•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

ഒരു കാറ്റുപോലെ

പ്രഭാതം
സനൂ... സനൂ...
കാതില്‍ സ്മിതയുടെ ശബ്ദം.
ഇന്നു സ്‌കൂളില്‍ പോകണ്ടേ? പിള്ളേരെ വിളിച്ചെണീപ്പിക്കണ്ടേ? അടുക്കളയില്‍ കയറണ്ടേ... ഇങ്ങെണീക്ക്.
സ്മിത സനലിന്റെ കൈക്കു പിടിച്ചെണീപ്പിച്ചു. സനല്‍ കട്ടിലില്‍നിന്നുയര്‍ന്നു. ഉറക്കത്തില്‍ നിന്ന് കണ്ണുതുറന്ന് അയാള്‍ ചുറ്റിനും നോക്കി. നേരം പുലര്‍ന്നിരിക്കുന്നു. ദയയും ബെഞ്ചമിനും നല്ല ഉറക്കത്തില്‍ത്തന്നെ. സ്മിത എവിടെ?
അപ്പോള്‍ അടുക്കളയില്‍ എന്തോ ശബ്ദം കേട്ടു.
സ്മിത തന്നെ വിളിച്ചെണീപ്പിച്ചതിനുശേഷം അടുക്കളയിലേക്കു പോയോ?
സനല്‍  അടുക്കളയിലേക്കു ചെന്നു. പക്ഷേ, സ്മിതയെ അടുക്കളയില്‍ കണ്ടില്ല. അയാള്‍ പിന്നാമ്പുറത്തെ വാതില്‍ തുറന്നു. മുറ്റത്തെങ്ങാനും ഉണ്ടോ... അവിടെയും കണ്ടില്ല. ഇനി ബാത്ത് റൂമില്‍...? സനല്‍ തിടുക്കത്തില്‍ ബാത്ത് റൂമിലേക്കു ചെന്നു. അത് പുറത്തുനിന്നു ലോക്ക് ചെയ്തിരിക്കുകയായിരുന്നു. സനല്‍ വീണ്ടും അടുക്കളയിലേക്കു ചെന്നു.
 ''നീ എന്നതാ നോക്കുന്നെ.. ആരെയാ നോക്കുന്നെ..''
സനല്‍ ശബ്ദം കേട്ട് തിരിഞ്ഞുനോക്കി. അടുക്കളയില്‍അന്നാമ്മ. അവര്‍ കാപ്പി തിളപ്പിക്കുകയായിരുന്നു. വര്‍ത്തമാനകാലത്തിലേക്കു തിരികെവരാന്‍ സനല്‍ സമയമെടുത്തു. സ്മിത തന്നെ വിളിച്ചുണര്‍ത്തിയെന്നോ താന്‍ സ്മിതയെ കണ്ടുവെന്നോ അയാള്‍ അന്നാമ്മയോടു പറഞ്ഞില്ല.
''അമ്മച്ചിയെന്നാത്തിനാ അടുക്കളയില്‍ കയറിയെ?'' സനല്‍ ചോദിച്ചു.
''അതിന് നിനക്ക് അടുക്കളപ്പണി വല്ലതും അറിയാമോ മോനേ..''
സനല്‍ ഉത്തരം പറയാതെ തലകുനിച്ചു.
 ''ആരോഗ്യക്കുറവുണ്ടെങ്കിലും പറ്റുന്നതുപോലെയൊക്കെ ചെയ്യാം. നീയെന്നെ ഒന്നു സഹായിച്ചു തന്നാ മതി.. ഞാന്‍ ചെയ്യുന്നതൊക്കെ നീ കണ്ടുപഠിക്കുകേം വേണം... ഇനി ഇങ്ങനെയാണെങ്കിലും ഞാന്‍ എത്രകാലം ഉണ്ടാവുമെന്ന് ആരറിഞ്ഞു?''
