ബനഡിക്ട് പാപ്പായും കര്‍ദ്ദിനാള്‍ സറായും അവരുടെ പ്രധാന പഠനങ്ങള്‍ വെവ്വേറെയാണ് ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിരിക്കുന്നത്.
ബെനഡിക്ട് പാപ്പായുടെ വിശുദ്ധഗ്രന്ഥവ്യാഖ്യാനവും ദൈവശാസ്ത്ര ഉള്‍ക്കാഴ്ചയും വഴി കത്തോലിക്കാപൗരോഹിത്യത്തിന്റെയും ബ്രഹ്മചര്യത്തിന്റെയും സത്താപരമായ അര്‍ത്ഥതലങ്ങള്‍ സ്വതഃസിദ്ധമായ ബുദ്ധികൂര്‍മ്മതയോടെ അവതരിപ്പിക്കുന്ന ലേഖനത്തിലെ ചില ആശയങ്ങള്‍ മാത്രം വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു.
വിശുദ്ധഗ്രന്ഥവ്യാഖ്യാനം
പൗരോഹിത്യം ഇന്ന് എത്തിനില്ക്കുന്ന ഗൗരവതരമായ സ്ഥിതിവിശേഷത്തിന് അടിസ്ഥാനകാരണം ബൈബിള്‍ പണ്ഡിതരുടെ വ്യാഖ്യാനരീതിയിലെ ഒരു പിഴവാണ്. വിശുദ്ധഗ്രന്ഥത്തെ ദൈവവചനമായി സ്വീകരിക്കുന്നതില്‍ വന്ന ഈ ന്യൂനത എന്തെന്ന് തുടര്‍ന്നദ്ദേഹം വിശദമാക്കുന്നുണ്ട്. പഴയനിയമത്തിന് മിശിഹാകേന്ദ്രീകൃതമായ വ്യാഖ്യാനം ഉപേക്ഷിച്ച നിരവധി ആധുനികവ്യാഖ്യാതാക്കള്‍ ദൈവാരാധനയുടെയും ആചാരാനുഷ്ഠാനങ്ങളുടെയും കാര്യത്തില്‍ അപൂര്‍ണ്ണവും അപര്യാപ്തവുമായ ദൈവശാസ്ത്രമാണ് ആവിഷ്‌കരിച്ചത്. പുതിയ ഉടമ്പടിയില്‍ ദൈവാരാധനയും ബലികളും കാഴ്ചകളും അര്‍പ്പിക്കുന്ന പൗരോഹിത്യത്തിനു സ്ഥാനമില്ലെന്നുവരെ ചിലര്‍ പ്രഖ്യാപിച്ചു. ദൈവാരാധനയും അനുഷ്ഠാനങ്ങളും നിര്‍ത്തലാക്കുകയല്ല ഈശോ ചെയ്തത്. അവയെ തന്റെ സ്‌നേഹബലിയിലൂടെ പൂര്‍ത്തിയാക്കുകയാണു അവിടുന്നു ചെയ്തതെന്ന് ബനഡിക്ട് പാപ്പാ ഉറപ്പിച്ചു പ്രസ്താവിക്കുന്നു.
പുതിയ നിയമവും
പൗരോഹിത്യവും
മിശിഹായിലും പരിശുദ്ധറൂഹായിലും കേന്ദ്രീകരിച്ചുകൊണ്ട് പൗരോഹിത്യത്തിന് പുതിയനിയമവ്യാഖ്യാനം നല്കുവാനാണ് പാപ്പായുടെ അടുത്ത ശ്രമം. ഓര്‍ശ്ലേം ദൈവാലയത്തിലെ പൗരോഹിത്യം പരമ്പരാഗതമായി പുരോഹിതകുടുംബങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അതുകൊണ്ട്, നസ്രായനായ ഈശോയ്ക്കു ചുറ്റും രൂപംകൊണ്ടത് ഒരല്മായപ്രസ്ഥാനമായിരുന്നു എന്നു പറയാം. അവസാനത്തെ പെസഹായോടെയാണ് സദുക്കായര്‍ (പുരോഹിതസംഘം) ഈശോയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നത്. അവസാനത്തെ പെസഹാ അന്ത്യത്താഴമായി മാറുകയും പുതിയ ഉടമ്പടിയിലെ പൗരോഹിത്യത്തിനു നാന്ദി കുറിക്കുകയും ചെയ്തു.
