പുരുഷന്‍ ഏകനായിരിക്കുന്നതു നന്നല്ല എന്നു കണ്ട ദൈവം അവനു ചേര്‍ന്ന ഇണയെ സൃഷ്ടിച്ച് കൂട്ടായിക്കൊടുത്തു. നിശ്ശബ്ദം നിറഞ്ഞൊഴുകുന്ന കല്ലോലിനിപോലെ സ്വച്ഛസുന്ദരമായ കുടുംബജീവിതം കണ്ട് അസൂയ പെരുത്ത സാത്താന്‍ ലോകാധിനാഥനെതിരേ ആദിമാതാവിന്റെ ചിന്താമണ്ഡലത്തില്‍ ആദ്യകലാപത്തിന്റെ കൊടി നാട്ടി. അന്നുമുതലിങ്ങോട്ട് മാനവരാശിയുടെ ചരിത്രത്താളുകള്‍ കലാപത്തിന്റെ നാള്‍വഴികള്‍കൂടിയാണ്.
കലഹിക്കുന്ന മനസ്സിന്റെ ഉത്പന്നമാണ് കലാപം. രണ്ടു ബോധ്യങ്ങള്‍ തമ്മില്‍ രൂപപ്പെടുന്ന കലാപം തള്ളേണ്ടതിനെ തള്ളിയും കൊള്ളേണ്ടതിനെ കൊണ്ടും അവസാനിക്കുമ്പോള്‍ മനസ്സു ശാന്തമാകുന്നു. ഇത് വ്യക്ത്യധിഷ്ഠിതകലാപത്തിന്റെ കാര്യമാണ്. കലാപത്തിനു കാരണമാകുന്ന ബോധ്യങ്ങള്‍ കുടുംബപരമാണെങ്കില്‍ അവയോടു യോജിക്കുന്നവരും വിയോജിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം കുടുംബത്തില്‍ ഉണ്ടായിരിക്കേണ്ട സമാധാനാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നു. വാക്കാലുള്ള പട ചിലപ്പോള്‍ കയ്യാങ്കളിയിലും അടിപിടിയിലും എത്തിച്ചേരുന്ന അനുഭവങ്ങള്‍ നമുക്കു ധാരാളമുïല്ലോ. ഈ കലാപം കൊടിയിറങ്ങാന്‍ ഒരു കോടതിവിധിയോ ഭാഗോടമ്പടിയോ ഒക്കെ വേണ്ടിവന്നേക്കാം. ചിലപ്പോള്‍ ആള്‍നാശംവരെ സംഭവിച്ചുകൂടായ്കയില്ല. അതിനും ഉദാഹരണങ്ങള്‍ ഏറെയുണ്ട് നമുക്ക്.
സമുദായത്തിന്റെ ഉന്നമനത്തിനായി വിളിച്ചുചേര്‍ക്കുന്ന ആലോചനായോഗത്തില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങളുടെ പേരില്‍ ഉണ്ടാകുന്ന കലാപങ്ങള്‍ നമുക്കു പുത്തരിയല്ല. ഞാന്‍ പറയുന്നതു നടപ്പാക്കണമെന്നു വാശി പിടിക്കുന്ന നിര്‍ദേശകനും അയാളെ അനുകൂലിക്കുന്നവരും ഒരു വശത്ത്. ആ നിര്‍ദേശത്തെ എതിര്‍ക്കുന്ന ഒരു വിഭാഗം മറുവശത്തും. കലാപത്തിനു കൊടി ഉയരുകയായി. കര്‍മാനുഷ്ഠാനങ്ങളുടെ കാര്യത്തിലും പരമ്പരാഗതമായ ആചാരങ്ങള്‍ പിന്തുടരുന്ന സംഗതിയിലും മേലധികാരികളെ അംഗീകരിക്കുന്നതിലും മറ്റും ദശകങ്ങളായി നിലവിലിരിക്കുന്ന തര്‍ക്കവിതര്‍ക്കങ്ങള്‍ സമാധാനം കെടുത്തുന്ന കലാപങ്ങളായി നമ്മുടെയിടയില്‍ കത്തിപ്പടരുന്നുണ്ട്. സമരപ്പന്തലും സത്യാഗ്രഹവും ആരാധനാലയങ്ങളുടെ തിരുമുറ്റത്തുപോലും ഒഴിവാക്കാനാവാത്ത ഘടകങ്ങളായി മാറിയിരിക്കുന്നു. കള്ളക്കേസും ഇല്ലാത്തെളിവുകളുമുïാക്കി തലപ്പത്തിരിക്കുന്നവരെപ്പോലും തേജോവധം ചെയ്യാന്‍ കലാപകാരികള്‍ ഉറക്കമൊഴിഞ്ഞ് തല പുകയ്ക്കുന്നു.
