•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

കളയാകാതെ കതിരാകാം

  • സെപ്റ്റംബര്‍ 12  ഏലിയ സ്ലീവാ മൂശ  മൂന്നാം ഞായര്‍
  • നിയ 7:12-16  ഏശ 32:1-8   ഫിലി 1:12-25   മത്താ 13:24-30

പ്രപഞ്ചത്തിന്റെ പ്രകാശനാളമായവനു കത്തിപ്പടര്‍ന്നു നില്ക്കാന്‍ കാല്‍വരിയാകുന്ന കല്‍വിളക്കില്‍ കാലം നെയ്തുവച്ച നെയ്ത്തിരിയായ പരിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളാണ് (സെപ്റ്റംബര്‍ 14) ഈ ആരാധനാകാലത്തിന്റെ ആധാരബിന്ദു. കുരിശുപോലെ പൂജിക്കപ്പെടാന്‍ പാര്‍ത്തലത്തില്‍ നരകരനിര്‍മ്മിതമായ മറ്റെന്താണുള്ളത്?
ഒന്നാം വായനയിലെ ചിന്തകള്‍ ശപഥം കാക്കുന്ന ശക്തനായ കര്‍ത്താവിനെ കൂടെക്കൂട്ടാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. അവിടുന്ന് ഒരേസമയം കരുണാമയനും കര്‍ക്കശനുമാണ്. നിവ്യന്മാരിലൂടെ താന്‍ നല്കിയിട്ടുള്ള നിയമങ്ങളുടെ നിരത്തിലൂടെ നടക്കുന്നവര്‍ക്കും, അവ അനുസരിക്കുന്നവര്‍ക്കുമാണ് അവിടുന്ന് അളവുകളില്ലാത്ത അനുഗ്രഹങ്ങള്‍ നല്കുക. വീട്ടുവളപ്പിലുള്ള കൂട്ടിലെ കാലിക്കൂട്ടങ്ങളിലേക്കുവരെ നീളുന്ന വരനിരയാണത്. വിശുദ്ധ കല്പനകളുടെ വെള്ളാരംകല്ലുകള്‍ പാകിയ പാതയിലൂടെ നീങ്ങിയാല്‍ നമ്മെ ഭയപ്പെടുത്തുന്ന മഹാമാരികള്‍പോലും മാറിപ്പോകുമെന്നുള്ള ഉറപ്പും നിയമപാലനത്തിന്റെ ആവര്‍ത്തനം നിത്യരക്ഷയും നിയമലംഘനത്തിന്റെ ആവര്‍ത്തനം നിത്യശിക്ഷയുമാണെന്ന നോവിക്കുന്ന നിനവും ഈ വചനവരികള്‍ക്കുണ്ട്.
രണ്ടാം വായനയിലെ ചിന്തകള്‍ നീതിയിലധിഷ്ഠിതമായ അധികാരവിനിയോഗത്തെക്കുറിച്ചുള്ള  ശക്തമായ ഒരു ഓര്‍മ്മപ്പെടുത്തലാണ്. അധികാരം അധമകാര്യങ്ങള്‍ക്കായുള്ളതല്ല; മറിച്ച്, ആത്മാര്‍ത്ഥമായ സേവനത്തിനായുള്ളതാണ്. അനീതിയുടെ അഭിഭാഷകരും ദുഷ്ടതയെ ഇരിപ്പിടമാക്കുന്നവരും ഏതൊരു കാലഘട്ടത്തിന്റെയും ശാപമായിരിക്കും. നമ്മുടേതായ ജീവിതമേഖലകളില്‍ സത്യസന്ധരും കുലീനരുമായി വര്‍ത്തിക്കാന്‍ ഉദ്യമിക്കേണ്ടത് അത്യാവശ്യമാണ്.
