പരിശുദ്ധാരൂപിയുടെ ആഗമനത്താലുള്ള സഭയുടെ ആരംഭവും ശ്ലീഹന്മാരുടെ സുവിശേഷപ്രഘോഷണവും അനുസ്മരിച്ച ശ്ലീഹാക്കാലത്തിനുശേഷം സഭയുടെ വളര്‍ച്ചയെയും ഫലം നല്കലിനെയും അനുസ്മരിക്കുന്ന കൈത്താക്കാലത്തേക്ക് ആരാധനാസമൂഹം പ്രവേശിക്കുകയാണ്. 'കൈത്താ' എന്ന സുറിയാനി വാക്കിനര്‍ത്ഥം വേനല്‍ എന്നാണ്. സാധാരണമായി വേനല്ക്കാലത്താണല്ലോ വൃക്ഷങ്ങളില്‍ ഫലങ്ങള്‍ ധാരളമായി ഉണ്ടാകാറുള്ളത്. ശ്ലീഹന്മാരുടെ പ്രവര്‍ത്തനത്തിലൂടെ വളര്‍ന്നുപന്തലിച്ച സഭ വിശുദ്ധിയുടെയും വിശ്വാസസാക്ഷ്യത്തിന്റെയും ഫലം നല്‍കിയതിനെ അനുസ്മരിക്കുന്നതാണ് കൈത്താക്കാലം. നമ്മുടെ വിശ്വാസജീവിതത്തിന്റെ വളര്‍ച്ചയെയും ഫലങ്ങളെയുംകുറിച്ചു ധ്യാനിക്കുവാനുള്ള അവസരമാണിത്. ഓരോ വിശ്വാസിയും തനിക്കു ലഭിച്ച വിശ്വാസം ജീവിക്കുന്നതും അതു തലമുറകളിലേക്കു കൈമാറിക്കൊടുക്കുന്നതും സഭയുടെ വളര്‍ച്ചയുടെ അടയാളവും വിശ്വാസജീവിതത്തിന്റെ ഫലവുമാണ്.
വിശുദ്ധ ബൈബിളിലെ ആദ്യ അഞ്ചു പുസ്തകങ്ങളായ പഞ്ചഗ്രന്ഥത്തിന്റെ (തോറാ/നിയമഗ്രന്ഥം) പ്രധാന ഉള്ളടക്കം ഇസ്രായേല്‍ജനത ദൈവത്തിന്റെ ഹിതമനുസരിച്ച് എപ്രകാരം ജീവിക്കണം എന്ന നിയമങ്ങളാണ്. തുടര്‍ന്നുവരുന്ന ജോഷ്വ മുതല്‍ മക്കബായര്‍ വരെയുള്ള പുസ്തകങ്ങളില്‍ തോറയനുസരിച്ച് (ദൈവത്തിന്റെ ഹിതമനുസരിച്ച്) ജനം എപ്രകാരം ജീവിച്ചു അല്ലെങ്കില്‍ എപ്രകാരമാണ് അവര്‍ തോറായില്നിന്നകന്നുപോയത് എന്നതിന്റെ വിവരണമാണ്. ജനം തോറായില്‍നിന്നകന്നുപോകുമ്പോള്‍ തോറാ വ്യാഖ്യാനിച്ചുനല്കുന്നതിനും തോറായനുസരിച്ചുള്ള ജീവിതത്തിലേക്കു ജനത്തെ തിരിച്ചുകൊണ്ടുവരുന്നതിനും ദൈവത്താല്‍ വിളിക്കപ്പെട്ടവരായിരുന്നു പ്രവാചകന്മാര്. 
രാജാക്കന്മാരുടെ പുസ്തകത്തില്‍നിന്നുള്ള വായനയില്‍ വിശ്വാസതീക്ഷ്ണതയില്‍ ജ്വലിക്കുന്ന ഏലിയാപ്രവാചകനെയാണു കണ്ടത്. സത്യദൈവത്തിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി അധ്വാനിക്കുന്ന ഏലിയാ പ്രവാചകന്റെ ബലിയര്‍പ്പണത്തിലൂടെ വിഗ്രഹാരാധനയിലേക്കു വീണുപോയിരുന്ന ഇസ്രായേല്‍ ജനത്തെ വിശ്വാസത്തിലേക്കു കൂട്ടിക്കൊണ്ടു വരുന്നതാണ് കണ്ടത് (1 രാജ 18,37). പ്രവാചകന് പ്രാര്‍ത്ഥിക്കുന്നത് അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമേ (18,36) എന്നു വിളിച്ചാണ്. അതായത്, തോറായിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവത്തെ (പുറ 3,15) വിളിച്ചപേക്ഷിക്കുന്നു. പ്രവാചകന് ബലിപീഠം പണിതത് ഇസ്രായേല്‍ഗോത്രങ്ങളെ പ്രതിനിധാനം ചെയ്യുന്നതിന് പന്ത്രണ്ട് കല്ലുകള്‍കൊണ്ടാണ്. പന്ത്രണ്ട് അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനഫലമായി വളര്‍ന്ന സഭയുടെ ഫലാഗമനകാലമായ കൈത്താക്കാലവും ആരംഭിക്കുന്നത് പന്ത്രണ്ട് അപ്പസ്തോലന്മാരുടെ തിരുനാള്‍ ആചരിച്ചുകൊണ്ടാണ്.
