•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

തിരിച്ചറിവ്

  • വിജയകുമാരി ചാക്കോ
  • 22 April , 2021

വളരെ ശ്രദ്ധയോടെ ചുവടുച്ചാണ് ഞാന്‍ ശരണാലയത്തിലേക്കു കയറിയത്. ഉച്ചയുറക്കത്തിന്റെ ആലസ്യത്തിലാണ് പ്രകൃതിപോലും. നരച്ച ഭിത്തികളില്‍ അങ്ങിങ്ങായി പഴയ ഫോട്ടോകള്‍. ഒരുപക്ഷേ, ഈ വീടോ സ്ഥലമോ സംഭാവന നല്കിയ മഹാമനസ്സുകളുടെയാവാം. കോളിങ് ബെല്ലില്‍ വിരലമര്‍ത്തിയപ്പോള്‍ ഒരു മുരടനക്കം കേട്ടു. അപ്പോഴാണ് കോലായുടെ അറ്റത്തിരുന്ന ആളിനെ ശ്രദ്ധിച്ചത്. 
''എന്താ?'' പതിയെ എഴുന്നേറ്റു ഒരു കൈ കണ്ണിനുമുകളില്‍ വച്ച് അദ്ദേഹം ചോദിച്ചപ്പോള്‍ തെല്ലൊന്നു പകച്ചു.
എന്തുപറയണം... വെറുമൊരു പത്രപ്രവര്‍ത്തകയെന്നോ... അതോ...
''ഞാന്‍ പത്രത്തില്‍നിന്നാണ്... ഒരു വാര്‍ത്ത കണ്ടിരുന്നു. വിമാനത്താവളത്തില്‍...''
''ഓ, മനസ്സിലായി.... അതുമൊരു സെന്‍സേഷണല്‍ വാര്‍ത്തയായല്ലേ. പീഡനത്തിനും കൊലപാതകത്തിനുമിടയ്‌ക്കൊരു മാറ്റം അല്ലേ?''
വാക്കുകളിലെ പരിഹാസം ഗൗനിക്കാതെ ഭവ്യതയോടെ പറഞ്ഞു:
''എനിക്കദ്ദേഹത്തെയൊന്നു കണ്ടാല്‍...''
''എന്തിനാ കുട്ടീ അദ്ദേഹത്തെ കാണുന്നത്? ചാനലുകാര്‍ വന്നിരുന്നു. എന്തൊക്കെ ചോദിച്ചിട്ടും ഒന്നും കിട്ടിയില്ല. എന്നാലും പടമൊക്കെ പിടിച്ചിട്ടുണ്ട്. കിഴവന്‍ സമയം മെനക്കെടുത്തിയെന്നു പറയുന്നതു കേട്ടു.'' 
''ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചു ശല്യപ്പെടുത്തില്ല... ഒന്നു കാണുവാന്‍ മാത്രം വന്നതാണ്.''
''ചോദിച്ചാലും ഒന്നും മിണ്ടില്ല കുട്ടീ. നേരേതന്നെ നോക്കിയിരിക്കും. വല്ലാതെ ശല്യപ്പെടുത്തിയാല്‍ ഏതാണ്ടൊക്കെപ്പറയും, പരസ്പരം ബന്ധമില്ലാതെ. അവയൊക്കെ ശരിയായി കൂട്ടിച്ചേര്‍ത്താല്‍ വല്ല തുമ്പും കിട്ടിയാലായി... നല്ല ദേഷ്യമാണെന്നു കേട്ടു. ഇവിടുള്ള ഒരാളെ പിടിച്ചു തള്ളിയത്രേ. ഞാന്‍ അടുത്തോട്ടൊന്നും പോയില്ല. ഈ വയസുകാലത്ത് പണി കിട്ടിയാല്‍ തീര്‍ന്നു. അതുപോട്ടെ, വാര്‍ഡനച്ചന്‍ സ്ഥലത്തില്ല. കുട്ടി പോയി കണ്ടോളൂ. എന്നെയാ ചാര്‍ജ് ഏല്പിച്ചിരിക്കുന്നത്.''
