•  25 Apr 2024
  •  ദീപം 57
  •  നാളം 7
നോവല്‍

ഇടം

തിനെട്ടുവര്‍ഷംമുമ്പ് വെട്ടും കുത്തുമേറ്റു മരിച്ച കാലന്‍മാത്തന്‍ മുമ്പില്‍ പ്രത്യക്ഷപ്പെട്ടതുപോലെ വക്കച്ചനു തോന്നി. നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു. പെട്ടെന്നെന്തെങ്കിലും പറയാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. മാത്തനല്ല. കൊടുംക്രിമിനല്‍ രമണി ഷാജിയാണ് തന്നെക്കാണാന്‍ വന്നിരിക്കുന്നതെന്നു സ്വന്തം മനസ്സിനെ ബോധ്യപ്പെടുത്താന്‍ അയാള്‍ പാടുപെട്ടു. ഷാജി തന്തയില്ലാത്തവനാണെന്ന് ചാക്കപ്പന്‍ പറഞ്ഞിരുന്നു. ചായക്കടക്കാരി രമണിക്ക് ഇങ്ങനെയൊരു സന്തതിയെ  നല്കിയത് തന്റെ പഴയ കിങ്കരന്‍ മാത്തനായിക്കൂടായ്കയില്ലെന്നു വക്കച്ചനു തോന്നി. ഷാപ്പിലേക്കു തെങ്ങിന്‍കള്ള് കൊണ്ടുവരാന്‍ പിക്കപ്പുമായി മാത്തന്‍ പോയിരുന്ന കാലം വക്കച്ചന്റെ ഓര്‍മ്മയിലെത്തി.
''വാ... അകത്തിരുന്നു സംസാരിക്കാം.'' വക്കച്ചന്‍ പറഞ്ഞു. അയാള്‍ രമണി ഷാജിയെ തന്റെ പ്രൈവറ്റ് റൂമില്‍ ആനയിച്ചിരുത്തി. ഒരുതരം ഭീകരശാന്തത ഷാജിയുടെ മുഖത്തു പ്രകടമായി.
''ചാക്കപ്പച്ചായന്‍ എന്നോടു വിവരം പറഞ്ഞു. ഏറ്റവും റിസ്‌കുള്ള ഒരു കേസാണിത്. അതു നടത്തിത്തരാമെന്നു ഞാന്‍ സമ്മതിക്കുന്നു. മുന്‍കൂട്ടി പണം വാങ്ങുന്നതിന് രണ്ടു കാരണങ്ങളുണ്ട്. പ്രധാനകാര്യം എന്റമ്മയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ്. അത് എത്രയും പെട്ടെന്നു ചെയ്തില്ലെങ്കില്‍ എന്റമ്മ മരിക്കും. പത്തുലക്ഷം ഞാനുണ്ടാക്കിയിട്ടുണ്ട്. ശരിയായ രീതിയിലൊന്നുമല്ല. മറ്റു പലര്‍ക്കും കരള്‍ മാറ്റിവയ്ക്കലിന് നാട്ടുകാര് സഹായം ചെയ്യുന്നുണ്ട്. എന്റെയമ്മയ്ക്ക് ആരും ചില്ലിക്കാശ് വെറുതേ തരുകേല. അമ്മയും ഞാനും ശരിയല്ലാത്തതുകൊണ്ടാ. ജീവിക്കാന്‍ ഒത്തിരി കൊതിയാ അമ്മയ്ക്ക്. ഒരു തെറ്റിലൂടെ അമ്മയെ രക്ഷിക്കാന്‍ ഞാന്‍ നോക്കുകാ. അച്ചായന്റെ ആഗ്രഹസാധ്യത്തിനുള്ള ആക്ഷന്‍ നടത്തുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ കൊല്ലപ്പെട്ടെന്നിരിക്കും. അതല്ലെങ്കില്‍ അകത്താകും. ശിക്ഷയും ഉറപ്പാണ്. എന്റെ ജീവന്റെയും ജീവിതത്തിന്റെയും വിലയാണ് ഇപ്പോള്‍ വാങ്ങിക്കുന്ന മുപ്പതുലക്ഷം.'' ഷാജി പറഞ്ഞു നിര്‍ത്തി.
അവനോടു കൂടുതലൊന്നും പറയാനോ സംശയിക്കാനോ വക്കച്ചനു കഴിഞ്ഞില്ല. അയാള്‍ എഴുന്നേറ്റ് അടുത്ത മുറിയിലേക്കു പോയി. ബാങ്കില്‍നിന്നെടുത്ത് എണ്ണിക്കെട്ടി വച്ചിരുന്ന നോട്ടുകള്‍ ഒരു തുണിസഞ്ചിയിലാക്കി തിരികെയെത്തി.
