•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

അഗസ്ത്യായനം

കുഞ്ഞച്ചന്‍ കൂടുതല്‍ ജാഗരൂകനായി കര്‍മ്മനിരതനായി. മറ്റുള്ളവരെ വിശ്വാസത്തിലും ക്രിസ്തുവിന്റെ ചൈതന്യത്തിലും ഉറപ്പിച്ചുനിര്‍ത്തുവാന്‍ കുഞ്ഞച്ചനു കുറച്ചൊന്നുമല്ല പാടുപെടേണ്ടിവന്നത്. കൂടക്കൂടെ അവശക്കത്തോലിക്കരുടെ ഭവനങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചുകൊണ്ടിരുന്നു. ഓരോരുത്തരെയും മുഖാമുഖം കണ്ടു സംസാരിച്ചു. അവരുടെ എല്ലാ കാര്യങ്ങളിലും താത്പര്യപൂര്‍വ്വം ഭാഗഭാക്കായി. ഒരു ഇടയനെപ്പോലെ അദ്ദേഹം അവരെ മനംതെറ്റിപ്പോകാതെ സംരക്ഷിച്ചു. നാല്പത്തിയഞ്ചില്‍ യുദ്ധം അവസാനിക്കുന്നതുവരെ കുഞ്ഞച്ചന് ഭഗീരഥപ്രയത്‌നംതന്നെയായിരുന്നു.
ആയിടയ്ക്കാണ് രാമപുരംകാരായ മൂന്നു കൊച്ചച്ചന്മാര്‍ പുത്തന്‍കുര്‍ബാന ചൊല്ലിയത്. അതിലൊരാളായ വള്ളുവന്‍കോട്ട് തോമാ അച്ചന്‍ രാമപുരത്ത് അസിസ്റ്റന്റായി നിയമിക്കപ്പെട്ടു. കുഞ്ഞച്ചന്റെ നിര്‍ദ്ദേശപ്രകാരം ദളിത്മക്കളുടെ കാര്യാദികള്‍കൂടി അന്വേഷിക്കാന്‍ അദ്ദേഹം തയ്യാറായി. കുഞ്ഞച്ചനെ സംബന്ധിച്ചിടത്തോളം വലിയൊരനുഗ്രഹമായി.
അങ്ങനെയൊരോര്‍മ്മ ഒരാശ്വാസത്തിന്റെ വെള്ളിവെളിച്ചംപോലെ കുഞ്ഞച്ചന്റെ പ്രജ്ഞയിലേക്കു കടന്നുവന്നു. അപ്പോള്‍ തന്റെ ദളിത് മക്കള്‍ അനാഥരല്ല. അവര്‍ക്ക് എല്ലാറ്റിനും വള്ളുവന്‍ കോട്ടച്ചനുണ്ട്.
എങ്കിലും മനസ്സിനകത്ത് ഒരു കടല്‍ കിടന്നിളകുന്നുണ്ട്. കാലചക്രത്തിന്റെ അടരുകളില്‍നിന്ന് കര്‍മ്മപഥങ്ങള്‍ വേര്‍പെട്ടുപോകുന്നു. അകക്കണ്ണാല്‍ പിന്‍തിരിഞ്ഞുനോക്കുമ്പോള്‍ ഇടുങ്ങിയതും എന്നാല്‍ വിജനവുമായ ഒരിടവഴി കാണാവുന്നു. അത് കയറിപ്പോകുന്നത് ഒരു കുന്നിന്‍ മുകളിലേക്കാണ്.
കുന്നിന്‍മുകളില്‍ ഒരു നഗരം സ്ഥിതിചെയ്യുന്നു. സൂര്യകാന്തവും നീലരത്‌നവും മാണിക്യവും മറ്റു വിലപ്പിടിപ്പുള്ള രത്‌നങ്ങളുംകൊണ്ടും അടിസ്ഥാനം തനിത്തങ്കംകൊണ്ടും പണിതു മനോഹരമായ ഒരു നഗരം. നഗരകവാടത്തില്‍ ഒരു സ്ത്രീയെ കുഞ്ഞച്ചനു കാണാവുന്നു.
സൂക്ഷിച്ചുനോക്കുമ്പോള്‍ കുഞ്ഞച്ചന് സന്ദേഹം ഇരട്ടിക്കുന്നു. ആരാണത്? അഴകോനിയോ...? അതോ തേനാംകിളിയോ? 
