നവംബര്‍ 14  പള്ളിക്കൂദാശ  മൂന്നാം ഞായര്‍
സംഖ്യ 9:15-18  ഏശ 54:1-10
ഹെബ്രാ 9:5-15   യോഹ 2:13-22
സമാഗമകൂടാരത്തെയും അതിനെ ആവരണം ചെയ്ത ദൈവമഹത്ത്വത്തിന്റെ മേഘത്തെയുംകുറിച്ചും അതിനോടു ചുറ്റിപ്പറ്റി ഇസ്രായേല്‍ ജനത്തിന്റെ ജീവിതക്രമം എങ്ങനെ ചിട്ടപ്പെടുത്തപ്പെട്ടു എന്നുമാണ്  സംഖ്യയുടെ പുസ്തകത്തില്‍നിന്നുള്ള ഒന്നാം വായനയില്‍ നാം കാണുന്നത് (സംഖ്യ 9:15-18). പള്ളിക്കൂദാശക്കാലം ഒന്നാം ഞായറാഴ്ചതന്നെ ദൈവാലയത്തില്‍ നിറഞ്ഞുനില്ക്കുന്ന കര്‍ത്താവിന്റെ വസ്ത്രാഞ്ചലത്തെപ്പറ്റി നാം ധ്യാനിച്ചിരുന്നു: ''അവിടുത്തെ വസ്ത്രാഞ്ചലം ദൈവാലയം മുഴുവന്‍ നിറഞ്ഞുനിന്നു'' (ഏശ. 6:1). ഈശോയുടെ രൂപാന്തരീകരണവേളയില്‍ സന്നിഹിതരായിരുന്നവരെ ഒരു ശോഭയേറിയ മേഘം വന്ന് ആവരണം ചെയ്യുന്നത് നമ്മള്‍ കാണുന്നുണ്ട് (മത്താ. 17:5).
ഇസ്രായേലിനെ നയിക്കുന്നതിനായി പകല്‍ മേഘത്തൂണും രാത്രി അഗ്നിസ്തംഭവുമായി (സംഖ്യ 9:16) ദൈവത്തിന്റെ ആത്മാവ് നിരന്തരം അവരോടുകൂടെ വസിച്ചു. ദൈവാത്മാവിന്റെ ഇച്ഛകള്‍ക്കനുസരിച്ചായിരുന്നു ഇസ്രായേല്‍ജനത്തിന്റെ ചലനം. മേഘത്തോടൊത്തു ചലിക്കുന്ന ഇസ്രായേല്‍ജനം ദൈവത്തോടൊത്തു ചലിക്കുന്നത്, ദൈവത്തെ അനുസരിക്കയാണ് എന്ന വ്യാഖ്യാനം വളരെ മനോഹരമാണ്. ദൈവത്തോടൊത്തു നടക്കാന്‍ ഇസ്രായേല്‍ ജനം ശീലിക്കുന്നു. ''മേഘം കൂടാരത്തില്‍നിന്ന് ഉയരുമ്പോള്‍ ജനം യാത്ര തിരിക്കും'' (9:17 മ).  
''കര്‍ത്താവിന്റെ കല്പനയനുസരിച്ച് ഇസ്രായേല്‍ യാത്ര പുറപ്പെട്ടു'' (9:18 മ), 'മേഘം നില്‍ക്കുന്നിടത്ത് അവര്‍ പാളയമടിക്കും' (9:17 യ)'അവിടുത്തെ കല്പനപോലെ അവര്‍ പാളയമടിച്ചു' (9:18 യ) എളുപ്പമുള്ള കാര്യമല്ല കര്‍ത്താവിന്റെ നീക്കമനുസരിച്ച് ജനം പിന്തുടരാന്‍! പക്ഷേ, ഇസ്രായേല്‍ ജനം അതു പരിശീലിച്ചിരിക്കുന്നു.
