•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

നിയമത്തിന്റെ പൂര്‍ത്തീകരണം

ജനുവരി 30    ദനഹാക്കാലം  അഞ്ചാം ഞായര്‍
പുറ 20: 1-17  എസെ 11: 14-21
കൊളോ 3: 5-14   വി. മത്താ 5: 17-26

ദൈവത്തിന്റെ സ്വത്ത് ദൈവംതന്നെയാണ്. ദൈവികജീവന്‍, നിത്യജീവന്‍, സ്വര്‍ഗീയജീവിതം എന്നതെല്ലാം ദൈവത്തെത്തന്നെ സൂചിപ്പിക്കുന്നു. 'സ്വര്‍ഗരാജ്യത്തില്‍ നിത്യജീവന്‍' ഉറപ്പുതരുന്ന ഈശോ ദൈവത്തിലുള്ള ജീവിതമാണ് ഉറപ്പുതരുന്നത്. നിത്യം ജീവിക്കുന്നവന്‍ ദൈവമാണ്. ആ ദൈവത്തെ സ്വന്തമാക്കുന്നവന്‍ ദൈവമാകുന്ന പിതൃസ്വത്ത് അനുഭവിക്കുകയാണ്.

നുഷ്യന്റെ സ്വച്ഛവും സ്വതന്ത്രവുമായ ജീവിതത്തിനുവേണ്ടി സമൂഹംതന്നെ ക്രോഡീകരിച്ചിരിക്കുന്ന വ്യവസ്ഥകളാണു നിയമങ്ങള്‍. ചില കാര്യങ്ങള്‍ ചെയ്യണം, മറ്റുചിലത് ചെയ്യരുത് എന്നു നിയമം നിഷ്‌കര്‍ഷിക്കുന്നു. മനുഷ്യസ്വാതന്ത്ര്യത്തെ നിയമങ്ങള്‍ പരിമിതപ്പെടുത്തുന്നുവെന്ന ചിന്ത പൊതുവേയുണ്ട്. അതിനാല്‍, നിയമം എന്നത് എന്തെങ്കിലും ഉപകാരമുള്ള കാര്യമായി പലരും കരുതുന്നില്ല; മറിച്ച്, നിഷേധാത്മകമായി ചിന്തിക്കുന്ന വ്യവസ്ഥകളായി നിയമങ്ങളെ കാണുന്നവര്‍ നിരവധിയാണ്.
നിയമങ്ങള്‍ സമൂഹത്തിന്റെ സുസ്ഥിരവളര്‍ച്ചയ്ക്കും എല്ലാവരുടെയും തുല്യമായ സന്തോഷം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്നവയാണ് എന്ന ചിന്ത ഉണ്ടായാല്‍ മാത്രമേ അത് അനുസരിക്കുന്നതിനും അതില്‍നിന്നുണ്ടാകുന്ന ക്രമത്തെ (order) ആസ്വദിക്കുന്നതിനും കഴിയൂ. ചിലര്‍ക്കുവേണ്ടി നിയമങ്ങള്‍ ഒഴിവാക്കപ്പെടുമ്പോള്‍, ചിലര്‍ നിയമം മറികടക്കുമ്പോള്‍ ഉണ്ടാകുന്ന ക്രമരാഹിത്യം (disorder) സമൂഹജീവിതത്തിന്റെ സന്തോഷത്തെയും സമാധാനത്തെയും കെടുത്തിക്കളയുന്നതു നാം കാണാറുണ്ട്.
ഈശോമിശിഹായാകുന്ന നിയമത്തെക്കുറിച്ചാണ് ഇന്നത്തെ വായനകള്‍ നമ്മോടു സംസാരിക്കുന്നത്.
