•  18 Apr 2024
  •  ദീപം 57
  •  നാളം 6
ശ്രേഷ്ഠമലയാളം

പൊങ്കലും പൊങ്കാലയും

ക്ഷിണ തിരുവിതാംകൂറിലെ  ദേവീക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു വഴിപാടാണ് പൊങ്കാല. ആറ്റുകാല്‍ ഭഗവതീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഏറെ പ്രസിദ്ധമാണല്ലോ. മലയാളത്തിലെ നിഘണ്ടുകാരന്മാര്‍ പൊങ്കാല എന്ന വാക്കിന് അര്‍ത്ഥം നല്‍കുന്നുണ്ടെങ്കിലും നിരുക്തി വ്യക്തമാക്കുന്നില്ല. പ്രഭാതത്തില്‍ അരിവച്ച് സൂര്യപൂജ അഥവാ ദേവപൂജ നടത്തലാണ് ശബ്ദതാരാവലികാരനു പൊങ്കാല.  പൊങ്കലും പൊങ്കാലയും ഒന്നെന്ന മട്ടിലാണ് പൊതുവെ നിഘണ്ടുക്കളിലെ പ്രതിപാദനം. എന്നാല്‍, നിഷ്പത്തിപ്രകാരം പൊങ്കലും (പൊങ്ങല്‍) പൊങ്കാലയും ഭിന്നങ്ങളാണ്.
പൊങ്കല്‍ എന്ന പദത്തിന്റെ വാച്യാര്‍ത്ഥം തിളയ്ക്കല്‍ എന്നാണ്. തിളപ്പിച്ചെടുക്കുന്ന നിവേദ്യം എന്ന അര്‍ത്ഥം ലാക്ഷണികമായി വന്നുചേരുന്നു. പൊന്‍+കല്‍, സന്ധിയില്‍ പൊങ്കല്‍ എന്നാകും. വര്‍ത്സ്യ നകാരത്തിന് പരസവര്‍ണ്ണനം വന്ന രൂപമാണ് പൊങ്കല്‍. പൊന്‍+കല്‍ഴപൊങ്+കല്‍ഴപൊങ്കല്‍. കാര്‍ഷികോത്സവമാണ്  തമിഴ്‌നാട്ടുകാര്‍ക്ക്  പൊങ്കല്‍. മകരപ്പൊങ്കല്‍ (തൈെപ്പാങ്കല്‍), മാട്ടുപ്പൊങ്കല്‍ എന്നിവ ഉദാഹരണം. *
പൊങ്കല്‍, പൊങ്കാല എന്നീ പദങ്ങള്‍ക്കു രൂപപരമായിത്തന്നെ വ്യത്യാസമുണ്ട്. പദമധ്യത്തിലെ സ്വരദീര്‍ഘവും പദാന്ത്യത്തിലെ അകാരവുമാണ് തമ്മിലുള്ള ഭേദം. പൊന്‍+കാല, സന്ധിയില്‍ പൊങ്കാലയാകും. പൊങ്കല്‍ എന്ന പദത്തിന്റെ നിരുക്തി ഇവിടെയും അനുവര്‍ത്തിക്കുന്നു. അതായത്, ഉത്തരപദാദിയിലെ കകാരം പൂര്‍വപദാന്ത്യത്തിലെ നകാരത്തെ ങ കാരമാക്കുന്നു. പൂര്‍വ്വസവര്‍ണ്ണനംതന്നെ. പൊന്‍+കാലഴപൊങ്+ കാലഴപൊങ്കാല. മീങ്കാരി (മീന്‍+കാരി), തങ്കാര്യം (തന്‍+കാര്യം) തുടങ്ങിയ രൂപങ്ങള്‍ വാമൊഴിയിലുണ്ടല്ലോ.
