•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

തന്റെ ജനത്തോടൊപ്പം പാര്‍ക്കുന്ന ദൈവം

സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന ദൈവപുത്രനായ ഈശോമിശിഹായാണ് സഭയെ സ്ഥാപിച്ചതും നിര്‍മലമായി കാത്തുസൂക്ഷിക്കുന്നതും. ഭൂമിയിലെ ദൈവത്തിന്റെ ഭവനമായ സഭയുടെ ചിറകിന്‍കീഴില്‍ പരിശുദ്ധാത്മാവ് വിശ്വാസികളെ കൃപാവരത്തില്‍ നിരന്തരം സംരക്ഷിച്ചുകൊണ്ടിരിക്കുന്നു.

മംഗളവാര്‍ത്തയുടെ താക്കോലായ എമ്മാനുവേല്‍പ്രവചനത്തിന്റെ സാക്ഷാത്കാരമാണ് മംഗളവാര്‍ത്തക്കാലം നാലാം ഞായറാഴ്ചത്തെ തിരുവചനവിഷയം.
പുറപ്പാടുപുസ്തകത്തിലെ ആദ്യവായനയില്‍ മോശ ഇസ്രായേല്‍ജനം കാളക്കുട്ടിയെ ആരാധിക്കുന്നതില്‍ ക്ഷോഭിച്ച്  ഉടമ്പടിയുടെ കല്പലകകള്‍ എറിഞ്ഞുടച്ചുകളഞ്ഞത് ഉടമ്പടി ലംഘനത്തിന്റെ അടയാളമാണ്. എന്നാല്‍, വീണ്ടും കല്പലകകള്‍ ഉണ്ടാക്കിയെടുക്കുവാന്‍ മോശയോട് ആവശ്യപ്പെട്ട ദൈവം ഇസ്രായേലിന്റെ പാപം ക്ഷമിക്കുന്നതിന്റെയും ഉടമ്പടിയുടെ നവീകരിക്കുന്നതി ന്റെയും സൂചനയാണു നല്‍കുന്നത്. തന്റെ ജനം അനുതപിക്കുമ്പോള്‍ അവരോടു പൂര്‍ണമായും ക്ഷമിക്കുന്ന ദൈവം കാരുണ്യവാനും കൃപാലുവുമത്രേ. ഇതു പഴയനിയമവെളിപാടിന്റെ ഉച്ചസ്ഥായിയാണ്. പാപത്തിന്റെ അടിമത്തത്തില്‍നിന്നു മനുഷ്യനെ മോചിപ്പിക്കാന്‍ ദൈവപുത്രന്‍ മനുഷ്യനായി അവതരിച്ചപ്പോള്‍ ഈ വെളിപാടു പൂര്‍ണമായി. മിശിഹായുടെ സഭയിലുള്ള കൗദാശികസാന്നിധ്യത്തിലൂടെ ഇന്നു ദൈവം നമ്മോടുകൂടെ കൂടാരമടിച്ച് നമ്മെ നിരന്തരം സംരക്ഷിക്കുന്നു.
മോശയുടെ മധ്യസ്ഥപ്രാര്‍ത്ഥന ഇവിടെ ശ്രദ്ധേയമാണ്. ഹൃദയം നുറുങ്ങിയുള്ള മോശയുടെയും ഇസ്രായേല്‍ജനത്തിന്റെയും പ്രാര്‍ത്ഥന ദൈവം കേട്ടു. അനുതപിക്കുന്ന പാപികളോടുള്ള ദൈവത്തിന്റെ കരുണയാണ് ഉടമ്പടിനവീകരണം സൂചിപ്പിക്കുന്നത്. ഇന്നും സഭയില്‍ അനുരഞ്ജനകൂദാശയിലൂടെ ദൈവം മനുഷ്യന്റെ പാപങ്ങള്‍ ക്ഷമിക്കുകയും വി. കുര്‍ബാനയില്‍ സദാ സന്നിഹിതനായിരുന്നുകൊണ്ട് തന്റെ ജനത്തോടൊപ്പം വസിക്കുകയും ചെയ്യുന്നു.
സഖറിയാ പ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള രണ്ടാമത്തെ വായനയിലും ദൈവം കൂടെ വസിക്കുന്നതിന്റെ ആനന്ദമാണ്  പ്രവാചകന്‍ പങ്കുവയ്ക്കുന്നത്. ''സീയോന്‍പുത്രീ, പാടിയുല്ലസിക്കുവിന്‍, ഞാന്‍ വന്ന് നിങ്ങളുടെ ഇടയില്‍ വസിക്കും. അന്ന് അനേകം ജനതകള്‍ കര്‍ത്താവിനോടു ചേരും. അവര്‍ എന്റെ ജനമാകും. ഞാന്‍ നിങ്ങളുടെയിടയില്‍ വസിക്കും.'' ശത്രുക്കള്‍ തകര്‍ത്ത ജറുസലേം പുനരുദ്ധരിക്കപ്പെടുമെന്ന പ്രത്യാശയാണ് പ്രവാചകന്‍ നല്‍കുന്നത്. പുതിയ ജറുസലേമായ സഭയിലാണ് ഈ പ്രവചനത്തിന്റെ പൂര്‍ണത കണ്ടെത്താനാകുന്നത്. ലോകരക്ഷകനായ ഈശോമിശിഹായിലും  അവന്റെ മൗതികശരീരമായ സഭയിലും വിശ്വാസംവഴി ജനപദങ്ങള്‍ ഒന്നിച്ചുകൂട്ടപ്പെടും. സഭയിലൂടെ കൂദാശകള്‍വഴി നിരന്തരം വരപ്രസാദം തന്റെ ജനത്തിനുമേല്‍ നല്‍കുന്ന ദൈവം കൂടെ വസിക്കുന്ന ദൈവമാണ്.
