രാക്ഷസപ്രവീണന് ചിലപ്പോള്‍ വീട്ടില്‍ വെറുതെയിരുന്നു സ്വപ്നം കാണും. രാജകുമാരി സുഗന്ധിയുടെ സുന്ദരരൂപം അവന്റെ മനസ്സില്‍ വല്ലാതെ പതിഞ്ഞുപോയി. ഭീകരരാക്ഷസനാണെങ്കിലും അവനു പ്രേമിക്കാനറിയാവുന്ന ഒരു മനസ്സുണ്ട്. അന്നു പുഷ്പവനംകാട്ടില്‍ നായാട്ടിനു പോയിവന്നശേഷം എപ്പോഴും ഒരു ചിന്തമാത്രം. സുഗന്ധിരാജകുമാരിയെ ഒന്നു കാണണം. വെറുതെ ഒന്നു കണ്ടാല്‍ മതി. ആ സുന്ദരരൂപം ഒരു ദേവീവിഗ്രഹംപോലെ മനസ്സിന്റെ ഭിത്തിയില്‍ പതിഞ്ഞുപോയി. ചെഞ്ചുണ്ടുകള്‍ വിടര്‍ത്തിയുള്ള രാജകുമാരിയുടെ ചിരി... ആ പൂങ്കവിള്‍ത്തടങ്ങളിലെ ശോണിമ. അംഗപ്രത്യംഗം സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ആ സ്ത്രീശരീരത്തിന്റെ മൃദുലത... ഓ ഒന്നുമയാള്‍ക്കറിയില്ല. അവളെ ഒന്നു കാണാന്‍ കഴിഞ്ഞെങ്കില്‍... ആ പൊന്നിന്‍കുടത്തിനെ... രാജകുമാരീ വരൂ എന്റെ സവിധത്തില്‍ വേഗം വന്നണയൂ... എനിക്കു നിന്നോടു ഭയങ്കര പ്രണയമാണ്.... നിനക്കെന്നെ ഇഷ്ടമല്ലേ രാജകുമാരീ... സുഗന്ധീ... സുഗന്ധപുഷ്പമേ.... രാക്ഷസപ്രവീണന്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. പാതി ഉറക്കത്തില്‍ക്കാട്ടുന്ന അവന്റെ ചേഷ്ടകള്‍... അമ്മ കാമാച്ചിയും സഹോദരി സ്വര്‍ണവല്ലിയും നോക്കിയിരിപ്പാണ്.
''അമ്മാച്ചീ.''
''എന്തവാടീ.''
''ചേട്ടന്‍ കാട്ടുന്ന ചേഷ്ടകള്‍ കണ്ടോ?''
''ഉവ്വ് മകളേ.''
''ഇതെന്തു സൂക്കേടാണ്?''
''പ്രേമപ്പനി''
''ഇതെന്നു തൊടങ്ങി അമ്മാച്ചീ. സ്വര്‍ണവല്ലി കാമാച്ചി രാക്ഷസിയോടു ചോദിച്ചു.
''അവന്‍ ഇന്നാളൊരിക്കല്‍ ഒരു നായാട്ടിനു പുഷ്പവനം കാട്ടില്‍ പോയിരുന്നു. അവിടന്നു വന്നതില്‍പ്പിന്നെ തുടങ്ങിയതാ ഈ പേക്കൂത്തുകള്‍.'' കാമാച്ചി രാക്ഷസി മകളോടു പറഞ്ഞു.
''അപ്പോള്‍ അന്നു പുഷ്പവനം കാട്ടില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ട്...''സ്വര്‍ണവല്ലി സംശയാലുവായി.
''മകള്‍ പറഞ്ഞതു ശരിയാണ്. അന്നവന്‍ ഒരു രാജകുമാരിയെ കണ്ടുപോലും...''
''ഓ... അപ്പ അതാണു കാര്യം. സ്വപ്നം കാണലിന്റെയും പേയ്പറച്ചിലിന്റെയുമൊക്കെയര്‍ത്ഥം അതാണമ്മാച്ചീ. ശേട്ടനെ പിടിച്ച് ഒടനെ കെട്ടിക്കണം.''
