•  1 May 2025
  •  ദീപം 58
  •  നാളം 8
ശ്രേഷ്ഠമലയാളം

തയ്യാര്‍

ഭക്ഷണശാലകളുടെ മുമ്പില്‍ ഉച്ചനേരത്ത് ഊണ് തയ്യാര്‍ എന്നെഴുതി വയ്ക്കുന്ന പതിവുണ്ട്. തയ്യാര്‍ ചിലര്‍ക്ക് ''തയാര്‍'' ആണ്. രണ്ടു രൂപവും ശരിയെന്ന് കേരള ഭാഷാനിഘണ്ടുവില്‍ കാണുന്നു* പരസ്യബോര്‍ഡില്‍ ശരി എഴുതിവയ്ക്കണമെന്നുള്ളവര്‍ക്ക് അത് സംശയത്തിനു കാരണമാകാം. പരസ്യബോര്‍ഡുകള്‍ ആളുകളെ എളുപ്പം സ്വാധീനിക്കുമല്ലോ! ഭാഷാജ്ഞാനം കുറഞ്ഞവര്‍ പരസ്യവാചകം തയ്യാറാക്കുമ്പോള്‍ ഇത്തരം എഴുത്തുകള്‍ ശ്രദ്ധിച്ചെന്നും വരാം. അതുകൊണ്ട് പരസ്യപ്പെടുത്തേണ്ട ഏതൊരു കാര്യവും തെറ്റില്ലാതെ എഴുതിവയ്ക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്.
പേര്‍ഷ്യന്‍ഭാഷയില്‍നിന്നു കടമെടുത്ത പദമാണ് തയ്യാര്‍(Tayyar) ഒരുക്കം, സന്നദ്ധം എന്നെല്ലാമാണ് മൂലപദത്തിന്റെ അര്‍ത്ഥം.** തയ്യാര്‍ (readiness) എന്ന പദത്തെ തത്സമമായി സ്വീകരിച്ച സ്ഥിതിക്ക് മൂലരൂപത്തിന്റെ ഉച്ചാരണവും അര്‍ത്ഥവും അങ്ങനെതന്നെ നിലനിര്‍ത്തുന്നതാണ് ഉചിതം. ''തയാര്‍'' എന്ന പദം പ്രചരിച്ചുപോയ രൂപഭേദമേ ആകുന്നുള്ളൂ. 'തെയ്യാര്‍' എന്നൊരു ശബ്ദവും ഉള്ളതായി നിഘണ്ടുക്കളില്‍ കാണുന്നു. പ്രാദേശികഭാഷണഭേദമാവാം.
ഊണ്‍ - ഊണ്; തയ്യാര്‍ - തയ്യാറ്. രണ്ടു ജോടികളും ശരിയാണ്. ''പദാന്തേ വ്യഞ്ജനം വന്നാല്‍/ സംവൃതം ചേര്‍ത്തു ചൊല്ലുക/ ചില്ലുമാത്രം സംവൃതത്തില്‍ സാഹ്യ കൂടാതെയും വരും. (കാരിക 19)*** എന്നാണല്ലോ പ്രമാണവും. തയ്യാറെടുക്കുക (ഒരുങ്ങുക, വട്ടംകൂട്ടുക), തയ്യാറാക്കുക എന്നിവയും യകാരത്തിന്റെ ഇരട്ടിപ്പോടെ വേണം എഴുതാന്‍. 'തയാര്‍', തെയ്യാര്‍' എന്നീ രൂപഭേദങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുന്നതാണ് ഭാഷാ ശുദ്ധിക്കു നല്ലത്.
ഇത്തരം പദങ്ങളുടെ പ്രയോഗശുദ്ധി മനസ്സിലാക്കാന്‍ കവിവചസ്സുകളെ ആശ്രയിക്കാം.
''തയ്യാറായൂണെന്നൊരുക്തിയാല്‍ സ്വാഗതം
ചെയ്യാനേ ശീമോന്‍ മുതിര്‍ന്നതുള്ളൂ''**** (മഗ്ദനലനമറിയം) എന്നിങ്ങനെ തയ്യാര്‍ എന്ന പദം ശരിയായി വള്ളത്തോള്‍ എഴുതിയിട്ടുണ്ട്. ജാത്യാചാരമനുസരിച്ചു യാതൊരു സ്വീകരണമര്യാദയും പ്രദര്‍ശിപ്പിക്കാതെ ഊണു തയ്യാറാണെന്നു മാത്രം പറയാന്‍ മുതിര്‍ന്ന ശീമോന്റെ ഔദ്ധത്യത്തെ കവി ഇവിടെ സുസ്പഷ്ടമാക്കിയിരിക്കുന്നു.
*ഗുപ്തന്‍നായര്‍, എസ്. (ചീഫ് എഡിറ്റര്‍), കേരള ഭാഷാ നിഘണ്ടു, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1997, പുറം - 850
** ജോസഫ് പി.എം., മലയാളഭാഷയിലെ പരകീയപദങ്ങള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1984, പുറം - 301
*** രാജരാജവര്‍മ്മ, കേരളപാണിനീയം, സായാഹ്ന ഫൗണ്ടേഷന്‍, തിരുവനന്തപുരം, 1917, പുറം -101
****വള്ളത്തോള്‍, നാരായണമേനോന്‍, മഗ്ദലനമറിയം, കേരള സര്‍വ്വകലാശാല, തിരുവനന്തപുരം, 1997, പുറം - 15

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)