•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

രക്ഷയുടെ വാതില്‍

ജൂലൈ 4   ശ്ലീഹാക്കാലം   ഏഴാം ഞായര്‍

നിയ. 4:10-14ഏശ.5:8-20
1 കോറി. 16:1-14 ലൂക്കാ.13:22-30

രക്ഷ തേടുന്നവര്‍ക്കെല്ലാം രക്ഷകന്‍ സമീപസ്ഥനാണ്. രക്ഷകന്‍ ആരെയും തന്റെ രക്ഷണീയമേഖലയില്‍ ഒഴിവാക്കുന്നില്ല.ജീവിതത്തില്‍ ഹൈവേകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സുവിശേഷം പറയുന്ന ഈ ഇടുങ്ങിയ വാതില്‍ അത്ര ഇമ്പമാവില്ല, ഇഷ്ടമാവില്ല, പഥ്യമാവില്ല.രക്ഷാകരമായ സഹനങ്ങളാണ് ഇടുങ്ങിയ വാതിലുകളെന്നു രക്ഷകന്‍ പറയുന്നു.

 ''രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ?'' (ലൂക്കാ 13:23)
ഈശോ യാത്രയിലാണ്. ജറുസലേം യാത്ര. ഈ യാത്രയില്‍ അവന്‍ പട്ടണമോ ഗ്രാമമോ ഒന്നും ഒഴിവാക്കുന്നില്ല. അതേ, പട്ടണവാസികളെയും ഗ്രാമവാസികളെയും. അവന്റെ കണ്ണില്‍ ആരും അന്യരല്ല. രക്ഷ തേടുന്നവര്‍ക്കെല്ലാം അവന്‍ സമീപസ്ഥനാണ്. പലപ്പോഴും അവന്‍ മുഖ്യധാരയില്‍ നിന്നു മാറി നഗരത്തിന്റെ അതിര്‍വരമ്പിലൂടെ കടന്നുപോകുന്നതായി കാണുന്നു. അതിര്‍ത്തികളിലേക്ക് ആട്ടിയകറ്റപ്പെട്ട രോഗികളുടെയും പതിതരുടെയും രോദനങ്ങള്‍ക്കു ചെവി ചായ്ക്കാന്‍ അവന്‍ മുഖ്യധാരയില്‍ നിന്നു മാറിനടന്നു. അരികുവത്കരിക്കപ്പെട്ടവരുടെ അരികിലൂടെ അവന്‍ നടന്നു. രക്ഷ പകര്‍ന്ന് രക്ഷയുടെ ദൂതുമായി. രക്ഷകന്‍ ആരെയും തന്റെ രക്ഷണീയമേഖലയില്‍ ഒഴിവാക്കുന്നില്ല. പട്ടണമോ ഗ്രാമമോ പണ്ഡിതനോ പാമരനോ പണക്കാരനോ പാവപ്പെട്ടവനോ പരിശുദ്ധനോ പാപിയോ അവന് അന്യരല്ല. അവന്‍ അവര്‍ എല്ലാവരുടെയും രക്ഷകനാണ്, നാഥനാണ്.
വലയില്‍ കയറിയ 153 മത്സ്യങ്ങള്‍ കടലില്‍ അന്നുണ്ടായിരുന്നതായി കണക്കാക്കിയിരുന്ന 153 തരം മത്സ്യങ്ങളായിരുന്നത്രേ. ആ വലയോ ആരെയും ഒഴിവാക്കാത്ത രക്ഷകന്റെ രക്ഷയുടെ ഗ്ലോബല്‍ നെറ്റും! ഇന്നത്തെ വചനഭാഗത്ത് എല്ലാ ദിക്കുകളില്‍നിന്നുമുള്ളവര്‍ (കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും) ജനങ്ങള്‍ വന്ന് വിരുന്നിനിരിക്കുന്ന, ആരെയും ഒഴിവാക്കാത്ത ദൈവരാജ്യത്തിന്റെ രക്ഷയുടെ സാര്‍വ്വത്രികത അവതരിപ്പിക്കുന്നു. ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്നുള്ളവര്‍ പന്തക്കുസ്താദിനത്തില്‍ സമ്മേളിച്ചതിനെപ്പറ്റി നടപടിപ്പുസ്തകം പറയുന്നത്, ''ആകാശത്തിന്‍കീഴുള്ള സകല ജനപദങ്ങളില്‍നിന്നും ഭക്തരായ യഹൂദര്‍ ജറൂസലേമില്‍ ഉണ്ടായിരുന്നു' എന്നാണ്. അവര്‍ അവരവരുടെ ഭാഷകളില്‍ രക്ഷയുടെ ദൂതു കേള്‍ക്കുകയും ചെയ്തു.
 ''ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍'' (ലൂക്കാ 13:24).
ജീവിതത്തില്‍ ഹൈവേകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സുവിശേഷം പറയുന്ന ഈ ഇടുങ്ങിയ വാതില്‍ അത്ര ഇമ്പമാവില്ല, ഇഷ്ടമാവില്ല, പഥ്യമാവില്ല.
ബെത്‌ലഹെമില്‍ ഈശോ പിറന്ന സ്ഥലത്തു നിര്‍മിച്ചിരിക്കുന്ന പള്ളിയുടെ ഉള്ളില്‍ കടക്കാന്‍ ഒരു ചെറിയ വാതിലാണുള്ളത്. വാതിലിന് ഉയരം കുറവാണ്. വിസ്താരം ചെറുതാണ്. സ്വയം ചെറുതാക്കിയവന്‍ പിറന്നുവീണ ആ പുണ്യസ്ഥലം കാണാന്‍ ആ ഇടുങ്ങിയ വാതിലിനു മുന്നില്‍ കുനിയണം, അല്പം ഞെരുങ്ങണം. രക്ഷാകരമായ സഹനങ്ങളാണ് ഇടുങ്ങിയ വാതിലുകളെന്നു രക്ഷകന്‍ പറയുന്നു. ''കുപ്പായം തരുന്ന കര്‍ത്താവു തന്നെ പഞ്ചസാരയും തരും'' എന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മ പറഞ്ഞിട്ടുണ്ട്. സുവിശേഷത്തിലെ ഇടുങ്ങിയ വാതിലിന് അല്‍ഫോന്‍സാമ്മ തരുന്ന ജീവിതസാക്ഷ്യമാണിത്. കര്‍ത്താവിന്റെ ദാസിയാകാന്‍ കനലില്‍ കാലുപൊള്ളിച്ച അല്‍ഫോന്‍സാമ്മയുടെ ഇടുങ്ങിയ വഴി സഹനത്തിന്റെ കനല്‍വഴിയായിരുന്നു. മുളന്തണ്ടിനെ മുരളിയാക്കുന്നത് അതിന്റെ മുറിവുകളാണല്ലോ. ദീര്‍ഘദൂരയാത്രകളില്‍ പഥികന്‍ വടികളൂന്നുന്നതുപോലെ വിശ്വാസജീവിതയാത്രകളില്‍ ക്രൈസ്തവര്‍ ക്രിസ്തുവിന്റെ കുരിശില്‍ ചായണമെന്ന് പാദുവായിലെ സന്ന്യാസപാതിരി, പുണ്യവാനായ അന്തോനീസ് പറയുന്നതും