•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ആഡംബരക്കപ്പലിലെ അതിശയക്കാഴ്ചകള്‍

ലോകത്തിലെ ഏറ്റവും വലിയ ജലവാഹനമായ കപ്പലില്‍ ഒന്നു യാത്രചെയ്യാന്‍ സ്വപ്നം കാണാത്തവരുണ്ടോ? അതും ഒരു ആഡംബരക്കപ്പലിലായാലോ? യാത്ര അതിലും ഗംഭീരം. സിംഗപ്പൂരില്‍നിന്നു യാത്ര ആരംഭിച്ച് മലേഷ്യാ, തായ്‌ലന്റ്, ഫുക്കറ്റ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നാലുദിവസത്തെ യാത്ര കഴിഞ്ഞ് തിരിച്ച് സിംഗപ്പൂരില്‍ എത്തുന്ന ഒരു ആഡംബരക്കപ്പലിലെ ഏതാനും കാഴ്ചാനുഭവങ്ങളുടെ ചില വിശേഷങ്ങള്‍ പങ്കുവയ്ക്കട്ടെ.
1969 ല്‍ സ്ഥാപിതമായ അമേരിക്കയിലെ റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'ക്വാന്റം ഓഫ് ദി സീ' എന്ന വിനോദയാത്രയ്ക്കുവേണ്ടി നിര്‍മിച്ച പടുകൂറ്റന്‍ ആഡംബരക്കപ്പലിലെ യാത്ര അവിസ്മരണീയമാണ്. വിമാനത്തില്‍ കയറുന്നതിനാവശ്യമായ മതിയായ എല്ലാ രേഖകളും കപ്പല്‍യാത്രയ്ക്കും അത്യാവശ്യമാണ്. കപ്പലില്‍ കയറുന്നതിനുമുമ്പായി നമ്മുടെ ലഗേജ് അതിനുള്ള പ്രത്യേക കൗണ്ടറില്‍ ഏല്പിക്കണം. ലഹരിവസ്തുക്കളോ ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങളോ ലഗേജില്‍ അനുവദനീയമല്ല. ചെക്കിങ് കഴിഞ്ഞ് എമിഗ്രേഷനില്‍ പോയി കപ്പലിലേക്കു കയറാം. യാത്രയുടെ അവസാനംവരെ നമ്മുടെ പാസ്‌പോര്‍ട്ട് അവരുടെ കൈവശമായിരിക്കും. പകരം എല്ലാവര്‍ക്കും ഓരോ സീ പാസ്സ് തരും. ഇതുപയോഗിച്ച് കപ്പലിന്റെ അനുവദനീയമായ എല്ലാ സ്ഥലങ്ങളിലും ചുറ്റിക്കറങ്ങാം.
2014ല്‍ പണിപൂര്‍ത്തിയായ ഈ കപ്പലിന് 347.08 മീറ്റര്‍ നീളവും (1139 അടി) 41 മീറ്റര്‍ (136 അടി) വീതിയുമുണ്ട്. പതിനാറു നിലകളോടുകൂടി ആകാശം മുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന ഈ ഭീമാകാരന്‍ കപ്പലിന്റെ മുകള്‍ഭാഗം കാണണമെങ്കില്‍ ശരിക്കും തല ഉയര്‍ത്തിത്തന്നെ നോക്കണം. ജലനിരപ്പില്‍ നിന്നു കപ്പലിന്റെ അടിഭാഗംവരെ 8.5 മീറ്റര്‍ (25 അടി) ആഴമുണ്ട്. കപ്പലിനുള്ളിലേക്കു കടന്നാല്‍ പിന്നെയൊരദ്ഭുത ലോകത്തിലകപ്പെട്ട പ്രതീതിയാണ്. നമ്മള്‍ കപ്പലിലാണെന്നുള്ള കാര്യം മറക്കും. ആദ്യനിലയില്‍ത്തന്നെ വിശാലമായ ഷോപ്പിങ് സെന്റര്‍ കാണാം. എന്തു വേണമെങ്കിലും വാങ്ങാം. പൊരിഞ്ഞ വിലയാണെന്നുമാത്രം. ആറില്‍പ്പരം ലിഫ്റ്റുകള്‍ സദാസമയവും ആളുകളെ കയറ്റിയിറക്കുന്നു. കൂടാതെ, ഏറ്റവും മുകള്‍ ഭാഗംവരെ നടന്നുകയറാനുള്ള സ്റ്റെയര്‍കെയ്‌സുമുണ്ട്. ഇവയുടെയൊക്കെ ശില്പഭംഗി കാണേണ്ടതുതന്നെ. ചായയും കോഫിയും നമ്മെത്തേടി പലപ്പോഴുമെത്തും. അതിനു പുരുഷന്മാരും അല്പവസ്ത്രധാരികളായ സ്ത്രീകളും എപ്പോഴും തയ്യാര്‍.