ഒരു സമുദായം മറ്റൊരു സമുദായത്തിനെതിരേ ഉയര്‍ത്തുന്ന കലാപങ്ങളുടെ ആധിക്യം കാലഘട്ടത്തിന്റെ ശാപമാണിന്ന്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുദിനം കത്തിപ്പടരുന്ന വംശീയകലാപങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ പതിനായിരങ്ങളുണ്ട്. നാടു കടത്തപ്പെടുന്നവരും ജീവരക്ഷാര്‍ഥം പലായനം ചെയ്യുന്നവരും ലക്ഷങ്ങള്‍ വരും. അയോധ്യയും മാറാടും ഗോദ്രയും കന്ധമാലും ഒക്കെ ഉദാഹരണങ്ങള്‍. മ്യാന്‍മാറും നൈജീരിയയും ഇറാനും സിറിയയും ഇറാക്കും സുഡാനും എന്നുവേണ്ട ലോകരാഷ്ട്രങ്ങളെല്ലാംതന്നെ വര്‍ഗീയവും വംശീയവുമായ കലാപങ്ങളൊരുക്കിയ ചോരപ്പുഴയില്‍ മുങ്ങിക്കുളിച്ചുകിടക്കുന്നു.
മതേതരത്വമെന്ന പാവനമായ മൂല്യത്തില്‍ അടിത്തറ പാകിയിട്ടുള്ള ഭരണഘടന നിലവിലിരിക്കുന്ന രാജ്യങ്ങളില്‍പ്പോലും വിധിവൈപര്യത്താല്‍ അധികാരത്തിലിരിക്കുന്ന ഭരണക്കാരുടെ കുഴലൂത്തുകാര്‍ ആക്രോശിക്കുന്നത് മറ്റെല്ലാ സമുദായക്കാരും രാജ്യംവിട്ടു പോകണമെന്നാണ്. ദൈവം ഏകനാണെന്നും മനുഷ്യസ്‌നേഹമാണ് സര്‍വോത്കൃഷ്ടമെന്നും പ്രസംഗിച്ച ആചാര്യന്മാരുടെ അനുയായികള്‍ ഒരു പ്രത്യേക സമുദായക്കാരെ പിടിച്ചുകെട്ടി കഴുത്തറുത്തോ വെടിവച്ചോ കൊല്ലുന്നു. ആകാശങ്ങളില്‍ മാറ്റൊലിക്കൊള്ളുന്ന ആ പാവങ്ങളുടെ ദീനവിലാപം ഇന്നല്ലെങ്കില്‍ നാളെ ഭീകരന്മാരുടെ തലയ്ക്കുമീതെ തീമഴയായി പെയ്തിറങ്ങുമെന്ന് ഇവര്‍ ചിന്തിക്കുന്നില്ല. സംശുദ്ധമായ ഏകസത്യദൈവത്തിലുള്ള വിശ്വാസത്തെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുകയാണെത്രേ ഈ കാപാലികരുടെ ഉന്നം.
ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതും പൂജ്യവസ്തുക്കള്‍ വലിച്ചെറിയുന്നതുമൊക്കെ ഈ ലക്ഷ്യത്തിലേക്കുള്ള താഴത്തെ ചവിട്ടുപടികള്‍ മാത്രമാണ്. മറ്റുള്ളവര്‍ക്കുകൂടി അവകാശമുള്ള ആനുകൂല്യങ്ങള്‍ കയ്യടക്കിവച്ചിരിക്കുന്നതും ഭരണഘടന അനുസരിച്ചുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നതും ഈ ഏകതാഭാവത്തിന്റെയും ഉന്മൂലനാസക്തിയുടെയും നിദര്‍ശനങ്ങളാകുന്നു.
