ഏഴ് എ ക്ലാസിന്റെ വാട്‌സാപ്പ്ഗ്രൂപ്പില്‍ ഹോംവര്‍ക്ക് അയച്ചുകൊടുത്തിട്ട് ബാലു മെസേജുകള്‍ നോക്കുകയായിരുന്നു. അങ്ങനെ ഫോണില്‍ പരതിനടക്കുമ്പോഴാണ് ഏഴ് എയുടെ ഗ്രൂപ്പില്‍ പുതിയൊരു മെസേജ് വന്നുവീഴുന്നത് കണ്ടത്. തുറന്നു നോക്കുമ്പോഴുണ്ട്, അതൊരു ലിങ്കാണ്. തൊട്ടുതാഴെ ജയടീച്ചറിന്റെ ടെക്സ്റ്റുമെസേജുമുണ്ട്.
''വീഡിയോ ടാസ്‌ക് മൂന്നില്‍ ലഭിച്ചവയില്‍ മികച്ചത് ഉള്‍പ്പെടുത്തിയ നിര്‍മിച്ച വീഡിയോ കാണുന്നതിന് മുകളിലുള്ള ലിങ്കില്‍ അമര്‍ത്തുക.''
കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ക്ലാസുകള്‍ തുടങ്ങി രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോള്‍ ജയടീച്ചര്‍ നടപ്പിലാക്കിയ പുത്തന്‍
പരിപാടിയാണ് വീഡിയോടാസ്‌ക്. ആഴ്ചതോറുമുള്ള രസികന്‍ പരിപാടിയാണത്. ടീച്ചര്‍ രസകരമായൊരു വീഡിയോ ഗ്രൂപ്പില്‍ അയച്ചുതരും. അതു കാണണം. ആ വിഷയവുമായി ബന്ധപ്പെട്ട എന്തെങ്കിലും ടാസ്‌ക് നിര്‍ദേശിക്കും. ചിലപ്പോള്‍ വരയ്ക്കാനോ എഴുതാനോ ആയിരിക്കും. അല്ലെങ്കില്‍ ഓഡിയോ ചെയ്യാനോ വീഡിയോ ചെയ്യാനോ ആയിരിക്കും. ചിലപ്പോള്‍ ഒന്നിലധികം ഓപ്ഷനുകള്‍ തന്നിട്ട്, ഇഷ്ടമുള്ളതു ചെയ്യാന്‍ ആവശ്യപ്പെടും. വീഡിയോടാസ്‌കില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. എന്നാലും മിക്കവരും അതില്‍ പങ്കുചേരും.
''പഠിക്കാനുള്ളതല്ലല്ലോ. എങ്കില്‍ ഞാനുണ്ട്.'' നീലിമ പറഞ്ഞത് ബാലു ഓര്‍ത്തു. പലരുടെയും ചിന്താഗതി അതാണ്. അവരൊക്കെ വീഡിയോടാസ്‌കിനായി കാത്തിരിക്കുകയാണ്. ജയടീച്ചര്‍ സ്വന്തം ക്ലാസില്‍ തുടങ്ങിയ പരിപാടി, എല്ലാ ക്ലാസിലേക്കും വ്യാപിച്ചത് വളരെ പെട്ടെന്നാണ്. മൂന്നാമത്തെ വീഡിയോടാസ്‌കില്‍ മുത്തശ്ശിയും പേരക്കുട്ടിയും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ കഥ പറയുന്ന ഒരു വീഡിയോ ആണ് ഉണ്ടായിരുന്നത്.അതോടൊപ്പമുള്ള നിര്‍ദ്ദേശം ഇതായിരുന്നു: 'മുത്തശ്ശനോടോ മുത്തശ്ശിയോടോ ഒപ്പം നിങ്ങള്‍ ചെലവഴിക്കുന്ന നിമിഷങ്ങള്‍ വീഡിയോ ചെയ്ത് അയച്ചുതരിക.'
ഭാഗ്യം. വീട്ടില്‍ മുത്തശ്ശിയുണ്ടല്ലോ. മുത്തശ്ശി ഒപ്പമുള്ളതിനാല്‍ ഈ ടാസ്‌കില്‍ പങ്കെടുക്കാം. മുത്തശ്ശിക്ക് അതൊക്കെ ഒത്തിരി ഇഷ്ടമാകും. അഞ്ചാംക്ലാസില്‍ പുതിയ സ്‌കൂളില്‍ ചേര്‍ന്നതോടെ ഒന്നിനും നേരമില്ലാതായി. രാവിലെ ട്യൂഷന്‍, സ്‌കൂള്‍, വൈകുന്നേരം കളി അങ്ങനെ എന്നും തിരക്ക്. അവധിദിവസങ്ങളില്‍ ഫുട്‌ബോള്‍ കോച്ചിംഗ്, കൂടുതല്‍ സമയം ട്യൂഷന്‍. ഒട്ടും നേരമില്ലാത്തത് അപ്പോഴാണ്.