''മുഴുവനുമുണ്ട്. എണ്ണിനോക്കിക്കോളൂ.'' വക്കച്ചന്‍ പറഞ്ഞു.
''വേണ്ട. എനിക്കു വിശ്വാസമാ. കാര്യം നടത്തിത്തരുന്ന തീയതി ഞാന്‍ പറയുന്നില്ല. എത്രയും വേഗം അതു ചെയ്യും എന്നു വാക്കുപറയുന്നു.'' പണസഞ്ചിയുമായി രമണി ഷാജി എഴുന്നേറ്റു. പിന്നെ യാത്ര പറയാതെ പുറത്തിറങ്ങി. അല്പം കഴിഞ്ഞപ്പോള്‍ ജീപ്പു സ്റ്റാര്‍ട്ടാക്കുന്നതിന്റെയും ഓടിച്ചുപോകുന്നതിന്റെയും ശബ്ദം വക്കച്ചന്‍ കേട്ടു.
അന്നു രാത്രിയില്‍ പുഴക്കര വക്കച്ചന്‍ അതിഭീകരമായ ഒരു സ്വപ്നം കണ്ട് അലറിക്കരഞ്ഞുകൊണ്ട് ഞെട്ടിയുണര്‍ന്നു. തിളക്കമുള്ള ഒരു കഠാരയുമായി കാലന്‍ മാത്തന്‍ തന്റെ നെഞ്ചില്‍കയറിയിരിക്കുന്നു. എന്റെ മകനെക്കൊണ്ടുതന്നെ കൊടുംപാതകം ചെയ്യിക്കുകയാണല്ലേടാ! എന്നുപറഞ്ഞ് കഠാരകൊണ്ട് ആഞ്ഞുകുത്തുന്ന രംഗമാണ് സ്വപ്നത്തില്‍ തെളിഞ്ഞത്. കണ്ണുകള്‍ തുറിച്ച്, വിയര്‍പ്പില്‍ കുളിച്ച് വിറകൊണ്ടിരിക്കുന്ന വക്കച്ചന്റെയരികെ ഫിലോമിന എഴുന്നേറ്റിരുന്നു.
''എന്താ... എന്തുപറ്റി അച്ചായാ?'' അവന്‍ തിരക്കി.
''ഒരു സ്വപ്നം! ഭയങ്കരമായ ഒന്ന്.'' വക്കച്ചന്‍ പറഞ്ഞു.
''പ്രാര്‍ത്ഥനയും പള്ളീല്‍പോക്കുമൊന്നുമില്ലാതെ ജീവിച്ചിട്ടാ ദുസ്സ്വപ്നം കാണുന്നെ. വെള്ളം വേണോ?''
''വേണം.'' 
ഫിലോമിന എഴുന്നേറ്റു ചെന്ന് ഗ്ലാസില്‍ വെള്ളമെടുത്തുകൊണ്ടുവന്നു. വക്കച്ചന്‍ അതു വാങ്ങി ആര്‍ത്തിയോടെ കുടിച്ച് ഗ്ലാസ് തിരികെക്കൊടുത്തു. 
''ദേഹമാകെ വിയര്‍ത്തല്ലോ? വെള്ളം ഇനീം വേണോ?'' ഫിലോമിന ചോദിച്ചു.
''വേണ്ട.''
''ഇത്രയ്ക്കും പേടിക്കാന്‍ എന്തു സ്വപ്നമാ കണ്ടത്?''
''വല്ലാത്ത ഒരു സ്വപ്നമായിരുന്നു. പറഞ്ഞു മനസ്സിലാക്കാന്‍ വയ്യ. നീ കിടന്നോ. ലൈറ്റണച്ചേക്ക്.'' വക്കച്ചന്‍ പറഞ്ഞു.
ഇരുവരും ലൈറ്റണച്ചു കിടന്നു. വക്കച്ചനുറങ്ങാന്‍ കഴിഞ്ഞില്ല. വിരുദ്ധചിന്തകള്‍ മനസ്സിനെ മഥിച്ചു. മുപ്പതുലക്ഷം രൂപയാണ് ഏതോ ഒരുത്തന് എടുത്തുകൊടുത്തത്? ചാക്കപ്പന്റെ വാക്കു വിശ്വസിച്ചാണതു ചെയ്തത്. രമണി ഷാജി അതുപയോഗിച്ച് അവന്റെ അമ്മയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തും. അമ്മയെ മരണത്തില്‍നിന്നു രക്ഷിക്കാന്‍ അവനു കഴിയും. താന്‍ പണമെടുത്തു കൊടുത്തത് സഹായമെന്ന നിലയ്ക്കല്ല. 
