•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

ആചാരങ്ങളല്ല ആരാധനയാണു പ്രധാനം

  • വെട്ടിയൊരുക്കലുകളായി ശിക്ഷണങ്ങള്‍ ജീവിതത്തിലേക്കു കടന്നുവരുമ്പോള്‍ മാനസാന്തരത്തിന്റെ സത്ഫലങ്ങള്‍ നല്കുവാന്‍ നമുക്കു സാധിക്കണമെന്ന് തിരുവചനം നമ്മെ ഓര്‍മിപ്പിക്കുന്നു.

       കൈത്താക്കാലം മൂന്നാം ഞായറിന്റെ തുടര്‍ച്ചയാണ് നാലാം ഞായറില്‍ നിയമാവര്‍ത്തനപുസ്തകത്തില്‍ നിന്ന് വായിക്കാനുള്ളത്. ദൈവം നല്കിയ പത്തു കല്പനകളില്‍ നാലുമുതല്‍ പത്തുവരെയുള്ള കല്പനകളാണിവിടെ വിവരിക്കുന്നത്. ആദ്യ മൂന്നു കല്പനകളില്‍ ഒരുവന് ദൈവത്തോടുണ്ടായിരിക്കേണ്ട ബന്ധം എപ്രകാരമായിരിക്കണമെന്നു മോശ പഠിപ്പിച്ചു. തുടര്‍ന്ന് സഹോദരങ്ങളോടുള്ള ബന്ധം എപ്രകാരമായിരിക്കണമെന്നു പഠിപ്പിക്കുന്നു. ഇസ്രായേല്‍ക്കാര്‍ ദിവസത്തില്‍ പല പ്രാവശ്യം ഉരുവിട്ടു പ്രാര്‍ത്ഥിക്കുന്നത് ഈ കല്പനകളുടെ രത്‌നച്ചുരുക്കമായ ഷമാ പ്രാര്‍ത്ഥനയായിരുന്നു. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണശക്തിയോടുംകൂടെ സ്‌നേഹിക്കണം (നിയമ 6,5). പുതിയനിയമം ഈ പ്രാര്‍ത്ഥനയോടു പുതിയ ഒരു മാനം കൂട്ടിച്ചേര്‍ത്തു: നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്‌നേഹിക്കുക (ലൂക്ക 10,27). ഈശോ പഠിപ്പിച്ച 'സ്വര്‍ഗസ്ഥനായ പിതാവേ,' എന്ന പ്രാര്‍ഥനയുടെ രത്‌നച്ചുരുക്കവും ഇതുതന്നെയാണ്. അതായത്, ദൈവത്തെ മഹത്ത്വപ്പെടുത്തുക; സഹോദരങ്ങളുമായി രമ്യതയില്‍ ജീവിക്കുക (മത്താ. 6,9-15).
ദൈവത്തോടുള്ള ബന്ധത്തിന്റെയും സഹോദരങ്ങളോടുള്ള ബന്ധത്തിന്റെയും കല്പനകള്‍ക്കിടയില്‍ വിവരിക്കുന്ന നാലാമത്തെ കല്പന മനുഷ്യജീവിതത്തില്‍ മാതാപിതാക്കള്‍ക്കുള്ള പ്രാധാന്യം എടുത്തുകാണിക്കുന്നു. ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധികളായിനിന്ന് നമുക്കു ജന്മം നല്കുന്നവരാണ് മാതാപിതാക്കള്‍. അവരോടുള്ള ഒരുവന്റെ കടമ അനന്യമാണ്. പത്തുകല്പനകളില്‍ ഇതു മാത്രമാണ് ഒരു പ്രതിഫലം പ്രഖ്യാപിച്ചുകൊണ്ട് എഴുതിയിരിക്കുന്നത്. അതും ഈ കല്പനയുടെ പ്രാധാന്യം എടുത്തുപറയുന്നു. സുഭാഷിതങ്ങളുടെ പുസ്തകം 1,8 പറയുന്നു: മകനേ, നിന്റെ പിതാവിന്റെ പ്രബോധനം ചെവിക്കൊള്ളുക; മാതാവിന്റെ ഉപദേശം നിരസിക്കരുത്. അതുപോലെതന്നെ, സുഭാഷിതങ്ങള്‍ 30,17-ല്‍ കാണുന്ന വാക്കുകളും ഈ കല്പനയുടെ പ്രാധാന്യം എടുത്തു പറയുന്നു: ''പിതാവിനെ പരിഹസിക്കുകയും അമ്മയെ അവജ്ഞയോടെ ധിക്കരിക്കുകയും ചെയ്യുന്നവന്റെ കണ്ണ് മലങ്കാക്കകള്‍ കൊത്തിപ്പറിക്കുകയും കഴുകന്‍മാര്‍ തിന്നുകയും ചെയ്യും.'' മാതാപിതാക്കളോടുള്ള കടമ നിര്‍വ്വഹിക്കാതിരിക്കുന്നതിന് ഒരു ന്യായീകരണവും ദൈവസന്നിധിയില്‍ ഇല്ലെന്നു സാരം.