പൊന്‍ എന്ന പൂര്‍വ്വപദത്തിന് സ്വര്‍ണം, പ്രകാശം, അഴക്, സൂര്യന്‍ എന്നൊക്കെ അര്‍ത്ഥമുണ്ട്. കാല എന്നാല്‍ പ്രഭാതം. കാലൈ എന്ന തമിഴ്പദത്തിന്റെ രൂപഭേദമാണ് കാല. കാലയ്ക്ക് സമയം, അവസരം, പ്രഭാതം, സൂര്യന്‍ എന്നെല്ലാമാണ് അര്‍ത്ഥം. സംസ്‌കൃതത്തിലെ കാല്യവുമായി കാലയ്ക്ക് ബന്ധമുണ്ടാവാം. അപ്പോള്‍ പൊങ്കാലയ്ക്ക്‌ഴകാഞ്ചനകാല്യം, അഥവാ സുവര്‍ണപ്രഭാതം എന്ന വാച്യം വന്നുചേരുന്നു. ഈശ്വരപ്രീതിക്കുവേണ്ടി സുപ്രഭാതം നേരുന്ന കര്‍മ്മമാണ് പൊങ്കാല. പൊങ്കാലയുമായി ബന്ധപ്പെട്ടാണ് പൊങ്കല്‍ നിവേദ്യം തയ്യാറാക്കുന്നത്. അതാവാം ഒരുപക്ഷേ, പൊങ്കലും  പൊങ്കാലയും ഒന്നെന്നു കരുതാന്‍ കാരണമായത് ** പൊങ്കല്‍ അനുനാസികാതിപ്രസരംമൂലം പൊങ്ങല്‍ ആകുമെങ്കിലും പൊങ്കാല, 'പൊങ്ങാല' എന്നാകുന്നില്ല. ''കല്‍ടാപുകള്‍ക്കില്ലിതത്രേ/അതിപ്രസരമെന്നത'' (കാരിക 24) *** എന്ന കേരളപാണിനീയമതത്തിന്റെ പ്രസക്തി പൂര്‍ണമായി ഇല്ലാതായിട്ടില്ലല്ലോ!
അനുബന്ധം: തൈപ്പൊങ്കല്‍:- ധാന്യവും പാലും പുത്തന്‍കലങ്ങളില്‍ പാകം ചെയ്യുകയും തിളച്ചുപൊങ്ങുമ്പോള്‍ പൊങ്കലോ പൊങ്കല്‍ എന്നു ഗൃഹാംഗങ്ങള്‍ ആര്‍ത്തുവിളിക്കുകയും  ചെയ്യും. ഇതാണ് തൈപ്പൊങ്കല്‍ എന്ന ആഘോഷം.
മാട്ടുപ്പൊങ്കല്‍:- കന്നുകാലികളെ കുളിപ്പിച്ചു മഞ്ഞളും കുങ്കുമവും ദേഹത്തുപുരട്ടി കൊമ്പുകള്‍ക്കു ചായമിട്ട് തെരുവില്‍ക്കൂടി എഴുന്നള്ളിക്കുന്നു. രണ്ടു ദിവസവും മധുരപലഹാരങ്ങളും സദ്യയും പതിവുണ്ട്. കാര്‍ഷികോത്സവമാണ് പൊങ്കലെന്നു പൊതുവെ പറയാം.
* കര്‍ത്താ പി.സി., ആചാരാനുഷ്ഠാനകോശം, ഡി.സി. ബുക്‌സ്, കോട്ടയം, 1998, പുറം -325, 326
** ലത, വി. നായര്‍, പ്രഫ. എന്‍.ആര്‍. ഗോപിനാഥപിള്ളയുടെ കൃതികള്‍ (സമ്പാദനം), വാല്യം ഒന്ന്, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019, പുറം-547.
*** രാജരാജവര്‍മ്മ ഏ.ആര്‍., കേരളപാണിനീയം, എന്‍.ബി.എസ്., കോട്ടയം, 1988, പുറം - 136.

 

Login log record inserted successfully!