•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

മ്യാന്‍മറില്‍ ജനാധിപത്യം ബലിക്കല്ലില്‍

2020 നവംബര്‍ ആദ്യ ആഴ്ചകളില്‍ ജനാധിപത്യമാര്‍ഗങ്ങളിലൂടെ രണ്ടു രാജ്യങ്ങളില്‍ പൊതുതിരഞ്ഞെടുപ്പു നടന്നു. ജയിച്ചവര്‍ വ്യക്തമായ ഭൂരിപക്ഷം നേടിയെങ്കിലും തോറ്റവര്‍ അങ്ങനെയങ്ങു വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. വോട്ടെടുപ്പില്‍ കൃത്രിമം നടന്നുവെന്നായിരുന്നു തോറ്റവരുടെ ആരോപണം. ഒരിടത്ത് അക്രമം അരങ്ങേറിയെങ്കിലും അധികം രക്തച്ചൊരിച്ചിലില്ലാതെ അത് അടിച്ചമര്‍ത്താനും ജനാധിപത്യം പുനഃസ്ഥാപിക്കാനും കഴിഞ്ഞു. എന്നാല്‍, മറ്റൊരിടത്താകട്ടെ, ജനാധിപത്യം കശാപ്പുചെയ്യപ്പെടുകയും പട്ടാളം ഭരണം കവര്‍ന്നെടുക്കുകയും ചെയ്തു. 
2020 നവംബര്‍ 3 ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ  ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കുന്നതിന് യു.എസ്. കോണ്‍ഗ്രസിന്റെ സെനറ്റും ജനപ്രതിനിധിസഭയും പാര്‍ലമെന്റ് മന്ദിരമായ ക്യാപ്പിറ്റോളില്‍ ചേരുന്നതിനിടെ ജനുവരി 6-ാം തീയതിയായിരുന്നു റിപ്പബ്ലിക്കന്‍പാര്‍ട്ടി അനുകൂലികളുടെ അപ്രതീക്ഷിത ആക്രമണം. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയായിരുന്നു ജോബൈഡന്റെ വിജയമെങ്കിലും പരാജയം അംഗീകരിക്കാനും അധികാരമൊഴിയാനും നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിസമ്മതിക്കുകയായിരുന്നു. രണ്ടാമത്തെ സംഭവം അരങ്ങേറിയത് നമ്മുടെ അയല്‍രാജ്യമായ മ്യാന്‍മാറിലായിരുന്നു (പഴയ ബര്‍മ്മ). നവംബര്‍ 8 ലെ പൊതുതിരഞ്ഞെടുപ്പില്‍ 83% വോട്ടുനേടി 476 സീറ്റുകളില്‍ 443 ലും വിജയിച്ച നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ (എന്‍.എല്‍.ഡി) 
നേതൃതത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുമുമ്പുള്ള പാര്‍ലമെന്റ് സമ്മേളനം ചേരുന്നതിനു മണിക്കൂറുകള്‍മാത്രം ബാക്കിനില്‍ക്കേ ഫെബ്രുവരി ഒന്നാം തീയതി പുലര്‍ച്ചെ സൈന്യം ഭരണം പിടിച്ചെടുക്കുകയായിരുന്നു. പ്രസിഡന്റ് മിന്‍മിന്റയെയും, ഭരണാധികാരിയായ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സ്യൂ കിയെയും മുതിര്‍ന്ന ഭരണകക്ഷിനേതാക്കളെയും തടവിലാക്കിയ പട്ടാളമേധാവികള്‍ ഒരു വര്‍ഷക്കാലത്തേക്ക് സൈനികഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിക്കുകയും ചെയ്തു. സൈനികനിയന്ത്രണത്തിലുള്ള യൂണിയന്‍ സൊളിഡാരിറ്റി ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിക്ക് 33 സീറ്റുകളേ കിട്ടിയുള്ളൂ. വോട്ടര്‍പട്ടികയില്‍ ക്രമക്കേടുണ്ടെന്നും, വോട്ടെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നുമുള്ള സൈനികനേതൃത്വത്തിന്റെ പരാതി തിരഞ്ഞെടുപ്പുകമ്മീഷന്‍ നിരാകരിച്ചിരുന്നതാണ്. വോട്ടര്‍പട്ടികയിലെ പിശകുകള്‍ തിരുത്തി ഒരു വര്‍ഷത്തിനുശേഷം വീïും തിരഞ്ഞെടുപ്പു നടത്തണമെന്നാണ് സൈനികവൃത്തങ്ങള്‍ സൂചിപ്പിച്ചത്. 
