•  2 May 2024
  •  ദീപം 57
  •  നാളം 8
ആരോഗ്യവീഥി

കുട്ടികളിലെ പഠനവൈകല്യം

രു ന്യൂറോ ഡവലപ്‌മെന്റല്‍ ഡിസോര്‍ഡറാണ് കുട്ടികളിലെ പഠനവൈകല്യം. സാമാന്യമോ അതിലധികമോ ബുദ്ധിയുള്ള കുട്ടികളില്‍, എഴുതുന്നതിനോ വായിക്കുന്നതിനോ കണക്കുകൂട്ടലുകള്‍ നടത്തുന്നതിനോ ബുദ്ധിമുട്ട് അനുഭവപ്പെടുംവിധം തലച്ചോറിന്റെ പ്രവര്‍ത്തനത്തിലോ ഘടനയിലോ നാഡീവ്യവസ്ഥയിലോ വ്യത്യാസങ്ങള്‍ കാണപ്പെടു ന്നതാണ് ഇതിന്റെ കാരണം.
പഠനവൈകല്യം എപ്പോള്‍ തിരിച്ചറിയാം?
പ്രീസ്‌കൂള്‍ കാലഘട്ടത്തിലോ സ്‌കൂള്‍ ജീവിതത്തിന്റെ ആദ്യപടിയിലോ അക്ഷരങ്ങളോടും അക്കങ്ങളോടും കുട്ടികള്‍ കാണിക്കുന്ന പ്രത്യേക സമീപനം, കൃത്യമായി എഴുതാന്‍ സാധിക്കാതെ അക്ഷരങ്ങള്‍ തിരിച്ചെഴുതുക, അക്ഷരങ്ങള്‍ വിട്ടുപോകുക, പലതവണ പഠിച്ച അക്ഷരങ്ങളോ വാക്കുകളോ വായിക്കാന്‍ സാധിക്കാതെ വരിക എന്നിവ മാതാപിതാക്കളുടെയോ അധ്യാപകരുടെയോ ശ്രദ്ധയില്‍പ്പെട്ടേക്കാം. എന്നാല്‍, പഠനത്തില്‍ അനുഭവപ്പെടുന്ന ഈ ബുദ്ധിമുട്ട് പഠനവൈകല്യം ആണെന്നു നിര്‍ണയിക്കാന്‍ കുട്ടികളിലെ ബുദ്ധിശക്തി വ്യക്തമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. 6 വയസ്സ് മുതല്‍ 9 വയസ്സു വരെയുള്ള കാലഘട്ടത്തിലാണ് ഇതു നിര്‍ണയിക്കേണ്ടത്.
പഠനത്തിലെ പിന്നാക്കാവസ്ഥകളെല്ലാം പഠനവൈകല്യം ആണോ?
അല്ല.  കുട്ടികള്‍ പഠനത്തില്‍ പിന്നാക്കം പോകാനും വിജയം കൈവരിക്കാന്‍ സാധിക്കാത്തതിനും പല കാരണങ്ങളുണ്ട്. 
ഇതില്‍ത്തന്നെ ന്യൂറോ ഡവലപ്‌മെന്റല്‍ ഡിസോര്‍ഡര്‍പോലുള്ള എഡിഎച്ച്ഡി (ADHD), ഓട്ടിസം, മറ്റു പെരുമാറ്റവൈകല്യങ്ങള്‍, ഭാഷാവൈകല്യം, കുട്ടികളില്‍ കാണുന്ന OCD ഉത്കണ്ഠ, വിഷാദരോഗം, ഭാഷയെ പ്രകടിപ്പിക്കുവാനോ മനസ്സിലാക്കുവാനോ ബുദ്ധിമുട്ടുണ്ടാകുന്നവിധത്തില്‍ തലച്ചോറിന്റെ ഘടനയിലോ പ്രവര്‍ത്തനത്തിലോ ഉള്ള വ്യതിയാനങ്ങള്‍ എന്നിവയെല്ലാം പഠനത്തിലെ പിന്നാക്കാവസ്ഥയ്ക്കു കാരണമായേക്കാം. കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, മോട്ടോര്‍ ഡിസെബിലിറ്റി എന്നിങ്ങനെയുള്ള ശാരീരികന്യൂനതകളും മറ്റു സാമൂഹികകാരണങ്ങളും പഠനത്തെ പിന്നോട്ടു കൊണ്ടുപോയേക്കാം.
പഠനവൈകല്യം എങ്ങനെ തിരിച്ചറിയാം?
ഒരു ശിശുരോഗവിദഗ്ധനുമായി കണ്‍സള്‍ട്ട് ചെയ്ത് കുട്ടിയുടെ ശാരീരികാരോഗ്യം വിലയിരുത്തണം. പിന്നീട് മാനസികാരോഗ്യനിലവാരവും ബുദ്ധിനിലവാരവും വിശദമായി പരിശോധിക്കുവാന്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടണം. അവര്‍തന്നെ കുട്ടിയുടെ പഠനവൈകല്യത്തിന്റെ പ്രത്യേകതകളും കൃത്യമായ അവസ്ഥയും നിര്‍ണയിക്കുന്നതാണ്. 
നമ്മുടെ നാട്ടില്‍ സംഭവിക്കുന്നതെന്ത്?
