•  18 Apr 2024
  •  ദീപം 57
  •  നാളം 6
വചനനാളം

ദൈവാരാധനയുടെ ജ്ഞാനവഴികള്‍

ഡിസംബര്‍ 26   പിറവിക്കാലം  ഒന്നാം ഞായര്‍
ഉത്പത്തി 18: 1-8  ഏശയ്യ 11: 1 -12
റോമ  15: 7-13   വി.മത്താ 2: 1-12

പിറവിക്കാലത്തെ ഒന്നാം ഞായറാഴ്ച ഈശോമിശിഹായാകുന്ന ലോകരക്ഷകനെ കണ്ടുമുട്ടുന്ന സന്തോഷത്തെയാണു തിരുസ്സഭാമാതാവ് നമ്മുടെ ഓര്‍മയില്‍ കൊണ്ടുവരുന്നത്. ദൈവാരാധനയില്‍ ഈ സന്തോഷം നാം അനുഭവിക്കുന്നു.
ആദ്യവായന ഉത്പത്തി പ്പുസ്തകത്തില്‍ അബ്രാഹം അപരിചിതരായ അതിഥികളെ സ്വീകരിക്കുന്ന വിവരണമാണ്. യാത്രക്കാര്‍ക്കു ഭക്ഷണത്തിനോ വിശ്രമത്തിനോ സൗകര്യങ്ങളില്ലാതിരുന്ന  കാലത്ത് വെയിലേറ്റു ക്ഷീണിച്ചുനടന്നുവരുന്ന യാത്രക്കാര്‍ക്കു ഭക്ഷണവും വിശ്രമവും ഒരുക്കുന്നത് ദൈവപ്രീതിക്കു കാരണമായ സുകൃതമായിരുന്നു. സഹോദരങ്ങളില്‍, വിശിഷ്യാ, അത്യാവശ്യത്തിലായിരിക്കുന്നവരില്‍ ദൈവത്തെക്കണ്ടു പരിചരിക്കുകവഴി അബ്രാഹം അക്ഷരാര്‍ത്ഥത്തില്‍ ദൈവത്തെത്തന്നെ കണ്ടു. ദൈവഹിതം നിറവേറ്റുമ്പോള്‍ മനുഷ്യനു ദൈവാനുഭവം കരഗതമാകുന്നു. അബ്രാഹത്തിന് ഒരു മകന്‍ ജനിക്കുമെന്നു മുമ്പു ദൈവം നല്‍കിയ വാഗ്ദാനം അതിഥികള്‍ ആവര്‍ത്തിക്കുമ്പോള്‍ അബ്രാഹം അവരില്‍ ദൈവത്തെ കണ്ടു. ലോകത്തിലേക്കുവന്ന രക്ഷകനായ ഈശോ കാലിത്തൊഴുത്തിലാണു ജനിച്ചത്. കാലിത്തൊഴുത്തിന്റെ വെളിച്ചം കാണണമെങ്കില്‍ നമ്മുടെ ഉള്ള് തെളിച്ചമുള്ളതാകണം. അത്യാവശ്യത്തിലായിരിക്കുന്നവനെ സഹായിക്കുന്ന ഹൃദയത്തിനാണ് ആത്മാര്‍ത്ഥമായ ദൈവാരാധന അര്‍പ്പിക്കാനാവുന്നത്. ദൈവാരാധന കര്‍മാനുഷ്ഠാനങ്ങളുടെ കെട്ടുപാടുകളില്‍ കുടുങ്ങാതെ സുകൃതാനുഷ്ഠാനങ്ങളിലേക്കു കടക്കണം. സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന മുറിക്കപ്പെട്ട അപ്പമായ ഈശോ മുറിക്കപ്പെട്ടവരില്‍ തന്റെ സാന്നിധ്യമുറപ്പിക്കുമ്പോള്‍, അബ്രാഹത്തെപ്പോലെ അത്യാവശ്യക്കാരെ പരിചരിക്കുമ്പോള്‍, അത് ദൈവത്തിനു സംപ്രീതമായ ബലിയാകുന്നു. പരി. കുര്‍ബാനയുടെ ആഘോഷംവഴി ദൈവത്തിനു സംപ്രീതമായവ തിരിച്ചറിയാനും അവ അനുവര്‍ത്തിക്കാനുമുള്ള കൃപാവരത്തിനു നാം യോഗ്യരാകുന്നു.