യു.എസ്, യു.കെ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ തുടങ്ങിയ പ്രമുഖരാജ്യങ്ങളും മറ്റനേകം രാഷ്ട്രങ്ങളും പട്ടാള അട്ടിമറിയെ ശക്തമായ ഭാഷയിലാണ് അപലപിച്ചത്.  ഭരണം പിടിച്ചെടുത്ത കരസേനാമേധാവി മിന്‍ ഓങ് ലെയിങ്ങിനെതിരേ 2019 ഡിസംബര്‍ മുതല്‍ യു.എസ്. ഉപരോധമുണ്ട്. രോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരേ 2017 ല്‍ സൈന്യം നടത്തിയ അക്രമങ്ങളുടെ പേരില്‍ ഗുരുതരമായ മനുഷ്യാവകാശലംഘനക്കുറ്റങ്ങളാണ്  ലെയിനെതിരേ ആരോപിക്കപ്പെട്ടത്. ന്യൂനപക്ഷവിഭാഗമായ രോഹിംഗ്യകള്‍ക്കെതിരേ ഏറെ നാളുകളായി തുടര്‍ന്നുവന്നിരുന്ന അക്രമങ്ങള്‍ പാരമ്യത്തിലെത്തിയത് 2017 ഓഗസ്റ്റ് 25 - നായിരുന്നു. ബംഗ്ലാദേശിനോടു ചേര്‍ന്നുകിടക്കുന്ന പടിഞ്ഞാറന്‍ പ്രവിശ്യയായ ഒഖൈനിലെ  ഇരുനൂറോളം ഗ്രാമങ്ങളും ഡസണ്‍കണക്കിനു ചെറുപട്ടണങ്ങളും അഗ്നിക്കിരയാക്കിയത് അന്നായിരുന്നു. സ്ത്രീകളും കുട്ടികളുമടങ്ങിയ ആറുലക്ഷം രോഹിംഗ്യര്‍ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ അഭയം തേടി. പട്ടാളത്തിന്‍രെയും പോലീസിന്റെയും പിന്തുണയോടെ നടത്തുന്ന വംശീയ ഉന്മൂലനത്തിന്റെ ഭാഗമായിട്ടായിരുന്നു അതിക്രമങ്ങളെന്ന് തെളിഞ്ഞിരുന്നു. 
നിസ്സഹായരായ രോഹിംഗ്യരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്തുകൊï് പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പാപ്പാ 2017 ഡിസംബര്‍ ആദ്യവാരം ബംഗ്ലാദേശും മ്യാന്‍മാറും സന്ദര്‍ശിച്ച് സാന്ത്വനമേകിയതും വാര്‍ത്താമാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. മാര്‍പാപ്പായുടെ അഭ്യര്‍ഥന മാനിച്ച് മുഴുവന്‍ അഭയാര്‍ഥികളെയും തിരികെ എത്തിക്കാനുള്ള ധാരണയില്‍ രണ്ടു രാജ്യങ്ങളുമെത്തിയിരുന്നതായും അക്കാലത്ത് വാര്‍ത്തയുണ്ടായിരുന്നു. ഫ്രാന്‍സീസ് മാര്‍പാപ്പായെ അനുഗമിച്ചിരുന്ന യാങ്കൂണ്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ ചാള്‍സ് മോംഗ്‌ബോ അതീവഗുരുതരമായ ഈ പ്രശ്‌നം പരിഹരിക്കാനാകുമെന്ന പ്രത്യാശയില്‍ ഇങ്ങനെ പ്രതികരിച്ചു:
''മാര്‍പാപ്പായുടെ സന്ദര്‍ശനത്തോടെ സ്ഥിതിഗതികള്‍ കുറെക്കൂടി മെച്ചപ്പെടുമെന്ന പ്രത്യാശയാണുള്ളത്. സൈനികമേധാവികളുടെ അധീശത്വത്തിനു വിരാമമിടണം. പട്ടാളഭരണത്തിലേക്കു രാജ്യത്തെ തിരികെക്കൊണ്ടുപോകാന്‍ അധീശശക്തികളെ അനുവദിച്ചുകൂടാ.'' 
