹോദര്യവും നീതിയും ലഭ്യമാക്കുന്ന സാമൂഹികപ്രക്രിയകളില്‍ ഒത്തുചേരുമ്പോള്‍, അത് ഉപവിയാണ്. അവര്‍ ഏറ്റവും വിശാലമായ ഉപവിയുടെ മേഖലയിലേക്ക്, രാഷ്ട്രീയ ഉപവി എന്നതിലേക്കു പ്രവേശിക്കുകയാണ്. ഇതൊരു സാമൂഹികരാഷ്ട്രീയ ക്രമത്തിനായുള്ള പ്രവര്‍ത്തനമാകുന്നു. അതിന്റെ ആത്മാവാണ് സാമൂഹിക ഉപവി.''
അധികാരത്തിനും പദവികള്‍ക്കുംവേണ്ടിയുള്ള കൂട്ടയോട്ടമാണ് രാഷ്ട്രീയപ്രവര്‍ത്തനം എന്നു തെറ്റിദ്ധരിച്ചിരിക്കുന്ന വര്‍ത്തമാനകാലത്തോടാണു പാപ്പാ സംസാരിക്കുന്നത്. 'അല്ല, അതങ്ങനെയല്ല' എന്നദ്ദേഹം തറപ്പിച്ചുപറയുന്നു. ബൈബിളിലെ നല്ല സമരിയാക്കാരന്‍ എന്ന കഥാപാത്രത്തെ ബിംബവത്കരിച്ചുകൊണ്ടാണു ചാക്രികലേഖനത്തില്‍ അദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനത്തിനു പുതിയ മാര്‍ഗരേഖ അവതരിപ്പിക്കുന്നത്.
ഇതുപക്ഷേ, നമ്മുടെ ചെറിയ രാഷ്ട്രീയനേതാക്കള്‍ക്കു മനസ്സിലാക്കാനാവില്ല എന്നതാണു ദുഃഖകരം. രാഷ്ട്രീയത്തില്‍ അധികാരം സുപ്രധാനമാണ്. അതു ജനസേവനത്തിനുള്ള ഏറ്റവും ശക്തമായ ഉപകരണമാണുതാനും. ആ നിലയില്‍നിന്നുമാറി, അധികാരസ്ഥാനങ്ങളിലെത്തുന്നവരുടെ ആര്‍ത്തി തീര്‍ക്കാനുള്ള ശര്‍ക്കരക്കുടവും എതിരാളികളോടു പകവീട്ടാനുള്ള മാരകായുധവുമായി അധികാരം ദുര്‍വിനിയോഗം ചെയ്യപ്പെടുന്നതാണ് ആപത്കരം. ഇന്നു നമ്മുടെ ജനാധിപത്യത്തിനു സംഭവിച്ചിരിക്കുന്ന അപചയവും ഇതുതന്നെ.
ഒരു തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പും തുടര്‍ന്നുള്ള സ്ഥാനാരോഹണനാടകങ്ങളും കണ്ടു കേരളജനത മനംമടുത്തിരിക്കുന്ന സമയമാണിത്. കൊവിഡ് മഹാമാരിക്കിടയിലും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ തയ്യാറായ കേരളീയരുടെ ജനാധിപത്യബോധം അഭിനന്ദനാര്‍ഹംതന്നെ. പക്ഷേ, അവര്‍ക്കു പറ്റിപ്പോകുന്ന ചില കൈപ്പിഴകള്‍ എങ്ങനെയാണു രാഷ്ട്രീയഹാസ്യകഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതെന്നോര്‍ക്കുമ്പോള്‍, ഒരേസമയം ചിരിക്കാനും കരയാനും തോന്നിയേക്കാം. കൂറുമാറ്റനിരോധനനിയമം നിലവിലില്ലായിരുന്നുവെങ്കില്‍, അധികാരത്തിനുവേണ്ടിയുള്ള കസേരകളികള്‍ എത്ര ലജ്ജാവഹമാകുമായിരുന്നു എന്നു ചിന്തിക്കാന്‍പോലും വയ്യ.
ഇതു കേരളത്തിന്റെ മാത്രം സ്ഥിതിയല്ല.  ലോകത്തെമ്പാടും ജനാധിപത്യസംവിധാനം നിലവിലുള്ള രാജ്യങ്ങളിലൊക്കെത്തന്നെ പലപ്പോഴും അരങ്ങേറാറുള്ള നാടകംതന്നെ. ഈയിടെ നടന്ന അമേരിക്കന്‍ പ്രസിഡന്റുതിരഞ്ഞെടുപ്പില്‍, എതിരാളി വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടും അംഗീകരിക്കാന്‍ തയ്യാറാകാതെ പ്രസിഡന്റ് ട്രംപ് നടത്തിയ നാണംകെട്ട കളികള്‍തന്നെ ഉദാഹരണം.