''ആരാടീ ശെലക്കണത്. ഒന്നു സ്വപ്നം കണ്ടുറങ്ങാന്‍ സമ്മതിക്കത്തില്ലേ...''
''എടാ ശേട്ടാ, നീ എന്നതാടാ ഒറക്കത്തില്‍ പിച്ചുംപേയും പറയണത്?'' സ്വര്‍ണവല്ലി സ്‌നേഹിച്ച് പ്രവീണന്റെ അടുത്തുകൂടി.
''സുഗന്ധി രാജകുമാരിയെ...'' അവന്‍ പ്രേമപൂര്‍വ്വം പറഞ്ഞു.
''ഈ ദുര്‍ഗന്ധരാക്ഷസനെ അവള്‍ക്കിഷ്ടപ്പെട്ടോ.''
''ഒന്നു പോടീ  ചകോദരീ... നെന്നെ ഞാനിപ്പക്കൊല്ലും കാലത്തീ.'' സ്വര്‍ണവല്ലിയുടെ കഴുത്തു ഞെക്കാനായി പ്രവീണന്‍ തയാറെടുത്തു.
''ഒന്നടങ്ങെടാ ശേട്ടാ. നെനക്കവളോടു പ്രണയമാണോ?''
''അതേടീ സ്വര്‍ണവല്ലീ.''
''എന്നാ നമുക്കു ശരിയാക്കാം.''
''എന്തു ശരിയാക്കാമെന്നാ. നീയൊന്നു തെളിച്ചു പറ പെണ്ണേ...'' രാക്ഷസപ്രവീന്‍ ജിജ്ഞാസുവായി.
''നിനക്കവളെ കെട്ടണാ...?''
''വേണം. എനിക്കവളെ ജീവിതസഖിയാക്കണം.
''എന്നാ ചെന്നു കട്ടോണ്ടു വാടാ രാജകുമാരിയെ.''
''ഇല്ല സ്വര്‍ണവല്ലീ. എനിക്കു വേണമെങ്കില്‍ ഈ നിമിഷമവളെ കൊണ്ടുവരാം.'' അവളോടൊത്തു ജീവിക്കാം പക്ഷേ, ഞാനതു ചെയ്യില്ല. മാന്യമായി ഞാനവളെ പരിണയം ചെയ്യും...'' രാക്ഷസപ്രവീണന്‍ ഒരു രാജകുമാരനെപ്പോലെ സംസാരിച്ചു.
''ശേട്ടാ, നീയൊരു രാക്ഷസനോ അതോ രാജകുമാരനോ.''
അവന്റെ സംസാരംകേട്ടിട്ട് സ്വര്‍ണവല്ലിക്കു സംശയം.
''തത്ത്വത്തില്‍ ഞാനൊരു രാക്ഷസന്‍ തന്നെ. അവളെ കെട്ടണമെങ്കില്‍ ഞാനൊരു രാജകുമാരനാകണം.''
''മിടുക്കന്‍. നീയാണ് ഒന്നാന്തരം രാക്ഷസപ്രവീണന്‍.''
തന്റെ സഹോദരി സ്വര്‍ണവല്ലി വിവരമുള്ള രാക്ഷസിയാണ്. തന്റെ മനസ്സറിയാന്‍ അവള്‍ക്കു കഴിയുന്നുണ്ടല്ലോ. രാക്ഷസപ്രവീണന് സ്വന്തം സഹോദരിയെക്കുറിച്ചഭിമാനം തോന്നി.
കാമാച്ചി അദ്ഭുതപ്പെട്ടു വാ പൊളിച്ചു നിന്നു.
''മകനേ പ്രവീണാ, നിന്റെ ആഗ്രഹങ്ങള്‍ സഫലമാകും...''
സ്വര്‍ണവല്ലി പ്രവീണന്റെ തലയില്‍ കൈവച്ചനുഗ്രഹിച്ചു.
(തുടരും)
							
 രാമപുരം മണി
                    
									
									
									
									
									
									
									
									
									
									
                    