അരനൂറ്റാണ്ടുകാലം നീണ്ടുനിന്ന കിരാതമായ പട്ടാളഭരണത്തിനെതിരേ ഓങ് സാന്‍ സ്യൂ കിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശക്തമായ ജനകീയപ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ജനാധിപത്യമാതൃകയിലുള്ള ഭരണത്തിനു സൈന്യം വഴങ്ങിയത് 2010 ല്‍ മാത്രമാണ്. 1990 മുതല്‍ 2011 വരെ വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്ന സ്യൂ കി 2015 ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ എന്‍.എല്‍.ഡി യെ വിജയത്തിലെത്തിച്ച് മ്യാന്‍മറിലെ ആദ്യജനാധിപത്യസര്‍ക്കാരിനു രൂപം നല്‍കുകയും ചെയ്തു. 2015 ലെ തകര്‍പ്പന്‍ ജയം ലോകജനാധിപത്യചരിത്രത്തിലെ നാഴികക്കല്ലായ പോരാട്ടവിജയമായി വിശേഷിപ്പിക്കപ്പെട്ടു. വിദേശീയനായ ഭര്‍ത്താവും ബ്രിട്ടീഷ് പൗരത്വമുള്ള രണ്ടു മക്കളും ഉള്ളതിനാല്‍ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആകുന്നതിന് സ്യൂ കിക്ക് വിലക്കുണ്ടായിരുന്നു. പ്രധാനമന്ത്രിപദത്തിനു തുല്യമായ 'സിവിലിയന്‍ ഭരണാധികാരി' (േെമലേ രീൗിരശഹഹീൃ) എന്ന സ്ഥാനപ്പേരില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് അവര്‍ ഭരണം നിര്‍വഹിച്ചുപോന്നത്. 
മ്യാന്‍മറിലെ സമരനായകനും രാഷ്ട്രപിതാവുമായ ഓങ് സാനിന്റെ മകളായി 1945 ല്‍ ജനിച്ച സ്യൂ കിക്ക് രണ്ടു വയസുള്ളപ്പോള്‍ പിതാവ് വധിക്കപ്പെടുകയായിരുന്നു. 1948 ജനുവരിയിലാണ് മ്യാന്‍മര്‍ ബ്രിട്ടീഷുകാരില്‍നിന്നു സ്വാതന്ത്ര്യം നേടിയത്. മ്യാന്‍മറിലെ ജനാധിപത്യത്തിനുമേല്‍ സൈന്യം പിടിമുറുക്കിയത് 1962 ലാണ്. തന്ത്രപ്രധാനമേഖലകളെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലാകുകയും പ്രതിപക്ഷപാര്‍ട്ടികളെ നിരോധിക്കുകയും ചെയ്തു. 