ഇടുങ്ങിയ വാതിലിന്റെ മറ്റൊരു വ്യാഖ്യാനമാണ്. അവന്‍ വളരാന്‍ ഞാന്‍ കുറയണമെന്ന മരുഭൂമിയിലെ താപസന്റെ വചനവും ഇടുങ്ങിയ വാതിലിന്റെ മറ്റൊരു ഭാഷ്യമാണ്. കുരിശ് ചാവറപ്പിതാവിന്റെ ഭാഷയില്‍ 'മോഷദ്വരം (സ്വര്‍ഗവാതില്‍) തുറക്കുന്ന താക്കോലാണ്'. ഇത് ഇടുങ്ങിയ വാതിലിനുള്ള ചാവറവര്‍ണനയാണ്.
 ''വാതില്‍ അടച്ചുകഴിഞ്ഞാല്‍പ്പിന്നെ... കര്‍ത്താവേ, തുറന്നുതരണമേ എന്നു പറഞ്ഞ് വാതില്‍ക്കല്‍ മുട്ടാന്‍ തുടങ്ങും'' (ലൂക്കാ 13:25).
ജലപ്രളയത്തിനുമുമ്പ്  പെട്ടകത്തിന്റെ വാതില്‍ നോഹ തുറന്നിട്ടതുപോലെ 'ഞാനാണു വാതില്‍' എന്നു പഠിപ്പിച്ച തമ്പുരാന്‍ വാതിലടയ്ക്കുന്നതിനെപ്പറ്റി പറയുന്നു. രക്ഷയുടെ വാതില്‍ അടയുന്നതിനുമുമ്പ് ജീവിതം രക്ഷാകരമാക്കുക. വാതില്‍ മൗനമായി എന്നാല്‍, വാചാലമായി പറയുന്നുണ്ട്, വാ ഇതിലേ (വാ+ഇതിലേ) എന്ന്. 'ഞാനാണ് വാതില്‍' എന്ന് ഉച്ചത്തില്‍ പറഞ്ഞവനെ നമുക്കു ധ്യാനിക്കാം. അതേസമയം മതില്‍ പറയുന്നത് മതി ഇതിലേ (മതി+ഇതിലേ) എന്നാണ്. ഇതിലേയുള്ള നടപ്പു മതിയെന്ന്. ഇതുവഴിയുള്ള കടന്നുകയറ്റം മതിയെന്ന്. വാതില്‍ ക്ഷണമാണ്. മതില്‍ തടയാണ്. വാതില്‍ രക്ഷയാണ്. മതില്‍ പ്രതിബന്ധമാണ്.വാതില്‍ പ്രതീക്ഷയാണ്. മതില്‍ പ്രതിരോധമാണ്. വെളിപാടില്‍ വാതിലായവന്‍തന്നെ വാതിലില്‍ മുട്ടുന്ന ചിത്രമുണ്ട്. രക്ഷകന്‍ രക്ഷയുമായി വാതിലില്‍ മുട്ടുന്ന ചിത്രം. ഉത്തമഗീതത്തില്‍ വാതിലില്‍ മുട്ടിയിട്ടും തുറക്കപ്പെടാത്തതിനാല്‍ കടന്നുപോകുന്ന രക്ഷകന്റെ കാവ്യാവിഷ്‌കാരമുണ്ട്. 'പിമ്പന്മാരായിരുന്നവര്‍ മുമ്പന്മാരും മുമ്പന്മാരായിരുന്നവര്‍ പിമ്പന്മാരുമാകുന്ന' രക്ഷാകരമായ അനുഭവത്തിന്റെ വ്യത്യസ്തകാഴ്ചകള്‍ ഈ  സുവിശേഷഭാഗം പങ്കുവയ്ക്കുന്നു. ലൂക്കാസുവിശേഷത്തില്‍ മനസ്സിന്റെ വാതില്‍ തുറന്നിട്ട് യേശുവിനെ സ്വീകരിച്ച സക്കേവൂസുണ്ട്. രക്ഷകന്‍ അവനു നല്‍കിയ സമ്മാനം രക്ഷയുടെ ഭവനമാണ്: ''ഇന്ന് ഈ ഭവനം രക്ഷ പ്രാപിച്ചിരിക്കുന്നു.''

