•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ഭാരതസ്ത്രീയുടെ ഭാവശുദ്ധി

ദൈവസൃഷ്ടികളില്‍ ഏറ്റവും ഉത്കൃഷ്ടമാണ് സ്ത്രീജന്മം. മറ്റൊരു സൃഷ്ടിയിലുമില്ലാത്ത മഹത്തായ പല സവിശേഷതകളും സ്ത്രീയിലടങ്ങിയിരിക്കുന്നു.
മകള്‍, ഭാര്യ, അമ്മ, മുത്തശ്ശി എന്നിങ്ങനെ ജീവിതത്തിന്റെ വിവിധഘട്ടങ്ങളിലൂടെ ഒരു സ്ത്രീ കടന്നുപോകുന്നു. അവള്‍ പൂര്‍ണതയിലെത്തുന്നത് അമ്മയാകുമ്പോഴാണ്. 
സ്ത്രീയുടെ അഭിമാനവും അന്തസ്സും മാഹാത്മ്യവും ധീരതയും ലോകത്തിനുമുന്നില്‍ തെളിയിച്ചവരാണ് ഇന്ദിരാഗാന്ധി, മാര്‍ഗരറ്റ് താച്ചര്‍ തുടങ്ങിയവര്‍. സഹനത്തിന്റെയും സ്‌നേഹത്തിന്റെയും കരുണയുടെയും ഉത്തമോദാഹരണമാണ് മദര്‍ തെരേസ. ഇവരെയൊക്കെ ലോകം ആദരിച്ചതും ബഹുമാനിച്ചതും അവരുടെ വ്യക്തിപ്രഭാവംകൊണ്ടാണ്. ആദരവും ബഹുമാനവും അവരിലേക്കു വന്നുചേരുകയായിരുന്നു.
എന്നാല്‍, സ്ത്രീക്കു വിദ്യാഭ്യാസം നിഷേധിക്കുകയും അടുക്കളത്തളത്തില്‍ മാത്രമായി അവര്‍ ഒതുങ്ങുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത് സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി മാത്രം കണ്ടിരുന്നവരുമുണ്ടായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായതോടെ സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും തുല്യസ്ഥാനം നിലവില്‍ വന്നു. സ്ത്രീകള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസത്തിന് അവസരമുണ്ടായി. പുരുഷനോടൊപ്പം സ്ത്രീയും അധ്വാനിച്ച് കുടുംബം പുലര്‍ത്തുവാനും സമൂഹമാറ്റത്തില്‍ പങ്കാളിയാകുവാനും തുടങ്ങി. പുരുഷന്‍ സ്ത്രീയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു.
ഭാരതസ്ത്രീകള്‍ സ്വഭാവമഹിമയില്‍ എവിടെയും മാതൃകയായിരുന്നു. അങ്ങനെയാണ് 'ഭാരതസ്ത്രീതന്‍ ഭാവശുദ്ധി' എന്ന ചൊല്ലുതന്നെയുണ്ടായത്. 'കാര്യത്തില്‍ മന്ത്രിയും കര്‍മത്തില്‍ ദാസിയും' ആയിരുന്നു അവള്‍. ഭവ്യതയും അടക്കവും ഒതുക്കവും ഉള്ളവളായിരുന്നു.
കാലം മാറി. ഇന്നു കുടുംബശ്രീ പോലുള്ള സംഘങ്ങള്‍ സ്ത്രീകള്‍ക്കായി നിലവില്‍ വന്നിരിക്കുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്രദവും തൊഴില്‍രഹിതരില്ലാത്ത നാളേക്കുവേണ്ടി നടപ്പിലാക്കിയതുമായ തൊഴിലുറപ്പു പദ്ധതിയിലും സ്ത്രീകള്‍ മൂന്‍തൂക്കം നേടി.