വി. ഗ്രന്ഥത്തിലെ രണ്ടു ഭാഗങ്ങളുടെ തലക്കെട്ടുകളായി മലയാളപരിഭാഷയില്‍ ഉപയോഗിക്കുന്നത് ''പഴയനിയമം'', ''പുതിയ നിയമം'' എന്നാണ്. എന്നാല്‍, വി. ഗ്രന്ഥത്തിലെ രണ്ടു ഭാഗങ്ങളെയും സൂചിപ്പിക്കാന്‍ ഹീബ്രുവില്‍ ഉപയോഗിക്കുന്ന പദം ''beriyth'' എന്നതാണ്. ഉടമ്പടി//covenent എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. അങ്ങനെയാണെങ്കില്‍ മലയാളതര്‍ജമ 'പഴയ ഉടമ്പടി', 'പുതിയ ഉടമ്പടി'  എന്നിങ്ങനെ വരണമായിരുന്നു. എന്നാല്‍, വി. ഗ്രന്ഥത്തിന്റെ ഗ്രീക്കു തര്‍ജ്ജമയില്‍ (LXX - Septuagint) ‘beriyth’ എന്നതിന് ‘diatheke' ' എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്രീക്കു-റോമന്‍ നിയമസംഹിതയില്‍ പാരമ്പര്യസ്വത്തിന്റെ തീര്‍പ്പാക്കലിനെ സംബന്ധിച്ചു നിയമങ്ങളെ (വില്‍പ്പത്രം / last will   - മരണപത്രിക/testament) ‘diatheke’    സൂചിപ്പിക്കുന്നു. '‘beriyth’' / ഉടമ്പടിയുടെ ഉള്ളടക്കം നിയമങ്ങള്‍ ആയതിനാലാകണം ഗ്രീക്കുപരിഭാഷകര്‍ നിയമവുമായി ബന്ധപ്പെട്ട തലക്കെട്ട് വി. ഗ്രന്ഥത്തിലെ രണ്ടു ഭാഗങ്ങള്‍ക്കു നല്കിയത്. അത് ഇംഗ്ലീഷിലേക്കു തര്‍ജമ ചെയ്തപ്പോഴും New Testament / old Testament എന്ന തലക്കെട്ടുകള്‍ നിലനിര്‍ത്തിയിരുന്നു. പക്ഷേ, മലയാളത്തില്‍ 'പഴയ നിയമം', 'പുതിയ നിയമം' എന്നുമായി. 'പഴയ ഉടമ്പടി' , 'പുതിയ ഉടമ്പടി' എന്നത് വി. ഗ്രന്ഥത്തിന്റെ ആത്യന്തികലക്ഷ്യത്തെ കൃത്യമായി സൂചിപ്പിക്കുന്നുണ്ട്.
തന്റെ സ്വയംദാനമായ കൃപപ്രകാരം, വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണമായി ദൈവം മനുഷ്യനു കൊടുക്കുന്ന രക്ഷയെ ദൈവത്തിന്റെ വില്‍പ്പത്രം (last will / Testament) ആയി കരുതണം. ഈ രക്ഷയും അതിന്റെ തുടക്കവും അതു കടന്നുപോകുന്ന വഴികളും വളരെ കൃത്യമായി ദൈവം ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ്. ഈ ആസൂത്രണത്തിന്റെ തുടക്കമാണ് 'പഴയ ഉടമ്പടി.' ദൈവം അബ്രാഹവുമായി നടത്തുന്ന ഉടമ്പടിയാണ് ഈ പഴയ ഉടമ്പടിയുടെ കാതല്‍. പൂര്‍വപിതാക്കന്മാരുമായി ഈ ഉടമ്പടിയെ ദൈവം കാലാകാലങ്ങളില്‍ പുതുക്കുകയും ഓര്‍മിക്കുകയും ചെയ്യുന്നുണ്ട്.
പഴയ ഉടമ്പടിയുടെ പ്രധാന ഭാഗം നിയമങ്ങളായിരുന്നു. ഉടമ്പടി നടപ്പാക്കണമെങ്കില്‍ ആ ഉടമ്പടിയെ യാഥാര്‍ത്ഥ്യമാക്കുന്ന വ്യവസ്ഥകളാവശ്യമാണ്. ഈ വ്യവസ്ഥകളാണു നിയമങ്ങള്‍.