തന്റെ പ്രതികാരദാഹമടങ്ങാന്‍ ഒരു കൊടുംപാതകം ചെയ്യുന്നതിനുള്ള പ്രതിഫലമാണത്. രമണി ഷാജി വാക്കുപാലിച്ചില്ലെങ്കില്‍ തന്റെ പണം പാഴാകും. ഷാജി ഏറ്റെടുത്ത ദൗത്യം നടപ്പാക്കുമെന്ന് സ്വയം വിശ്വസിക്കാന്‍ വക്കച്ചന്‍ പാടുപെട്ടു. വെളുപ്പിന് നാലുമണിയും കഴിഞ്ഞാണ് അയാള്‍ ഉറക്കത്തിലായത്.
ദിവസങ്ങള്‍ ഓരോന്നായി കടന്നുപോകുമ്പോള്‍ വക്കച്ചന് ആധി വര്‍ദ്ധിക്കുകയായിരുന്നു. രമണി ഷാജി പിന്നെ ബന്ധപ്പെട്ടിട്ടില്ല. അവന്റെ യാതൊരു വിവരവും അയാള്‍ക്കില്ല. ചാക്കപ്പനും വിളിക്കുന്നില്ല. മുപ്പതുലക്ഷമാണ് എണ്ണിക്കൊടുത്തത്. പിടിപ്പുകേടാണ് താന്‍ കാട്ടിയതെന്നു വക്കച്ചനു തോന്നി. ഒരു ഞായറാഴ്ച. അഞ്ചുമണിനേരത്ത് ഉമ്മറത്തെ ചാരുകസേരയില്‍ വിശ്രമിക്കുമ്പോള്‍ ചാക്കപ്പന്റെ ഫോണ്‍വന്നു.
''വക്കച്ചാ... നീയെന്താ ഇതുവരെയെന്നെ വിളിക്കാത്തെ.'' 
''അവന്റെ അമ്മയുടെ ഓപ്പറേഷനൊക്കെ കഴിയണമെന്നു പറഞ്ഞിരുന്നല്ലോ.''
''എന്തായാലും എന്നെ തനിക്കു വിശ്വാസമുണ്ടെന്നു തെളിഞ്ഞു.''
''നമ്മള് ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ലല്ലോ.''
''എന്നാലും ഇന്നത്തെക്കാലത്ത് മനുഷ്യന്മാര്‍ത്തമ്മില്‍ പരസ്പരവിശ്വാസം തീരെയില്ലല്ലോ. ഞാന്‍ പറഞ്ഞതുവച്ചു പറഞ്ഞിടത്തോളം പണം മുമ്പൊന്നു കണ്ടിട്ടുകൂടിയില്ലാത്ത ഒരുത്തന്റെ കൈയില്‍ കൊടുത്തുവിട്ടത് അത്ര നിസ്സാരകാര്യമല്ല. ഷാജി എന്നെ വന്നു കണ്ടിരുന്നു. നന്ദി പറഞ്ഞു. ഏറ്റെടുത്തത് അവന്‍ ചെയ്തില്ലെങ്കില്‍ ഞാന്‍ തന്നെ അതിനിറങ്ങുമെന്നു പറഞ്ഞാ വിട്ടത്.''
''അവന്റെ അമ്മേടെ ഓപ്പറേഷന്‍ കഴിഞ്ഞോ?''
''കഴിഞ്ഞു. സക്‌സസായി. ആള് വീട്ടില്‍ വന്നു. കുറെനാളത്തേക്കു മരുന്നുകഴിച്ച് പൂര്‍ണ്ണവിശ്രമത്തില്‍ കഴിയണം.''
''അപ്പഴ് നമ്മടെ കാര്യം ഇനിയും നീളുമല്ലേ?''
''ഇല്ല. അമ്മയെ ശുശ്രൂഷിക്കാനൊക്കെ അവനാളെയാക്കി. എന്നാ എപ്പഴാ, എങ്ങനെയാ, എവിടെവച്ചാ എന്നൊന്നും ചോദിച്ചേക്കരുത്. ഒരു ദിവസം ആ വലിയ വാര്‍ത്ത കേരളത്തെ ഞെട്ടിക്കും. എനിക്കുറപ്പുണ്ട്. ഷാജിയെ ശരിക്കറിയാവുന്നതുകൊണ്ടു പറയുന്നതാ. ആരും ആരെയും ഫോണ്‍ പോലും വിളിക്കണ്ട. ആപത്താ.''