ഉപരിപഠനത്തിനായി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെത്തിയ സ്യൂ കി, ബ്രിട്ടീഷുകാരനായ മൈക്കിള്‍  ആരിസിനെ വിവാഹം കഴിച്ചു. അലക്‌സാണ്ടര്‍, കിം എന്നീ രണ്ടു മക്കളുമായി ബ്രിട്ടണില്‍ താമസമാക്കിയ സ്യൂ കി രോഗബാധിതയായ അമ്മയെക്കാണാനാണ് 1988 ല്‍ മ്യാന്‍മറിലേക്കു തിരിച്ചെത്തിയത്. എന്നാല്‍, കാല്‍നൂറ്റാണ്ടുകാലത്തെ പട്ടാളഭരണം താറുമാറാക്കിയ തന്റെ രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ അവര്‍ ഇടപെടുകയായിരുന്നു. തന്റെ പിതാവിന്റെ മകളാണ് താനെന്നു പ്രഖ്യാപിച്ചുകൊണ്ട് 1988 ഓഗസ്റ്റ് 8-ാം തീയതിയിലെ പ്രക്ഷോഭത്തിനു നേതൃത്വം കൊടുക്കുകയും ഒരു മാസത്തിനുശേഷം എന്‍.എല്‍.ഡി. എന്ന രാഷ്ട്രീയപ്പാര്‍ട്ടിക്കു രൂപം നല്കുകയും ചെയ്തു. '8888' എന്ന് മ്യാന്‍മറിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട രക്തരൂഷിതപ്രക്ഷോഭത്തില്‍ 5000 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 
1990 ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ എന്‍.എല്‍.ഡി. വിജയിച്ചെങ്കിലും ഭരണം കൈമാറാന്‍ വിസമ്മതിച്ച സൈനികനേതൃത്വം സ്യൂ കിയെ തടവിലാക്കി. ഇതിനിടെ 1991 ല്‍ സ്യൂ കിക്കു ലഭിച്ച നൊബേല്‍ സമാധാനപുരസ്‌കാരം മ്യാന്‍മറിലെ ജനാധിപത്യപോരാട്ടങ്ങള്‍ക്കുള്ള അംഗീകാരവുമായി. 
2003 ല്‍ സ്യൂ കിയുടെ അനുയായികളായ 70 പേര്‍ വധിക്കപ്പെട്ടതിന്റെ പിന്നില്‍ പട്ടാളത്തിന്റെ കൈകളുണ്ടായിരുന്നു. സൈന്യത്തിന്റെ സില്‍ബന്ധികളായ യുഎസ്ഡിഎ എന്ന സംഘടനയാണ് പില്‍ക്കാലത്ത് യു.എസ്.ഡി.പിയെന്ന പേരില്‍ സൈന്യത്തിന്റെ സ്വന്തം രാഷ്ട്രീയസംഘടനയായി മാറിയത്. 2010 ലെ തിരഞ്ഞെടുപ്പ് എന്‍.എല്‍.ഡി. ബഹിഷ്‌കരിച്ചതിനാല്‍ യു.എസ്.ഡി.പിക്ക് ഭരണം ലഭിക്കുകയും സ്യൂ കി പ്രതിപക്ഷനേതാവാകുകയും ചെയ്തു. 
പട്ടാളത്തിന് മ്യാന്‍മര്‍ അധികാരഘടനയിലുള്ള സ്വാധീനം നിര്‍ണായകമാണ്. പാര്‍ലമെന്റിലെ 25% സീറ്റുകള്‍ സൈന്യത്തിനായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നതും, സുപ്രധാനവകുപ്പുകളായ ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം എന്നിവ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെ നിശ്ചയിക്കുന്നതും പട്ടാളനേതൃത്വമായതിനാല്‍ ജനാധിപത്യം പേരില്‍മാത്രം ഒതുങ്ങുന്ന സ്ഥിതിവിശേഷമാണ്. അയല്‍രാജ്യമായ മ്യാന്‍മറില്‍ ജനാധിപത്യം കശാപ്പുചെയ്യപ്പെടുമ്പോള്‍ അത് നമ്മെയും അലോസരപ്പെടുത്തുന്നുണ്ട്. പട്ടാളഅട്ടിമറിയില്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും ശക്തമായി അപലപിക്കാന്‍ തയ്യാറാകാത്തത് നയതന്ത്രരംഗത്തെ പാളിച്ചയായേ കാണാനാവൂ. പുതിയ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യാന്തരതലത്തില്‍ നേരിടുന്ന ആദ്യവെല്ലുവിളിയാണ് മ്യാന്‍മറിലെ പട്ടാളഅട്ടിമറി. ജനാധിപത്യത്തിന്റെ വീണ്ടെടുപ്പും യു.എസിന്റെ ലോകനേതൃപദവിയും പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ബൈഡന്‍ ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചേക്കും. 