വികസനത്തിന്റെ പാതയില്‍ സ്ത്രീക്കു സാരമായ മാറ്റങ്ങള്‍ സംഭവിച്ചു.  അടുക്കളയില്‍നിന്ന് അരങ്ങത്തേക്കു കടന്നപ്പോള്‍ കൂരിരുട്ടിലേക്കു പെട്ടെന്നു പ്രകാശം പതിക്കുമ്പോഴുണ്ടാകുന്ന പതര്‍ച്ചപോലെ എന്തു ചെയ്യണം, എങ്ങനെ പെരുമാറണം എന്നറിയാത്ത അവസ്ഥ പലരിലും കാണുമാറായി. സ്വന്തമായി ധനസമ്പാദനമാര്‍ഗമില്ലാതിരുന്ന സ്ത്രീകള്‍ക്ക് അതിനുള്ള വഴി തെളിഞ്ഞപ്പോള്‍ അഹങ്കാരത്തിന്റെ വിത്തുമുളച്ചു. പാശ്ചാത്യസംസ്‌കാരമാണ് ജീവിതനിലവാരത്തിന്റെ അളവുകോല്‍ എന്നു തെറ്റിദ്ധരിച്ച പലരും അല്പവസ്ത്രധാരിയാകുവാനും ശരീരവടിവ് പ്രദര്‍ശിപ്പിക്കുവാനും വ്യഗ്രത കാട്ടി.
ഇന്ന് പെണ്‍കുട്ടികള്‍ ഏതുവിധേനയും 'പോക്കറ്റുമണി' സമ്പാദിച്ച് സൈ്വരവിഹാരം നടത്താന്‍ മാര്‍ഗങ്ങള്‍ തേടുന്നു. അവസരോചിതമായി അവരെ വലയില്‍ വീഴ്ത്തുന്ന പുരുഷന്മാരും ഏറെ. അതിനുള്ള തെളിവുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പീഡനക്കേസുകള്‍ പലതും. 
വിവരസാങ്കേതികവിദ്യയുടെ കടന്നുവരവോടെ മൊബൈല്‍ ഫോണ്‍ സര്‍വവ്യാപിയായി.  അതിന്റെ ദുരുപയോഗം താഴേത്തട്ടുമുതല്‍ ആണ്‍-പെണ്‍ വ്യത്യാസമെന്യേ ദൂരവ്യാപകമായ ഭവിഷ്യത്തുകളിലേക്കു നയിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഒട്ടുമിക്ക പീഡനക്കേസുകളും നഷ്ടപരിഹാരത്തുകയിലൂടെ തേഞ്ഞുമാഞ്ഞു പോകുന്നു. 
ആധുനികലോകത്തു സ്ത്രീക്ക് ഭയരഹിതയായി പൊതുനിരത്തിലൂടെ ഒറ്റയ്ക്കു സഞ്ചരിക്കുവാന്‍ കഴിയാത്ത സാഹചര്യം സംജാതമായിരിക്കുന്നത് അത്യന്തം ഭയാനകമായ അവസ്ഥാവിശേഷമാണ്.
സ്ത്രീകള്‍ മാനസികമായി ഉണരേണ്ടിയിരിക്കുന്നു. സ്ത്രീയെ സംരക്ഷിക്കേണ്ടത് സ്ത്രീതന്നെയാണെന്ന സത്യം തിരിച്ചറിയണം. 
താന്‍ അബലയല്ല, ധീരയാണെന്നും സമൂഹത്തിനുവേണ്ടി തനിക്കും ചിലതെല്ലാം ചെയ്യാന്‍ സാധിക്കുമെന്നും ഓരോ സ്ത്രീയും മനസ്സിലാക്കണം. സ്ത്രീയുടെ ദൗര്‍ബല്യത്തെയാണ് പുരുഷന്‍ മുതലെടുക്കുന്നത്. അതിന്  ഇടം നല്കരുത്. ലോകമെമ്പാടും  സ്ത്രീയെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കാലം വരണം. സാര്‍വ്വദേശീയമാറ്റം അനിവാര്യമാണ്. അങ്ങനെ ചാള്‍സ് മാലിക്കിന്റെ ഠവല ളമേെലേെ ംമ്യ ീേ രവമിഴല വേല ീെരശല്യേ ശ െീേ ാീയശഹശ്വല വേല ംീാലി ീള വേല ംീൃഹറ  എന്ന വാക്കുകള്‍ നമുക്ക് അന്വര്‍ത്ഥമാക്കാം. കാതലായ പരിവര്‍ത്തനം സ്ത്രീയില്‍നിന്നുതന്നെയാവട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)