സമുദായംവിട്ട് സമൂഹത്തിലേക്കു കടന്നാലോ? ഏറെ കഷ്ടമാണവസ്ഥ. എന്തിനുമേതിനും കലാപം കൂടിയേ കഴിയൂ എന്നായിരിക്കുന്നു. റോഡിനുവേണ്ടി കലാപം. തോടിനുവേണ്ടി കലാപം. വെള്ളം കിട്ടാനും വെള്ളം മാറ്റാനും കലാപം. കാട്ടാന വന്നാല്‍ കര്‍ഷകകലാപം. തെരുവുപട്ടിയെ എറിഞ്ഞാല്‍ 'ദയ' യുടെ കലാപം. റേഷന്‍ മുടങ്ങിയാലും ക്വാറി തുടങ്ങിയാലും പോംവഴി കലാപംതന്നെ. പിരിച്ചുവിട്ടാലും തിരിച്ചെടുത്താലും പരിഹാരം കാണാന്‍ കലാപം വേണം. ക്ഷാമബത്ത കൂട്ടാന്‍ ഒരിടത്തു കലാപം. പെന്‍ഷന്‍ കുറയ്ക്കാന്‍ വേറൊരിടത്ത് കലാപം. ചുരുക്കിപ്പറഞ്ഞാല്‍ ആധുനികജീവിതത്തിന്റെ മുക്കുംമൂലയും ഇന്നു കലാപകലുഷിതമായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് രാഷ്ട്രീയരംഗം. ലോകത്തില്‍ നടമാടുന്ന സകല കലാപങ്ങളുടെയും പ്രഭവകേന്ദ്രം രാഷ്ട്രീയമാണെന്നു പറയാം. വാഷിങ്ടണിലെ കാപ്പിറ്റോള്‍ കലാപം മുതല്‍ ഒഞ്ചിയത്തെ ചവിട്ടിക്കൂട്ടല്‍ കലാപംവരെ രാഷ്ട്രീയത്തിന്റെ ഉത്പന്നങ്ങളാണ്. പാര്‍ലമെന്റിലും നിയമസഭയിലും കൗണ്‍സില്‍ ഹാളുകളിലും നമുക്കു സുപരിചിതമായ ഉന്തും തള്ളും കയ്യാങ്കളികളും അരങ്ങേറുന്നത് അംഗങ്ങളുടെ മനസ്സില്‍ കലാപത്തിന്റെ താപനില നിയന്ത്രണാതീതമായി ഉയരുമ്പോഴാണ്.
നേതാക്കള്‍ തമ്മില്‍ വാക്കുകള്‍കൊണ്ട് തുടക്കമിടുന്ന പോര് അണികളിലേക്കെത്തുമ്പോള്‍ വാക്കത്തികള്‍കൊണ്ടുള്ളതായി പരിണമിക്കുന്നു. നമ്മുടെ സംസ്ഥാനത്തുതന്നെ, പ്രത്യേകിച്ച് വടക്കന്‍ജില്ലകളില്‍, എത്രയോ യുവജനങ്ങള്‍ വെട്ടുകൊണ്ട് വീണിരിക്കുന്നു. പാതയോരങ്ങളിലും വീട്ടുമുറ്റങ്ങളിലും എത്രയോ ജീവിതങ്ങള്‍ ചുടുചോരയില്‍ കുളിച്ചുപിടഞ്ഞവസാനിച്ചു. എത്രയോ പേര്‍ അംഗവിഹീനരായി. എത്ര യുവതികള്‍ വിധവകളായി. എത്ര കുഞ്ഞുങ്ങള്‍ അനാഥരായി. എത്രയോ കുടുംബങ്ങള്‍ക്ക് ആകെയുണ്ടായിരുന്ന താങ്ങും തണലും ഇല്ലെന്നായി. കലാപകലുഷിതമായ ആധുനികരാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചകളാണിവയൊക്കെ.