കപ്പലിന്റെ ഉള്‍വശത്തെപ്പറ്റിയുള്ള വിശദമായ ഒരു പ്ലാന്‍ കയറിവരുമ്പോള്‍ത്തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതില്‍ നോക്കി അത്യാവശ്യകാര്യങ്ങള്‍ മനസ്സിലാക്കാം. കാഴ്ച കാണാന്‍ ഓരോ നിലയിലേക്കു കയറുമ്പോഴും വ്യത്യസ്തമായി രൂപകല്പന ചെയ്തിരിക്കുന്ന ഷോപ്പിങ് മാളുകളും റെസ്റ്റോറന്റുകളും, എല്ലാത്തരം മദ്യശാലകളും കച്ചവടസ്ഥാപനങ്ങളും നിരനിരയായി കാണാം. ചൈനീസ് ടൂറിസ്റ്റുകളെ മുന്നില്‍ക്കണ്ടുകൊണ്ടാണ് പ്രധാനമായും  ഈ കപ്പല്‍ നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ചൈനയില്‍കൂടി നടക്കുന്ന ഒരനുഭവം. സ്ത്രീകള്‍ നടത്തുന്ന മസാജിങ് പാര്‍ലര്‍ ഇഷ്ടംപോലെ കപ്പലിലുണ്ട്. മിക്ക നിലകളിലും ഭക്ഷണത്തിനുള്ള വലിയ ഹാളുകളും. ജര്‍മനി, ഇംഗ്ലണ്ട്, അമേരിക്ക, ചൈന റഷ്യ, എന്നിങ്ങനെ വിവിധ രാജ്യങ്ങളിലെ ഭക്ഷണക്രമീകരണങ്ങളും ഇവിടെ സുലഭം. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് ഏതുതരം ഭക്ഷണവും ഇഷ്ടംപോലെ ഏതു സമയത്തും കഴിക്കാം.
കപ്പലിനുള്ളിലെ ഓരോ ഇഞ്ച് സ്ഥലവും തികഞ്ഞ കലാവൈഭവത്തോടെയാണു നിര്‍മിച്ചിരിക്കുന്നത്. ഇതെല്ലാം നന്നായി ചുറ്റിക്കറങ്ങി ആസ്വദിക്കണമെങ്കില്‍ കുറച്ചു ദിവസങ്ങള്‍ കപ്പലില്‍ കഴിയേണ്ടിവരും, സ്വര്‍ണാഭരണങ്ങള്‍, നിരവധിയിനം വജ്രമാലകള്‍, കണ്ണഞ്ചിപ്പിക്കുന്ന വജ്രക്കല്ലുകള്‍, തുണിത്തരങ്ങള്‍, മറ്റനവധി വിദേശവസ്തുക്കള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെയെല്ലാം ഷോറൂമുകളുടെ നിര്‍മാണവൈദഗ്ദ്ധ്യവും വൈവിധ്യവും ഒന്നു വേറേതന്നെ. ദീപാലങ്കാരത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന കപ്പല്‍ ഒരു കാഴ്ചബംഗ്ലാവ് തന്നെയാണ്.  നിരവധി ചിത്രകാരന്മാര്‍ വരച്ച മനോഹരമായ എണ്ണച്ചായച്ചിത്രങ്ങള്‍ വില്പനയ്ക്കു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  ഇറ്റാലിയന്‍ ചിത്രകാരന്‍ വരച്ച ഒരു ചിത്രത്തിന് 3500 ഡോളറാണ് വില (രണ്ടുലക്ഷത്തിനാല്പതിനായിരം രൂപ). കപ്പലിലെ എല്ലാ പണമിടപാടുകളും  യു.എസ്. ഡോളര്‍ മുഖേനയാണ്. ഏഴാമത്തെ നിലയിലാണ് ഞങ്ങളുടെ താമസം. ഒരു മുറിയില്‍ രണ്ടുപേര്‍ക്കു താമസിക്കാം. എല്ലാം എയര്‍ കണ്ടീഷന്‍ ചെയ്ത് വെടിപ്പും വൃത്തിയുമുള്ള നല്ല മുറികള്‍. പ്രത്യേകമായി രൂപകല്പന ചെയ്തിരിക്കുന്ന ടോയ്‌ലറ്റ്.  മുറിക്കുള്ളില്‍നിന്നു നോക്കിയാല്‍ ഗ്ലാസിട്ട ചെറിയ ജനാലയിലൂടെ കടല്‍ക്കാഴ്ചകള്‍ കണ്ടാസ്വദിക്കാം. ഓരോ മുറിയിലും വലിയ ടി.വി. സംവിധാനവുമുണ്ട്.