മൂന്നാം വായനയിലെ ചിന്തകള്‍ പൗലോസ് ശ്ലീഹായുടെ വ്യക്തിപരമായ ചില അവബോധങ്ങളുടെ ആഴങ്ങളിലേക്കു വേരൂന്നവയും, അവിടെനിന്നു ചില പ്രചോദനശകലങ്ങള്‍ നമ്മുടെ വിശ്വാസജീവിതത്തിലേക്ക് പ്രദാനം ചെയ്യുന്നവയുമാണ്. ക്രിസ്തുവിനെ സ്വന്തം ജീവിതശൈലിയാക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് ഒന്നിനെപ്പറ്റിയും ലജ്ജിക്കേണ്ടതായി വരില്ല. ബാഹ്യമായ ബന്ധനാവസ്ഥകളിലും അവന്റെ ആത്മാവു നല്കുന്ന ആന്തരികമായ സ്വാതന്ത്ര്യം അനുഭവിക്കാന്‍ അവര്‍ക്കാകും. നിര്യാണംപോലും നേട്ടമായി പരിണമിക്കുന്നത് അത്തരക്കാര്‍ക്കാണ്. നമ്മുടെ ജീവിതകുരിശില്‍  ക്രൂശിതനെ നാം ചേര്‍ത്തുപിടിച്ചിട്ടുണ്ടോ? ജീവിതം ഇനിയും ക്രിസ്തുവായി മാറിയിട്ടുണ്ടോ?
സുവിശേഷത്തിലെ ചിന്തകള്‍ കളകളാകാതിരിക്കാനുള്ള താക്കീതാണു തരുന്നത്. നന്മ നൂറു മേനി വിളയുന്ന വയലാണ് സ്വര്‍ഗരാജ്യം. ആകാശമേഘങ്ങള്‍ക്കപ്പുറത്തുള്ള  ഒരു സാങ്കല്പികസ്ഥലമല്ല സ്വര്‍ഗം. ഭൂമിയില്‍ത്തന്നെ അനുഭവവേദ്യമാക്കാന്‍ കഴിയുന്ന അവസ്ഥയാണത്. നെഞ്ചിനുള്ളില്‍ നേരും നെറിയുമുള്ള ആര്‍ക്കും അതു സ്വന്തമാക്കാന്‍ സാധിക്കും. മനുഷ്യപുത്രന്‍ വിരാമമില്ലാതെ വിതയ്ക്കുന്ന നൂറുമേനി  വിളയുന്ന വിത്തുകള്‍ ജീവിതവയലില്‍ സ്വീകരിക്കാനും, അവയ്ക്കു മുളയെടുത്തു വളരാനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കാനും, വിതക്കാരന്റെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കു മനുസരിച്ചുള്ള ഫലങ്ങള്‍ പുറപ്പെടുവിക്കാനും ക്രിസ്തുവിശ്വാസികള്‍ക്കു കടമയുണ്ട്. അതിനോടു പരിപൂര്‍ണ വിശ്വസ്തത പുലര്‍ത്തുന്നവരാണ് മണ്ണില്‍ വിണ്ണു പണിയുന്നവരായി മാറുക. 'സ്വര്‍ഗത്തിന്റെ സന്തതികള്‍' എന്നതാണു നമ്മുടെ അടിസ്ഥാനപരമായ വ്യക്തിത്വം. ഇതേക്കുറിച്ചു നമുക്കുള്ള അജ്ഞതയും  വിശ്വാസജീവിതത്തിലെ അലസതയുമൊക്കെയാണ് ചിലപ്പോഴെങ്കിലും നാം കളകളായി പരിണമിക്കാനുള്ള കാരണങ്ങള്‍. കളകള്‍ കള്ളനായ സാത്താന്റെ സന്താനങ്ങളാണെന്ന് ക്രിസ്തു വ്യക്തമാക്കുന്നു. നന്മയുടെ വിത്താകാനും നാശത്തിന്റെ വിത്താകാനുമുള്ള മനുഷ്യജീവിതത്തിലെ രണ്ടു സാധ്യതകളിലേക്കാണ് ചിന്തകള്‍ നമ്മെ നയിക്കുന്നത്. നമ്മുടെ തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും ഇവിടെ നിര്‍ണായകമാണ്. കൊയ്ത്തുകാലത്തു നിശ്ചയമായും നടക്കാന്‍ പോകുന്ന ഒരു 'ശേഖരണ' ത്തിലാണ് അവ നമ്മെ കൊണ്ടെത്തിക്കുക. അറപ്പുരയ്ക്കും അഗ്നിക്കുംവേണ്ടിയുള്ള  