•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

അഗസ്ത്യായനം

 
''ഒഴുകുന്ന പുഴപോലെയാണ് കാലവും.''
വര്‍ഷകാലങ്ങളില്‍ പെരുത്തും വേനല്‍ക്കാലങ്ങളില്‍ പതുങ്ങിയും ഒഴുകുന്ന പുഴപോലെ ചില കാലങ്ങളില്‍ മനുഷ്യരുടെ നന്മകളാല്‍ സമ്പന്നമായും മറ്റു ചിലപ്പോള്‍ അവന്റ തിന്മകളാല്‍ ശോഷിച്ചും കാലവും ഒഴുകിക്കൊണ്ടിരുന്നു.
ശ്ലാഘനീയമായ ഒരു നവോത്ഥാനത്തിന്റെ ശുഭ്രപതാക രാമപുരത്തിനുമേല്‍ പാറിക്കളിച്ചു. അകക്കണ്ണാല്‍ അതൊക്കെ നോക്കിക്കണ്ട് കുഞ്ഞച്ചന്‍ ആഹ്ലാദം അനുഭവിച്ചു. 
കേരളത്തില്‍ ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും അയ്യങ്കാളിയും ചാവറയച്ചനും വെട്ടിത്തുറന്ന നവോത്ഥാനപാതകള്‍ക്കു സമാന്തരമായി കുഞ്ഞച്ചന്‍ രാമപുരത്തും സമീപസ്ഥലങ്ങളിലും വെട്ടിയൊരുക്കിയ ഒറ്റയടിപ്പാത. അത് സീയോനിലേക്കും വിശുദ്ധ പര്‍വ്വതങ്ങളിലേക്കുമുള്ള വഴികള്‍ പോലെയായിരുന്നു. അത് കല്ലും മുള്ളും നിറഞ്ഞതും ഇടുങ്ങിയതുമായിരുന്നു.
രാമപുരത്തെ ദളിത്‌ക്രൈസ്തവര്‍ വസ്ത്രം ധരിക്കുന്നതുപോലെ ജ്ഞാനത്തെ ധരിച്ചു. അവര്‍ വെടിപ്പും വിവേകവുമുള്ളവരായി പരിണമിച്ചുകൊണ്ടിരുന്നു. അവരിപ്പോള്‍ പുല്ലുപോലെ ഉണങ്ങിപ്പോകുന്നില്ല. അവരുടെ പാനീയത്തില്‍ ആരും കണ്ണീര്‍ കലക്കുന്നില്ല. അവര്‍ക്കു മുകളില്‍ ആകാശം മേഘാവൃതമായിരിക്കുമ്പോഴും സൂര്യന്‍ ഉജ്ജ്വലമായി പ്രകാശിക്കുന്നു എന്നവര്‍ അറിവുകൊണ്ടു.
അങ്ങനെ അറിവുകൊണ്ടും നെറിവുകൊണ്ടും ഭേദപ്പെട്ട ജീവിതസാഹചര്യങ്ങള്‍കൊണ്ടും ദളിത്‌ക്രൈസ്തവര്‍ തെളിമയാര്‍ന്നൊരു ജീവിതം അനുഭവിക്കാന്‍ തുടങ്ങിയിരുന്നു. അനേകര്‍ ജ്ഞാനസ്‌നാനം സ്വീകരിക്കാന്‍ സ്വമേധയാ മുന്നോട്ടുവന്നു.
''ഒഴുകുന്ന പുഴപോലെയാണ് കാലവും...''
അങ്ങനെതന്നെയായിരുന്നു കുഞ്ഞച്ചന്റെ പ്രായവും. ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഒരു പനി കുഞ്ഞച്ചനെ ബാധിച്ചത്. രാമപുരത്തെ ഗവണ്‍മെന്റാശുപത്രിയിലെ ഡോക്ടര്‍മാരുടെ ചികിത്സകൊണ്ടു കാര്യമായ ഗുണം കണ്ടില്ല. ഇന്‍ജക്ഷനെടുക്കാന്‍ കുഞ്ഞച്ചന്‍ അനുവദിച്ചിരുന്നില്ല. കുഞ്ഞച്ചന്‍ ശാരീരികമായും മാനസികമായും ക്ഷീണിതനായി.