അബ്രാഹവുമായി ഉടമ്പടിയില്‍ ഏര്‍പ്പെടുന്നതിനുമുമ്പ് ദൈവം മനുഷ്യവര്‍ഗത്തോട് ആദിമാതാപിതാക്കളിലൂടെ ഒരു ഉടമ്പടി ചെയ്തിരുന്നു. ആ ഉടമ്പടിയിലെ വ്യവസ്ഥകള്‍ അവര്‍ ലംഘിച്ചതുകൊണ്ട് (ഉത്പ. 3, 1-13) ദൈവം അബ്രാഹവുമായി പുതിയ അതിശക്തമായ ഒരുമ്പടി സ്ഥാപിക്കുന്നു. അതിലെ വ്യവസ്ഥകളും ശക്തമാണ് (ഒന്നാം വായന പുറ. 20:1-17). ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട, കൃപനിറഞ്ഞ മനുഷ്യര്‍ക്കു ദൈവവുമായുള്ള ഉടമ്പടിയില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയാതിരുന്നതിനാല്‍ കൃപ നഷ്ടമാകുന്നു. പിന്നീട് ആ കൃപയിലേക്കു തിരിച്ചു പ്രവേശിക്കണമെങ്കില്‍ ദൈവം തന്നെ സഹായിക്കണം. അതുകൊണ്ട്, പുതിയ ഉടമ്പടി, ഏകപക്ഷീയമായിരുന്നു. ദൈവം സ്വയേച്ഛപ്രകാരം അബ്രാഹത്തെ വിളിച്ച് ഉടമ്പടിയുണ്ടാക്കി, അബ്രാഹത്തില്‍നിന്നു ജന്മംകൊണ്ട ജനത്തിന് ആ ഉടമ്പടിയുടെ ഫലം ലഭിക്കാന്‍ ആവശ്യമായ വ്യവസ്ഥകള്‍ നല്‍കുന്നു. ദൈവത്തിന്റെ കൃപയാണ് ഈ ഉടമ്പടിയുടെ ഉറപ്പ്. മനുഷ്യന്റെ ദൈവത്തിലുള്ള വിശ്വാസമാണ് ഈ ഉടമ്പടിയെ വിജയത്തിലെത്തിക്കുന്നത്.
പുറപ്പാടിന്റെ പുസ്തകത്തില്‍നിന്നുള്ള ഒന്നാം വായന ഉടമ്പടിയെ  വിജയത്തിലെത്തിക്കാനാവശ്യമായ വ്യവസ്ഥകളെ ക്കുറിച്ചാണു സംസാരിക്കുന്നത്. ഉടമ്പടി വാഗ്ദാനം ചെയ്യുന്ന ദൈവത്തിന്റെ സ്വത്ത് സ്വന്തമാക്കുന്നതിന് അവിടത്തെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട  മക്കള്‍ പാലിക്കേണ്ട പത്തു വ്യവസ്ഥകള്‍/ കല്പനകളാണിവ. അപ്പോള്‍ ദൈവത്തിന്റെ സ്വത്ത് എന്താണെന്ന സ്വാഭാവികമായ ചോദ്യമുയര്‍ന്നുവരും. ദൈവത്തിന്റെ സ്വത്ത് ദൈവംതന്നെയാണ്. ദൈവികജീവന്‍, നിത്യജീവന്‍, സ്വര്‍ഗീയജീവിതം എന്നതെല്ലാം ദൈവത്തെത്തന്നെ സൂചിപ്പിക്കുന്നു. 'സ്വര്‍ഗരാജ്യത്തില്‍ നിത്യജീവന്‍' ഉറപ്പുതരുന്ന ഈശോ ദൈവത്തിലുള്ള ജീവിതമാണ് ഉറപ്പുതരുന്നത്. നിത്യം ജീവിക്കുന്നവന്‍ ദൈവമാണ്. ആ ദൈവത്തെ സ്വന്തമാക്കുന്നവന്‍ ദൈവമാകുന്ന പിതൃസ്വത്ത് അനുഭവിക്കുകയാണ്.
ഉടമ്പടിയെ പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള വ്യവസ്ഥകളെല്ലാം ജീവനിലേക്കുള്ള മാര്‍ഗദര്‍ശികളാണ്. അതുകൊണ്ടാണ് നിയമാവര്‍ത്തനപ്പുസ്തകം ഇപ്രകാരം പറയുന്നത്: ''നിങ്ങള്‍ ജീവിച്ചിരിക്കാനും നിനക്കു നന്മയുണ്ടാകാനും... വേണ്ടി നിങ്ങളുടെ ദൈവമായ കര്‍ത്താവ് കല്പിച്ചിട്ടുള്ള മാര്‍ഗത്തിലൂടെ ചരിക്കണം'' (നിയമ. 5:33).
