•  16 May 2024
  •  ദീപം 57
  •  നാളം 10
ബാലനോവല്‍

ധനുമാസത്തിലെ പൗര്‍ണമി

രാജകൊട്ടാരത്തിനു മുന്നിലായി നല്ലൊരുദ്യാനമുണ്ട്. പലതരം പൂക്കള്‍ പരിമളം പരത്തി നില്ക്കുന്ന ഉദ്യാനം. അവിടത്തെ കാറ്റിനെപ്പോഴും പൂക്കളുടെ മണമാണ്. രാജകൊട്ടാരത്തിലെ മട്ടുപ്പാവിലിരുന്നു വിശ്രമിക്കുമ്പോള്‍ സത്യധര്‍മമഹാരാജാവും സീമന്തിനി രാജ്ഞിയും ആ പൂന്തോട്ടത്തിലേക്കു നോക്കാറുണ്ട്. നിറങ്ങളുടെ ഒരു സമ്മേളനമാണാ പുഷ്പവാടി. വെള്ള, നീല, പച്ച, ചുവപ്പ്, തവിട്ടുനിറം. അങ്ങനെ വര്‍ണങ്ങളുടെ കൂടാരം.
ആകാശവും ഭൂമിയും ഒത്തുചേര്‍ന്ന് അവിടെ സ്വര്‍ഗം തീര്‍ത്തിരിക്കുന്നു.
സത്യധര്‍മരാജാവു ഭരിക്കുന്ന മന്ദരരാജ്യം. അവിടത്തെ പ്രജകള്‍ എന്നും സന്തോഷചിത്തരാണ്.
ധാരാളം വെള്ളം, ഭക്ഷണം. ധാന്യങ്ങളും പച്ചക്കറികളും കൃഷി ചെയ്യാന്‍ ഭൂമി. അഭ്യസ്തവിദ്യരായ പ്രജകള്‍ക്കു ജോലി ചെയ്യാന്‍ വിവിധ സ്ഥാപനങ്ങള്‍. നല്ല ശമ്പളം. ഇടയ്‌ക്കൊക്കെ മന്ത്രിയെ വിളിച്ച് രാജാവ് അന്വേഷിക്കാറുണ്ട്.
''സോമദേവാ, നമ്മുടെ പ്രജകള്‍ക്കു സൗഖ്യം തന്നെയല്ലേ?''
''അതേ തിരുമനസ്സേ, നമ്മുടെ പ്രജകളെല്ലാം വളരെ സന്തുഷ്ടരാണ്.'' മന്ത്രി സോമദേവന്‍ അഭിമാനത്തോടെ പറഞ്ഞു.
''നമുക്കതു കേട്ടാല്‍ മതി മന്ത്രീ. യാതൊരു കാരണവശാലും നമ്മുടെ പ്രജകള്‍ക്കൊരു ബുദ്ധിമുട്ടും വന്നുകൂടാ. മന്ത്രി അക്കാര്യത്തില്‍ അതീവ ശ്രദ്ധാലു ആയിരിക്കണം.''
''ഞാനതു വളരെ ശ്രദ്ധിക്കുന്നുണ്ടു രാജന്‍.''
''പിന്നെ മറ്റു വിശേഷങ്ങള്‍ വല്ലതും പറയാനുണ്ടോ മന്ത്രീ.''
''ഇപ്പോള്‍ ഒന്നും അറിയിക്കാനില്ല രാജന്‍. എന്തെങ്കിലുമുണ്ടെങ്കില്‍ ഉടനെ അങ്ങയെ അറിയുക്കുന്നതാണ്.''
''ശരി. എങ്കില്‍ സോമദേവന്‍ പൊയ്‌ക്കൊള്ളൂ.''
''ഉത്തരവുപോലെ.'' മന്ത്രി സോമദേവന്‍ പോയി.
*    *    *    *
രാജകൊട്ടാരത്തിന്റെ മുമ്പിലുള്ള ഉദ്യാനത്തില്‍ പൂക്കളോടും പൂമ്പാറ്റകളോടും സല്ലപിച്ചു സ്വകാര്യം പറഞ്ഞും കുളിര്‍ക്കാറ്റേറ്റും തോഴുമാരുമായി ചിരിച്ചുല്ലസിച്ചു നടക്കുകയായിരുന്നു രാജകുമാരി. കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരുന്ന് അതെല്ലാം കാണുകയാണു സത്യധര്‍മനും സീമന്തിനിയും.  ആ രാജാവിന്റെയും രാജ്ഞിയുടെയും ഉള്ളം നിറഞ്ഞൊഴുകുകയായിരുന്നു. സന്തോഷംകൊണ്ടവര്‍ക്കു വീര്‍പ്പുമുട്ടിപ്പോയി.