അന്നാമ്മ കാപ്പി ഗ്ലാസുകളിലേക്കു പകര്‍ന്ന് ഒരെണ്ണം എടുത്ത് അവന്റെ നേര്‍ക്കു നീട്ടി. വര്‍ഷങ്ങള്‍ക്കുശേഷം അമ്മച്ചിയുടെ കൈയില്‍നിന്ന് ഒരു ഗ്ലാസ് കാപ്പി. സനല്‍ അത് വാങ്ങി ചുണ്ടോടു ചേര്‍ത്തു.
''രോഷ്നി വരില്ലായിരുന്നോ...'' സനല്‍ ചോദിച്ചു.
അന്നാമ്മ ചിരിച്ചു.
''അതു ശരിയാണോ മോനേ... എത്രകാലമാന്നുവച്ചാ നമ്മള് ആ പെങ്കൊച്ചിനെ ബുദ്ധിമുട്ടിക്കുന്നെ? സ്വരം നന്നാകുമ്പോ പാട്ടു നിര്‍ത്തണം എന്നല്ലേ പഴമക്കാര് പറയുന്നെ?   സഹായിക്കാന്‍ ആളുണ്ടെന്നു കരുതി അവര്‍ക്കു നമ്മള് ഭാരമാകരുത്.''
''ശരിയാണ്...'' സനല്‍ തലകുലുക്കി.
രോഷ്നി തങ്ങള്‍ക്കുവേണ്ടി ചെയ്തുതരുന്നതിനും ഒരു പരിധിയുണ്ട്. അവളുടെ സന്മനസാണ് ഇത്രയും ദിവസമായിട്ടും ഈ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോയത്. ഇനിയും അവളെ ആശ്രയിക്കുന്നതു ശരിയല്ല. പക്ഷേ, എങ്ങനെ താന്‍ അടുക്കളക്കാര്യങ്ങള്‍ നോക്കും? പാചകം ചെയ്യും? മീന്‍ കറിവയ്ക്കും? ഇറച്ചി വയ്ക്കും? ദോശയുണ്ടാക്കും? ഗ്യാസ് സിലിണ്ടര്‍ മാറ്റും? ഫ്യൂസ് കെട്ടും? ഒരുപാട് ചോദ്യങ്ങള്‍ സനലിന്റെ തലയ്ക്കു മുകളില്‍ ഉയര്‍ന്നു.
''അല്ലാ അമ്മേം മോനും കൂടി അടുക്കളയില്‍ കയറിയോ?''
അപ്പോള്‍ അടുക്കളവാതില്‍ തുറന്ന് രോഷ്‌നി അകത്തേക്കു പ്രവേശിച്ചു. അവളുടെ കൈയില്‍ ഒരു കാസറോളുമുണ്ടായിരുന്നു.
അന്നാമ്മയും സനലും പരസ്പരം നോക്കി.
 ''എന്തായാലും സനുച്ചേട്ടന്‍ എണീറ്റല്ലോ... നല്ല കാര്യം. പിള്ളേരെണീറ്റോ?''
കാസറോള്‍ ഡൈനിങ് ടേബിളിലേക്കു കൊണ്ടുപോയി വച്ചിട്ട് രോഷ്നി തിരികെവന്നു.
''ദോശയാ... ബ്രേക്ക് ഫാസ്റ്റിന്റെ കാര്യമോര്‍ത്ത് ടെന്‍ഷനടിക്കണ്ട... പിന്നെ ഉച്ചയ്ക്കത്തെ കാര്യമല്ലേ. അതു നമുക്ക് ഇപ്പം ശരിയാക്കിത്തരാം.''
രോഷ്നി ചോറുവയ്ക്കുന്ന പാത്രമെടുത്ത് അതു കഴുകിത്തുടങ്ങി.
''മോളേ, നിന്നെ എത്രകാലമാന്നു വച്ചാ ഞങ്ങളിങ്ങനെ ബുദ്ധിമുട്ടിക്കുന്നെ... നിനക്കു പഠിക്കാനില്ലേ... നാളെ വേറൊരു കുടുംബത്തില്‍ പോകാനുള്ളതുമല്ലേ?'' അന്നാമ്മ ചോദിച്ചു.