മൂന്നാം വായനയില്‍ വെളിപാടുപുസ്തകം അവതരിപ്പിക്കുന്നത് നവീകരിക്കപ്പെട്ട ലോകമാണ്. തിന്മയ്ക്കു കീഴ്‌പ്പെട്ട പഴയ ലോകം കടന്നുപോയി. പുതിയവ വന്നുകഴിഞ്ഞു. വേദനയും കരച്ചിലും മരണവും ഉത്കണ്ഠയുമെല്ലാം കടന്നുപോയ പഴയ ലോകത്തിന്റെ സ്വഭാവമാണ്. അവയ്‌ക്കെല്ലാം അവസാനമുണ്ടാകുമെന്നത് പഴയനിയമപ്രവാചകന്മാരുടെ വാക്കുകളായിരുന്നു. പുതിയ യുഗം ഈശോമിശിഹായിലൂടെയാണു സംജാതമാകുന്നത്. പുതിയ സൃഷ്ടിക്കു തുല്യമായ നവീകരണം ദൈവത്തിനുമാത്രം സാധ്യമായ കാര്യമാണ്. പുതിയ ആകാശവും പുതിയ ഭൂമിയും എന്നത് ഈശോമിശിഹായിലൂടെ സംഭവിക്കുന്ന പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും നവീകരണമാണ്. ഭൂമിയില്‍ സംജാതമാകുന്ന ദൈവരാജ്യക്രമത്തിന്റെ അടയാളവുമാണത്. മിശിഹായുടെ തുടര്‍ച്ചയായ സഭയുടെ ചിത്രമാണ് പുതിയ ജറുസലേമിന്റെയും മണവാട്ടിയുടെയും പ്രതീകങ്ങളിലൂടെ അവതരിപ്പിക്കുന്നത്. സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന ദൈവപുത്രനായ ഈശോമിശിഹായാണ് സഭയെ സ്ഥാപിച്ചതും നിര്‍മലമായി കാത്തുസൂക്ഷിക്കുന്നതും. ഭൂമിയിലെ ദൈവത്തിന്റെ ഭവനമായ സഭയുടെ ചിറകിന്‍കീഴില്‍ പരിശുദ്ധാത്മാവ് വിശ്വാസികളെ കൃപാവരത്തില്‍ നിരന്തരം സംരക്ഷിച്ചുകൊണ്ടിരിക്കുന്നു.
വി. മത്തായി അറിയിക്കുന്ന സുവിശേഷത്തില്‍, ഈശോയില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന 'എമ്മാനുവേല്‍' പ്രവചനത്തെയാണ് വെളിപ്പെടുത്തുന്നത്. ഏശയ്യ 7:14 വചനത്തിന്റെ പൂര്‍ത്തീകരണമാണത്. 'എമ്മാനുവേല്‍' രഹസ്യം യൗസേപ്പിനാണ് ലഭിക്കുന്നത്. കര്‍ത്താവിന്റെ ദൂതന്‍ ഇക്കാര്യങ്ങള്‍ യൗസേപ്പിനെ അറിയിക്കുന്നു. കര്‍ത്താവിന്റെ ദൂതന്‍ യൗസേപ്പിനു പ്രത്യക്ഷപ്പെടാനുള്ള  സാഹചര്യമുണ്ടായത് യൗസേപ്പ് മറിയത്തെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ്. യൗസേപ്പിനു സുവിശേഷം നല്‍കുന്ന  വിശേഷണം നീതിമാന്‍ എന്നാണ്. അതിനു നിദാനമായി പറയുന്നത് തനിക്കു ഭാര്യയായി നിശ്ചയിക്കപ്പെട്ടിരുന്നവള്‍ ഗര്‍ഭവതിയായി എന്നറിഞ്ഞപ്പോള്‍ അവളുടെ സല്‍പ്പേരിനു കോട്ടം വരുത്താതെ രഹസ്യമായി ഉപേക്ഷിക്കാന്‍ യൗസേപ്പ് നിശ്ചയിച്ചതുമാണ്. കന്യക ഗര്‍ഭം ധരിച്ച് പുത്രനെ പ്രസവിക്കുമെന്നുള്ള  എമ്മാനുവേല്‍ പ്രവചനമാണ് മറിയത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന വെളിപ്പെടുത്തലാണ് ദൂതന്‍ യൗസേപ്പിനു നല്‍കുന്നത്. യൗസേപ്പിന്റെ നീതിബോധം ദൈവരാജ്യക്രമങ്ങളിലേക്കാണു വിരല്‍ ചൂണ്ടുന്നത്. നീതിബോധം നഷ്ടപ്പെടുന്ന സമൂഹം ദൈവത്തില്‍നിന്നു വ്യതിചലിക്കുകയും സാഹോദര്യത്തിന്റെ തലങ്ങളില്‍ മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും. നീതിസൂര്യനായ ഈശോമിശിഹായിലേക്കുള്ള വളര്‍ച്ചയാണ് ജോസഫ്. സഭ ഈ സ്വഭാവത്തിന്റെ ഭൂമിയിലെ രൂപമാണ്.

 

Login log record inserted successfully!