പ്രവാചകന്മാരുടെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് പഴയനിയമകാലത്തെ ദൈവാരാധന നിലനിറുത്തുകയും അതിനു സമൂലപരിവര്‍ത്തനം വരുത്തുകയും ചെയ്യുന്നുണ്ട്. ഈശോ തന്നെയാണ് ബലിയര്‍പ്പകനും ബലിവസ്തുവും. കര്‍ത്താവിന്റെ കുരിശുമരണവും ഉത്ഥാനവുമാണ് ഇതിനര്‍ത്ഥം നല്കുന്നത്.
അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ് സാക്ഷ്യപ്പെടുത്തുന്നതുപോലെ ആദ്യനൂറ്റാണ്ടിന്റെ അവസാനത്തില്‍ത്തന്നെ യഹൂദരും വിജാതീയരും ഉള്‍പ്പെടുന്ന സമൂഹത്തില്‍ അപ്പസ്‌തോലികപിന്തുടര്‍ച്ചയോടെ മെത്രാന്മാരും പുരോഹിതന്മാരും ഡീക്കന്മാരും എന്ന ത്രിവിധ ശുശ്രൂഷകര്‍ നിലവില്‍വന്നു. മോശയുടെ നിയമത്തിലെ മഹാപുരോഹിതര്‍, പുരോഹിതര്‍, ലേവ്യര്‍ എന്നീ സ്ഥാനങ്ങള്‍ക്കു തുല്യമാണിത്. എ.ഡി. 96-ാം നൂറ്റാണേ്ടാടുകൂടി റോമിലെ വിശുദ്ധ ക്ലമന്റ് കൊറീന്ത്യര്‍ക്കുള്ള തന്റെ പ്രഥമലേഖനത്തില്‍ ഇപ്രകാരമെഴുതി: ''ഗുരുനാഥന്‍ നിര്‍വ്വഹിക്കുവാനായി ചുമതലപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെല്ലാം നിശ്ചിതസമയങ്ങളില്‍ ചിട്ടയായി നമ്മള്‍ നിറവേറ്റണം. കര്‍ത്താവ് കല്പിച്ച ബലിയര്‍പ്പണവും ആരാധനയും എപ്പോഴെങ്കിലും പ്രത്യേക ക്രമമൊന്നും പാലിക്കാതെ ചെയ്യേണ്ടവയല്ല. അതിന് നിശ്ചിതകാലവും സമയവുമുണ്ട്. എന്തെന്നാല്‍ മുഖ്യപുരോഹിതന് അദ്ദേഹത്തിന്റേതായ ചുമതലകള്‍ നിശ്ചയിച്ചിട്ടുണ്ട്. പുരോഹിതന്മാര്‍ക്ക് അവരുടേതായ സ്ഥാനമുണ്ട്. ലേവ്യര്‍ക്ക് പ്രത്യേകമായ ശുശ്രൂഷകളുണ്ട്. അല്മായര്‍ക്കും അവര്‍ക്കുള്ള പെരുമാറ്റച്ചട്ടമുണ്ട്.'' ((Clement of Rome Epistle to Corinthians (Chapter VII, 40, 15
ബെനഡിക്ട്പാപ്പാ ഈ ഉദ്ധരണി നല്കുന്നത് പഴയനിയമത്തെയും അതിലെ ആരാധനയെയും ക്രിസ്തുകേന്ദ്രീകൃതവും റൂഹാകേന്ദ്രീകൃതവുമായി വ്യാഖ്യാനിക്കുന്നതിന്റെ ഉദാഹരണമായിട്ടാണ്. അദ്ദേഹം പറയുന്നു: ''ഇപ്രകാരമാണു പഴയനിയമം ക്രൈസ്തവരുടെ വേദപുസ്തകമായി മാറുന്നതും അങ്ങനെതന്നെ തുടരുന്നതും'' (ു.41).