രണ്ടാം വായന ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നാണ്. ജെസ്സെയുടെ കുറ്റിയില്‍നിന്നു കിളിര്‍ത്തുവരുന്ന മുള സമസ്തജനപദങ്ങള്‍ക്കും രക്ഷയൊരുക്കുമെന്നുള്ളതു പ്രവചനങ്ങളുടെ സാക്ഷാത്കാരമാണ്. ഈശോമിശിഹായില്‍ ഇത് സമ്പൂര്‍ണമാകുന്നു. എല്ലാ ഭാവാത്മകമൂല്യങ്ങളും നിറഞ്ഞുനില്‍ക്കുന്ന ജീവിതമേഖലയാണു തുറക്കപ്പെടുന്നത്. ആദിമാതാപിതാക്കളുടെ പാപംമൂലം പ്രകൃതിയില്‍ സംഭവിച്ച അനൈക്യവും സംഘര്‍ഷങ്ങളുമെല്ലാം മിശിഹായുടെ പരിത്രാണകര്‍മങ്ങളുടെ ഫലമായി ലഭിച്ച അനുരഞ്ജനത്തിലൂടെ പരിണാമത്തിനു വിധേയമായി. ആദിപാപത്തിനുമുമ്പു പ്രകൃതിയിലുണ്ടായിരുന്ന അവസ്ഥയുടെ പുനഃപ്രതിഷ്ഠ സാധ്യമാകുന്നു. ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കുമെന്ന വിവരണം ഈ പുതിയ വ്യവസ്ഥയുടെ പ്രതിഫലനമാണ്. രക്ഷയുടെ സുവിശേഷം എല്ലാവരും എല്ലായിടത്തും സ്വീകരിക്കുമ്പോള്‍ ഈ അനുരഞ്ജനം അനുഭവവേദ്യമാകും. മിശിഹായില്‍ എല്ലാവരും ഒന്നിക്കപ്പെടും.  വിപരീതവും വിരുദ്ധവുമായവ അനുരഞ്ജനത്തിലൂടെ സുവിശേഷത്തിന്റെ ശക്തിയാല്‍ പൂര്‍ണമായും മിശിഹായില്‍ സാഹോദര്യത്തിന്റെ ഐക്യം നേടുന്നു. ഈ അനുരഞ്ജനം പൂര്‍ണത പ്രാപിക്കുന്നത് മിശിഹായുടെ പ്രത്യാഗമനത്തിലാണ്. പരി. കുര്‍ബാനയില്‍ ഈ അനുരഞ്ജനത്തിന്റെ മുന്നാസ്വാദനം ഭൂമിയില്‍ നാം അനുഭവിക്കുന്നു.
ജനതകള്‍ക്കു കര്‍ത്താവിലുള്ള പ്രത്യാശയാണ് റോമാ ലേഖനം മൂന്നാം വായനയിലൂടെ വ്യക്തമാക്കിത്തരുന്നത്. ഈശോമിശിഹായില്‍ വിശ്വസിക്കുന്നവര്‍ ഒറ്റസമൂഹമാണ്. അവര്‍ക്കിടയില്‍ സ്വജാതീയ-വിജാതീയ വേര്‍തിരിവോ വ്യത്യാസങ്ങളോ ഇല്ല. ആരും മാറ്റിനിര്‍ത്തപ്പെടാനിടയാകാത്തവിധം മിശിഹായിലുള്ള വിശ്വാസം മനുഷ്യനെ ഐക്യപ്പെടുത്തുന്നു. എല്ലാവരും മിശിഹായുടെ സുവിശേഷത്തിന്റെ കണ്ണികളാല്‍ പരസ്പരം കോര്‍ത്തിണക്കപ്പെടുന്നു. മിശിഹായുടെ വാഴ്ചയില്‍ ഭൂമിയില്‍ സാക്ഷാത്തായ സമാധാനവും സന്തോഷവും ക്ഷേമവും ലഭ്യമാക്കപ്പെടും. സ്രഷ്ടാവായ ദൈവത്തിനു പരമപ്രാധാന്യം കൊടുക്കുകയും അവിടുത്തെ സന്നിധിയില്‍ വിശ്വസ്തരായിരിക്കുകയുമാണ് ദൈവൈക്യത്തിനുള്ള മാര്‍ഗം. സൃഷ്ടിയായത് സ്രഷ്ടാവിനെ ആരാധിക്കുകയും സര്‍വവതും അവിടുത്തേക്കു കീഴ്‌പ്പെടുകയുംവഴി മനുഷ്യന്‍ സ്വാര്‍ത്ഥമായവയില്‍നിന്നു പുറത്തുകടന്ന് ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കു പ്രവേശിക്കും. ദൈവമക്കളുടെ ഈ കൂട്ടായ്മയുടെ ആനന്ദമാണ് ദൈവാരാധനയിലൂടെ മനുഷ്യന്‍ അനുഭവിക്കുന്നത്.
വി. മത്തായിയുടെ സുവിശേഷത്തില്‍ ജ്ഞാനികളുടെ സന്ദര്‍ശനമാണു വിവരിക്കുന്നത്. പൗരസ്ത്യരായ ജ്ഞാനികള്‍ ലോകരക്ഷകനെക്കണ്ട് ആരാധിക്കാന്‍ പുറപ്പെടുകയായിരുന്നു. ആകാശത്തിലെ നക്ഷത്രമാണ് അവര്‍ക്കു വെളിപാടു നല്‍കിയത്. ജ്ഞാനികള്‍ രാജാവായ ഹേറോദേസിന്റെ കൊട്ടാരത്തിലെത്തി രക്ഷകനെപ്പറ്റിയുള്ള എന്തെങ്കിലും അറിവു ലഭിക്കുമോയെന്ന്  ആരാഞ്ഞു.  എന്നാല്‍, രക്ഷകനെപ്പറ്റിയുള്ള ഒരു ജ്ഞാനവും നല്‍കാനാവാത്തവിധം ഹേറോദേസ് അജ്ഞാനിയായി. ലോകത്തിന്റെ രാജാവിനു വിണ്ണിന്റെ രാജാവിനെപ്പറ്റി യാതൊരു അറിവും ഉണ്ടായില്ല എന്നുള്ളത് അതിശയകരമല്ലെങ്കിലും ദൈവികതയില്ലാത്ത രാജത്വം അപകടകരവും അപക്വവുമാണെന്ന് ഹേറോദേസിന്റെ തുടര്‍നടപടികള്‍ തെളിയിച്ചു.
പൗരസ്ത്യജ്ഞാനികള്‍ രക്ഷകനെക്കണ്ട് ആരാധിച്ചു തിരിച്ചുപോയത് പുതിയ പാതയിലൂടെയാണ്. ഹേറോദേസിന്റെ കൊട്ടാരം ഒഴിവാക്കിയുള്ള സഞ്ചാരമായിരുന്നു അവരുടേത്.  ഭൂമിയിലെ യാത്രയില്‍ ഒഴിവാക്കപ്പെടേണ്ട ചില ഇടങ്ങള്‍ ഉണ്ടെന്നു ജ്ഞാനികള്‍ പഠിപ്പിക്കുന്നു. അതു മൃത്യുവിന്റെയും പാപത്തിന്റെയും ഇടങ്ങളാണ്. രക്ഷകനെക്കണ്ട് കാഴ്ചയര്‍പ്പിക്കുന്ന ജ്ഞാനികള്‍ അവിടുത്തെ ദൈവത്വം ഏറ്റുപറയുകയും അംഗീകരിക്കുകയുമാണു ചെയ്തത്. ഈശോമിശിഹാ കര്‍ത്താവാണെന്നു ഹൃദയംകൊണ്ടു വിശ്വസിക്കുകയും അധരംകൊണ്ട് ഏറ്റുപറയുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ ആരാധകര്‍. ഹൃദയപരമാര്‍ത്ഥതയോടെ ലോകരക്ഷകനെ അന്വേഷിച്ച ജ്ഞാനികള്‍ക്ക് ആരാധനയിലൂടെ ജീവനിലേക്കുള്ള വഴിയറിയാനും അനുഭവിക്കാനും സാധിച്ചു.

 

Login log record inserted successfully!