•  25 Apr 2024
  •  ദീപം 57
  •  നാളം 7
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

പൂമരംകൊണ്ട് കപ്പലുണ്ടാക്കിയെന്നോ?

സാമൂഹികമാധ്യമങ്ങളും ടെലിവിഷനും മറ്റും സജീവമായതോടെ അതിന്റെ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് ചലച്ചിത്രത്തിനാണ്; പ്രത്യേകിച്ച്, അതിലെ ഗാനങ്ങള്‍ക്ക്. പുതുതായി ഇറങ്ങുന്ന ഗാനങ്ങള്‍ പൊതുവേ വകയ്ക്കുകൊള്ളാത്തവയാണെങ്കിലും അവയ്ക്കു മുന്‍തൂക്കം നല്കാന്‍ നേരത്തേ പറഞ്ഞ മാധ്യമങ്ങള്‍ ഏതാണ്ട് മത്സരബുദ്ധിയോടെതന്നെ പ്രവര്‍ത്തിക്കാറുണ്ട്. അതുകൊണ്ട് അത്തരം പാട്ടുകള്‍ വളരെവേഗം ജനപ്രീതിയില്‍ മേല്‍ക്കൈ നേടും. ഗുണനിലവാരം തിരിച്ചറിയാന്‍ കെല്പുള്ളവര്‍പോലും ഹ്രസ്വകാലത്തേക്ക് അവയ്ക്കു പിറകേയായിരിക്കും. പക്ഷേ, ചുരുങ്ങിയ കാലത്തിനുള്ളില്‍ അവയുടെ കഥ കഴിയും. പിന്നീട് ആ പാട്ടുകള്‍ ആര്‍ക്കും വേണ്ടാതാവും.
ഇരുപത്താറു ദശലക്ഷംപേര്‍ ഇതിനകം കണ്ടു എന്ന് അവകാശപ്പെടുന്ന ഒരു ഗാനത്തിന്റെ കാര്യമാണ് ഇവിടെ പറയാന്‍ പോകുന്നത്. 2018 ല്‍ പ്രദര്‍ശനത്തിനുവന്ന 'പൂമരം' എന്ന ചിത്രത്തിലെ
''ഞാനും ഞാനുമെന്റാളും
ആ നാല്പതുപേരും
പൂമരംകൊണ്ട് കപ്പലുണ്ടാക്കി
കപ്പലിലാണേ ആ കുപ്പായക്കാരി
പങ്കായം പൊക്കി ഞാനൊന്നുനോക്കി
ഞാനൊന്നു നോക്കി അവളെന്നെയും  നോക്കി
നാല്പതുപേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി'' എന്ന ഗാനം ഇന്ന് എത്രപേര്‍ കേള്‍ക്കുന്നു എന്ന് ഇപ്പറഞ്ഞ അവകാശവാദമുന്നയിക്കുന്നവര്‍ ഒന്ന് അന്വേഷിക്കുന്നതു നന്നായിരിക്കും.
ആശാന്‍ ബാബു, ദയാല്‍സിങ് എന്നീ രണ്ടുപേര്‍ എഴുതി സ്വന്തം സംഗീതത്തില്‍ ഫൈസല്‍ റാസി പാടിയ ഗാനമാണിത്. ഞാനും എന്റെയാളും എന്നു പറഞ്ഞാല്‍ അറിയിക്കുന്ന  വ്യക്തിക്കു വേണ്ടപ്പെട്ട ആരോ ആണ് അതെന്നു നമുക്കു വ്യക്തമാകും. എന്നാല്‍ ഞാന്‍, എന്റെയാള്‍ ഇവര്‍ക്കിയില്‍ കടന്നുവന്ന മറ്റൊരു 'ഞാന്‍' ആരാണാവോ? ഞാന്‍ ഒരാളായിരിക്കേ രണ്ടുവട്ടം അടുത്തടുത്ത് ഞാന്‍ എന്ന വാക്കു പ്രയോഗിക്കുന്നത് നമ്മുടെ മാതൃഭാഷയെ കൊഞ്ഞനം കുത്തുന്നതിനു തുല്യമാണ്. ഗാനത്തില്‍ പറയുന്നു ആ നാല്പതുപേര്‍ എന്ന്. ഏതു നാല്പതുപേരെന്ന് പാട്ടുകേള്‍ക്കുന്ന നമുക്കു സംശയം തോന്നാം. സംശയനിവൃത്തിക്കു യാതൊരു മാര്‍ഗവുമില്ലതാനും. ഇതിന്റെ രചയിതാക്കള്‍ക്കുപോലും വ്യക്തമല്ലാത്ത കാര്യം ആരോടു ചോദിക്കാന്‍?