പിഎസ്‌സി കോച്ചിങ്ങിനു ചേര്‍ന്നിരിക്കുന്ന രോഷ്നിക്ക് ഈയിടെയായി വിവാഹാലോചനകളും വരുന്നുണ്ട്.
''അത് കല്യാണം നടക്കുമ്പോഴല്ലേ... പക്ഷേ, അത് എപ്പോള്‍ വേണം എന്നത് എന്റെ തീരുമാനമല്ലേ..'' രോഷ്നി ചിരിച്ചു.
''പിന്നെ, എന്റെ ബുദ്ധിമുട്ട്... അന്നാമ്മച്ചിയോടും  സനുച്ചേട്ടനോടുമുള്ള എന്റെ കടപ്പാട്  അങ്ങനെയൊന്നും തീരില്ലല്ലോ?''
 രോഷ്‌നിയുടെ ജനനം കഴിഞ്ഞ് അധികം വൈകാതെ അവളുടെ അമ്മ മരണമടഞ്ഞിരുന്നു. അതിനുശേഷം അവളുടെ കാര്യമെല്ലാം ഒരു അമ്മയ്ക്കടുത്ത വാത്സല്യത്തോടും സ്നേഹത്തോടുംകൂടി നിര്‍വഹിച്ചത് അന്നാമ്മയായിരുന്നു. സനലാവട്ടെ, തനിക്ക് ഇല്ലാതെ പോയ ഒരു പെങ്ങളുകുട്ടിയെപ്പോലെയായിരുന്നു അവളെ സ്നേഹിച്ചതും എടുത്തുകൊണ്ടു നടന്നതും. രോഷ്‌നിക്ക് ആറേഴു വയസുള്ളപ്പോള്‍ അപ്പനും മരണമടഞ്ഞു. പിന്നെ അവളുടെ ജീവിതം കൂടുതലും സനലിന്റെ വീടുമായി ബന്ധപ്പെട്ടാണു മുന്നോട്ടുപോയത്. രോഷ്നിക്ക് രണ്ടു സഹോദരന്മാരാണുള്ളത്. രാജുവും റോയിയും. രാജു വിവാഹിതനായി വേറെയാണ് താമസം. റോയിയും വിവാഹിതനാണ്.  ഭാര്യ സീന. അവര്‍ തറവാട്ടില്‍ത്തന്നെയാണ്.
രോഷ്നി പറഞ്ഞതുകേട്ട് അന്നാമ്മയും സനുവും തിരിച്ചൊന്നും പറഞ്ഞില്ല. ''ഞാന്‍ പിള്ളേരെ ചെന്ന് വിളിച്ചെണീപ്പിക്കട്ടെ.'' റോഷ്നി  ബെഡ്റൂമിലേക്കു പോയി.
''മക്കളേ ഇങ്ങെണീറ്റേ...'' അവള്‍ രണ്ടുപേരെയും മാറിമാറി വിളിക്കുന്നതുകേട്ടുകൊണ്ടാണ് സനല്‍ ബാത്ത് റൂമിലേക്കു പോയത്. അയാള്‍ തിരികെവരുമ്പോള്‍ കുട്ടികള്‍ രണ്ടുപേരും പല്ലുതേക്കുന്നുണ്ടായിരുന്നു.
''രണ്ടാളും ടോയ്ലറ്റില്‍ പോകണം. ടൈംടേബിള്‍ നോക്കി ടെക്സ്റ്റ് എടുത്തുവയ്ക്കണം.'' റോഷ്നി ഓരോരോ നിര്‍ദേശങ്ങള്‍ നല്കിക്കൊണ്ടിരുന്നു. അതിനിടയില്‍ പൊടിപിടിച്ചുകിടന്ന സ്‌കൂള്‍ബാഗുകള്‍ തൂത്തെടുക്കുകയും ചെയ്തിരുന്നു.