രാമപുരത്തെ തെക്കേപ്പള്ളിയുടെ മുറിയുടെ രണ്ടാംനിലയിലെ കിഴക്കേ അറ്റത്തെ മുറിയിലാണ് കുഞ്ഞച്ചന്‍ താമസിച്ചിരുന്നത്. വാതിലും ജനലുകളുമടച്ച് ആര്‍ക്കും പ്രവേശനമില്ലാതെ. ശയ്യാവലംബിയായ കുഞ്ഞച്ചന്‍ ധ്യാനത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഹോമാഗ്നിയില്‍ സ്വയം ദഹിക്കുമ്പോള്‍ സത്യം അറിയുന്നു.
മനുഷ്യന്‍ പ്രഭാതത്തില്‍ മുളപൊട്ടുന്ന പുല്‌ക്കൊടിപോലെയാകുന്നു. രാവിലെ പച്ചയായും രാത്രിയില്‍ വൈക്കോലായും കാണുന്നതുപോലെ ചില മണിക്കൂറുകള്‍ക്കകം ആരോഗ്യമുള്ള മനുഷ്യന്‍ ബലഹീനനായിത്തീരുന്നു. നാം ദേവദാരുവോ കരുവേലകയോ അല്ല. പുല്ലുമാത്രമാകുന്നു. വസന്തത്തില്‍ പച്ചയായിരിക്കും. പക്ഷേ, അത് വേനലില്‍ നിലനില്ക്കുകയില്ല. ഭൂമിയില്‍ മനുഷ്യരേക്കാള്‍ ബലഹീനരായി എന്തെങ്കിലുമുണേ്ടാ...?
കുഞ്ഞച്ചന്‍ കണ്ണുകളടച്ചു കിടക്കുമ്പോള്‍ ഓര്‍മ്മകള്‍ക്കു മീതേ ഗതകാലത്തിന്റെ പ്രകാശം വന്നു വീഴുന്നു.
കര്‍ത്താവില്‍ പുനര്‍ജനിക്കപ്പെട്ട ആറായിരത്തോളം ദളിത് ക്രിസ്ത്യാനികള്‍. അവര്‍ക്കിനി ആരുണ്ട്...? അവര്‍ക്കുമുന്നില്‍ വിശ്വാസത്തിന്റെ അംഗവസ്ത്രം ധരിച്ച് അവരെ വഴിനടത്താന്‍ ആരുണ്ട്?
വ്യസനത്തിന്റെ ഒരു ധൂമപടലം വന്ന് കുഞ്ഞച്ചനെ വലയം ചെയ്യുന്നു. കുഞ്ഞച്ചന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. മനസ്സ് ഏകാഗ്രമാക്കി ജപമാലരഹസ്യങ്ങളുടെ ശാന്തിയിലേക്ക് ഇറങ്ങിച്ചെന്നു. പിന്നെയെപ്പോഴോ കുഞ്ഞച്ചന്‍ ഒരു മയക്കത്തിലേക്കു വഴുതി.
മയക്കത്തിലും കുഞ്ഞച്ചന്റെ ഉപബോധമനസ്സില്‍ കറുപ്പിലും വെളുപ്പിലുമുള്ള ചലച്ചിത്രങ്ങള്‍പോലെ പോയ കാലങ്ങള്‍...
തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ ഉത്തരവ് വന്ന കാലം. ''ക്രിസ്തുമതം സ്വീകരിക്കുന്ന അധഃകൃതര്‍ക്ക് സര്‍ക്കാരില്‍നിന്നുള്ള ഒരാനുകൂല്യങ്ങളും ലഭിക്കുന്നതല്ല.''
മതപരിവര്‍ത്തനം തടയുന്നതിനുള്ള സര്‍ക്കാരിന്റെ ബോധപൂര്‍വ്വമായിട്ടുള്ള ഒരിടപെടലായിരുന്നത്. അത് കുഞ്ഞച്ചന്റെ പ്രവര്‍ത്തനങ്ങളെ കുറച്ചൊന്നുമല്ല ബാധിച്ചത്.
കൊടിയ തപസ്സില്‍ ഏതോ പര്‍വ്വതാഗ്രത്തില്‍ പെട്ടുപോയ ഒരാളെപ്പോലെയായിത്തീര്‍ന്നു കുഞ്ഞച്ചന്‍. മലഞ്ചെരുവുകളിലെ മഹാവിപിനങ്ങളില്‍നിന്ന് ഏതോ ഹിംസ്രജന്തുക്കള്‍ മുരണേ്ടാടുന്നു. 
കാലത്തിന്റെ മഹാസാഗരങ്ങളില്‍നിന്ന് കരകയറിവന്ന ഉപ്പുരസമുള്ള കാറ്റില്‍ കുഞ്ഞച്ചന്‍ വിറകൊള്ളുന്നു. പിന്നോട്ടൊഴുകുന്ന ഒരു ഉഷ്ണജലപ്രവാഹംപോലെയായിരുന്നു കുഞ്ഞച്ചന്റെ മനസ്സ്.
താന്‍ ഇത്രകാലം പ്രവര്‍ത്തിച്ചതൊക്കെ പാഴും ശൂന്യവുമായി ത്തീരുകയാണോ? തന്റെ അജഗണങ്ങള്‍ ലക്ഷ്യംതെറ്റി ഉള്‍ക്കാടുകളിലെ മരണമുഖങ്ങളിലേക്കു മടങ്ങുന്നുവോ? കുഞ്ഞച്ചന്റെ ഹൃദയം വെന്തു. അതു കൊല്ലന്റെ ആലയിലെ അടകല്ലില്‍ ചുറ്റികയുടെ പ്രഹരമേല്ക്കുന്ന ചുട്ടുപഴുത്ത ഇരുമ്പുപോലെ ചതഞ്ഞു. 
ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിരണ്ടില്‍ ശ്രീചിത്തിരതിരുനാള്‍ തിരുവിതാംകൂറിന്റെ ഭരണസാരഥ്യമേറ്റു. സര്‍ സി.പി. രാമസ്വാമി അയ്യര്‍ അദ്ദേഹത്തിന്റെ ഉപദേഷ്ടാവും.
അക്കാലത്ത് തിരുവിതാംകൂറില്‍ നിലനിന്നിരുന്ന മരുമക്കത്തായം അവസാനിപ്പിക്കാന്‍ നായര്‍ സമുദായത്തിന്റെ ഒപ്പിടീല്‍പ്രസ്ഥാനത്തില്‍ ക്രിസ്ത്യാനികള്‍ സഹകരിച്ചില്ല. അതിനുള്ള പകപോക്കലായിരുന്നു കുപ്രസിദ്ധമായ ഈ ഭരണപരിഷ്‌കാരം.
ഇതനുസരിച്ച് പല മൗലികാവകാശങ്ങളും ക്രിസ്ത്യാനികള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. ഗത്യന്തരമില്ലാതെ ഈ ഭരണപരിഷ്‌കാരത്തോട് നിവര്‍ത്തനമാരംഭിക്കുവാന്‍ ക്രിസ്ത്യാനികള്‍ തീരുമാനിച്ചു. ഈഴവ മുസ്ലീം സമുദായങ്ങളും ഈ ഭരണപരിഷ്‌കാരത്തിന് എതിരായിരുന്നു. അങ്ങനെ ഈഴവ ക്രിസ്ത്യന്‍ മുസ്ലീം സമുദായങ്ങള്‍ ഒറ്റക്കെട്ടായിനിന്ന് ഇതിനെതിരേ പോരാടി. അതിന്റെ ഫലമായി സര്‍ക്കാരിന് പ്രസ്തുത നിയമം പൊളിച്ചെഴുതേണ്ടി വന്നു.
ഈ പരാജയം സര്‍ക്കാരിനെ കൂടുതല്‍ അസ്വസ്ഥമാക്കി. സര്‍സി.പിയും ജൂണിയര്‍ മഹാറാണിയും ക്രൈസ്തവസമൂഹത്തെ എങ്ങനെയും തകര്‍ക്കാനുള്ള അടവുകള്‍ പയറ്റിക്കൊണ്ടിരിക്കുന്നു.
