സംസ്‌കൃതസന്ധി വിഷയത്തില്‍ പിശകുകള്‍ സര്‍വസാധാരണമായിരിക്കുന്നു. മനഃ, തപഃ മുതലായവയില്‍ കാണുന്ന രണ്ടു കുത്തിന് വിസര്‍ഗ്ഗം എന്നു പേര്. ബിന്ദു സംസ്‌കൃതവാക്കുകളില്‍ മാത്രമേ കാണുകയുള്ളൂ. വിസര്‍ഗ്ഗത്തിനു സന്ധിയില്‍ പല മാറ്റങ്ങളും വരാം. ഉത്തരപദത്തിന്റെ ആദിയിലുള്ള വ്യഞ്ജനങ്ങള്‍ (ദൃഢം); അവയുടെ ഉച്ചാരണസ്ഥാനംതന്നെയുള്ള ഊഷ്മാക്കളായി മാറി സന്ധിവികാരം വരുന്നു.
നാവ് താലുസ്ഥാനത്ത് സ്പര്‍ശിച്ചുണ്ടാകുന്ന വ്യഞ്ജനങ്ങളാണ് ''ച''യും ''ശ''യും. ഉച്ചാരണശാസ്ത്രപ്രകാരം അവയെ താലവ്യവ്യഞ്ജനങ്ങള്‍ എന്നു പറയുന്നു. ''ച''കാരത്തിന്റെ സ്പര്‍ശസ്ഥാനത്തുതന്നെയാണ് 'ശ'കാരത്തിന്റെ ഉച്ചാരണത്തിലും നാവിന്റെ സ്പര്‍ശം. ഉച്ചാരണസ്വഭാവമനുസരിച്ച് 'ച'യും 'ശ'യും നാദീവ്യഞ്ജനങ്ങളാണ്. ഉത്തരപദാദിയിലെ വ്യഞ്ജനം 'ച' ആണെങ്കില്‍ പൂര്‍വ്വപദാന്തവിസര്‍ഗ്ഗത്തിന് 'ശ' കാരാദേശം സംഭവിക്കും.*
മനഃ+ചികിത്സ, സന്ധിയില്‍ മനശ്ചികിത്സ എന്നാകുന്നു 
(ഃ + ച ണ്ണ ശ + ച = ശ്ച). 'മനോചികിത്സ' എന്ന രൂപം തെറ്റാണ്. കുറെക്കൂടി അര്‍ത്ഥവ്യക്തത വേണമെങ്കില്‍ മാനസികചികിത്സ എന്നെഴുതാം. മാനസികചികിത്സാകേന്ദ്രം ഏറെ പ്രചാരമുള്ള സമസ്തപദമാണല്ലോ. മനഃ + ചാഞ്ചല്യം = മനശ്ചാഞ്ചല്യം (മനസ്സിന്റെ ഇളക്കം). മനഃ + ചിത്രം = മനശ്ചിത്രം, മനഃ + ചാരുത = മനശ്ചാരുത, മനഃ + ചോദനം = മനശ്ചോദനം (മനസ്സിന്റെ പ്രേരണ), മനഃ + ചലനം = മനശ്ചലനം എന്നിങ്ങനെ ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താം. 
'ക' കാരത്തിന്റെ ഉച്ചാരണസ്ഥാനമായ കണ്ഠ്യത്തില്‍ സ്പര്‍ശത്തോടുകൂടിയ ഊഷ്മാവില്ല. തന്മൂലമാണ് മനഃകാഠിന്യം, മനഃകര്‍മ്മം, മനഃകല്പിതം, മനഃക്ലേശം, മനഃകര്‍ണ്ണിക (മനതാര്‍) മുതലായവയില്‍ വിസര്‍ഗ്ഗത്തിന് ആദേശം സംഭവിക്കാത്തത്. വിസര്‍ഗ്ഗത്തിനുശേഷം വരുന്ന ഉത്തരപദം മലയാളമാണെങ്കില്‍ 'ക'കാരം ഇരട്ടിക്കണം. മനഃ + കരുത്ത് = മനക്കരുത്ത്, മനഃ + കോട്ട = മനക്കോട്ട തുടങ്ങിയ ഉദാഹരണങ്ങള്‍. മനഃ എന്നതിനെ മനം എന്നാക്കിയാല്‍ പൂര്‍വ്വപദവും മലയാളമായിക്കരുതാം. ഇവയെല്ലാം വിശേഷണവിശേഷ്യങ്ങളായതിനാല്‍ അനുസ്വാരലോപവും 'ക'കാരദ്വിത്വവും സംഭവിച്ച് ഒറ്റപ്പദങ്ങളാകുന്നു.
*ലീലാവതി, എം., ഡോ., നല്ലെഴുത്ത്, കേരള മീഡിയ അക്കാദമി, കൊച്ചി, 2016, പുറം: 45.
							
 ഡോ. ഡേവിസ് സേവ്യര്‍ 
                    
									
									
									
									
									
									
									
									
									
									
                    