ഏശയ്യാ പ്രവാചകന്റെ പുസ്തകം അഞ്ചാം അധ്യായത്തില്‍നിന്നായിരുന്നു മൂന്നാം ഞായറാഴ്ച ശ്രവിച്ചത്. ദൈവത്തിന്റെ മുന്തിരിത്തോട്ടമായ ഇസ്രായേല്‍ നല്‌കേണ്ട ഫലം നല്കാതെവന്നപ്പോള്‍ ദൈവത്തിന്റെ കരം അവര്‍ക്കുനേരേ നീങ്ങുന്ന കാര്യമായിരുന്നു; മുന്തിരിത്തോട്ടത്തിന്റെ വേലി പൊളിച്ചുകളയുന്ന കാര്യമായിരുന്നു പറഞ്ഞിരുന്നത്. ദൈവത്തിന്റെ കരം അവര്‍ക്കു നേരേ തിരിഞ്ഞത് അവര്‍ മാനസാന്തരപ്പെടുന്നതിനും അവരുടെ അകൃത്യങ്ങളില്‍നിന്നു തിരിച്ചുവരുന്നതിനുംവേണ്ടിയാണ്. എന്നാല്‍, ജനം അപ്രകാരം ചെയ്യാതിരിക്കുമ്പോള്‍ അവര്‍ക്കെതിരേ ഉയര്‍ന്ന കരം അങ്ങനെതന്നെ നില്ക്കുന്നുവെന്നാണ് ഇന്ന് ഏശയ്യാ പ്രവാചകന്റെ പുസ്തകം 9-ാം അധ്യായത്തില്‍നിന്നു വായിച്ചത്. വെട്ടിയൊരുക്കലുകളായി ശിക്ഷണങ്ങള്‍ ജീവിതത്തിലേക്കു കടന്നുവരുമ്പോള്‍ മാനസാന്തരത്തിന്റെ സത്ഫലങ്ങള്‍ നല്കുവാന്‍ നമുക്കു സാധിക്കണമെന്ന് തിരുവചനം നമ്മെ ഓര്‍മിപ്പിക്കുന്നു. 
പൗലോശ്ലീഹാ കോറിന്തോസിലെ സഭയ്‌ക്കെഴുതി: ദൈവം ഞങ്ങള്‍ക്കു നിശ്ചയിച്ചുതന്നിട്ടുള്ള പരിധിയില്‍ ഞങ്ങള്‍ നില്ക്കും. ഈ കത്തിലൂടെ ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, ദൈവികനിയമങ്ങളോടുള്ള വിധേയത്വമാണ്. മാനുഷികപ്രശംസകളെക്കാളും ദൈവികനിയമങ്ങളുടെ പരിധിയില്‍ നില്ക്കുന്നതിനുള്ള ആഹ്വാനമാണ് ശ്ലീഹാ നല്കുന്നത്. 
ദൈവികനിയമങ്ങളോടുള്ള മനോഭാവം എന്തായിരിക്കണം എന്നു പഠിപ്പിക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗം. ഫരിസേയരും ജറുസലേമില്‍നിന്നു വന്ന ചില നിയമജ്ഞരും ഈശോയുടെ ശിഷ്യന്മാരെക്കുറിച്ച് പരാതിയുമായി വരുന്നതാണു രംഗം. അവരുടെ പരാതി ശിഷ്യന്മാര്‍ തങ്ങളുടെ ആചാരവും പാരമ്പര്യങ്ങളും പാലിക്കുന്നില്ല എന്നതായിരുന്നു. ഈശോയുടെ പഠിപ്പിക്കലുകളെക്കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടും അവനെ എപ്രകാരം വാക്കില്‍ കുടുക്കാമെന്ന് ആലോചിച്ചുകൊണ്ടും വരുന്ന ഫരിസേയരുടെയും ജറുസലേമില്‍നിന്നുള്ള നിയമജ്ഞരുടെയും കാര്യം മുമ്പും സുവിശേഷകന്‍ പരാമര്‍ശിക്കുന്നുണ്ട് (മര്‍ക്കോ. 3,6-22). ഈശോ അവിടെ പഠിപ്പിക്കുന്നു: മാനുഷികപാരമ്പര്യങ്ങളെക്കാള്‍ ദൈവികനിയമങ്ങള്‍ക്കു വില കല്പിക്കണം. മതാചാരങ്ങളുടെ ഭാഗമായി മോശയുടെ നിയമങ്ങളോടു ചേര്‍ക്കപ്പെട്ടിരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് ഇവിടെ പ്രതിപാദ്യം. ഇപ്രകാരമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും കാലങ്ങള്‍ക്കനുസരിച്ച്, സംസ്‌കാരങ്ങള്‍ക്കനുസരിച്ച് മാറ്റപ്പെടുന്നവയാണ്. എന്നാല്‍, ഇപ്രകാരമുള്ള ആചാരങ്ങളുടെ പേരില്‍ ദൈവകല്പനകള്‍ ധിക്കരിക്കുന്നതാണ് ഈശോ എതിര്‍ക്കുന്നത്. ഇപ്രകാരമുള്ള പല ആചാരാനുഷ്ഠാനങ്ങളും ഈശോയുടെ പരസ്യജീവിതകാലത്ത് അവിടുന്ന് വേണെ്ടന്നു വയ്ക്കുന്നുണ്ട്. പ്രത്യേകിച്ച് രോഗങ്ങളെക്കുറിച്ചും ഭക്ഷണങ്ങളെക്കുറിച്ചുമുള്ള പല ആചാരങ്ങളും അവിടുന്ന് ലംഘിക്കുന്നുണ്ട്. കുഷ്ഠരോഗിയെ സ്പര്‍ശിക്കുന്നതും (1,41) രക്തസ്രാവക്കാരി സ്പര്‍ശിക്കുന്നതിനെ കുറ്റപ്പെടുത്താത്തതും (5,27-30) മൃതശരീരത്തെ സ്പര്‍ശിക്കുന്നതും (5,41) പാപികളോടൊത്തു ഭക്ഷണത്തിനിരിക്കുന്നതും (2,41)എല്ലാം പുതിയ രീതികളായിരുന്നു. ഹൃദയത്തില്‍ ദൈവമില്ലാതെ ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളില്‍ മാത്രം മുഴുകുന്നതിനെ ഈശോ നിശിതമായി എതിര്‍ക്കുകയാണ്.

 

Login log record inserted successfully!