ശീലിക്കുകയും പാലിക്കുകയും ചെയ്തുപോന്ന ദുഷിച്ച സമ്പ്രദായങ്ങളില്‍നിന്ന് മാനവരാശിക്കു മോചനമേകാന്‍ നവീനാശയങ്ങള്‍കൊണ്ട് കലാപം വിതച്ച മനുഷ്യസ്‌നേഹികളെ ഓര്‍ക്കാതെപോകുന്നത് അവിവേകമാകും. ക്രിസ്തുവിനുമുമ്പ് ജീവിച്ചിരുന്ന ഗ്രീക്ക് താത്ത്വികാചാര്യന്മാരെല്ലാം മാറിച്ചിന്തിക്കാന്‍ മനുഷ്യരെ ഉദ്‌ബോധിപ്പിച്ചു. നല്ല കലാപത്തിന്റെ തുടക്കമായിരുന്നു അത്. ആര്‍ഷഭാരതത്തിലെ ശ്രീബുദ്ധനും ശങ്കരാചാര്യരും പ്രഘോഷിച്ചതും മറ്റൊന്നുമായിരുന്നില്ല. അബ്രാഹം ലിങ്കണും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും മഹാത്മാഗാന്ധിയും രാജാറാം മോഹന്‍ റോയിയും ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവുംപോലെ നിശ്ശബ്ദകലാപത്തിലൂടെ എതിരാളികളുടെ മനസ്സിലും ചിന്തകളിലും തീ കോരിയിട്ട ജനനായകര്‍ ഇനിയുമുണ്ടേറെ. രോഗികള്‍ക്കും പാവങ്ങള്‍ക്കുംവേണ്ടി മേലാളന്മാരുടെ ഉറക്കംകെടുത്തിയ മൊളോക്കോയിലെ ഫാദര്‍ ഡാമിയനും കല്‍ക്കട്ടയിലെ മദര്‍ തെരേസായും ഇന്‍ഡോറിലെ റാണി മരിയയും മാവോയിസ്റ്റ്ബന്ധമാരോപിച്ച് എന്‍ഐഎ അറസ്റ്റു ചെയ്ത ഝാര്‍ഖണ്ഡിലെ ഫാദര്‍ സ്റ്റാന്‍സ്വാമിയുമൊക്കെ അവരെ ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒട്ടേറെ മനസ്സുകളില്‍ നൊമ്പരപ്പൂക്കള്‍ വിതറി നിലകൊള്ളുന്നു. അവര്‍ കലഹിച്ച ദുഷിച്ച വ്യവസ്ഥിതി പടച്ചുണ്ടാക്കിയ പ്രഭുക്കന്മാരുടെ ചിന്തകളില്‍ മറ്റൊരു കലാപമായി കത്തിപ്പടരുന്നു.
രാജകൊട്ടാരങ്ങളിലും മണലാരണ്യങ്ങളിലും കാപട്യത്തിന്റെ തലപ്പാവണിഞ്ഞ വ്യാജക്കൂട്ടത്തെ അണലിസന്തതികളേ എന്നു സംബോധന ചെയ്തത് ലോകചരിത്രത്തില്‍ ഒരിക്കലും താഴ്ത്താനാവാത്ത ഒരു സംശുദ്ധകലാപത്തിന്റെ കൊടിയേറ്റമായിരുന്നു. അതു പൂര്‍ത്തിയാകുന്നത് ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും നല്‍കാന്‍ കടന്നുവന്ന ആ പരമപരിശുദ്ധനായ കലാപകാരി ഗാഗുല്‍ത്തായിലെ കൊടിമരത്തില്‍ മൂന്നാണികളില്‍ തൂങ്ങിക്കിടക്കുമ്പോള്‍ ലോകത്തെ അറിയിച്ച നിത്യനൂതനമായ കലാപത്തിന്റെ സന്ദേശത്തിലൂടെയാണ്:
''പിതാവേ, ഇവര്‍ ചെയ്യുന്നത് എന്തെന്നറിയായ്കയാല്‍ ഇവരോടു ക്ഷമിക്കണമേ..!''
ജാടയും നാട്യങ്ങളും മലീമസമാക്കിയ ലോകമനഃസാക്ഷി ഈ കലാപം വാരിവിതറുന്ന ആന്തരികശക്തി ഒരിക്കലും അനുഭവിക്കുന്നില്ല.