ദൈവത്തിന്റെ സമൂലമായ സ്‌നേഹത്തില്‍നിന്നുദിക്കുന്ന പ്രവൃത്തി ഈശോമിശിഹായുടെ സ്ലീവായിലാണ് നിറവേറുന്നത്. ഈ സ്ലീവായില്‍ എല്ലാറ്റിനെയും പരിവര്‍ത്തനം ചെയ്യുന്ന പരമസ്‌നേഹത്തിന്റെ പ്രവര്‍ത്തനമാണ് വെളിവാക്കപ്പെടുന്നത്. ഇതിലൂടെയാണ് പാപപങ്കിലമായ ലോകം നിത്യനായ ദൈവത്തോടു രമ്യപ്പെടുന്നത്.
വിശുദ്ധകുര്‍ബാനയില്‍ സദാ സന്നിഹിതനാകുന്ന മിശിഹായുടെ സ്‌നേഹമാണ് നവമായ ദിവ്യാരാധന. ഈ ശുശ്രൂഷ സഭയെ ഭരമേല്പിച്ചിരിക്കുന്നു.
പുതിയ നിയമത്തിലെ പുരോഹിതനെ ദൈവവചനത്തിന്റെ ഉപാസകനായിട്ടാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു തൊട്ടുപിന്നാലെ നടന്ന ഒരു കോണ്‍ഫെറന്‍സില്‍ യുവദൈവശാസ്ത്രജ്ഞനായ ഫാ. ജോസഫ് റാറ്റ്‌സിംഗര്‍ അവതരിപ്പിച്ചത്. 'ആചാരാനുഷ്ഠാനങ്ങളുടെ പരികര്‍മ്മി' മാത്രമല്ല വൈദികന്‍ എന്ന് ആ കാലഘട്ടത്തില്‍ ഊന്നിപ്പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ അതേ റാറ്റ്‌സിംഗര്‍ പറയുന്നു:
''ദൈവവചനം ധ്യാനിക്കുക എന്നത് വൈദികന്റെ പ്രധാന ചുമതലയാണെങ്കിലും ആ വചനം മാംസം ധരിക്കുകയും പരിശുദ്ധ പരമദിവ്യകാരുണ്യത്തില്‍ നമുക്കു ഭക്ഷണമായിത്തീരുകയും ചെയ്തു. സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന ഈ അപ്പം ഭക്ഷിക്കുന്നവര്‍ കര്‍ത്താവിന്റെ സ്ലീവായുടെ ശക്തിയാല്‍ രൂപാന്തരപ്പെടുന്നു.''
പൗരോഹിത്യം പുതിയ നിയമത്തില്‍ ഒരു വംശത്തിനു മാത്രമായി പരിമിതപ്പെടുത്തുന്നില്ല, തായ്‌വഴിയായി ലഭിക്കുന്നതുമല്ല എന്നതാണ്. ദൈവവിളിയും അതിന്റെ സ്വീകരണവുമാണ് നിര്‍ണായകമായിട്ടുള്ളത്. വി. മത്തായിയുടെ സുവിശേഷത്തില്‍, 'അതിനാല്‍, തന്റെ വിശുദ്ധഭൂമിയിലേക്കു വേലക്കാരെ അയയ്ക്കുവാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ത്ഥിക്കുവിന്‍' (9,38) എന്നാഹ്വാനം ചെയ്യുന്നത് അതുകൊണ്ടാണ്.
സഭയുടെ ആരംഭത്തില്‍ത്തന്നെ അപ്പംമുറിക്കല്‍ ശുശ്രൂഷ അനുദിനശുശ്രൂഷയായി (അന്നന്നുവേണ്ട അപ്പം ഇന്നും തരണമേ) മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് പുരോഹിതശുശ്രൂഷ നയിക്കുന്നവര്‍ പരിപൂര്‍ണസമര്‍പ്പണവും വിരക്തിയും പാലിക്കുന്നവരായി മാറി.
(തുടരും)