അടുത്ത അഞ്ചുവര്‍ഷത്തേക്കുകൂടി ഭരണത്തുടര്‍ച്ച കിട്ടുമായിരുന്ന സര്‍ക്കാരിനെയാണ് സൈന്യം നിര്‍ദയം അട്ടിമറിച്ചത്. ഈ നടപടി രാജ്യത്തെ കൂടുതല്‍ അരാജകത്വത്തിലേക്കാവും നയിക്കുക. സ്യൂ കിയുടെ നേതൃത്വത്തിലുള്ള അഞ്ചുവര്‍ഷത്തെ ഭരണം കൊണ്ടുവന്ന സാമ്പത്തികപുരോഗതി, വാര്‍ത്താമാധ്യമസംവിധാനങ്ങളുടെ വികസനം എന്നിവ യുവജനങ്ങളില്‍ ചെലുത്തിയ സ്വാധീനം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. എന്നാല്‍, ഭരണത്തിലുള്ള സൈന്യത്തിന്റെ മേല്‍ക്കോയ്മ എല്ലാ അതിര്‍ത്തിവരമ്പുകളെയും അതിലംഘിക്കുന്നതായി. പ്രസിഡന്റും സ്റ്റേറ്റ് കൗണ്‍സിലറും മന്ത്രിമാരുമെല്ലാം ഉണ്ടെങ്കിലും ഏതു നിമിഷവും അധികാരം പിടിച്ചെടുക്കാന്‍ പാകത്തിലുള്ള ഭരണഘടനയാണ് 2008 ല്‍ സൈന്യം തയ്യാറാക്കിയത്. ഈ അധികാരം കൈവിടാതിരിക്കാന്‍ സൈനികമേധാവിയായ മിന്‍ ഓങ് ലെയിങ് ആണ് അട്ടിമറി ആസൂത്രണം ചെയ്തത്. ഈ വര്‍ഷം ജൂലൈയില്‍ വിരമിക്കാനിരിക്കെയാണ് ലെയിംങ്ങിന്റെ അട്ടിമറിയെന്നതും ശ്രദ്ധേയമാണ്. 
തങ്ങള്‍ തിരഞ്ഞെടുത്ത ജനാധിപത്യസര്‍ക്കാരിനെ അട്ടിമറിച്ചതിലും, അമ്മയെപ്പോലെ കരുതിയിരുന്ന ഓങ് സാന്‍ സ്യൂ കിയെ തടവിലിട്ടതിലും പ്രതിഷേധിച്ച് നൂറുകണക്കിനു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളും അധ്യാപകരും തെരുവിലിറങ്ങി. പഴയ തലസ്ഥാനമായ യാംഗൂണിലും ഇപ്പോഴത്തെ തലസ്ഥാനമായ നയ്പിദോയിലും പ്രതിഷേധസമ്മേളനങ്ങളും റാലികളും സംഘടിപ്പിച്ചുവരുന്നു. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ ഒന്നടങ്കം ആദ്യദിവസംതന്നെ സംഘടിച്ച് തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു. സൈന്യത്തിന്റെ പ്രതികാരനടപടി ഭയന്നുകഴിയുന്ന സര്‍ക്കാരുദ്യോഗസ്ഥര്‍കൂടി ഇവരോടൊപ്പം ചേര്‍ന്നാല്‍ ഒരു സമവായത്തിനു പട്ടാളനേതൃത്വം തയ്യാറായെന്നുവരാം. തലസ്ഥാനനഗരിയിലെ ഔദ്യോഗികവസതിയിലാണ് സ്യൂ കിയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെങ്കിലും അധികാരഭ്രഷ്ടയായശേഷം അവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് എന്‍.എല്‍.ഡി. വൃത്തങ്ങള്‍ പറയുന്നു. എഴുപത്താറുകാരിയായ സ്യൂ കിയുടെ ആരോഗ്യനിലയെക്കുറിച്ചു ആശങ്കപ്പെടേണ്ടതില്ലെന്നും പാര്‍ട്ടിയുടെ വക്താക്കള്‍ അറിയിച്ചു.  

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)