•  28 Mar 2024
  •  ദീപം 57
  •  നാളം 4
ഉണ്ണീരിയമ്മ പറഞ്ഞ കഥ

അംബേദ്കറുടെ വായന

ഥ കേള്‍ക്കാനായി കുട്ടിപ്പട്ടാളം ഉണ്ണീരിയമ്മയുടെ ചുറ്റും കൂടി. തെല്ലുനേരം ആലോചിച്ചശേഷം ഉണ്ണീരിയമ്മ പറഞ്ഞു,
''ഇന്നത്തെ കഥ അംബേദ്കറിനെപ്പറ്റിയാണ്. അദ്ദേഹം ആരാണ് എന്നറിയാമോ നിങ്ങള്‍ക്ക്?''
''ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി.''
കുഞ്ഞുണ്ണിയും അമ്മാളുവും ജോണിക്കുട്ടിയും ഒന്നിച്ചാണ് ഉത്തരം പറഞ്ഞത്.
''എങ്കില്‍ കഥ കേട്ടോളൂ.'' ഉണ്ണീരിയമ്മ തുടര്‍ന്നു:
മഹര്‍ എന്ന താഴ്ന്ന ജാതിയിലാണ് അദ്ദേഹം ജനിച്ചത്. തൊട്ടുകൂടായ്മയുടെ ഇരുണ്ട കാലം. അതുകൊണ്ടുതന്നെ കുട്ടിക്കാലത്ത് ഒരുപാട് അവഗണനകളും പരിഹാസങ്ങളും അദ്ദേഹം ഏറ്റുവാങ്ങിയിട്ടുണ്ട്. സ്‌കൂളില്‍ മറ്റു കുട്ടികള്‍ക്കൊപ്പം ഇരിക്കുവാനോ പൊതുടാപ്പില്‍ നിന്നു വെള്ളമെടുക്കുവാനോ താഴ്ന്ന ജാതിയില്‍പ്പെട്ട കുട്ടികള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ഇത്തരം മാറ്റിനിര്‍ത്തലുകളെയൊക്കെ അതിജീവിച്ച് അംബേദ്കര്‍ പഠിച്ചു. കൂടുതല്‍ക്കൂടുതല്‍ വായിച്ചു. എപ്പോഴും വായിക്കുന്ന കുട്ടി മറ്റുള്ളവര്‍ക്ക് ഒരു കൗതുകമായി.
പിന്നീട് ഉപരിപഠനത്തിനായി വിദേശ സര്‍വകലാശാലകളില്‍ പഠിക്കുമ്പോഴും വായന അദ്ദേഹം തുടര്‍ന്നു. പുസ്തകപ്പുഴു എന്നു മറ്റുള്ളവര്‍ കളിയാക്കുമ്പോഴും ഇതൊന്നും കൂസാതെ ലൈബ്രറികളില്‍ കൂടുതല്‍ സമയം അദ്ദേഹം ചിലവഴിച്ചു.
ഒരിക്കല്‍, ലൈബ്രറിയില്‍ വെച്ച് ഒരു സംഭവമുണ്ടായി. മണിക്കൂറുകളായി വായനയില്‍ മുഴുകിയിരിക്കുകയാണ് അംബേദ്കര്‍. രാവിലെ തുടങ്ങിയ വായനയാണ്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കേണ്ട സമയമായിട്ടും അംബേദ്കര്‍ പോകുന്നില്ല. ലൈബ്രേറിയന്റെ ക്ഷമ നശിച്ചു. അയാള്‍ അംബേദ്കറുടെ അടുത്തേക്കു ചെന്നു. വായനയ്ക്കിടയില്‍ ഒരു ചെറിയ റൊട്ടിക്കഷണം അദ്ദേഹം കഴിക്കുന്നുമുണ്ട്. ലൈബ്രേറിയന് ദേഷ്യം വന്നു.
''ലൈബ്രറിയില്‍ ഭക്ഷണവസ്തുക്കള്‍ കൊണ്ടുവരരുതെന്ന് അറിയില്ലേ? ഇത് ഞാന്‍ റിപ്പോര്‍ട്ട് ചെയ്യും.''