മരംകൊണ്ട് ലോകത്തെവിടെയാണു കപ്പലുണ്ടാക്കുന്നത്? അതു പൂമരമായാലും (പൂമരം = പൂവുണ്ടാകുന്ന വൃക്ഷം; പൂവരശ്) അല്ലാതുള്ള മരമായാലും ഫലം ഒന്നുതന്നെ. കപ്പലുണ്ടാക്കാത്ത താമസം അതിനുവേണ്ടി കാത്തിരുന്നെന്ന മട്ടില്‍ ഒരു കുപ്പായക്കാരി അതില്‍ കയറിപ്പറ്റിയിരിക്കുന്നു. 'ഞാന്‍' എന്തു ചെയ്‌തെന്നോ? ഒരു സാഹസം കാണിക്കാന്‍ ഇടയായി. പങ്കായം പൊക്കി അവളെ ഈ 'ഞാന്‍' ഒന്നു നോക്കി. കപ്പലിന് എവിടെയാണ് പങ്കായമെന്നൊന്നും ആലോചിക്കാന്‍ മിനക്കെട്ടില്ല പാട്ടെഴുത്തുകാര്‍. തുഴയുന്ന ബോട്ടോ വള്ളമോ അല്ലല്ലോ കപ്പല്‍. പിന്നെയെങ്ങനെ പങ്കായം കാണും? കുറഞ്ഞ പക്ഷം ഏതെങ്കിലും തുറമുഖത്തുചെന്ന് അവര്‍ കാണുകയെങ്കിലും ചെയ്യണമായിരുന്നു. 'ഞാന്‍' അവളെ നോക്കാത്ത താമസം അവള്‍ തിരിച്ചും നോക്കി. മാത്രമോ, നേരത്തേ പറഞ്ഞ നാല്പതുപേരും അവരുടെ ശിഷ്യന്മാരും (ഇതിന്റെ എണ്ണമെത്രയാണെന്നോ അവര്‍ ഇപ്പോള്‍ എവിടെനിന്നാണു വന്നതെന്നോ ഒരു പിടിയുമില്ല.) ഒരുമിച്ചു നോക്കി. കൂട്ടയോട്ടം എന്നൊക്കെ കേട്ടിട്ടില്ലേ, അതുപോലെ കൂട്ടനോട്ടം!
''എന്തൊരഴക് ആ എന്തൊരു ഭംഗി
എന്തൊരഴകാണാ കുപ്പായക്കാരിക്ക്
എന്‍ പ്രിയയല്ലേ പ്രിയ കാമിനിയല്ലേ
എന്റെ ഹൃദയം നീ കവര്‍ന്നെടു ത്തില്ലേ''
എന്തായാലും മലയാളത്തോട് തെല്ലും കൂറു പുലര്‍ത്താത്തവരാണ് ഈ ഗാനരചയിതാക്കളെന്നു പറയാതെ വയ്യ. അല്ലെങ്കില്‍ ഒരേ അര്‍ത്ഥം വരുന്ന അഴകും ഭംഗിയും അടുത്തടുത്തു പ്രയോഗിക്കുമായിരുന്നോ? എന്തൊരഴക് എന്നു പറഞ്ഞതു പോരാഞ്ഞ് എന്തൊരു ഭംഗി എന്നു മാത്രമല്ല എന്തൊരഴകാണാ കുപ്പായക്കാരിക്ക് എന്നുകൂടി എഴുന്നള്ളിച്ചിട്ടേ അവര്‍ക്കു സമാധാനം വരുന്നുള്ളൂ. എന്‍ പ്രിയയല്ലേ എന്നും തൊട്ടുപിന്നാലെ പ്രിയകാമിനിയല്ലേ എന്നും ഉളുപ്പില്ലാതെ എഴുതി വിട്ടിരിക്കുന്നു അവര്‍. (പ്രിയയുടെ ആവര്‍ത്തനം സദയം ശ്രദ്ധിക്കുക) ''എന്റെ ഹൃദയം നീ കവര്‍ന്നെടുത്തില്ലേ'' എന്ന് നായികയോട് ആരായാനാണ് ഈ കസര്‍ത്തെല്ലാം കാട്ടിയത്.
കേരളത്തിലെ ഒരു കലാലയത്തില്‍ ഒരിക്കല്‍ പാടിയിരുന്ന ഈ പാട്ട് എന്തോ മഹാസംഭവംപോലെ തേടിപ്പിടിച്ച് ചിത്രത്തില്‍ ഉപയോഗപ്പെടുത്തുകയായിരുന്നത്രേ. അതിന്റെ പേരില്‍ ചിത്രത്തിന്റെ സംവിധായകനെ ഈ പാട്ടിറങ്ങിയ കാലത്ത് ചിലരെങ്കിലും പ്രശംസിച്ചു കണ്ടു. എന്നാല്‍, നിഷ്പക്ഷമായി ചോദിക്കട്ടെ, ഇത്രയും അര്‍ത്ഥശൂന്യമായ ഒരു ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തി കേരളീയരെ മുഴുവന്‍ വിഡ്ഢികളാക്കിയ അദ്ദേഹത്തെ യഥാര്‍ത്ഥത്തില്‍ അഭിശംസിക്കുകയല്ലേ വേണ്ടത്?

 

Login log record inserted successfully!