വേനല്‍ കടുത്തതോടെ കര്‍ഷകരും പ്രതിസന്ധിയിലായി. കനത്ത വെയിലില്‍ കൃഷിയിടങ്ങളും പുല്ലുകളും കരിഞ്ഞുണങ്ങിത്തുടങ്ങി. ജലാശയങ്ങള്‍ വരളുകയും കിണറുകളിലെ വെള്ളം താഴുകയും ചെയ്തു. പലയിടത്തു കുടിവെള്ളക്ഷാമവും അനുഭവപ്പെട്ടുതുടങ്ങി.
പണം ഉണ്ടാക്കാനുള്ള പരക്കംപാച്ചിലില്‍  മനുഷ്യന്‍ പ്രകൃതിയോടു ചെയ്ത  ക്രൂരതയുടെ  ഫലമാണ് നാം  ഇന്ന് അനുഭവിക്കുന്നത്. ഭരണത്തില്‍  സ്വാധീനമുള്ളവര്‍ പാടങ്ങള്‍ നികത്തുകയും  മലകള്‍ ഇടിച്ചു നിരത്തുകയും  ചെയ്യുന്നതു കാണുമ്പോള്‍ നിസ്സഹായരായി  നോക്കിനില്‍ക്കാനേ നമുക്കു കഴിയുന്നുള്ളൂ.  വയല്‍ നികത്തലിനും  മലയിടിക്കലിനും  കൂട്ടുനില്‍ക്കുമ്പോള്‍ നഷ്ടമാകുന്നത് കേരളത്തിന്റെ പച്ചപ്പാണ്.
20 ആളുകള്‍ക്ക് ആവശ്യമായ ശുദ്ധവായു ലഭ്യമാക്കുവാന്‍ ഒരു മരമെങ്കിലും വേണം എന്നാണു കണക്ക്. എന്നാല്‍, ഉള്ള മരങ്ങള്‍  മുറിച്ചുമാറ്റി അവിടെ വലിയ കോണ്‍ക്രീറ്റ്  കെട്ടിടങ്ങള്‍  നിര്‍മിക്കുകയല്ലാതെ പുതിയ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ആരും  ശ്രദ്ധിക്കാറില്ല. അന്തരീക്ഷതാപത്തെ  കുറയ്ക്കാനുള്ള പ്രകൃതിദത്തസംവിധാനങ്ങള്‍ നാം നഷ്ടപ്പെടുത്തിക്കഴിഞ്ഞു.
 വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ അന്തരീക്ഷത്തിലേക്കു പ്രവഹിക്കുന്ന  കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ തോതു കൂടി. അതോടെ ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവും വര്‍ധിച്ചു. 
ഉയര്‍ന്നുനില്‍ക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളും  മേല്‍ക്കൂരയിലെ  ലോഹഷീറ്റുകളും  വലിച്ചെടുക്കുന്ന താപം ചൂടുതരംഗമായി രാത്രിയില്‍  പുറന്തള്ളുന്നത് രാത്രികാലതാപവര്‍ധനയ്ക്കു കാരണമായി.
കായലുകള്‍, തടാകങ്ങള്‍,  തണ്ണീര്‍ത്തടങ്ങള്‍, പുഴകള്‍,  തോടുകള്‍, അരുവികള്‍, കുളങ്ങള്‍, കനാലുകള്‍ തുടങ്ങിയവയെല്ലാം ധാരാളമായി നമ്മുടെ നാട്ടിലുണ്ട്. പക്ഷേ, ഇവയെല്ലാം സംരക്ഷിക്കാനും വൃത്തിയായി സൂക്ഷിക്കാനും എത്രപേര്‍ മനസ്സുവച്ചിട്ടുണ്ട്? വീട്ടിലെ മാലിന്യങ്ങള്‍  പ്ലാസ്റ്റിക് കൂടുകളിലാക്കി നമ്മള്‍ വലിച്ചെറിയുന്നത് കനാലുകളിലേക്കും  പുഴകളിലേക്കും റോഡുവക്കിലേക്കുമൊക്കെയല്ലേ? ഈ മാലിന്യങ്ങള്‍ കറങ്ങിത്തിരിഞ്ഞ് എത്തിച്ചേരുന്നതോ, നമ്മുടെ കിണറുകളിലെയും കുളങ്ങളിലെയും  വെള്ളത്തിലും.  