പക്ഷേ, അക്കാലത്ത് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വപ്രക്ഷോഭം ആരംഭിച്ചതോടെ സര്‍ക്കാരിന് അതിനെ നേരിടാന്‍ കൂടുതല്‍ സമയവും ശ്രദ്ധയും വേണ്ടിവന്നതിനാല്‍ ക്രൈസ്തവവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കു വലിയ അവസരമൊന്നും കിട്ടിയില്ല. എങ്കിലും പരിവര്‍ത്തിതരാകുന്ന അധഃകൃതര്‍ക്കെതിരേയുള്ള ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കി.
തിരുവിതാംകൂര്‍ രാജഭരണകാലത്ത്, ഭരണസമ്പ്രദായങ്ങളാലും സവര്‍ണസമൂഹത്താലും അവര്‍ണരായവര്‍ക്ക് സമൂഹത്തില്‍ നാനാവിധത്തിലുള്ള അവഗണനയാണു നേരിടേണ്ടിവന്നത്. അതില്‍ പ്രതിഷേധിച്ച് ഈഴവസമുദായം ഒറ്റക്കെട്ടായി ക്രിസ്തുമതം സ്വീകരിക്കാന്‍ ആലോചന തുടങ്ങി. ആ വിപത്തിനെ നേരിടാന്‍കൂടിയായിരുന്നു ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയാറിലെ ക്ഷേത്രപ്രവേശനവിളംബരം.
ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തൊന്‍പതില്‍ മറ്റൊരശനിപാതംപോലെ രണ്ടാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. നാല്പത്തഞ്ചുവരെ യുദ്ധം നീണ്ടുനിന്നു. സാമ്പത്തികമായ വലിയൊരു അധഃപതനത്തിന്റെ കാലഘട്ടമായിരുന്നത്. 
അരിമുതല്‍ തുണിവരെയുള്ള സാധനങ്ങള്‍ക്ക് കൊടിയ ക്ഷാമം. അത്യാവശ്യസാധനങ്ങള്‍ക്കെല്ലാം റേഷനിംഗ് ഏര്‍പ്പെടുത്തേണ്ടി വന്നു. കാര്‍ഷികോത്പന്നങ്ങള്‍ക്കെല്ലാം കുത്തനേ വിലയിടിഞ്ഞു. സമ്പന്നര്‍പോലും യാതനയുടെ കയത്തില്‍പ്പെട്ടു. പാവപ്പെട്ട ദളിത് മക്കള്‍ക്ക് ഒരു പീഡാസഹനത്തിന്റെ കാലമായിരുന്നത്. കുഞ്ഞച്ചനെ സംബന്ധിച്ചിടത്തോളം അതൊരു ക്രൂശാരോഹണത്തിന്റെയും.
മൂര്‍ച്ചയുള്ള കല്ലുകളും കൂര്‍ത്തുമൂര്‍ത്ത ഞെരിഞ്ഞില്‍ മുള്ളുകളും നിറഞ്ഞ ഒരിടവഴി കുഞ്ഞച്ചന്റെ മനോമുകുരത്തില്‍ തെളിയുന്നു. അത് ഗാഗുല്‍ത്താകുന്നുകളിലേക്കുള്ളതാണ്. കുന്നിന്‍ മുകളില്‍നിന്ന് മുന്നാണികളില്‍ ചുറ്റിക പതിയുന്ന ശബ്ദം കേട്ടു. പിന്നെ ഒരാര്‍ത്തനാദവും.
കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ ചാഴിയും പുഴുവും വിലക്കുമ്പോഴും ഇടഞ്ഞുനില്‍ക്കുന്ന കാളക്കൂറ്റനെ മെരുക്കുമ്പോഴും മാരിയപ്പനില്‍നിന്ന് മന്ത്രമണി വാങ്ങി അയാളെ വിശ്വാസത്തിലേക്കെത്തിക്കുമ്പോഴും ചീരുകണ്ടനെ വഴിതിരിച്ചു നടത്തുമ്പോഴും ഉരിയാട്ടം മുട്ടിയ പെണ്‍കുട്ടിയെ സംസാരിപ്പിക്കുമ്പോഴും താന്‍ പ്രാര്‍ത്ഥനയും ധ്യാനവുംകൊണ്ട് യേശുനാഥനില്‍ ശക്തി നേടിയിരുന്നല്ലോ...