 

 ''ഫലപ്രദമായ പ്രവര്‍ത്തനത്തിനുള്ള ഒരു വലിയ വാതില്‍ എനിക്കു തുറന്നുകിട്ടിയിട്ടുണ്ട്'' (1 കോറി. 16:9)
ഇതു പൗലോസ് ശ്ലീഹായ്ക്കുമുമ്പില്‍ തുറക്കപ്പെട്ട വാതിലാണ്. രക്ഷാകരമായ സുവിശേഷത്തിന്റെ വലിയ വാതിലാണ്. ക്രിസ്തുവിനെപ്രതിയുള്ള  വലിയ സഹനസരണികളുടെ വലിയ വാതിലാണ്.
 ''നിങ്ങള്‍ എവിടെനിന്നാണെന്നു ഞാന്‍ അറിയുന്നില്ല. അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍'' (ലൂക്കാ 13:27).
'നിങ്ങളെ ഞാന്‍ അറിയുന്നില്ല' എന്നുള്ള വാക്കുകള്‍ ഇവിടെ രണ്ടു വട്ടം ആവര്‍ത്തിക്കുന്നതായി കാണുന്നു. കര്‍ത്താവിന്റെ കര്‍ക്കശമായ വാക്കുകള്‍. മയമില്ലാത്ത മൊഴികള്‍. കാരണം, അവര്‍ നീതി ചെയ്തില്ല. അവര്‍ ഇടപെട്ടവരോട് അയവോ മയമോ കാട്ടിയില്ല. അലിവോ ആര്‍ദ്രതയോ കാട്ടിയില്ല. അര്‍ഹിക്കുന്നവന് അര്‍ഹിക്കുന്നത് ചെയ്തുകൊടുത്തില്ല. ശതാധിപന്‍ ക്രിസ്തുവിന്റെ കുരിശിനു മുന്നില്‍ നിന്നുകൊണ്ട്  പറഞ്ഞത് അവന്‍ നീതിമാനായിരുന്നു എന്നാണ്. പുതിയ നിയമത്തിലെ ജോസഫിന്റെ സര്‍വഗുണങ്ങളും 'നീതിമാന്‍' എന്ന ഏകവിശേഷണത്തില്‍ കാച്ചിക്കുറുക്കി സംഗ്രഹിച്ചിരിക്കുകയാണ്. നീതിമാനായ കര്‍ത്താവിന് അനീതി അരോചകമാണ്, അറപ്പാണ്.
അനീതി അകലമുണ്ടാക്കുന്നു. അത് ഒരുവനെ മനുഷ്യരില്‍നിന്നകറ്റുന്നു. അതുപോലെ, ദൈവത്തില്‍നിന്നും. മനുഷ്യരെ അകറ്റിനിര്‍ത്തുന്നവനെ മനുഷ്യരോടു നീതി ചെയ്യാത്തവനെ ദൈവം അകറ്റിനിര്‍ത്തുന്നു. അനീതി അകലമാണങ്കില്‍ നീതി അടുപ്പമാണ്. നീതിബോധത്തോടെയും നീതി ചെയ്തും ദൈവത്തോടും മനുഷ്യരോടും നമുക്ക് അടുപ്പമുള്ളവരാകാം. ''കര്‍ത്താവേ, നിന്റെ കൂടാത്തില്‍ ആരു വസിക്കും? നിന്റെ വിശുദ്ധഗിരിയില്‍ ആരു വിശ്രമിക്കും?
കറ കൂടാതെ ജീവിക്കുന്നവനും നീതി പ്രവര്‍ത്തിക്കുന്നവനും ഹൃദയത്തില്‍ സത്യമുള്ളവനും, നാവുകൊണ്ട് വഞ്ചിക്കാത്തവനുംഅന്യായപ്പലിശ വാങ്ങാത്തവനും. ഇങ്ങനെ ജീവിക്കുന്നവന്‍ നീതിമാനാകുന്നു'' (സങ്കീ. 15).

Login log record inserted successfully!