ദൈവമഹത്ത്വം സമാഗമകൂടാരത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ല. കൂടാരത്തെ എന്തുമാത്രം വിസ്തൃതമാക്കുന്നുവോ അത്രമാത്രം ദൈവമഹത്ത്വവും വ്യാപിക്കുമെന്ന് ഏശയ്യാ പ്രവാചകനിലൂടെ ദൈവം വാഗ്ദാനം ചെയ്യുന്നു (ഏശ. 54:1-10). ''നിന്റെ കൂടാരം വിസ്തൃതമാക്കുക; അതിലെ തിരശ്ശീലകള്‍ വിരിക്കുക; കയറുകള്‍ ആവുന്നത്ര അയച്ചു നീളം കൂട്ടുക, നീ  ഇരുവശത്തേക്കും അതിരുഭേദിച്ചു വ്യാപിക്കും'' (54:2). കൂടാരം വിസ്തൃതമാകുമ്പോള്‍ അതില്‍ പ്രവേശിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുമെന്നത് സ്പഷ്ടമാണല്ലോ. സമാഗമകൂടാരം എന്ന പരിധിവിട്ട് ഇസ്രായേല്‍ ജനത്തെ മുഴുവന്‍ ഒരൊറ്റ കൂടാരമായി ക്കണ്ട് അവരെ മുഴുവന്‍ തന്റെ മഹത്ത്വത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ദൈവമാഗ്രഹിക്കുന്നു. ദൈവത്തോടു ചേര്‍ന്നുനില്ക്കുകയും അവിടുത്തോടൊപ്പം നടക്കുകയും അവിടുന്നു നില്ക്കുമ്പോള്‍ നില്ക്കുകയും അവിടുത്തെ മഹത്ത്വത്തില്‍ ആയിരിക്കുകയും ചെയ്യുമ്പോഴാണ് ഇസ്രായേലിനു സമാധാനം ലഭിക്കുന്നത്. അല്ലാത്തപ്പോള്‍ അവരുടെയിടയില്‍ത്തന്നെ പ്രശ്‌നങ്ങളും യുദ്ധങ്ങളില്‍ പരാജയവും ഉണ്ടാകുന്നു.
സമാഗമകൂടാരത്തിന്റെ ഉള്ളില്‍ത്തന്നെയുണ്ടായിരുന്ന രണ്ടു തിരിവുകളെക്കുറിച്ചും ഈശോമിശിഹാ ആ വേര്‍തിരിവുകള്‍ എല്ലാം മാറ്റി ദൈവാലയത്തെ തന്നിലേക്കു കേന്ദ്രീകരിച്ചത് എങ്ങനെയെന്നും ഹെബ്രായലേഖനം പ്രതിപാദിക്കുന്നു (ഹെബ്രാ. 9:9-15). ആദ്യകൂടാരത്തില്‍ പുരോഹിതന്മാര്‍ എല്ലാ സമയത്തും പ്രവേശിച്ചു ശുശ്രൂഷ ചെയ്തിരുന്നു (9:6). രണ്ടാമത്തെ കൂടാരത്തില്‍ പ്രധാന പുരോഹിതന്‍ മാത്രം കയറുന്നു; അതും ആണ്ടിലൊരിക്കല്‍ മാത്രം (9:7). ഇങ്ങനെ മറ്റു പുരോഹിതര്‍ നിത്യവും, പ്രധാന പുരോഹിതര്‍ ആണ്ടിലൊരിക്കലും അര്‍പ്പിക്കുന്ന ബലികള്‍ ആടുകളെയോ കാളക്കിടാങ്ങളെയോ ധാന്യമോ ആയിരുന്നു. അതായത്, തങ്ങളുമായി യാതൊരു ആത്മീയബന്ധവുമില്ലാത്ത ബലികളാണ് അവര്‍ അര്‍പ്പിച്ചിരുന്നത്. ബലിവസ്തുക്കളോ ബലിയര്‍പ്പകരോ ആയി അവര്‍ മാറുന്നില്ല. ജനങ്ങള്‍ ബലിയര്‍പ്പിക്കുന്നതിനുവേണ്ടി കൊണ്ടുവരുന്ന ബലിവസ്തുക്കളെ കൈകാര്യം ചെയ്യുന്ന പരികര്‍മികള്‍ മാത്രമായി പുരോഹിതര്‍. എന്നാല്‍, ഈശോമിശിഹാ ഒരേസമയം യഥാര്‍ത്ഥ ബലിയര്‍പ്പകനും ബലിവസ്തുവുമായി. സ്വന്തം രക്തം ദൈവത്തിനു സമര്‍പ്പിക്കുന്നതുവഴി ഈശോമിശിഹാ യഥാര്‍ത്ഥത്തില്‍ മനുഷ്യവംശത്തെ വിശുദ്ധീകരിക്കുന്നു.
