•  2 May 2024
  •  ദീപം 57
  •  നാളം 8

നിറത്തിന്റെ പേരിലോ ഇത്ര നെറികേട്?


.

*

സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയിലും ഒപ്പുവച്ചിട്ടില്ല എന്നു കുറിച്ചത് പ്രശസ്ത എഴുത്തുകാരന്‍ കല്പറ്റ നാരായണനാണ്. കലയ്ക്കു നിറമില്ലെന്നു മാത്രമല്ല, അതിര്‍ത്തികളോ വേര്‍തിരിവുകളോ ഇല്ലെന്ന് പത്തുവട്ടം നമ്മുടെ മനസ്സിനെ പറഞ്ഞു പരുവപ്പെടുത്തേണ്ട കാലമാണിതെന്നു തോന്നിപ്പോകുന്നു. 
'വെളുപ്പു സുന്ദരമാണ്, കറുപ്പു വൃത്തികെട്ടതും മോശവുമാണ്.' കോടിക്കണക്കിന് ഇന്ത്യാക്കാരുടെ മനസ്സിലുള്ളതും മിണ്ടാന്‍ മടിച്ചതുമായ ഒരു കാര്യം കലാമണ്ഡലം സത്യഭാമ തുറന്നു പറഞ്ഞെന്നല്ലേയുള്ളൂ എന്ന് ലളിതഭാഷയില്‍ പറഞ്ഞവസാനിപ്പിക്കുന്നവരുടെമുമ്പില്‍, ഉള്ളുപൊള്ളിത്തേങ്ങിയത് കലാഹൃദയമുള്ള കുറെയേറെ പച്ചമനുഷ്യരാണ്. മോഹിനിയാട്ടത്തിന്റെ അഴകിനെച്ചൊല്ലിയാണ് വിവാദം ഉറഞ്ഞുതുള്ളിയത്.
അനുഗൃഹീതനര്‍ത്തകനായ ആര്‍.എല്‍.വി. രാമകൃഷ്ണനെ ഉദ്ദേശിച്ച് ഒരു യൂട്യൂബ് ചാനലില്‍ സത്യഭാമ നടത്തിയ അഭിപ്രായപ്രകടമായിരുന്നു അക്ഷരാര്‍ഥത്തില്‍ സാംസ്‌കാരികകേരളത്തെ ഞെട്ടിച്ചത്. വര്‍ണത്തിന്റെയും ലിംഗത്തിന്റെയും പരിധികളില്‍ മോഹിനിയാട്ടമെന്ന കലയെ തളച്ചിട്ട സത്യഭാമയില്‍നിന്നു കേരളം കേട്ടത് ഒരു മനുഷ്യനും ഒരു കാലത്തും പറയാനും കേള്‍ക്കാനും കൊള്ളാത്തത്ര ദുഷിച്ച വര്‍ത്തമാനമാണ്. കേരളം വെറുത്തുതള്ളിയ ആ വിഷം പുരണ്ട വാക്കുകള്‍ കടമെടുത്തുപയോഗിക്കാന്‍ ലജ്ജിക്കുന്നതുകൊണ്ട് ഇവിടെ വീണ്ടും പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ല. 
നര്‍ത്തകിയുടെ വിവാദപരാമര്‍ശങ്ങള്‍ കലാകേരളത്തിന്റെ  നിറമാണു കെടുത്തിയത്. ഇരുണ്ട നിറത്തോടുള്ള അവജ്ഞയുടെ വേരുകള്‍ ചെന്നെത്തുന്നത് ജാത്യഭിമാനത്തിലേക്കാണെന്നു മനസ്സിലാക്കാനും അധികബുദ്ധിയൊന്നും വേണ്ട. കറുത്തവനായതിന്റെയും  ആണായിപ്പിറന്നതിന്റെയും പേരിലുള്ള ക്രൂരമായ അവഹേളനം ഒരു വ്യക്തിയുടെ മാത്രമല്ല, അനേകരുടെ സ്വത്വബോധത്തെയാണു കീറിമുറിച്ചതെന്നോര്‍ക്കണം. കലാകാരനെന്നല്ല, ഏതു മനുഷ്യനായാലും അയാളെ ആക്ഷേപിക്കാന്‍ നിറം, ശരീരം എന്നിവയൊക്കെ ഉപയോഗിക്കുന്നതിനെ പ്രാകൃതമെന്നല്ലാതെ മറ്റെന്താണു പറയേണ്ടത്?
