•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

സത്യദൈവമായ ഈശോമിശിഹാ

ജനുവരി 9   ദനഹാക്കാലം  രണ്ടാം ഞായര്‍
പുറ 3: 9-16   പ്രഭാ 18: 1 -14
വെളി  1: 4-8   വി.യോഹ 8: 21-30

പൂര്‍ണമായും ഉപാധികളില്ലാതെയും ''ആയിരിക്കുന്നുവനു''മായ ദൈവത്തെയാണ് ഇസ്രായേല്‍ജനം തങ്ങളുടെ സ്രഷ്ടാവും ദൈവവുമായി അംഗീകരിക്കുന്നതും ഏറ്റുപറയുന്നതും. മഹനീയമായ ആ നാമത്തെ ഉച്ചരിക്കുന്നതുപോലും അവരില്‍ ഭയമുളവാക്കിയിരുന്നു എന്നത് ദൈവത്തിന്റെ ഔന്നത്യത്തെ ജനം എങ്ങനെയാണ് ഉള്‍ക്കൊണ്ടിരുന്നത് എന്നതു വെളിവാക്കുന്നു.

ര്‍ത്താവായ ഈശോമിശിഹായുടെ മാമ്മോദീസയെ പ്രത്യേകമായി അനുസ്മരിക്കുന്ന ദനഹാക്കാലത്താണ് നാമിപ്പോള്‍. ''ദനഹാ'' എന്ന സുറിയാനിവാക്കിന് ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്‌കാരം, വെളിപാട് എന്നിങ്ങനെയാണ് അര്‍ത്ഥങ്ങള്‍. മിശിഹായെക്കുറിച്ചുള്ള പിതാവിന്റെയും പരിശുദ്ധാത്മാവിന്റെയും സാക്ഷ്യപ്പെടുത്തലും ഈശോയുടെ പരസ്യജീവിതത്തിന്റെ  ആരംഭവും ഈ കാലത്തില്‍ നാം പ്രത്യേകമായി അനുസ്മരിക്കുന്നു. ഈശോയുടെ മാമ്മോദീസായില്‍ പരിശുദ്ധ ത്രിത്വരഹസ്യം വെളിപ്പെടുത്തപ്പെട്ടു എന്ന് ഈ കാലം നമ്മെ ഓര്‍മിപ്പിക്കുന്നു.
ദൈവത്തിന്റെ പേരെന്താണെന്ന മോശയുടെ ചോദ്യത്തിനുള്ള അവിടുത്തെ മറുപടിയും ആ പേരിനോട് ഈശോ എങ്ങനെ തന്നെത്തന്നെ ചേര്‍ത്തുവയ്ക്കുന്നു എന്നതുമാണ് ഇന്നത്തെ വായനകളുടെ കാതല്‍. ഇസ്രായേല്‍മക്കളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരാന്‍ മോശയെ ദൈവം നിയമിക്കുന്നതാണ് ഒന്നാം വായനയുടെ ഉള്ളടക്കം (പുറ. 3:9-16). രണ്ടു ചോദ്യങ്ങളാണ് മോശ ചോദിക്കുന്നത്: അവിടുത്തെ നാമം എന്താണ്? ഈജിപ്തുകാര്‍ ആ നാമം ചോദിച്ചാല്‍ താന്‍ എങ്ങനെയാണു സംസാരിക്കേണ്ടത്? രണ്ടു ചോദ്യത്തിനും ദൈവം വ്യക്തമായ ഉത്തരം നല്കുന്നുണ്ട്.
സകല സൃഷ്ടികളുടെയും നാഥനും എല്ലാ ജ്ഞാനത്തിന്റെയും ഉറവിടവുമായ ദൈവം ഏതു നാമം സ്വീകരിച്ചാലും  അതു പരിമിതപ്പെടുത്തല്‍ (Limitation)  ആകും. അതുകൊണ്ട് ദൈവം തന്റെ സ്വഭാവത്തെ/പ്രകൃതിയെയാണു തന്റെ പേരായിപ്പറയുന്നത്. 'ഞാന്‍ ഞാന്‍തന്നെ' (I AM WHO AM) (പുറ. 3:14 മ). താന്‍ ആരാണെന്ന് ഈജിപ്തുകാര്‍ ചോദിക്കുമ്പോള്‍ പറയേണ്ട മറുപടി ഇപ്രകാരമെന്നു ദൈവം പറയുന്നു: ''ഞാന്‍ ആകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു'' (I Am has sent me to you)  (പുറ. 3:14യ). 'ഞാന്‍ ആകുന്നവന്‍' (I AM) എന്നതില്‍നിന്നാകണം ദൈവത്തിന്റെ നാമം  എന്നറിയപ്പെടുന്ന യാഹ്‌വെ (YHWH) എന്ന പദപ്രയോഗം ഉരുത്തിരിഞ്ഞതെന്ന് ബൈബിള്‍പണ്ഡിതന്മാര്‍ കരുതുന്നു.