അയ്യായിരത്തോളം മുറികളുള്ള ഈ കപ്പലില്‍ 5000 യാത്രക്കാര്‍ക്കു പുറമേ 2000 ജീവനക്കാര്‍ക്കും താമസിക്കാം. ഇതില്‍ 2094 ഗസ്റ്റ് റൂമുകളും,  കടല്‍ക്കാഴ്ചകള്‍ നന്നായി ആസ്വദിക്കാവുന്ന 148 ഓഷ്യന്‍ റൂമുകളും, 1446 ബാല്‍ക്കണിറൂമുകളും, വിശാലമായ 125 സ്യൂട്ട് റൂമുകളും, മറ്റാവശ്യങ്ങള്‍ക്കുവേണ്ടി നിരവധി റൂമുകളുമുണ്ട്. മുകളിലത്തെ നിലയിലേക്കു കയറിയപ്പോള്‍ സുരക്ഷിതത്വത്തിനായുള്ള ലൈഫ് ബോട്ടുകളും ജാക്കറ്റുകളും നിരവധിയായി തൂക്കിയിട്ടിരിക്കുന്നു. ഏതു ഡക്കില്‍ കയറിയാലും കടലിന്റെ അതിമനോഹരമായ കാഴ്ച നമുക്കാസ്വദിക്കാം. ഒരു വലിയ സ്റ്റാര്‍ ഹോട്ടലിന്റെ ലോബിയില്‍ കൂടി നടക്കുന്ന അനുഭവം. താമസിക്കുന്ന ഓരോ മുറിയുടെയും സിറ്റൗട്ടുകളിലിരുന്നാല്‍ കടല്‍ക്കാഴ്ചകള്‍ ഓരോന്നായി മിന്നിമറയും. വലുതും ചെറുതുമായ എട്ടോളം നീന്തല്‍ക്കുളങ്ങള്‍ ഈ കപ്പലിന്റെ ഒരു പ്രത്യേകതയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം വെവ്വേറെ സ്വിമ്മിംഗ്പൂളുകളുണ്ട്. യുവമിഥുനങ്ങള്‍ക്കുള്ള ഹണിമൂണ്‍ പൂള്‍ വേറെയുമുണ്ട്. അവിടെ മറ്റാര്‍ക്കും പ്രവേശനമില്ല.
വലിയ നീന്തല്‍കുളത്തിനു ചുറ്റും ഗ്യാലറിപോലെ ഇരിപ്പിടങ്ങള്‍ കാണാം. സിനിമാസ്‌ക്രീനിന്റെ വലുപ്പത്തിലുള്ള വലിയ ടി.വിയും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിനാല്‍ കുളത്തിലും ഗ്യാലറിയിലും എപ്പോഴും തിരക്കാണ്. ചില ഏരിയകളില്‍ വീഡിയോ ചിത്രീകരണത്തിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എട്ടാമത്തെ നിലയില്‍ എ.സി. ചെയ്ത സ്വിമ്മിങ്പൂള്‍ കാണാം. ഇതില്‍ ഒരു ലൈഫ് ഗാര്‍ഡ് വെള്ളത്തിലിറങ്ങുന്നവരുടെ സംരക്ഷണത്തിന് എപ്പോഴും തയ്യാര്‍. മെഡിക്കല്‍ സഹായം വേണ്ടവര്‍ക്ക് ഒരു മെഡിക്കല്‍സെന്ററും കപ്പലിലുണ്ട്. ഒരു പ്രദേശം മുഴുവന്‍ ചൂതാട്ടത്തിനുള്ള കാസിനോ പ്രവര്‍ത്തിക്കുന്നു. താത്പര്യമുള്ളവര്‍ക്ക് അതില്‍ പങ്കെടുക്കാം. കൂടാതെ പല ഭാഗങ്ങളിലും എ.ടി.എം. കൗണ്ടറുകളുമുണ്ട്. സണ്‍ബാത്തിനും വ്യായാമത്തിനുമുള്ള സൗകര്യങ്ങളുമുണ്ട്. രാത്രിയില്‍ ഡാന്‍സും പാട്ടുമെല്ലാം ഓര്‍ക്കസ്ട്രാ സഹിതം റെഡി.