ബെഞ്ചമിനുള്ള ചൂടുവെള്ളം കുളിമുറിയില്‍ കൊണ്ടുപോയി ഒഴിച്ചുകൊടുത്തതിനുശേഷം റോഷ്നി സനലിനോടു പറഞ്ഞു:
''സനുച്ചേട്ടാ, മോനെ ഒന്നു കുളിപ്പിച്ചേക്കണേ..''
സനല്‍ തലയാട്ടി.
 ''പപ്പാ വേഗം വാ...'' ബാത്ത് റൂമില്‍നിന്ന് ബെഞ്ചമിന്‍ നീട്ടിവിളിച്ചു.
സനല്‍ പരുങ്ങലോടെ ബാത്ത്‌റൂമിലേക്കു ചെന്നു. അയാള്‍ ഇതുവരെയും ബെഞ്ചമിനെ പ്പോലും കുളിപ്പിച്ചിട്ടുണ്ടായിരുന്നില്ല. സനല്‍ ചെല്ലുമ്പോള്‍ ബെഞ്ചമിന്‍ ദേഹത്തു വെള്ളം കോരിയൊഴിച്ചു നില്ക്കുകയായിരുന്നു.
''സോപ്പ്...'' അവന്‍ പറഞ്ഞു.
സനല്‍ അവന്റെ ദേഹത്ത് സോപ്പ് തേപ്പിക്കുമ്പോള്‍ ബെഞ്ചമിന്‍ പറഞ്ഞു:
''അമ്മ എന്നെ കുളിപ്പിക്കുമ്പോള്‍ പാട്ടുപാടിത്തരുമായിരുന്നു.  ഓലത്തുമ്പത്തിരുന്ന് ഊഞ്ഞാലാടും ചെല്ലപ്പൈങ്കിളീ.. എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പോള്‍ പാടെടീ.'' ബെഞ്ചമിന്‍ തനിക്കറിയാവുന്ന വിധത്തില്‍ ആ പാട്ടുപാടി.
 പിന്നെ കരഞ്ഞുകൊണ്ട് സനലിനെ കെട്ടിപ്പിടിച്ചു. അപ്രതീക്ഷിതമായ സ്മിതയുടെ പരാമര്‍ശവും  ബെഞ്ചമിന്റെ സങ്കടവും സനലിനെ തളര്‍ത്തിക്കളഞ്ഞു.  ഈ വീടിന്റെ ഓരോ ചുവരിലും തൂണിലും ഓരോ ഇടപെടലുകളിലും സ്മിത മായാതെ നില്ക്കുന്നുണ്ടെന്ന് സനലിനു മനസ്സിലായി. എത്ര ശ്രമിച്ചാലും മറക്കാന്‍ പണിപ്പെട്ടാലും അതു മാഞ്ഞുപോകില്ല.
രോഷ്നി കുട്ടികളെയും സനലിനെയും സ്നേഹപൂര്‍വ്വം ശാസിച്ചും നിര്‍ബന്ധിച്ചും ഭക്ഷണം കഴിപ്പിച്ചു. ഉച്ചഭക്ഷണം മൂവരുടെയും ബാഗുകളില്‍ റെഡിയാക്കി വച്ചു. വിശുദ്ധ രൂപങ്ങള്‍ക്കു മുമ്പില്‍ പ്രാര്‍ത്ഥിക്കാന്‍ നില്ക്കുമ്പോള്‍ മൂവര്‍ക്കും സ്മിതയുടെ ഓര്‍മവന്നു. അതിനു മുമ്പില്‍ പൊട്ടിപ്പോകാതിരിക്കാന്‍ സനല്‍ ശ്രമിച്ചു. അപ്പോഴേക്കും ഗെയ്റ്റില്‍ സ്‌കൂള്‍ ബസിന്റെ ഹോണ്‍കേട്ടു.
