•  2 May 2024
  •  ദീപം 57
  •  നാളം 8
ആരോഗ്യവീഥി

കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം

മ്പ്യൂട്ടര്‍/ മൊബൈല്‍/ ടാബ്‌ലെറ്റ് തുടങ്ങിയവയുടെ സ്‌ക്രീനുകള്‍ക്കു മുന്‍പില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവരുടെ കണ്ണിനുണ്ടാകുന്ന അസ്വസ്ഥ്യങ്ങളെയാണ് computer Vision syndrome അല്ലെങ്കില്‍ Digital eye strain എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
ഈ ലോക്ഡൗണ്‍ കാലത്ത് ജോലി സംബന്ധമായും (work from home) പഠനാവശ്യങ്ങള്‍ക്കും (online class) മറ്റു മായി ഒരുപാടു സമയം നമ്മള്‍ സ്‌ക്രീനുകള്‍ക്കു മുന്‍പില്‍ ചെലവഴിക്കാറുണ്ട്. ദിവസേന രണ്ടു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ ഇതു സാധാരണമായി കാണപ്പെടുന്നു.
എന്താണു കാരണം?
കടലാസില്‍ എഴുതിയ അക്ഷരങ്ങള്‍ ഫോക്കസ് ചെയ്യുക എളുപ്പവും കമ്പ്യൂട്ടര്‍ അക്ഷരങ്ങള്‍ ഫോക്കസ് ചെയ്യാന്‍ ബുദ്ധിമുട്ടുമാണ്. കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ അക്ഷരങ്ങളുടെ നടുഭാഗം വെളിച്ചമേറിയതും വശങ്ങളിലേക്കു കുറവുമാണ്. ഇതുകാരണം കൂടുതല്‍ സമയം ഫോക്കസ് ചെയ്യേണ്ടിവരുകയും കണ്ണിന്റെ പേശികള്‍ക്കു തളര്‍ച്ചയും കണ്ണിനു കഴപ്പും അനുഭവപ്പെടുകയും ചെയ്യുന്നു.
സാധാരണ നമ്മള്‍ കണ്ണു ചിമ്മുന്നത് മിനിറ്റില്‍ 16-20 തവണയാണ് (blinking rate). ദീര്‍ഘനേരം സ്‌ക്രീനില്‍ നോക്കിയിരിക്കുമ്പോഴും സ്‌ക്രീനിന്റെ സ്ഥാനം മുഖത്തിനേക്കാള്‍ ഉയര്‍ന്നിരിക്കുമ്പോഴും നമ്മുടെ കണ്‍പോളകള്‍ വിടര്‍ന്നിരിക്കുകയും ചിമ്മല്‍ കുറയുകയും ചെയ്യും. ഇതുമൂലം കണ്ണിന്റെ നനവ് നഷ്ടപ്പെടുകയും കണ്ണിനു പുക ചൊറിച്ചില്‍ തുടങ്ങിയവ ഉണ്ടാവുകയും ചെയ്യുന്നു.
ബുദ്ധിമുട്ടുകള്‍
— തലവേദന
— കണ്ണിന് കഴപ്പ്
— കണ്ണിന് പുകച്ചില്‍
— വാക്കുകള്‍ രണ്ടായി കാണുക
— കാഴ്ചക്കുറവ്
— കഴുത്തു വേദന/ തോള്‍ വേദന
ശ്രദ്ധിക്കേണ്ടവ
കണ്ണുകള്‍ക്ക്
— കണ്ണുകള്‍ ഇടയ്ക്കിടെ ചിമ്മുക.
— ആവശ്യമെങ്കില്‍ ലൂബ്രിക്കേറ്റിങ്ങ് തുള്ളിമരുന്നുകള്‍ (tear drops) വാങ്ങി 3-4 തവണ വച്ച് ഉപയോഗിക്കുക.
20-20-20 നിയമം
— 20 മിനിറ്റ് കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ 20 സെക്കന്റ് നേരത്തേക്ക് 20 അടി അകലേക്കു നോക്കി വിശ്രമം പാലിക്കുക.
പൊതുവില്‍ ശ്രദ്ധിക്കേണ്ടവ 
— മുറിയില്‍ ശരിയായ വെളിച്ചം ഉണ്ടായിരിക്കുക.
— സ്‌ക്രീനിലേക്ക് വെട്ടം പ്രതിഫലിക്കുന്ന സാഹചര്യം ഒഴിവാക്കുക.
— ആവശ്യമെങ്കില്‍ ആന്റി ഗ്ലാസ് സ്‌ക്രീന്‍ ഉപയോഗിക്കുക.
— സ്‌ക്രീന്‍ കണ്ണുകളില്‍നിന്ന് 20-28 ഇഞ്ചെങ്കിലും അകലെയും 4-5 ഇഞ്ച് താഴെയുമായും ക്രമീകരിക്കുക.
— സ്‌ക്രീന്‍ തുടച്ചു വൃത്തിയാക്കി ഉപയോഗിക്കുക.
— എ.സി. യുടെ മുന്നിലിരിക്കുന്നത് ഒഴിവാക്കുക.

 

Login log record inserted successfully!