''അവനെ മുമ്പില്‍ കണ്ടപ്പം ഞാന്‍ ഞെട്ടിപ്പോയി ചാക്കപ്പാ. കാലന്‍ മാത്തന്റെ തനിരൂപം. അതെങ്ങനെ സംഭവിച്ചെന്ന് എനിക്കതിശയമാ.''
''അതിന്റെ ഉത്തരം രമണിക്കറിയാം. നമുക്കതറിയണ്ട കാര്യമില്ല.''
''പിടിക്കപ്പെടുമ്പം അവന്‍ നമ്മുടെ ഡീലിനെക്കുറിച്ചു പറയുമോ ചാക്കപ്പാ.''
''അതിപ്പം പറയാന്‍ പറ്റില്ല. അപ്പഴത്തെ സാഹചര്യമനുസരിച്ചു പ്രവര്‍ത്തിക്കുമെന്നു കൂട്ടിയാ മതി. പേടിയുള്ളവര് ഇത്തരം പരിപാടിക്കു പോകരുത്.''
''എനിക്കങ്ങനെ പേടിയൊന്നുമില്ല. സംശയം ചോദിച്ചെന്നു മാത്രം. നമ്മള്‍ സേഫാകാനാ ഇരുന്നതു മുഴുവനുംകൂടെ കൊടുത്തത്.''
''ധൈര്യം വിടാതെ. രമണി ഷാജി വാക്കുപാലിക്കുന്നവനാ. എനിക്കു വേണ്ടി പല ഡീലുകളും ചെയ്തിട്ടുണ്ട്. ഇന്നുവരെ ചതിച്ചിട്ടില്ല.''
''അമ്മയോട് ഇത്രയും സ്‌നേഹമുള്ള ഒരുത്തന്‍ നമ്മളുദ്ദേശിക്കുന്ന കൃത്യം ചെയ്യുമോന്നാ സംശയം.''
''അവന് ഈ ഭൂലോകത്തില്‍ അമ്മയോടു മാത്രമേ സ്‌നേഹമുള്ളൂ. മറ്റുള്ളവരോടൊക്കെ വെറുപ്പും പകയുമാ. ധൈര്യമായിട്ടിരിക്ക്.'' ചാക്കപ്പന്‍ കൂട്ടുകാരനെ ധൈര്യപ്പെടുത്തിയിട്ട് സംഭാഷണം നിര്‍ത്തി.
പിറകില്‍ ഒരു തേങ്ങല്‍ ശബ്ദംകേട്ട് വക്കച്ചന്‍ തിരിഞ്ഞു നോക്കി. എല്ലാം കേട്ടുകൊണ്ട് ഫിലോമിന വാതില്‍ക്കല്‍ നില്‍ക്കുന്നു. അതീവരഹസ്യമായ തന്റെ പദ്ധതികള്‍ ഭാര്യ അറിഞ്ഞിരിക്കുന്നു!
''പറയുന്നതൊക്ക ഒളിഞ്ഞു നിന്നു കേള്‍ക്കുകയായിരുന്നല്ലേടീ വൃത്തികെട്ടവളേ.'' വക്കച്ചന്‍ ഭാര്യയ്ക്കുനേരേ ദേഷ്യപ്പെട്ടു.
''ഞാന്‍ വൃത്തികെട്ടവളാ.... സമ്മതിച്ചു. ആ പെണ്ണിനെ കൊല്ലാന്‍ ആളെ ഏര്‍പ്പാടാക്കിയില്ലേ? കൊടുംക്രൂരത ചെയ്യുന്നതിനുമുമ്പ് ഈ വൃത്തികെട്ട കെട്ടിയവളേം ഒന്നും ചെയ്യാന്‍ കഴിവില്ലാതെ തളര്‍ന്നുകിടക്കുന്ന സ്വന്തം മകളേം കൂടെ തീര്‍ക്ക്. മതിയായി. ഈ ലോകത്തില്‍ നിങ്ങടെകൂടെ ജീവിച്ചു മതിയായി...'' ഫിലോമിന വിങ്ങിപ്പൊട്ടി.
''മാറിപ്പോടീ... ശവമേ എന്റെ മുമ്പീന്ന്. ഞാനെന്തു ചെയ്യണോന്ന് ഞാന്‍ തീരുമാനിക്കും. എന്റെകൂടെ മടുത്തവള്‍ക്ക് ഇറങ്ങിപ്പോകാം ഈ വീട്ടീന്ന്... ചാകാന്‍ കൊതിയെങ്കില്‍ അതും ചെയ്യാം.'' വക്കച്ചന്‍ ഒച്ചയിട്ടു.
ഫിലോമിന പൊട്ടിക്കരഞ്ഞുകൊണ്ട് അകത്തേക്കു പോയി.

 

Login log record inserted successfully!