പഴയ ഉടമ്പടിയുടെ നിയമപുസ്തകത്തില്‍ത്തന്നെ ദൈവത്തിന്റെ ഉടമ്പടിയില്‍ നല്കപ്പെടുന്ന കല്പനകളെ ദൈവവചനമായിത്തന്നെ കാണുന്ന പ്രത്യേകതയുമുണ്ട്. ''വചനം നിനക്കു സമീപസ്ഥമാണ്; അതു നിന്റെ അധരത്തിലും ഹൃദയത്തിലുമുണ്ട്. അതു പ്രാവര്‍ത്തികമാക്കാന്‍ നിനക്കു കഴിയും'' (നിയമ. 30:14). ''ആകയാല്‍, എന്റെ ഈ വചനം ഹൃദയത്തിലും മനസ്സിലും സൂക്ഷിക്കുവിന്‍'' (നിയമ. 11:18). ''അവിടുത്തെ വചനം ശ്രദ്ധിച്ചാല്‍ അവിടന്ന് ഈ അനുഗ്രഹങ്ങളെല്ലാം നിന്റെമേല്‍ ചൊരിയും'' (നിയമ. 28:2).
വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. ഈശോമിശിഹാ നിയമത്തിന്റെ പൂര്‍ത്തീകരണംതന്നെയാകുന്നു (മത്താ. 5:17). കാരണം, നിയമാനുഷ്ഠാനത്തിന്റെ /വചനാനുഷ്ഠാനത്തിന്റെ കഠിനതയെ (മത്താ. 5:20) എടുത്തുമാറ്റി വചനത്തിന്റെ ആന്തരികാര്‍ത്ഥത്തെ ഉള്‍ക്കൊള്ളുന്ന പുതിയ മാംസളതയുള്ള ഹൃദയം (എസെക്കി. 11:19; രണ്ടാം വായന) തന്റെ ജനത്തിനു നല്‍കുന്നത് ഈശോമിശിഹായാണ്.
നിയമത്തിന്റെ ആന്തരികാര്‍ത്ഥത്തെ ഉള്‍ക്കൊള്ളുകയെന്നാല്‍ സ്‌നേഹത്തിന്റെ ദ്വിതലപ്രയോഗമാണെന്ന് വി. ഗ്രന്ഥം നമ്മെ ഓര്‍മിപ്പിക്കുന്നു. ''നീ നിന്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുക; നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക'' (മത്താ. 22:37-39). ''സര്‍വോപരി എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്ധിക്കുന്ന സ്‌നേഹം പരിശീലിക്കുവിന്‍'' (കൊളോ. 3:14).
ദൈവത്തെ സംബന്ധിക്കുന്ന വലിയ ഒരു രഹസ്യത്തിലേക്കാണ് ഇന്നത്തെ വചനഭാഗങ്ങള്‍ നമ്മെ നയിക്കുന്നത്. ദൈവം വചനമാണ്, നിയമമാണ്, സ്‌നേഹമാണ്. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ജീവിതം മനുഷ്യനുണ്ടാകും. മാനുഷികനിയമങ്ങളല്ല; മറിച്ച് ദൈവത്തിന്റെ വചനത്തിന്റെ മാനുഷികമായ ഉള്‍ക്കൊള്ളലുകളാണ് തുല്യതയിലേക്കും സന്തോഷകരമായ ജീവിതത്തിലേക്കും മനുഷ്യനെ നയിക്കുന്ന യഥാര്‍ത്ഥനിയമങ്ങള്‍. വചനവും നിയമവും സ്‌നേഹവുമായുള്ള ദൈവത്തെ നാം ഭൂമിയില്‍ ദര്‍ശിച്ചത് ഈശോമിശിഹായിലാണ്. അതുകൊണ്ട്, ഈശോമിശിഹാ നിയമത്തിന്റെ പൂര്‍ത്തീകരണമായി നിത്യജീവനിലേക്കു നമ്മെ ക്ഷണിക്കുന്നു.

 

Login log record inserted successfully!