പക്ഷേ, ഇപ്പോള്‍... താന്‍ അധീരനാകുന്നതുപോലെ കുഞ്ഞച്ചനു തോന്നി.
കാരുണ്യരഹിതമായ ഒരു വരള്‍ച്ചക്കാലമായിരുന്നു കുഞ്ഞച്ചനു ചുറ്റും. ഹരിതം വാര്‍ന്ന് നരച്ചുപോയ പ്രകൃതി. പൊടിപടലങ്ങള്‍ നിറഞ്ഞ ഉഷ്ണക്കാറ്റ്. അത് കുഞ്ഞച്ചനെ ശ്വാസം മുട്ടിക്കുന്നു. പൊട്ടിച്ചൂട്ടുപോലെ കത്തുന്ന സൂര്യന്‍. അത് കുഞ്ഞച്ചന്റെ കാഴ്ച നഷ്ടപ്പെടുത്തുന്നു. ആശങ്കകള്‍ ഒരു പ്രളയംപോലെ കുഞ്ഞച്ചനെ തളര്‍ത്തുന്നു.
മുപ്പത്തിയാറിലെ ക്ഷേത്രപ്രവേശനവിളംബരം വന്നതോടെ അധഃകൃതര്‍ക്കും ക്ഷേത്രങ്ങളില്‍ പോകാമെന്നും അവിടുത്തെ പൂജാകര്‍മ്മങ്ങളില്‍ പങ്കെടുക്കാമെന്നും വന്നതോടെ ജ്ഞാനസ്‌നാനം സ്വീകരിച്ച ചിലരൊക്കെ അങ്ങോട്ട് ആകൃഷ്ടരായി. ചിലരൊക്കെ പൂര്‍വ്വാശ്രമങ്ങളിലേക്കു തിരിച്ചുപോയി.
അപ്പോള്‍ കുഞ്ഞച്ചന്‍ വഴി മറന്ന ഒരു യാത്രക്കാരനെപ്പോലെയായിരുന്നു. മനുഷ്യന്റെ ശിരോലിഖിതങ്ങള്‍പോലെ നാലുദിക്കിലേക്കും വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴികള്‍... ഏതു വഴിയിലൂടെയാണ് തനിക്കു യാത്ര തുടരേണ്ടത്...? ഏതു മാര്‍ഗ്ഗത്തിലൂടെയാണ് കൊഴിഞ്ഞുപോകുന്ന തന്റെ അജഗണങ്ങളെ സംരക്ഷിക്കേണ്ടത്...? ആലോചിച്ചു നില്ക്കാനും നിസംഗനായിരിക്കാനും കുഞ്ഞച്ചനു കഴിയുമായിരുന്നില്ല.
സമയമുള്ളപ്പോള്‍ സമയത്തെ ഉപയോഗിക്കണമെന്ന് കുഞ്ഞച്ചന്‍ അറിഞ്ഞു. എപ്പോഴും സമയമായിരിക്കില്ല. സമയം കടന്നു പൊയ്‌ക്കൊണേ്ടയിരിക്കും. ഓരോ ദിവസവും നമ്മുടെ അവസാനത്തേത് എന്നു കുറിക്കണം. അങ്ങനെ എണ്ണാത്തവന് ഭൂമിയില്‍ അലസനായിരിക്കാനേ കഴിയൂ.
കുഞ്ഞച്ചന് അലസനായിരിക്കുവാന്‍ കഴിയുമായിരുന്നില്ല. കുഞ്ഞച്ചന്റെ വിനാഴികകള്‍ ദളിത്മക്കള്‍ക്കു വേണ്ടിയുള്ളതായിരുന്നു. അത് ദൈവം കുഞ്ഞച്ചന്റെ ജീവിതത്തില്‍ കുറിച്ചിട്ടിരിക്കുന്ന സത്യവചനമാകുന്നു.

 

Login log record inserted successfully!