എല്ലാറ്റിന്റെയും കാരണക്കാരനായിരിക്കുന്നവനെ സൂചിപ്പിക്കാനായിരിക്കണം ഈ പദം (YHWH) ഉപയോഗിക്കപ്പെട്ടത്  ( to be ). ആയിരിക്കാന്‍ കാരണമാവുക (cause to be), സൃഷ്ടിക്കുക (create) തുടങ്ങിയ അര്‍ത്ഥങ്ങള്‍ ഈ പദത്തിനു ലഭിക്കുന്നുണ്ട്. ''(സ്വര്‍ഗീയ സൈന്യത്തെ) സൃഷ്ടിക്കുന്ന (ദൈവം)'' എന്ന വാചകപ്രയോഗത്തിന്റെ ചുരുക്കരൂപമാണ് ഇതെന്നും  (YHWH) പണ്ഡിതമതം പറയുന്നു. ഏതര്‍ത്ഥത്തിലായാലും വളരെ സ്പഷ്ടമായി ദൈവത്തിന്റെ സ്രഷ്ടാവിനടുത്ത സ്വഭാവത്തെ 'I AM' എന്നുള്ള നാമം സൂചിപ്പിക്കുന്നു. ഇസ്രായേല്‍ ജനം ദൈവത്തിന്റെ മഹനീയവും ഭയഭക്തിജനകവുമായ നാമത്തെ (YHWH) ഇതേ പദപ്രയോഗത്താല്‍ ഉപയോഗിച്ചിരുന്നില്ല. ബാബിലോണിയായിലെ അടിമത്തത്തിനുശേഷം (BC 6th Cent.) ഹീബ്രുവിലെ എലോഹിം (Elohim)  ധദൈവം (God ) എന്ന പദം YHWH  ന് പകരമായി ജനം ഉപയോഗിക്കാന്‍ തുടങ്ങി. ഇസ്രായേലിന്റെ ദൈവത്തിന്റെ സാര്‍വത്രികമായ പരമാധികാരം സൂചിപ്പിക്കുന്നതിനുവേണ്ടിയും ഈ പദം അവര്‍ ഉപയോഗിച്ചിരുന്നു. സിനഗോഗിലെ ആരാധനാസമയങ്ങളില്‍ അവര്‍ ഉപയോഗിച്ചിരുന്നത് അദൊണായ് Adonai - Lord -   കര്‍ത്താവ്) എന്ന പദമാണ്. ആംഗലേയ-മലയാളം ബൈബിളുകളില്‍ YHWH (യാഹ്‌വെ) എന്ന പദം ഉപയോഗിക്കേണ്ട സ്ഥാനത്തെല്ലാം 'കര്‍ത്താവ്' എന്ന ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. കര്‍ത്താവ് (Lord) എന്ന് ആംഗലേയ - മലയാളം പഴയനിയമത്തില്‍ കാണുമ്പോളെല്ലാം, അത് 'ഞാന്‍ ആകുന്നു' (I AM)  എന്നതില്‍നിന്ന് രൂപപ്പെടുത്തിയെടുത്ത ഒരു പ്രത്യേകനാമം Proper Name   ജോസഫ്, മേരി എന്നപോലെ) ആണെന്നും, ദൈവം ഉപാധികളില്ലാതെ 'ആയിരിക്കുന്നവ'നാണെന്നാണ് അതിന്റെ അര്‍ത്ഥമെന്നും എല്ലാവരും ഗ്രഹിക്കണം. പുറപ്പാടിന്റെ പുസ്തകം 3:15 ല്‍ത്തന്നെ ഈ വ്യത്യാസം കാണാനാകും. 'നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ്' എന്നാണ് അവിടെ കാണപ്പെടുന്നത്. ദൈവം തന്റെ നാമമായി ഈ പദപ്രയോഗത്തെ (I AM - YAWH)വീണ്ടും ആവര്‍ത്തിക്കുന്നു. എല്ലാക്കാലത്തും സര്‍വപുരുഷാന്തരങ്ങളിലും അറിയപ്പെടേണ്ട ദൈവത്തിന്റെ നാമം ഇതാണെന്ന് അവിടുന്ന് ഉറപ്പിക്കുന്നതായി വചനഭാഗത്ത് നമുക്കു വായിക്കാനാവും.
പൂര്‍ണമായും ഉപാധികളില്ലാതെയും 'ആയിരിക്കുന്നുവനു'മായ ദൈവത്തെയാണ് ഇസ്രായേല്‍ ജനം തങ്ങളുടെ സ്രഷ്ടാവും ദൈവവുമായി അംഗീകരിക്കുന്നതും ഏറ്റുപറയുന്നതും. മഹനീയമായ ആ നാമത്തെ ഉച്ചരിക്കുന്നതുപോലും അവരില്‍ ഭയമുളവാക്കിയിരുന്നു എന്നത് ദൈവത്തിന്റെ ഔന്നത്യത്തെ ജനം എങ്ങനെയാണ് ഉള്‍ക്കൊണ്ടിരുന്നത് എന്നതു വെളിവാക്കുന്നു.