അദ്ദേഹത്തിന്റെ വാക്കുകള്‍ നല്ല ആശ്വാസം തന്നു. അരഭിത്തിയിലെ കൂജയില്‍നിന്നു വെള്ളമെടുത്തു കുടിച്ചപ്പോള്‍ നല്ല ഉന്മേഷം. പതിയെ നടന്നു. മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന പത്രങ്ങളിലെയാ മുഖം.... കുഞ്ഞുന്നാളില്‍ കണ്ടതല്ലേ. കൃത്യമായി ഓര്‍മിച്ചെടുക്കാന്‍ പറ്റുന്നില്ല. പക്ഷേ, അമ്മ പറയുന്നു, ഇതദ്ദേഹംതന്നെ. നിന്റെയപ്പൂപ്പന്‍. നീയൊന്നു പോയി നോക്ക് കുഞ്ഞേ.''
വിദേശത്തുള്ള മക്കളെപ്പറ്റി എപ്പോഴും വീമ്പു പറയുമായിരുന്നത്രേ അപ്പൂപ്പന്‍. നാട്ടുകാര്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടു പറയും: ''ജോസഫ് ചേട്ടനെന്താ കുഴപ്പം. ഭാഗ്യവാന്‍. രണ്ടു മക്കളല്ലേ വിദേശത്ത്...'' അപ്പൂപ്പനൊന്നുകൂടി തലയുയര്‍ത്തിപ്പറയും: ''അതേടാ എന്റെ മക്കളില്‍ രണ്ടുപേരും നല്ല നിലയിലാ... പക്ഷേ, ഒരുത്തന്‍ മണ്ടനാ. അവന്റെ തലേല്‍ കളിമണ്ണാ.'' 
വിദ്യാഭ്യാസമില്ലാത്ത മകനു കിട്ടിയ പെണ്ണ് കുലമഹിമയില്‍ മറ്റു രണ്ടു മരുമക്കളുടെയും അടുത്തെത്തിയില്ല. അതുകൊണ്ടുതന്നെ അമ്മയുടെ സ്ഥാനം അടുക്കളക്കാരിയുടേതായിരുന്നു. അപ്പൂപ്പന്റെ എല്ലാ ചിട്ടകള്‍ക്കും അനുസരിച്ചുള്ള കാര്യങ്ങള്‍ ചെയ്തു. വിദേശത്തുള്ളവര്‍ വന്നാല്‍ പിന്നെ പെരുന്നാളിന്റെ ബഹളമാണ്. അമ്മയുടെ വിശ്രമമില്ലാത്ത പണി അന്ന് തന്നെ കുറെ വിഷമിപ്പിച്ചിട്ടുണ്ട്. പക്ഷേ, അപ്പച്ചന്റെ പെട്ടെന്നുള്ള മരണം വലിയൊരു പരീക്ഷണമായിരുന്നു. തറവാട് തങ്ങള്‍ക്കല്ല എന്നതിനാല്‍ കൈയില്‍ വച്ചുതന്ന കുറെയധികം രൂപയും നെഞ്ചോടു ചേര്‍ത്ത് പടിയിറങ്ങി. അമേരിക്കയില്‍നിന്നു ജോസിളയപ്പന്‍ വന്നെന്നും വീടും വിറ്റെന്നും സ്ഥലമൊക്കെ പ്ലോട്ടാക്കി വില്‍ക്കുന്നെന്നും അപ്പൂപ്പനും അമേരിക്കയിലേക്കു പോകുന്നുവെന്നും കേട്ടു.
''എന്തായാലും കാര്‍ന്നോര്‍ കാണിച്ചത് വലിയ ചതിയായിപ്പോയി. എല്ലാം അമേരിക്കക്കാര്‍ക്കു കൊടുത്തല്ലോ. റോസയ്ക്കും മകള്‍ക്കും ആകെ കൊടുത്തത് അഞ്ചുലക്ഷം രൂപയാ.'' നാട്ടുകാര്‍ അടക്കം പറഞ്ഞു.