ദൈവാലയത്തെ ഈശോ പിതാവിന്റെ ആലയമായാണു കാണുന്നത് (യോഹ. 2:13-22). ദൈവമഹത്ത്വം നിറഞ്ഞിരിക്കുന്ന സമാഗമകൂടാരം ജറൂസലേം ദൈവാലയമായി വളരുന്ന നീണ്ട കാലഘട്ടത്തിനിടയില്‍ ഇസ്രായേല്‍ജനവും ദൈവശാസ്ത്രപരമായ ഒരു വളര്‍ച്ച പ്രാപിക്കുന്നുണ്ട്. ദൈവത്തിന്റെ തിരഞ്ഞെടുത്ത ജനമായി ഇസ്രായേല്‍ജനത്തിനു തങ്ങളെത്തന്നെ സ്ഥാപിക്കാനായത് ഈ കാലഘട്ടത്തിലാണ്. ദൈവം തങ്ങളുടെകൂടെയുണ്ട് എന്ന് ഇസ്രായേല്‍ജനത്തിനു ബോധ്യമായതും ഈ കാലഘട്ടത്തിലാണ്. ദൈവമഹത്ത്വം നിറഞ്ഞുനില്ക്കുന്ന കൂടാരത്തെ വിസ്തൃതമാക്കി തങ്ങളെത്തന്നെ അതിനകത്ത് ഉള്‍ക്കൊള്ളിച്ചില്ലെങ്കില്‍ ദൈവത്തോടൊപ്പം പങ്കുപറ്റുവാന്‍ ജനം യോഗ്യരായിരിക്കുകയില്ലെന്ന് പ്രവാചകന്മാര്‍ ജനത്തെ നിരന്തരം ഓര്‍മിപ്പിക്കുന്നുണ്ട് (ഏശ. 54:2).
സമാഗമകൂടാരം ചെറുതായിരുന്നപ്പോഴും വലിയ ജറുസലേം ദൈവാലയത്തിലേക്കു വാഗ്ദാനപേടകവും ആരാധനയും മാറിയപ്പോഴും ദൈവമഹത്ത്വം തുല്യമായിരുന്നു. പക്ഷേ, സമാഗമകൂടാരത്തിനു കൊടുത്തിരുന്ന ആദരംപോലെ വലിയ ജറൂസലേം ദൈവാലയത്തിലെ ദൈവമഹത്ത്വത്തിന് ആദരവു കിട്ടിയിരുന്നില്ലെന്നുവേണം  ഈശോയുടെ പ്രവൃത്തിയില്‍നിന്നു മനസ്സിലാക്കാന്‍. ദൈവമഹത്ത്വം നിറഞ്ഞിരിക്കുന്ന ദൈവാലയത്തിനു കൊടുക്കേണ്ട ആദരം നല്കുക തന്നെ ചെയ്യണമെന്ന് ഈശോ ഓര്‍മപ്പെടുത്തുന്നുണ്ട്.
കര്‍ത്താവിന്റെ മഹത്ത്വം നിറഞ്ഞിരിക്കുന്ന മേഘത്തിന്റെ ചലനത്തെ ഇസ്രായേല്‍ജനം കര്‍ത്താവിന്റെ അരുളപ്പാടുകളായി വ്യാഖ്യാനിക്കുന്ന (പുറ. 9:17-18) വിശ്വസ്തതയുടെയും അനുസരണത്തിന്റേതുമായ  അവസ്ഥയില്‍നിന്ന്, അവിടുത്തെ മഹത്ത്വം തുല്യമായി നിറഞ്ഞിരിക്കുന്ന ദൈവാലയത്തില്‍ അനാദരണീയമായ കച്ചവടങ്ങള്‍വരെ നടത്തുന്നതിലേക്ക് ഇസ്രായേല്‍ ജനം അധഃപതിച്ചു എന്നതാണ് സമാഗമകൂടാരം ജറൂസലേം ദൈവാലയമായ വലിയ വളര്‍ച്ചയിലും ഇസ്രായേല്‍ ജനത്തിനുണ്ടായ  തളര്‍ച്ച. അതായത്, ദൈവാലയം വലുതും വിസ്തൃതവും ആയെങ്കിലും യഥാര്‍ത്ഥത്തില്‍ വിസ്തൃതമാകേണ്ടിയിരുന്ന, ദൈവമഹത്ത്വത്തെ സ്വീകരിക്കേണ്ടിയിരുന്ന