ട്രംപുമാര്‍ ഇനിയെങ്കിലും പഠിക്കേണ്ട ഒരു പാഠമാണു മാര്‍പാപ്പാ ഉപദേശിക്കുന്നത്. ജനവിധിതേടി ജനാധിപത്യവേദികളിലെത്തുന്ന ബഹുഭൂരിപക്ഷം പ്രതിനിധികളുടെയും ഉള്ളില്‍ ഓരോ ട്രംപ് ഒളിഞ്ഞിരിക്കുന്നുണ്ട് എന്നതാണു  ദുഃഖകരം. അവര്‍ക്കു മാര്‍പാപ്പായുടെ രാഷ്ട്രീയ ഉപവിയും ഉപവിയുടെ രാഷ്ട്രീയവുമൊക്കെ എങ്ങനെയാണു മനസ്സിലാവുക!
മഹാത്മാഗാന്ധി നെഹ്‌റുവിനു നല്കിയ ഒരുപദേശമുണ്ടല്ലോ, നിങ്ങള്‍ എന്തെങ്കിലുമൊരു തീരുമാനമെടുക്കുമ്പോള്‍, അത് ഈ രാജ്യത്തെ ഏറ്റവും ചെറിയവനുപോലും എങ്ങനെ പ്രയോജനകരമാകും എന്നു ചിന്തിക്കണമെന്ന്. ദരിദ്രനാരായണന്മാര്‍ക്കുവേണ്ടി തുടച്ചിരുന്ന മഹാത്മജിയുടെ ഹൃദയം പേറിയ അതേ വേദനതന്നെയാണ് ദരിദ്രരാജ്യങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളിലും വിങ്ങിനില്ക്കുന്നത്.
പ്ലേറ്റോയുടെ വിഖ്യാതമായ 'റിപ്പബ്ലിക്' എന്ന രാഷ്ട്രവിജ്ഞാനീയഗ്രന്ഥത്തില്‍ അഞ്ചുവിധത്തിലുള്ള ഭരണക്രമത്തെപ്പറ്റി പറയുന്നതു ശ്രദ്ധിക്കേണ്ടതാണ്. അരിസ്റ്റോക്രസി, ടിമോക്രസി, ഓളിഗാര്‍ക്കി, ഡെമോക്രസി, ടിറണി എന്നിങ്ങനെ. ഇവയില്‍ ഏറ്റവും  മികച്ചതായി അദ്ദേഹം അവതരിപ്പിക്കുന്നത് അരിസ്റ്റോക്രസിയാണ്. അഭിജാതഭരണം എന്ന് മൊഴിമാറ്റം. ഈ ഭരണസംവിധാനത്തിന്റെ തലവനായിരിക്കേണ്ടതു ദാര്‍ശനികരാജാവാണെന്നും പ്ലേറ്റോ പറയുന്നു. അങ്ങനെയൊരാള്‍ക്കേ ജനങ്ങളുടെ ഹൃദയവേദന മനസ്സിലാക്കാനും അവര്‍ക്കു ക്ഷേമം  കൈവരുത്തുന്ന ഭരണം ഉറപ്പുവരുത്താനും  കഴിയുകയുള്ളത്രേ.
ഏതാണ്ട്, ഇതിനോടു സമാനമായ ഒരു ദര്‍ശനമാണ് മാര്‍പാപ്പായുടെ രാഷ്ട്രീയ ഉറവിടം ഉള്‍ക്കൊള്ളുന്നത്. ''അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന വിവേകി''കളുടെ പ്രവര്‍ത്തനക്രമമെന്ന് അതിനെ വിശദീകരിക്കാം. ഈ വിവേകിയാണു രാഷ്ട്രീയത്തിലെ ദാര്‍ശനികരാജാവ്. കാര്യാകാര്യവിചാരവും ത്യാജ്യഗ്രാഹ്യവിവേചനവുമാണ് വിവേകികളുടെ സവിശേഷതകള്‍. ഇതറിഞ്ഞു  പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കേ ഉത്തമഭരണാധികാരിയായിരിക്കാന്‍ കഴിയൂ.