''നോക്കൂ, തിരുമനസ്സേ അങ്ങു ശ്രദ്ധിക്കുന്നുണ്ടോ ആ കാഴ്ച.''
''ഉവ്വ് ദേവീ, ഞാനും ആ കാഴ്ച കണ്ടു മനം കുളിര്‍ക്കുകയായിരുന്നു. നമ്മുടെ മകള്‍ എന്നും ഉല്ലാസവതിയായിത്തന്നെ ഇരിക്കട്ടെ. അല്ലേ?''
''അതേ, അവള്‍ ഒരു മൗനവ്രതക്കാരിയായിരുന്നല്ലോ.''
''ശരിയാണു പറഞ്ഞത്. പക്ഷേ, ഇന്നവള്‍ പാടേ മാറിയിരിക്കുന്നു. അവളുടെ ഉറ്റതോഴികള്‍ ചെമ്പകവും ചാരുലതയുമാണവളെ മാറ്റിയെടുത്തത്.''
''ആവാം. ഏതായാലും നമ്മുടെ  ഓമനമകള്‍ക്ക് ഒരു പുത്തനുണര്‍വ് കിട്ടിയിട്ടുണ്ട്.'' രാജാവ് സന്തോഷത്തോടെ പറഞ്ഞു.
''രാജകുമാരീ, നാം ഉദ്യാനത്തില്‍ കളിച്ചു രസിക്കുന്നത് മട്ടുപ്പാവിലിരുന്നു മാതാവും പിതാവും കാണുന്നുണ്ട്.''
ചാരുതല കൊട്ടാരത്തിന്റെ മുകളിലേക്കു നോക്കി രാജകുമാരിയോടു പറഞ്ഞു.
''കാണട്ടെ ചാരു. എന്റെ സന്തോഷം കണ്ട് മാതാപിതാക്കളുടെ മനസ്സില്‍ നിലാവു പരക്കട്ടെ.''
''നീയൊരു കവിയായിത്തീരുകയാണോ തങ്കക്കുടമേ...'' ചെമ്പകം കുമാരിയോടു ചോദിച്ചു.
''അതെന്താ ചെമ്പകമേ, നീ അങ്ങനെ ചോദിച്ചത്.''
''നിന്റെ വാക്കുകള്‍ ചിലപ്പോള്‍ കവിതാമയമാകുന്നു.''
''ചില ജീവിതസാഹചര്യങ്ങളില്‍ മനുഷ്യര്‍ കവികളായിത്തീര്‍ന്നു പോവുകയാണു സ്വയം...'' ഏതോ മനോരാജ്യത്തില്‍ മുഴുകിയാണ് സുഗന്ധി അങ്ങനെ പറഞ്ഞത്.
''മനോരഥമെന്നൊരു രഥമുണ്ടോ?''
''അറിഞ്ഞൂടാ...''
''മന്മഥനെന്നൊരു ദേവനുണ്ടോ?''
''അറിഞ്ഞൂടാ... അറിഞ്ഞൂടാ... അറിഞ്ഞൂടാ...''
''ഇതേതു പാട്ടാണു തങ്കക്കുടമേ.'' ചാരുലത കുമാരിയോടു ചോദിച്ചു.
''ഞാന്‍ പറയാം ഇതൊരു പ്രേമഗാനമാണ്. ശകുന്തള എന്ന സിനിമയിലെ പാട്ട്.'' ചെമ്പകം പറഞ്ഞു.
സുഗന്ധി രാജകുമാരി സന്തോഷംകൊണ്ടു മതി മറന്നു ചെമ്പകത്തെ കെട്ടിപ്പിടിച്ചു.       

                
(തുടരും)

 

Login log record inserted successfully!