ഇസ്രായേലിന്റെ സ്വത്വബോധം അങ്ങനെ ചെയ്തില്ല എന്നു സാരം. അതുകൊണ്ടുതന്നെ  തെറ്റായ ആശയത്തില്‍ വ്യാപരിക്കുന്ന ഇസ്രായേല്‍ജനത്തെ യഥാര്‍ത്ഥ ദൈവമഹത്ത്വം പ്രാപിക്കുന്നതിനു യോഗ്യരാക്കുക എന്നതാണ് ഈശോ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
തന്റെ ശരീരമാകുന്ന ദൈവാലയത്തെ ജറൂസലേം ദൈവാലയത്തിന്റെ സ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ടാണ് ദൈവമഹത്ത്വത്തിന്റെ നൂതനമായ ആവിര്‍ഭാവത്തെ ഈശോ പ്രഖ്യാപിക്കുന്നത്. സമാഗമകൂടാരം സ്ഥാപിച്ച ദിവസം അതിനെ ആവരണം ചെയ്ത ആത്മാവിന്റെ മഹത്ത്വം ഈശോയുടെ മാമ്മോദീസായിലും രൂപാന്തരീകരണത്തിലും പ്രത്യക്ഷപ്പെട്ടുകൊണ്ട് ഈശോയുടെ ഈ ദൗത്യത്തെ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ദൈവാലയത്തിലെ ദൈവമഹത്ത്വത്തെ മനസ്സിലാക്കുകയോ അതിനര്‍ഹമായ ആദരവു കൊടുക്കുകയോ ചെയ്യാത്ത ഇസ്രായേല്‍ജനം ദൈവമഹത്ത്വത്തിന്റെ പുതിയ ആവിര്‍ഭാവത്തെയും അംഗീകരിക്കുകയില്ലെന്നത് സ്പഷ്ടമാണല്ലോ.
പഴയനിയമസമാഗമകൂടാരത്തില്‍ നിറഞ്ഞുനിന്ന ദൈവമഹത്ത്വം (സംഖ്യ 9:15-18) ജറൂസലേം ദൈവാലയത്തില്‍ വിസ്തൃതമാകുകയും (ഏശ 54:2) ഇസ്രായേലിനെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ തക്കവിധം തയ്യാറാവുകയും ചെയ്തു. എന്നാല്‍ അനാദരണീയമായ വിധത്തില്‍ ഇസ്രായേല്‍ ജനം ദൈവമഹത്ത്വത്തോടു പെരുമാറി (യോഹ. 2:14). അതുകൊണ്ടുതന്നെ ദൈവമഹത്ത്വത്തിന്റെ പുതിയനിയമസാക്ഷാത്കാരമായ ഈശോമിശിഹായെയും അവര്‍ സ്വീകരിച്ചില്ല (ഹെബ്രാ. 9:11) (യോഹ. 2:20). എന്നാല്‍, ഈശോമിശിഹാ മഹത്ത്വത്തോടെ വസിക്കുന്ന അവിടുത്തെ ശരീരമാകുന്ന സഭയില്‍ അവയവങ്ങളായ നമുക്കോരോരുത്തര്‍ക്കും ആ മഹത്ത്വത്തെ സ്വീകരിക്കാം. അങ്ങനെ അവന്‍ തന്റെ ശരീരമാകുന്ന സഭയെ മഹത്ത്വപ്പെടുത്തുമ്പോള്‍ അവളോടൊപ്പം നമ്മളും ആ മഹത്ത്വത്തില്‍ പങ്കുകാരാകും.
							
 ഡോ. ജോസഫ് കരികുളം
                    
									
									
									
									
									
									
									
									
									
									
                    