ഈ വിവേകം അസാധാരണമായ ഒരു ആന്തരികസിദ്ധിയുടെ സംഭാവനയാണ്. ആത്മാവില്‍ നിറഞ്ഞുനില്ക്കുന്ന  വെളിച്ചമാണത്. ആ വെളിച്ചത്തില്‍ സഞ്ചരിക്കുന്നവനാണു വിവേകി. മാര്‍പാപ്പായുടെ വാക്കുകള്‍തന്നെ ഉദ്ധരിക്കട്ടെ: ഉപവിക്കു  നാം നിരന്തരം അന്വേഷിക്കുന്ന സത്യത്തിന്റെ വെളിച്ചം വേണം. ആ വെളിച്ചം ഒരേസമയം യുക്തിയുടെ വെളിച്ചവും വിശ്വാസത്തിന്റെ വെളിച്ചവുമാണ്. 
സംസ്‌കൃതത്തിലെ പ്രശസ്തമായ ഒരു സാഹിത്യശാസ്ത്രഗ്രന്ഥമാണ് ദണ്ഡിയുടെ 'കാവ്യാദര്‍ശം'. ഏഴാം ശതകത്തിലുണ്ടായ ആധികാരിക സൈദ്ധാന്തികരചന. സാംസ്‌കാരികവെളിച്ചത്തെക്കുറിച്ചുള്ള ചിന്തോദ്ദീപകമായ ഒരു സങ്കല്പനം ഈ ഗ്രന്ഥത്തില്‍ കാണാം. അതിങ്ങനെ: ''വാക്ക് എന്നു പേരുള്ള ജ്യോതിസ് പ്രകാശിക്കുന്നില്ലെങ്കില്‍ മൂന്നു ലോകങ്ങളും കൂരിരുട്ടു നിറഞ്ഞതാകുമായിരുന്നു.''
സാഹിത്യരചനകളുടെ മഹത്ത്വം വെളിപ്പെടുത്തുന്ന നിരീക്ഷണമാണിത്. വാക്കുകള്‍ ഉള്ളടക്കുന്ന ഒരു സാംസ്‌കാരികപ്രകാശമുണ്ട്. അതു വായനക്കാരുടെ ഹൃദയത്തെ പ്രകാശമാനമാക്കും. ആ വെളിച്ചത്തിലേ കാണേണ്ടതു കാണാന്‍ കഴിയൂ. അതു സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ജീവിതനന്മയുടെയും വെളിച്ചമാണ്. അത് ഉള്ളില്‍ നിറഞ്ഞവനാണു വിവേകി. അത്തരത്തില്‍ വിവേകിയായ നേതാവിനേ  തന്റെ പ്രവര്‍ത്തനത്തെ രാഷ്ട്രീയ ഉപവിയായി ഉയര്‍ത്താന്‍ കഴിയൂ. അവര്‍ക്കേ ലോകനന്മയുടെ പ്രവാചകരും പ്രചാരകരും ആകാന്‍ കഴിയൂ.
ഇത്തരത്തില്‍ സ്വന്തം ജീവിതത്തെ രാഷ്ട്രനന്മയുടെ ഇന്ധനമായി ജ്വലിപ്പിക്കാന്‍ കഴിഞ്ഞ നേതാക്കള്‍ ചരിത്രത്തിലുണ്ടോ? ഉണ്ടെന്നു വിളിച്ചുപറയുന്നതു മറ്റാരുമല്ല, മഹാത്മാഗാന്ധിയെയും എബ്രഹാം ലിങ്കനെയും നെല്‍സണ്‍ മണ്ടേലയെയുംപോലെയുള്ള മഹാപുരുഷന്മാരാണ്. ആ പരമ്പരയില്‍ പേരു ചേര്‍ക്കപ്പെട്ട മഹാത്മാക്കള്‍ വേറേയുമുണ്ട്. അവരുടെ പേരുകള്‍ ഇവിടെ എടുത്തുപറയുന്നില്ല. 
മഹാഭാരതത്തില്‍ യക്ഷന്‍ യുധിഷ്ഠിരനോടു ചോദിച്ചു: ഏതാണു വഴി? യുധിഷ്ഠിരന്റെ മറുപടി: മഹാജനങ്ങള്‍ സഞ്ചരിച്ച വഴിയാണു വഴി.
നമ്മുടെ രാഷ്ട്രീയക്കാര്‍ ഇത്തരത്തിലുള്ള മഹാപുരുഷന്മാരെ വായിക്കുകയും പഠിക്കുകയും വേണം. അവരുടെ സഞ്ചാരപഥം തിരിച്ചറിയണം. സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയുള്ള കൂട്ടയോട്ടമോ അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കുവേണ്ടിയുള്ള കടിപിടികൂടലോ അല്ല രാഷ്ട്രീയമെന്ന് അവര്‍ മനസ്സിലാക്കുമ്പോഴേ രാഷ്ട്രീയ ഉപവിയുടെ പ്രവിശാലതയിലേക്ക് അവര്‍ക്കു പ്രവേശിക്കാന്‍ കഴിയൂ.

 

Login log record inserted successfully!