ജലസ്രോതസ്സുകള്‍  വൃത്തിയായും അടയാതെയും  സൂക്ഷിക്കുക, ജലസംഭരണികള്‍ ശുചിയാക്കുക, കൃഷിയിടങ്ങളില്‍  പുതയിട്ട് ബാഷ്പീകരണത്തോതു കുറയ്ക്കുക, മഴവെള്ളം സംഭരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുക, മഴക്കുഴികള്‍  തീര്‍ക്കുക, കിണറുകള്‍ റീചാര്‍ജ്ജ് ചെയ്യുക തുടങ്ങിയവയാണ് ജലക്ഷാമത്തെ നേരിടാന്‍ സെന്റര്‍  ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്റ് മാനേജ്‌മെന്റ് മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍. നികന്നുപോയതും അനാഥമായിക്കിടക്കുന്നതുമായ കുളങ്ങളും ജലാശയങ്ങളും നന്നാക്കിയെടുത്താല്‍ കുടിക്കാനും ജലസേചനത്തിനും ആവശ്യമുള്ള വെള്ളം സംഭരിക്കാനാവും.
സുഖശീതളമായ  കാലാവസ്ഥയുടെ  കാര്യത്തില്‍  പണ്ടുമുതലേ ടൂറിസ്റ്റുമാപ്പില്‍ ഒരിടമുണ്ടായിരുന്നു  കേരളത്തിന്.  മലയാളമണ്ണിനെ സുഖവാസസ്ഥലമായി  കണ്ടു വിദേശികള്‍ അവധിക്കാലം ആഘോഷിക്കാന്‍ ഇങ്ങോട്ട് ഓടിയെത്തിയതും അതുകൊണ്ടുതന്നെ.  
ആറും തോടും കരകവിഞ്ഞൊഴുകിയിരുന്ന, വര്‍ഷത്തില്‍ ഏഴു മാസം മഴ കിട്ടിയിരുന്ന മാവേലിനാടിനെ ഈ നിലയിലെത്തിച്ചതു മറ്റാരുമല്ല. ഇവിടെ പെയ്യുന്ന മഴവെള്ളം അതതിടത്തു കെട്ടിനിര്‍ത്തുന്നു എന്നു സങ്കല്പിച്ചാല്‍ മൂന്നുമീറ്റര്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കും കേരളം എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.  പ്രകൃതിയോടും മണ്ണിനോടും നാം ക്രൂരത കാട്ടിയപ്പോള്‍  നഷ്ടമായത് പുഴകളുടെ സൗന്ദര്യവും മഴത്തുള്ളികളുടെ  കിലുക്കവുമാണ്.   
നമ്മുടെ ജീവിതശൈലികളും പരിസ്ഥിതി അവബോധവും പുതുക്കിപ്പണിയാതെ കൊടുംചൂടിനു തടയിടാനാവില്ല. ഭാവിതലമുറയ്ക്കുവേണ്ടി  വെള്ളം സംരക്ഷിക്കാനും, മലിനമാക്കാതിരിക്കാനും  അതു ശ്രദ്ധിച്ചുപയോഗിക്കാനുമുള്ള സാമൂഹികാവബോധം ഉണ്ടാകണം. ജലം അമൂല്യമാണ്, അത് പാഴാക്കരുത് എന്ന ചിന്ത ഓരോ വ്യക്തിയിലും  ഉണ്ടാകണം. മണ്ണും വെള്ളവും ജൈവസമ്പത്തും പ്രകൃതിവിഭവങ്ങളും  വരുംതലമുറയ്ക്കായി കരുതിവയ്‌ക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ് എന്ന വസ്തുത വിസ്മരിക്കാതിരിക്കുക. 