''ബാലുമോന് മുത്തശ്ശിയോട് പഴയ സ്‌നേഹമൊന്നൂല്ല.'' അതു കേള്‍ക്കുമ്പോള്‍ അമ്മ പറയും: ''അവനു പഠിക്കാനില്ലേ അമ്മേ?'' പിന്നെ മുത്തശ്ശി ഒന്നും പറയില്ല. എന്നാലും ഒരേയൊരു പേരക്കുട്ടിയെ ലാളിക്കാനുള്ള ആഗ്രഹം മുത്തശ്ശിയുടെ കണ്ണുകളില്‍ നിറഞ്ഞുനില്‍ക്കും.
ആറാംക്ലാസിലെ വാര്‍ഷികപ്പരീക്ഷയുടെ ഇടയ്ക്കാണ് കൊവിഡ് വന്നതും സ്‌കൂളടച്ചതും. വൈകാതെ ലോക്ഡൗണുമായി. രണ്ടരമാസം നീണ്ട അവധിക്കാലം വീട്ടില്‍ത്തന്നെ. അവധിക്കാലത്തുള്ള കളികളും കോച്ചിംഗും ട്യൂഷനും ഒന്നുമില്ല. അച്ഛനും അമ്മയും മുത്തശ്ശിയുമൊത്ത് വീട്ടില്‍ത്തന്നെയാണ് എപ്പോഴും. ഫോണ്‍ ഉപയോഗിക്കാന്‍ ഒരു തടസവുമില്ല. ഇഷ്ടംപോലെ സമയമുണ്ട്. മുത്തശ്ശിയുടെ അരികിലിരുന്ന് പാട്ടുകള്‍ കേള്‍പ്പിക്കും. നല്ലനല്ല വീഡിയോകള്‍ കാട്ടിക്കൊടുക്കും.
''ബാലുമോന്‍ സ്‌നേഹമുള്ളോനാ.'' മുത്തശ്ശി പറയും.
അവധിക്കാലം കഴിഞ്ഞിട്ടും സ്‌കൂള്‍ തുറക്കാതെ ഓണ്‍ലൈന്‍ ക്ലാസുതുടങ്ങിയത് ഒട്ടും പ്രതീക്ഷിച്ചില്ല. ആദ്യത്തെ രസമൊക്കെ കഴിഞ്ഞു.
''വീഡിയോടാസ്‌ക് ഏതായാലും നന്നായി.'' അച്ഛന്‍ പറയും. മുത്തശ്ശിയോടൊപ്പമുള്ള വീഡിയോ ഷൂട്ടുചെയ്തതും നിര്‍ദേശങ്ങള്‍ നല്‍കിയതും അച്ഛനാണ്. അതാണ് ജയടീച്ചറിന് കൊടുത്തത്. ആ വീഡിയോ ഈ ലിങ്കില്‍ ഉണ്ടാകുമോ? ബാലു ആകാംക്ഷയോടെ ലിങ്കില്‍ തൊട്ടു. സ്‌കൂളിന്റെ പേരിലുള്ള യൂട്യൂബ് ചാനലില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടു. കുട്ടികളില്‍നിന്നു കിട്ടിയവയില്‍ മെച്ചപ്പെട്ടവ എഡിറ്റുചെയ്ത് ജയടീച്ചര്‍ നിര്‍മിച്ച വീഡിയോയാണ്.
'മുത്തശ്ശനും മുത്തശ്ശിയും പിന്നെ ഞാനും' എന്ന ടൈറ്റില്‍ തെളിഞ്ഞു. പിന്നെ വന്ന ദൃശ്യങ്ങള്‍ ബാലു സന്തോഷത്തോടെ കണ്ടിരുന്നു. മുത്തശ്ശിയുടെ അരികിലിരുന്ന് കഥ കേള്‍ക്കുന്നു, മുത്തശ്ശിയുടെ കാല്‍ തടവിക്കൊടുക്കുന്നു, മുത്തശ്ശിയോടൊപ്പം പൊട്ടിച്ചിരിക്കുന്നു, മുത്തശ്ശിക്ക് ഗുളികയും വെള്ളവും എടുത്തുകൊടുക്കുന്നു... അങ്ങനെയങ്ങനെ വിവിധ ദൃശ്യങ്ങള്‍. എല്ലാറ്റിലും തന്റെ മുഖം കാണാം. ബാലു അത് ശ്രദ്ധയോടെ കണ്ടു. അതില്‍ മുത്തശ്ശിയുടെ മുഖത്ത് തെളിഞ്ഞ സന്തോഷം അവന്‍ തിരിച്ചറിഞ്ഞു. അവന്‍ ഫോണുമായി ഓടിയത് മുത്തശ്ശിയുടെ അടുത്തേക്കായിരുന്നു. വീഡിയോ കണ്ടുകഴിഞ്ഞപ്പോള്‍ മുത്തശ്ശി അവന്റെ നെറ്റിയില്‍ ഒരു സ്‌നേഹമുത്തം നല്‍കി.