പക്ഷേ, വീടുവിട്ടിറങ്ങിയതിനുശേഷമുള്ള ജീവിതമാണ് എന്നെ ഞാനാക്കിയത്. അമ്മ ആരുടെ മുമ്പിലും കൈനീട്ടിയില്ല. നന്നായി അധ്വാനിച്ചു ജീവിച്ചു. തയ്യല്‍ക്കാരിയായി, കോഴിവളര്‍ത്തലായി, മഹിളാപ്രധാന്‍ ഏജന്റായി. എന്തായാലും ഒരിക്കലും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല.
പലപ്പോഴും അമ്മയുടെ സ്‌കൂട്ടറിനു പിറകിലിരുന്നു പോകുമ്പോള്‍ അമ്മയെ ഓര്‍ത്ത് അഭിമാനം തോന്നി. അമ്മയ്ക്കു താങ്ങാകണമെന്ന ആഗ്രഹമാണ് ഡിഗ്രി കഴിഞ്ഞപ്പോഴെ പത്രത്തിലെത്തിച്ചത്.
ഇനിയത് അപ്പൂപ്പന്‍തന്നെയാകുമോ? മനസ്സിലുള്ള ഉഗ്രപ്രതാപിയുടെ ചിത്രവുമായി ഒത്തുപോകുന്നില്ല പത്രത്താളിലെ ആ ദയനീയചിത്രം.
എങ്കിലും പറഞ്ഞുകേള്‍ക്കുന്ന സ്ഥലമൊക്കെ ഏതാണ്ടിതുതന്നെ. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി വെറുതേ ചുറ്റിത്തിരിയുകയായിരുന്നത്രേ. തോളത്തു ചേര്‍ത്തു പിടിച്ച് ബാഗിലെ ഡയറിയിലെ ഫോണ്‍ നമ്പറില്‍ വിളിച്ചിട്ടു മറുപടിയില്ലത്രേ.
പത്രം വായിച്ചപ്പോള്‍ അമ്മയുടെ കണ്ണുനിറഞ്ഞു. ''മോളൊന്നു പോയിനോക്ക്. അമ്മൂമ്മയുടെ മരണശേഷം ഞാനെത്ര വെച്ചു വെളമ്പിയതാ. മോളൊന്നു പോയി നോക്ക്.''
''അതാണ് കഥാനായകന്‍. അകലേക്കു മിഴിയും നട്ടൊരിരിപ്പാണ്. ഓര്‍മയൊക്കെ പോയെന്നു തോന്നുന്നു. കുട്ടി പോയി കണ്ടോളൂ.''
പതിയെ മുറിയിലേക്കു കടന്നുചെന്നു. വാര്‍ദ്ധക്യത്തിന്റെ ക്ലാവുപിടിച്ച മുറി. എണ്ണമെഴുക്കു പിടിച്ച കട്ടില്‍പ്പടിയില്‍ പിടിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കി. എന്തു ചോദിക്കും. അവളാലോചിച്ചു.
''അപ്പൂപ്പനെന്നെ മനസ്സിലായോ?''
മറുപടി പകച്ച നോട്ടം മാത്രം.
മേശയിലിരുന്ന പഴയ പുറംചട്ടയുള്ള ഡയറി ഒന്നു മറിച്ചു നോക്കി.
കുറെ ഫോട്ടോകള്‍ക്കിടയില്‍നിന്നു പരിചിതമായൊരു ചിത്രം. താനും അപ്പച്ചനും അമ്മയും...
''ദൈവമേ, അപ്പൂപ്പന്റെ ബോധതലങ്ങളില്‍ തങ്ങളുമുണ്ടായിരുന്നോ. ബോധാവബോധത്തിന്റെ താളക്കേടുകള്‍ക്കിടയിലും ഇത് സൂക്ഷിച്ചുവച്ചെന്നോ...?''
കൗതുകത്തോടെ എല്ലാം നോക്കിനിന്ന ആ വയോധികനോടു പറഞ്ഞു:
''ഇതെന്റെ അപ്പൂപ്പനാണ്... ഞാന്‍ കൊണ്ടുപൊയ്‌ക്കോളാം...''
അപ്പോഴും വിദൂരത്തിലേക്കു കണ്ണുംനട്ട് ഒരേ ഇരിപ്പിരുന്നു അദ്ദേഹം... പത്രത്താളിലെപ്പോലെ...

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)