കൊവിഡ്ചൂടിനു പിന്നാലെ ഇനി വരുന്നത് വേനല്‍ച്ചൂട്. കൂടെ ഇലക്ഷന്‍ ചൂടുകൂടിയാകുമ്പോള്‍ വരുംനാളുകളില്‍ കേരളം ചുട്ടുപഴുക്കും.
വേനല്‍ കടുത്തതോടെ  പല സ്ഥലങ്ങളിലും  ചൂട്  40 ഡിഗ്രി സെല്‍ഷ്യസിനു മേലെയായി. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ചൂട്  ശരാശരിയിലും മൂന്നു ഡിഗ്രി കൂടുതലാണ്. പാലക്കാട്ടാകട്ടെ 40 ഡിഗ്രി പിന്നിട്ടു.
പകല്‍  36 ഡിഗ്രി ചൂടാണ്  പല സ്ഥലത്തും. ഉച്ചനേരത്ത് അത് 38 ഡിഗ്രിയിലെത്തും. രാവിലെ പത്തിനും അഞ്ചിനും ഇടയില്‍ പുറത്തിറങ്ങാന്‍ പറ്റാത്തത്ര രൂക്ഷമാണ് ചൂട്. ചൂടുകൂടുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശവും നല്‍കിക്കഴിഞ്ഞു.
പകല്‍  11 നും  മൂന്നിനും  ഇടയില്‍  നേരിട്ടു വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നാണു മുഖ്യനിര്‍ദേശം. പ്രായമായവര്‍, ഗര്‍ഭിണികളും കുട്ടികളും മറ്റു രോഗങ്ങള്‍ ഉള്ളവരും ഉറപ്പായും  11  മുതല്‍ മൂന്നു മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ ശ്രദ്ധിക്കണം. നിര്‍ജലീകരണം തടയാന്‍  ധാരാളം  വെള്ളം  കുടിക്കുക,  മദ്യം, കാപ്പി, ചായ  കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക,  പുറത്തേക്കിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ശുദ്ധജലലഭ്യത ഉറപ്പാക്കുക തുടങ്ങിയവയാണ്  മറ്റു നിര്‍ദേശങ്ങള്‍. 
വേനല്‍മഴയുടെ കുറവ്, കടലിലെ ഉയര്‍ന്ന താപനില, അന്തരീക്ഷ  ഈര്‍പ്പത്തിന്റെ  ഉയര്‍ന്ന തോത്,  കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെയും ടാര്‍ റോഡുകളു
ടെയും വാഹനങ്ങളുടെയും എയര്‍ കïീഷനറുകളുടെ
യും വര്‍ധനവ്, തണ്ണീര്‍ത്തടങ്ങളുടെ  കുറവ് തുടങ്ങിയവയെല്ലാം  ചൂടിന്റെ  ആധിക്യത്തിനു കാരണമായി.
തുലാമഴയുടെ കുറവാണ്  ഈ വര്‍ഷം   ഇത്രവേഗം ചൂടു
കൂടാന്‍  കാരണമായതെന്നാണ്  കാലാവസ്ഥാനിരീക്ഷകരുടെ അഭിപ്രായം.  492 മി.മീ. മഴ ലഭിക്കേïിടത്ത്   കിട്ടിയത് 369 മാത്രം. 28 ശതമാനത്തിന്റെ  കുറവ്.  വേനല്‍മഴ  ലഭിച്ചില്ലെങ്കില്‍  ജലക്ഷാമം  രൂക്ഷമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. 
							
 ഇഗ്നേഷ്യസ് കലയന്താനി
                    
									
									
									
									
									
                    