ലൈബ്രേറിയന്‍ കോപാകുലനായി. അംബേദ്കര്‍ ഒന്നും പറഞ്ഞില്ല. അപ്പോള്‍ അയാളുടെ ദേഷ്യം വര്‍ദ്ധിച്ചു.
''ഭക്ഷണം കഴിക്കാന്‍ ഇവിടെ കാന്റീനുണ്ടല്ലോ? അവിടെ ചെന്നാല്‍ ഭക്ഷണം കഴിക്കരുതോ?''
ലൈബ്രേറിയന്റെ ചോദ്യത്തിനു ശാന്തതയോടെ അംബേദ്കര്‍ മറുപടി നല്‍കി,
''സര്‍, ഞാന്‍ ദരിദ്രനായൊരു വിദ്യാര്‍ത്ഥിയാണ്. കാന്റീനില്‍ പോയി ഭക്ഷണം കഴിക്കുവാനുള്ള വക എന്റെ കയ്യിലില്ല. ഉച്ചഭക്ഷണമായി ഇന്ന് ഈ റൊട്ടിക്കഷണം ഉണ്ട്. മിക്കദിവസവും അതുപോലും ഉണ്ടാവില്ല.''
ഇത് കേട്ടപ്പോള്‍ ലൈബ്രേറിയന്റെ മനസ്സലിഞ്ഞു. അയാള്‍ക്കു സങ്കടം തോന്നി. പിന്നീടുള്ള ഉച്ചനേരങ്ങളില്‍ കാന്റീനില്‍നിന്ന് അംബേദ്കര്‍ക്കുള്ള ഭക്ഷണം ആ ലൈബ്രേറിയന്റെ വകയായിരുന്നു.
മണിക്കൂറുകള്‍ ലൈബ്രറിയില്‍ ചെലവഴിക്കുന്ന അംബേദ്കറോട് ഒരിക്കല്‍ മറ്റൊരു ലൈബ്രറിയന്‍ ചോദിച്ചു,
''മറ്റു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉല്ലസിച്ചു നടക്കുന്നതിനുപകരം എന്തിനാണ് എപ്പോഴും ലൈബ്രറിയില്‍ സമയം കളയുന്നത്?''
അംബേദ്കര്‍ മറ്റൊരു ചോദ്യമാണ് ലൈബ്രേറിയനോട് ചോദിച്ചത്,
''അപ്പോള്‍ എന്റെ ജനതയ്ക്കു വേണ്ടി ഇതൊക്കെ ആരു ചെയ്യും?''
അന്ന് ആ ചോദ്യത്തിന്റെ അര്‍ത്ഥം ഒരുപക്ഷേ, ലൈബ്രേറിയനു മനസ്സിലായില്ലെങ്കിലും പിന്നീടുള്ള ചരിത്രം ആ ചോദ്യത്തെ ശരിവയ്ക്കുന്നതായിരുന്നു.
ഇന്ത്യയെപ്പോലെ ഭൂപ്രകൃതിയിലും സംസ്‌കൃതിയിലും വിസ്തൃതവും വിഭിന്നവുമായ ഒരു രാജ്യത്തിനുവേണ്ടി ഭരണഘടന തയ്യാറാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് ഈ വായനയുടെ ശക്തികൊണ്ടാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ ഭരണഘടന തയ്യാറാക്കാന്‍ അത്രയധികം ധിഷണാശാലിയായ ഒരാള്‍ക്ക് മാത്രമേ കഴിയൂ. മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന നമ്മുടെ രാജ്യത്തിന്റെതാണ്.
ചുറ്റും കൂടിയിരിക്കുന്ന കൂട്ടുകാരോടായി ഉണ്ണീരിയമ്മ ഓര്‍മിപ്പിച്ചു:
''ധാരാളം വായിക്കുക. വായിച്ചു വളരുക.''

 

Login log record inserted successfully!