•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

പരിസ്ഥിതിയുടെ ദര്‍ശനം

ഗോളതലത്തില്‍ത്തന്നെ ഈ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് പരിസ്ഥിതി. എന്താണ് പരിസ്ഥിതി മുന്നോട്ടുവയ്ക്കുന്ന ദര്‍ശനം? കടലൂര്‍ സോമന്‍ എന്ന കവിയുടെ വാക്കുകള്‍ ശ്രദ്ധിക്കാം:
ഇക്കാണായ മണ്ണെല്ലാം
നിന്റപ്പന്റെ സ്വത്താണെന്നവകാശപ്പെടുമ്പോള്‍,
ഇമ്മണ്ണിലെ മരമെല്ലാം
നിന്റേതാണെന്നാക്രോശിക്കുമ്പോള്‍,
ഇമ്മരത്തിലെ പഴമെല്ലാം
നിന്റെ കുഞ്ഞിനു മാത്രമാണെന്നാവര്‍ത്തിക്കുമ്പോള്‍,
കേള്‍ക്കാന്‍ രസമുണ്ട്... പക്ഷേ,
രസച്ചരട് പൊട്ടിപ്പോകും
ഭൂമിയെ നീയല്ല; നിന്നെ ഭൂമിയാണ്
കൈവശം വച്ചിരിക്കുന്നതെന്ന്
മണ്ണോ, വെണ്ണീറോ
ആയിത്തിരുംമുമ്പറിയുന്ന നിമിഷം.
അപ്പോള്‍, അതാണ് പരിസ്ഥിതിയുടെ ദര്‍ശനം! 'ഭൂമിയെ നീയല്ല; നിന്നെ ഭൂമിയാണു കൈവശം വച്ചിരിക്കുന്നത്' എന്നത്. 21-ാം നൂറ്റാണ്ടില്‍, ഇങ്ങനെയൊരു കവി പറഞ്ഞപ്പോള്‍ അറിഞ്ഞതല്ല ഈ സത്യം. മഹാമനീഷികളായ ആളുകള്‍ ഓരോ കാലഘട്ടത്തിലും ഈ സത്യം നമ്മെ ഓര്‍മ്മപ്പെടുത്തിയിരുന്നു.
1854 ല്‍ അമേരിക്കയില്‍ നിരക്ഷരനായൊരു ഗോത്രവര്‍ഗത്തലവന്‍ പറഞ്ഞ വര്‍ത്തമാനം, ഇന്ന് കുട്ടികള്‍ക്കു പാഠപുസ്തകങ്ങളില്‍ പഠിക്കാനുള്ള അതിപ്രശസ്തമായ ഒരു പ്രസംഗമായി വന്നിട്ടുണ്ട്. തങ്ങളുടെ ഭൂമി കൈവശപ്പെടുത്താനെത്തിയ അമേരിക്കന്‍ ഭരണകൂടത്തോട് സുഖ്വാമിഷ് വംശജനായ ചീഫ് സിയാറ്റില്‍ പറഞ്ഞ വാക്കുകളാണത്. ''ഞങ്ങള്‍ ഈ ഭൂമി നിങ്ങള്‍ക്കു വിട്ടുതന്നില്ലെങ്കില്‍ തോക്കുകളുമായി വന്ന് നിങ്ങളീ ഭൂമി കൈവശപ്പെടുത്തുമെന്നു ഞങ്ങള്‍ക്കറിയാം. എന്നാല്‍, എന്റെ ജനം ചോദിക്കുന്നു: പ്രാണവായുവിനെ ഒരാള്‍ക്കെങ്ങനെ വാങ്ങാനും വില്‍ക്കാനുമാകും? ഈ കാറ്റിന്റെ സുഗന്ധവും ജലത്തിന്റെ ശോഭയും ഞങ്ങള്‍ക്കു സ്വന്തമല്ലെങ്കില്‍ നിങ്ങള്‍ക്കതെങ്ങനെ വാങ്ങാനാകും? ഇവിടെ പറക്കുന്ന പരുന്തും ഓടുന്ന മാനും ഞങ്ങളുടെ സഹോദരങ്ങളാണ്. ഈ പുഴയിലെ ജലം ഞങ്ങളുടെ പൂര്‍വികരുടെ രക്തമാണ്. അത് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു കുടിക്കാനുള്ള ജലവും കഴിക്കാനുള്ള മീനുകളെയും നല്കുന്നു. ഈ വായു ഞങ്ങള്‍ക്കതിവിശിഷ്ടമാണ്. അത് അതിന്റെ ആത്മാവിനെ എല്ലാ ജീവജാലങ്ങളുമായി പങ്കുവയ്ക്കുന്നു. ഇങ്ങനെ പറഞ്ഞുതുടങ്ങി അവസാനം സിയാറ്റില്‍ അവര്‍ക്കു മുമ്പില്‍ വയ്ക്കുന്ന ഒരു അപേക്ഷയുണ്ട്: ഞങ്ങള്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു പറഞ്ഞുകൊടുക്കുന്ന ഒരു കാര്യം നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും പറഞ്ഞുകൊടുക്കുമോ? ഭൂമി അമ്മയാണെന്ന്... പറഞ്ഞവസാനിപ്പിക്കുന്നതിങ്ങനെയാണ്: ''ഞങ്ങള്‍ക്കൊന്നു മാത്രമറിയാം. ഭൂമി ഞങ്ങളുടേതല്ല; ഞങ്ങള്‍ ഭൂമിയുടേതാണെന്ന്.''
പരിസ്ഥിതിയുടെ ലളിതമായ ദര്‍ശനം ചീഫ് സിയാറ്റില്‍ പങ്കുവയ്ക്കുമ്പോള്‍ കാലാതിവര്‍ത്തിയായി ഈ ചോദ്യങ്ങള്‍ നമ്മുടെ മുമ്പിലും ഉയരുന്നുണ്ട്. ഏപ്രില്‍ 22 - ഭൂമിദിനം. ഒരു ഭൂമിദിനവുംകൂടി നാം ആചരിക്കുമ്പോള്‍ പരിസ്ഥിതിയുടെ ഈ ദര്‍ശനം അത്രമേല്‍ സൗമ്യമായി, എന്നാല്‍ ശക്തമായി നമ്മുടെ ഹൃദയത്തിലേക്കു സ്വീകരിക്കാം. അഹന്ത വിട്ട് നമുക്കു പറയാം, ഭൂമിയെ ഞാനല്ല, എന്നെ ഭൂമിയാണ് കൈവശം വച്ചിരിക്കുന്നതെന്ന്. മലയാളി തന്റെ മനസ്സില്‍ സുല്‍ത്താനായി കൊണ്ടുനടക്കുന്ന ബഷീര്‍ ഇക്കായുടെ 'ഭൂമിയുടെ അവകാശികള്‍' എന്ന ചെറുനോവല്‍ നമുക്കു വായിക്കാം കൂട്ടുകാരേ. എലിയും പാമ്പും പാറ്റയും ഞാനും ഈ അണ്ഡകടാഹത്തിലാണെന്ന് അപ്പോള്‍ ബോധ്യമാകും.                       

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)