ദൈവത്തിന്റെ പ്രകൃതിയെയും സ്വഭാവത്തെയുമാണ് അവിടുത്തെ നാമം വെളിവാക്കുന്നത്. അവിടുത്തെ വിശ്വസ്തതയെയും വാഗ്ദാനങ്ങളെയും നിരന്തരം ആ നാമം ഓര്‍മിപ്പിക്കുന്നു. തന്റെ ജനത്തെ ഉടമ്പടിയോടു ചേര്‍ത്തുനിര്‍ത്താനും അവരുടെകൂടെ സദാസമയം രക്ഷകനും സഹായകനുമായി നില്‍ക്കാനുമുള്ള ദൈവത്തിന്റെ മനസ്സിനെ ഈ നാമം സൂചിപ്പിക്കുന്നു. (YHWH)) യാഹ്‌വെ എന്നതില്‍നിന്ന് ഉദ്ഭവിച്ച ജോഷ്വ, ഈശോ എന്നീ നാമങ്ങളുടെ അര്‍ത്ഥവും 'കര്‍ത്താവു രക്ഷിക്കുന്നു' എന്നുതന്നെയാണ്. സ്വയംഭൂവായ, നിത്യനായ ദൈവം എന്നതിനെയും (YHWH) പ്രതിനിധാനം ചെയ്യുന്നു.
പ്രഭാഷകന്റെ പുസ്തകത്തില്‍നിന്നുള്ള രണ്ടാം വായനയും നിത്യനായ കര്‍ത്താവിന്റെ (Lord YHWH)) സ്വഭാവത്തെക്കുറിച്ചുള്ള വിവരണമാണ് (പ്രഭാ. 18:1-14). 'എന്നേക്കും ജീവിക്കുന്നവന്‍ പ്രപഞ്ചം സൃഷ്ടിച്ചു' (18,1). കര്‍ത്താവ് നീതിമാനും (18:2), മഹത്തായ പ്രവൃത്തികള്‍ ചെയ്യുന്നവനും (18:4), കാരുണ്യവാനും (18:5), അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനും (18:6), നിത്യനും (18:10), ക്ഷമാശീലനും (18:11) ആര്‍ദ്രതയുള്ളവനും (18:13) ശാസിക്കുന്നവനും ശിക്ഷണവും പ്രബോധനവും നല്കുന്നവും ഇടയനുമാണെന്നു പ്രഭാഷകന്‍ ഓര്‍മിപ്പിക്കുന്നു.
വെളിപാടിന്റെ പുസ്തകത്തില്‍നിന്നുള്ള വായനയിലാകട്ടെ (വെളി. 1:4-8) 'ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമായവനില്‍നിന്നും... വിശ്വസ്തസാക്ഷിയും മൃതരില്‍നിന്നുള്ള ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാരുടെ അധിപതിയുമായ ഈശോമിശിഹായില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും (1:4-5) എന്നു പറഞ്ഞുകൊണ്ട്, 'ഞാന്‍ ആകുന്നു'I A M - YHWH - LORD)  എന്ന കര്‍ത്താവുമായി തുല്യമായ ബന്ധമുള്ള ഒരാളായി ഈശോമിശിഹായെ അവതരിപ്പിക്കുന്നു. ഈശോ ചെയ്ത പ്രവൃത്തികള്‍ എല്ലാം കര്‍ത്താവിന്റെ (ആയിരിക്കുന്നവന്റെ) സ്വഭാവത്തില്‍പ്പെടുന്ന പ്രവൃത്തികളാണെന്നു വെളിപാടുപുസ്തകം സാക്ഷ്യപ്പെടുത്തുന്നു (1:6).
യഹൂദരോടു സംസാരിക്കുമ്പോള്‍ അവര്‍ വിശ്വസിക്കാതിരിക്കയാല്‍ ഈശോ തന്റെ സ്വഭാവത്തെ ദൈവത്തിന്റെ സ്വഭാവവുമായി ചേര്‍ത്തുവയ്ക്കുന്നു (യോഹ. 8:21-30). ''എന്തെന്നാല്‍, ഞാന്‍ ആകുന്നു എന്നു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും'' (8:24യ). മോശ ദൈവത്തോടു ചോദിച്ച ചോദ്യം യഹൂദര്‍ ഈശോയോട് ആവര്‍ത്തിക്കുകയാണ്. 'നീ ആരാണ്?' (8:25). ഈശോ 'താന്‍  ആയിരിക്കുന്നവന്‍' ആണെന്ന് അവരെ വീണ്ടും ഓര്‍മിപ്പിക്കുന്നു (8:28).
ദൈവമായ ഈശോ എന്ന വെളിപ്പെടുത്തലിലേക്കു വിശ്വാസികളുടെ ശ്രദ്ധയെ ക്ഷണിക്കുന്ന ആഴമുള്ള വചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായ ഈശോയെ സകലത്തിന്റെ നാഥനായ ദൈവമായി ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യാം.

 

Login log record inserted successfully!