ബെഞ്ചമിനും ദയയും ഓടിച്ചെന്ന് ജോസഫിനും അന്നാമ്മയ്ക്കും ഉമ്മ കൊടുത്തു. പതിവുപോലെ വാതില്ക്കലേക്ക് ഓടിപ്പോയ ദയ എന്തോ ഓര്‍മയില്‍ പിറകോട്ടു തിരിഞ്ഞ് റോഷ്നിയുടെ അരികിലെത്തി അവളുടെ കഴുത്തില്‍ തോളിട്ട് കവിളില്‍ ഉമ്മവച്ചു. ദയ ചെയ്യുന്നതു കണ്ടപ്പോള്‍ ബെഞ്ചമിനും അതുപോലെ തന്നെ ചെയ്തു.
ഉമ്മ...
പിന്നെ ഇരുവരും അതിവേഗം ഗെയ്റ്റിലേക്ക് ഓടി. സനല്‍ തന്റെ ബാഗുമെടുത്ത് അവരുടെ പിറകേ ചെന്നു. സ്‌കൂള്‍ ബസിലേക്കു കയറിയ കുട്ടികള്‍  റോഷ്നിക്കു നേരേ കരം വീശി.
റ്റാറ്റാ...
രോഷ്‌നിയും തിരികെ കൈകള്‍ വീശി.
ബസിന്റെ ചവിട്ടുപടിയിലേക്കു കാലെടുത്തുവച്ച സനല്‍ വീടിനു നേര്‍ക്കു നോക്കി.  വരാന്തയില്‍ സ്മിത. ഉയര്‍ത്തിപ്പിടിച്ച കരങ്ങളുമായി  യാത്രാമംഗളം ആശംസിക്കുകയാണവള്‍. സനല്‍ കണ്ണുകള്‍ ഇറുക്കെയടച്ചതിനുശേഷം വീണ്ടും തുറന്നു. ഇല്ല. ഇപ്പോള്‍ സ്മിത നിന്നിരുന്നിടത്ത് രോഷ്നിയാണ്. രോഷ്നിയും അന്നാമ്മയും ജോസഫും വരാന്തയില്‍നിന്ന് കരം ഉയര്‍ത്തിക്കാണിക്കുകയാണ്. സ്‌കൂള്‍ ബസ് മുന്നോട്ടുപോയി.
''എന്റെ മാതാവേ, എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ.. അവരുടെ സങ്കടം കുറയ്ക്കണേ.'' അന്നാമ്മ കരങ്ങള്‍കൂപ്പി പ്രാര്‍ത്ഥിച്ചു.
''അന്നാമ്മച്ചീ ഞാന്‍ പോകുവാണേ... ഇന്ന് കോച്ചിങ്ങ് ക്ലാസുണ്ട്.''
രോഷ്നി യാത്രചോദിച്ച് തിടുക്കത്തില്‍ തന്റെ വീട്ടിലേക്ക് ഓടിപ്പോയി.
രോഷ്‌നി സനലിനെയും കുട്ടികളെയും യാത്രയയയ്ക്കുന്നതും മറ്റും രണ്ടു കണ്ണുകള്‍ നോക്കിക്കാണുന്നുണ്ടായിരുന്നു. സനലിന്റെ മറ്റൊരു അയല്‍വാസിയായ സുമന്‍ ആയിരുന്നു അത്. സ്മിതയുടെ മരണം കഴിഞ്ഞനാള്‍ മുതല്‍ രോഷ്നി ആ വീട്ടിലെ അംഗമായി മാറിയിരിക്കുന്നതും രോഷ്നിയുടെ ഓരോ ഇടപെടലുകളും അവിവാഹിതനായ സുമന്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. സനലുമായി ഒരു അതിര്‍ത്തിത്തര്‍ക്കംകൂടി സുമനുണ്ടായിരുന്നു. അവന്റെ മനസ്സില്‍ എന്തൊക്കെയോ ചിന്തകള്‍ കുഴഞ്ഞുമറിയുന്നുണ്ടായിരുന്നു.
രോഷ്നി ഓടിച്ചെന്ന് വീട്ടിലേക്കു കയറുമ്പോള്‍ വാതില്‍ തടഞ്ഞ് സീന നില്ക്കുന്നുണ്ടായിരുന്നു.


(തുടരും)

 

Login log record inserted successfully!