ചെറുപ്രായത്തില്‍ത്തന്നെ പഠനവൈകല്യം തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ സാധിക്കാത്തതിനാല്‍ വിദഗ്ധമായ പരിശോധനയും വിലയിരുത്തലുകളും നടക്കുന്നില്ല. പത്താം ക്ലാസ്സിലോ പ്ലസ്ടു അവസാന പരീക്ഷയ്‌ക്കോ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി ആരുടെയെങ്കിലും സഹായത്തോടെ പരീക്ഷ എഴുതിക്കുന്നു. ഓരോ വര്‍ഷവും കേരളത്തില്‍ 20000 - 25000 കുട്ടികളാണ് ഇത്തരത്തില്‍ പരീക്ഷ എഴുതുന്നത്. ഈ പ്രായത്തില്‍ ഇത്തരം അവസ്ഥ മനസ്സിലാക്കിയാലും കുറഞ്ഞ സമയത്തിനുള്ളില്‍ നടത്തുന്ന പരിശോധനകള്‍ പലപ്പോഴും കുട്ടിയുടെ മറ്റു പ്രത്യേക അവസ്ഥകളും, എന്തുതരം ലേണിങ് ഡിസെബിലിറ്റി ആണെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരുകയില്ല. 
പഠനവൈകല്യം എങ്ങനെ പരിഹരിക്കാം?
പഠനവൈകല്യവും അതിന്റെ അവസ്ഥയും മനസ്സിലാക്കിയാല്‍ ഉടന്‍തന്നെ, അതായത്, ആറു വയസ്സാകുമ്പോള്‍ത്തന്നെ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങുന്നതാണ് ഉചിതം. ഓരോ കുട്ടിയുടെയും ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം പ്രത്യേകമാണ്. പൊതുവായ ചില മാനദണ്ഡങ്ങള്‍ ഉണ്ടെങ്കില്‍പോലും ഇത് ചിട്ടയായി ക്രമീകരിക്കാന്‍, പരിശോധന നടത്തുന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടുന്നതാണ് നല്ലത്. വൈകാരികമായോ പെരുമാറ്റപരമായോ എന്തെ ങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെങ്കില്‍ അവ പരിഹരിക്കണം. വ്യക്തിപരമായി രൂപകല്പന ചെയ്ത (Individual educa-tion programme) പരിശീലനം നടത്താന്‍ ഒരു സ്‌പെഷ്യല്‍ എഡ്യൂക്കേറ്ററിന്റെ സഹായംതേടാം. പരിഹാര അധ്യാപനം (Remedial teaching),, ബ്രിഡ്ജ് ലേണിങ് പ്രോഗ്രാം, സോഷ്യല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ഇവയോടൊപ്പം മാതാപിതാക്കള്‍ക്കുള്ള കൗണ്‍സലിങ്ങും നല്‍കേണ്ടതാണ്. മാതാപിതാക്കളില്‍ ഒരാളെങ്കിലും വിദഗ്ധരുടെ ടീമിനൊപ്പം കുട്ടിയുടെ പഠനകാര്യങ്ങളിലും വളര്‍ച്ചാഘട്ടത്തിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. 
അന്തര്‍ദേശീയതലത്തില്‍ റെസ്‌പോണ്‍സ് റ്റു ഇന്റര്‍വെന്‍ഷന്‍ എന്ന പ്രത്യേക പരിശീലനപദ്ധതിയാണ് ഈ കുട്ടികള്‍ക്കുവേണ്ടി രൂപകല്പന ചെയ്തിരിക്കുന്നത്. പഠനത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഓരോ കുട്ടിക്കുംവേണ്ടി തയ്യാറാക്കിയ ത്രീ ടയര്‍ അല്ലെങ്കില്‍ മള്‍ട്ടി ടയര്‍ പദ്ധതിവഴി സ്‌കൂളും മാതാപിതാക്കളും ഇന്റര്‍വെന്‍ഷന്‍ടീമും ഇതില്‍ പങ്കുചേരുന്നു. ഓരോ വര്‍ഷവും കൃത്യമായ കാലാവധിയില്‍ പുരോഗതികള്‍ വിലയിരുത്തി കുട്ടികളുടെ പ്രത്യേക സിദ്ധികളും അഭിരുചികളും മനസ്സിലാക്കി, വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉതകുന്നവിധത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഭാഗഭാക്കാകുന്ന കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ പരീക്ഷാസമയത്ത് സഹായം തേടാം. എങ്കിലും അവരുടെ ആത്മാഭിമാനം, ആശയവിനിമയശേഷി, സാഹചര്യങ്ങളെ നേരിടുന്ന വിധം, ജീവിതനൈപുണ്യം തുടങ്ങിയവയെല്ലാം മികവു പുലര്‍ത്തുന്നതായിരിക്കും.

ലേഖിക പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്.

Login log record inserted successfully!