മോഹിനിയാട്ടം പുരുഷന്മാര്‍ക്കു കളിക്കാമോ എന്ന സമീപകാലവിവാദങ്ങള്‍ക്കു തിരശ്ശീലവീണത്, കലാമണ്ഡലം ഭരണസമിതി കാലാനുസൃതമായി എടുത്ത മഹനീയമായ തീരുമാനത്തിലൂടെയാണ്. അതായത്, അടുത്ത അധ്യയനവര്‍ഷംമുതല്‍ എല്ലാ കലാവിഷയങ്ങളിലും ലിംഗഭേദമില്ലാതെ പ്രവേശനം അനുവദിച്ചിരിക്കുന്നു. ഈ തീരുമാനത്തിനു മുന്‍കൈയെടുത്ത കലാമണ്ഡലം ചാന്‍സലര്‍ കൂടിയായ വിശ്രുത നര്‍ത്തകി മല്ലികാ സാരാഭായ് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. 
കലയ്ക്കു നിറമില്ല, മാനവികതയ്ക്കും. എല്ലാത്തരത്തിലുമുള്ള വിവേചനങ്ങളെയും അലിയിച്ചില്ലാതാക്കുന്ന അതിവിശുദ്ധലോകമാണ് കലയുടേത്. മതവും ജാതിയും നിറവും വംശവും ലിംഗഭേദങ്ങളുമൊന്നും കലോപാസകരുടെ മുമ്പില്‍ തടസ്സമാകാന്‍ പാടില്ല. മാത്രമല്ല, സങ്കുചിതത്വത്തിന്റെ പേരില്‍ ഒരാള്‍ക്കും അവസരം നിഷേധിക്കുന്ന സാഹചര്യവും ഉണ്ടായിക്കൂടാ. തുല്യതയെന്ന ആശയത്തിനു മനുഷ്യന്‍ അര്‍ഥവും മൂല്യവും കണ്ടെത്തി മുന്നേറുമ്പോള്‍ ഇടുങ്ങിയ കാഴ്ചപ്പാടുകളെല്ലാം കബറടക്കേണ്ട കാലംകൂടിയാണിത്. 
ആഫ്രിക്കന്‍രാജ്യമായ ഐവറി കോസ്റ്റില്‍നിന്നുള്ള ഫുട്‌ബോള്‍ താരത്തെ മലപ്പുറം അരീക്കോട്ട് ജനക്കൂട്ടം  വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തത് ഇക്കഴിഞ്ഞമാസമാണ്. അട്ടപ്പാടിയിലെ മധുവും വയനാട്ടിലെ വിശ്വനാഥനും മറ്റും ആള്‍ക്കൂട്ടാക്രമണത്തിനിരയായത് അവര്‍ ആദിവാസിസമൂഹത്തില്‍പ്പെട്ടവരും കറുത്തനിറമുള്ളവരുമായതുകൊണ്ടാണ്. ഇന്ത്യയുടെ രാഷ്ട്രപതിക്കസേരയില്‍ ആദിവാസിഗോത്രവിഭാഗത്തില്‍പ്പെട്ട ദ്രൗപദി മുര്‍മുവിനെ അവരോധിക്കാനുള്ള വിശാലമനസ്സ് ഇന്ത്യയ്ക്കു കൈവന്നതിനെ ശ്ലാഘിച്ചുകൊണ്ടുതന്നെ ചോദിക്കട്ടെ; വര്‍ണവര്‍ഗവിവേചനങ്ങള്‍ക്കെതിരേ തുറന്നുപോരാടാനുള്ള  വിദ്യാഭ്യാസവും സാംസ്‌കാരികാഭിവൃദ്ധിയും ഓരോ ഇന്ത്യക്കാരനും മലയാളിക്കും ഇനിയെന്നാണുണ്ടാകുന്നത്? ദൈവച്ഛായയിലും സാദൃശ്യത്തിലും പിറന്ന മനുഷ്യന് ജാതീയവും വംശീയവുമായ നിറച്ചാര്‍ത്തു കലര്‍ത്തി വിഭാഗീയതകളില്‍ അവനെ'പോറ്റിവളര്‍ത്തുന്ന' സാംസ്‌കാരികനിര്‍മിതിക്ക് ഇനി എന്നാണ് അന്ത്യമുണ്ടാകുന്നത്? 

 

Login log record inserted successfully!