ഏലിയാപ്രവാചകന്റെ വിശ്വാസതീക്ഷ്ണതയ്ക്ക് ഉന്നതങ്ങളില്‍നിന്നുള്ള ഉത്തരമെന്നവിധം ആകാശത്തുനിന്ന് അഗ്നിയിറങ്ങി ബലിവസ്തു സ്വീകരിച്ചതുപോലെ ശ്ലീഹന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും സാക്ഷ്യം നല്കപ്പെടുന്നതും ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതുമാണ് ശ്ലീഹന്മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്നുമുള്ള വായനയില്‍ ശ്രവിക്കുന്നത്. അപ്പസ്തോലന്മാര് പ്രസംഗിച്ചിരുന്ന നവജീവന്റെ വചനം (5,20) സ്വീകരിക്കുന്നവര്‍ ഏകമനസ്സോടെ ദൈവാലയത്തില്‍ ഒന്നിച്ചുകൂടിയിരുന്നു (5,12). 
സഭയ്ക്കുണ്ടായിരിക്കേണ്ട പ്രധാന കാര്യമായി പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭയെ ഓര്‍മിപ്പിക്കുന്നത് 'മനസ്സിലും ചിന്തയിലും ഐക്യമുള്ളവരായിരിക്കുക' എന്നതാണ് (1കോറി 1,10). കോറിന്തോസിലെ സഭയില്‍ കലഹങ്ങളും, ഭിന്നതകളും നിന്നിരുന്നപ്പോള്‍ കര്‍ത്താവിന്റെ നാമത്തില്‍ പൗലോസ് ശ്ലീഹായുടെ അപേക്ഷ അവയെല്ലാം ഉപേക്ഷിച്ച് ഐക്യമുള്ളവരായി മാറുവാനാണ്. പലവിധ കാരണങ്ങള്‍ പറഞ്ഞ് കലഹങ്ങളും ഭിന്നതകളും സൃഷ്ടിക്കുന്ന ഓരോ സഭാസമൂഹങ്ങളോടും കര്‍ത്താവിന്റെ നാമത്തില്‍ ശ്ലീഹാ ആവര്‍ത്തിക്കുന്നു: ഐക്യമുള്ളവരായിരിക്കുവിന്‍; ക്രിസ്തു വിഭജിക്കപ്പെടാതിരിക്കട്ടെ.
ഇന്നത്തെ സുവിശേഷം പറഞ്ഞുതരുന്നത് സഭാസമൂഹം കൂട്ടായ്മയില്‍ വളരുന്നതിന് അത്യാവശ്യമായ രണ്ട് കാര്യങ്ങളാണ്: ഒരു സാബത്തുവിരുന്നിന്റെ പശ്ചാത്തലത്തിലാണ് ഈശോ ഇതു പഠിപ്പിക്കുന്നത്. ആദ്യം ഈശോ പറയുന്നത് എളിമയുള്ളവരായിരിക്കുക എന്നതാണ്. ഓരോരുത്തനും അപരനെ തങ്ങളെക്കാള്‍ ബഹുമാന്യരായി കരുതുക. മറ്റുള്ളവരോടുള്ള ഈ കരുതല്‍ സമൂഹത്തെ കൂട്ടായ്മയില്‍ നിലനിര്‍ത്തും. രണ്ടാമതായി ഈശോ പഠിപ്പിക്കുന്നത് പ്രതിഫലം പ്രതീക്ഷിക്കാതെ നന്മചെയ്യുക എന്നതാണ്. നിനക്കൊന്നും തിരിച്ചുനല്‍കാന്‍ പറ്റാത്തവരെ നിന്റെ മനസില്‍ ഒന്നാമത് നിര്‍ത്തണം എന്ന പാഠം എത്രയോ മനോഹരം! വിരുന്നുവീട്ടിലെ തിരക്കിനിടയിലും അവിടത്തെ മനസ്സ് ആദ്യം പതിച്ചത് കൈ ശോഷിച്ചവനിലാണ് (14,1). ഈ വചനങ്ങള്‍ ധ്യാനിക്കുമ്പോള്‍ നമുക്കു ബോധ്യമാകുന്നു നമ്മളാകുന്ന സഭ ഇനിയും വളരേണ്ടിയിരിക്കുന്നു, ഫലം നല്കേണ്ടിയിരിക്കുന്നു. നാം ആയിരിക്കുന്ന സഭാസമൂഹം കൂട്ടായ്മയും ഐക്യവും എളിമയും കരുതലും കരുണയും നിറഞ്ഞ ഒന്നാകുവാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം; പ്രവര്‍ത്തിക്കാം.
							
 ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ 
                    
									
									
									
									
									
									
									
									
									
									
                    