ഇരട്ടയിടങ്ങളില്‍ എവിടെയായിരിക്കും അന്തിമമായി നാം വാരിക്കൂട്ടപ്പെടുക? ഓര്‍ക്കണം, കതിരാണെങ്കില്‍ മാത്രമേ കലവറയില്‍ കയറാനൊക്കൂ. കളയാണെങ്കില്‍ കത്തിക്കരിയുകയേ ഉള്ളൂ. കതിരുകള്‍ സ്വര്‍ഗത്തില്‍ കനകസൂര്യനെപ്പോലെ  പ്രശോഭിക്കുകയും, കളകള്‍ എരിതീയില്‍ പ്രലപിക്കുകയും ചെയ്യും.
കളകളായാണോ നമ്മുടെ വളര്‍ച്ച എന്നു കണ്ടെത്താനുള്ള രണ്ടു മാനദണ്ഡങ്ങള്‍ കര്‍ത്താവുതന്നെ കാട്ടിത്തരുന്നുണ്ട്. അവ പാപത്തിന്റെയും പാപകാരണത്തിന്റെയുമാണ്. തിന്മ പ്രവര്‍ത്തിക്കുകയും തിന്മയ്ക്കായി മറ്റുള്ളവരെ പ്രേരിപ്പക്കുകയും ചെയ്യുമ്പോള്‍ നാം കളകളായി വളരുന്നു. നാളിതുവരെയുള്ള നമ്മുടെ വളര്‍ച്ച കതിരിന്റെയോ, കളയുടെയോ? വിശ്വാസജീവിതത്തില്‍ നമ്മെ കളകളാക്കുന്ന സകല പൈശാചികബന്ധനങ്ങളില്‍നിന്നും വിമുക്തരാകാന്‍ ശക്തിയാര്‍ജിക്കാം. വിനാശകരമായവയില്‍നിന്നെല്ലാം  സുരക്ഷിതമായ അകലം പാലിക്കാം. സ്വയം ഇടറാതിരിക്കാനും ആരുടെയും ഇടര്‍ച്ചയ്ക്കു ഹേതുവാകാതിരിക്കാനും സൂക്ഷിക്കാം. കതിരാകാനുള്ള വിളിക്ക് കാതോര്‍ക്കാം. കളയായി ആയുസ്സു കളയാതിരിക്കാം. ദൗര്‍ഭാഗ്യവശാല്‍, സ്വര്‍ഗം ഭൂമിയില്‍ വിതച്ചു വളര്‍ത്തുന്ന നന്മയുടെ നെന്മണികള്‍ക്കിടയില്‍ കളകള്‍ പാകാനുള്ള ദുഷ്ടന്റെ ഗൂഢപദ്ധതികള്‍ പെരുകിവരുന്ന സാഹചര്യങ്ങളിലൂടെയാണ് വിശ്വാസിസമൂഹം കടന്നുപോകുന്നത്. വിവിധ തലങ്ങളില്‍നിന്നു ക്രൈസ്തവവിശ്വാസത്തിന്റെയും സഭയുടെയും നേര്‍ക്ക് വര്‍ദ്ധിച്ചുവരുന്ന ആസൂത്രിതാക്രമണങ്ങളും അവഹേളനങ്ങളും  ഇതിനു മതിയായ തെളിവുകളാണ്. എന്നാല്‍,  ഒരു 'കുറാത്ത്' സിനിമാസംവിധായകനും, 'ചേര' നിര്‍മാതാവിനും, സാത്താന്റെ കറുത്ത സേവകര്‍ക്കും ക്രിസ്തുവിന്റെ സഭയുടെ സാര്‍വത്രികമായ രക്ഷാകരശക്തിയെ നീര്‍വീര്യമാക്കാനോ പൊരുതിത്തോല്പിക്കാനോ, പാര്‍ത്തലത്തില്‍നിന്നു സുവിശേഷപുണ്യങ്ങളുടെ കതിര്‍ച്ചെടികളെ പിഴുതെറിയാനോ  ഒരു കാലത്തും സാധിക്കില്ല. കഴുത്തിലണിയുന്ന കുരിശെന്ന കഴുമരത്തെ കൂട്ടുപിടിച്ചുകൊണ്ട്, വിഭാഗീയതയും വിമതമനോഭാവവും വെടിഞ്ഞ്, ക്രിസ്ത്യാനികള്‍ കൂടുതല്‍ സംഘടിതരാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

 

Login log record inserted successfully!