22 നോട്ടിക്കല്‍ മൈല്‍ (41 കിലോമീറ്റര്‍) വേഗത്തിലാണ് കപ്പല്‍ സഞ്ചരിക്കുന്നത്. കടലിലേക്കു നോക്കിനിന്നാല്‍ പലതരം കാഴ്ചകള്‍ നമുക്കു ദര്‍ശിക്കാം പല വലുപ്പത്തിലും ആകൃതിയിലും നിറങ്ങളിലുമുള്ള വിവിധയിനം കപ്പലുകള്‍, മത്സ്യബന്ധനബോട്ടുകള്‍, ചെറുതരം വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍ ഇവയെല്ലാം തലങ്ങും വിലങ്ങും സഞ്ചരിക്കുന്നു. ജലത്തില്‍ ലാന്റ് ചെയ്തുയരുന്ന ചെറുവിമാനങ്ങളും ആകാശത്തു പറക്കുന്ന വിമാനങ്ങളും കുറവല്ല. പല വലിപ്പത്തിലുള്ള ആയിരക്കണക്കിന് ഡോള്‍ഫിനുകള്‍ കൂട്ടമായും അല്ലാതെയും ജലത്തില്‍ ഉയര്‍ന്നു പൊങ്ങി താഴേക്കു പതിക്കുന്നു. ജലത്തില്‍ അങ്ങിങ്ങായി കൂട്ടത്തോടെ പൊങ്ങിക്കിടക്കുന്ന കടല്‍പ്രാവുകള്‍. ആഴക്കടലിലേക്കു നീങ്ങുംതോറും വെള്ളത്തിന്റെ  നിറം കൂടുന്നതായി തോന്നും.
രണ്ടു ദിവസത്തെ യാത്രയ്ക്കുശേഷം മലനിരകളാല്‍ ചുറ്റപ്പെട്ട ഫുക്കറ്റിന്റെ സമീപമുള്ള മനോഹരമായ പത്തോം ബീച്ച് ദ്വീപിനു സമീപമെത്തി. കപ്പല്‍ ഫുക്കറ്റിലേക്ക് അടുക്കുകയില്ല. ഇവിടെനിന്നാല്‍ നൂറുകണക്കിനു റിസോര്‍ട്ടുകള്‍ കാണാം. പലതും വെള്ളത്താല്‍ ചുറ്റപ്പെട്ടാണ് പണിതിരിക്കുന്നത്. ചുറ്റും നൂറുകണക്കിന് കപ്പലുകള്‍ നങ്കൂരമിട്ടു കിടക്കുന്നു. വലിയ ബോട്ടുകളില്‍ ക്രമനമ്പരനുസരിച്ച് ഓരോ ബാച്ചിലുള്ള ആള്‍ക്കാരെയും കയറ്റി 15 മിനിറ്റുകൊണ്ട് പത്തോം ബീച്ചിലെത്തിക്കഴിഞ്ഞാല്‍ സൈറ്റ്‌സീയിംഗിനുള്ള വാഹനത്തില്‍ ഫുക്കറ്റ് ചുറ്റിക്കറങ്ങാം. ബൈക്കുകളും മറ്റു വാഹനങ്ങളും ഗൈഡുകളും എപ്പോഴും റെഡി. ഏഴു മണിക്കൂര്‍കൊണ്ട് ഫുക്കറ്റ് ഓടിച്ചൊന്നുകണ്ട് കപ്പലില്‍ കയറി തിരിച്ചു സിംഗപ്പൂരിലെത്തി. ഈ മനോഹര യാത്രയുടെ അനുഭവങ്ങള്‍ ഒരിക്കലും മനസ്സില്‍ നിന്നു മായുകയില്ല. സിംഫണി ഓഫ് ദി സീ, (ഇതില്‍ 6680 പേര്‍ക്കു യാത്ര ചെയ്യാം) സ്‌പെക്ട്രം ഓഫ് ദി സീ,  ഒവേഷന്‍ ഓഫ് ദി സീ, ഹാര്‍മണി ഓഫ് ദി സീ തുടങ്ങിയ മുപ്പതിലധികം ആഡംബരക്കപ്പലുകള്‍ റോയല്‍ കരീബിയന്‍ കമ്പനിയുടേതാണ്.  തായ്‌ലന്റിന്റെ ഒരു ഭാഗമായ ഫുക്കറ്റ് സന്ദര്‍ശിക്കുവാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ഈ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ആള്‍ക്കാര്‍ ഒഴുകുകയാണ്. ടൂറിസം വികസനത്തില്‍ നമ്മുടെ രാജ്യം ഫുക്കറ്റിനെ കണ്ടു പഠിക്കേണ്ടതാണ് കാരണം, അതുപോലെ വികസന സാദ്ധ്യതയുള്ള സ്ഥലങ്ങള്‍ കേരളത്തില്‍ ധാരാളമുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)