നഗരത്തിനു മുകളിലുള്ള ആകാശം പ്രകാശത്തിന്റെ മയൂഖവീചികള്‍ ഭൂമിയിലേക്കയച്ച് കുഞ്ഞച്ചനോടു പറഞ്ഞു: 
''അത് തേനാംകിളിതന്നെ.''
അപ്പോള്‍ കുഞ്ഞച്ചന്‍ ചക്കാമ്പുഴ എന്ന ഗ്രാമം കാണുന്നു. അവിടെ ഒരു ചെറ്റക്കുടില്‍. തീരെ പൊക്കം കുറഞ്ഞ കുഞ്ഞച്ചനുപോലും കുനിഞ്ഞു കടക്കേണ്ടുന്ന മുന്‍വാതില്‍. കുഞ്ഞച്ചന്‍ തലയും ശരീരവും കുനിച്ച് അകത്തേക്കു കടക്കുന്നു.
അകത്ത് ഒരു കീറപ്പായില്‍ ഒരു സ്ത്രീ മരണാസന്ന എന്നപോലെ കിടക്കുന്നു. കുഞ്ഞച്ചന്‍ അടുത്തുചെന്ന് കുനിഞ്ഞുനിന്ന് ക്ഷേമാന്വേഷണങ്ങള്‍ നടത്തുന്നു.
''പോ കുഞ്ഞച്ചാ... എന്റെയടുത്തൂന്നു പോ... കുഞ്ഞച്ചന്‍ വന്നേക്കുന്നൂ.'' ചിലമ്പിയ ശബ്ദത്തില്‍ അവള്‍ കുഞ്ഞച്ചനോട് അനിഷ്ടം അറിയിച്ചു. യാതൊരു ഭാവഭേദവും കൂടാതെ കുഞ്ഞച്ചന്‍ പുറത്തു കടന്ന് രാമപുരത്തേക്കു നടകൊള്ളുന്നു.
ഒരുദിവസം മുഴുവന്‍ കര്‍ത്താവിനെ പ്രഘോഷിക്കുവാനുള്ള മാര്‍ഗ്ഗം നമ്മള്‍ ചെയ്യുന്ന ജോലി ആത്മാര്‍ത്ഥതയോടുകൂടി ചെയ്യുകയാണെന്ന് കുഞ്ഞച്ചനറിയാമായിരുന്നു. 
അതുകൊണ്ടുതന്നെ കുഞ്ഞച്ചന്‍ തേനാംകിളിയെ സന്ദര്‍ശിച്ചത് ഒന്നും രണ്ടും വട്ടമായിരുന്നില്ല; പതിനെട്ടുവട്ടം. മാത്രമല്ല, അവര്‍ക്കു വേണ്ടുന്ന എല്ലാ സഹായങ്ങളും കുഞ്ഞച്ചന്‍ എത്തിച്ചുകൊടുത്തിരുന്നു. തേനാംകിളിയുടെ മക്കളില്‍ ചിലരും ബന്ധുക്കളില്‍ ചിലരും ക്രിസ്തുമതം സ്വീകരിച്ചിരുന്നു. പക്ഷേ, തേനാംകിളി മാത്രം അതിനൊരുക്കമായിരുന്നില്ല.
പക്ഷേ, ഒരിക്കല്‍ കാലത്തിന്റെ നാഴികമണി മരണത്തിന്റെ യാമങ്ങളെണ്ണുന്നത് തേനാംകിളി കേട്ടു. അവര്‍ പറഞ്ഞു: ''ഏന് കുഞ്ഞച്ചനെ കാണണം.''
വാര്‍ത്ത കുഞ്ഞച്ചന്റെ കാതുകളിലെത്തി. താമസംവിനാ കുഞ്ഞച്ചന്‍ തേനാംകിളിയുടെ കൂരയിലെത്തി. 
''എനക്ക് മാമ്മോദീസാ വേണം.'' തേനാംകിളി പറഞ്ഞു.
കുഞ്ഞച്ചന്‍ അവരെ സ്‌നാനപ്പെടുത്തി സ്വര്‍ഗ്ഗത്തിന്റെ ഓഹരിക്കാരിയാക്കി. രണേ്ടാ മൂന്നോ നാഴികകള്‍ക്കകം തേനാംകിളി ഈ ഭൂമിയില്‍ തന്റെ ദേഹമുപേക്ഷിച്ച് സ്വര്‍ഗ്ഗത്തിന്റെ പടവുകള്‍ കയറി.
തന്റെ സ്വപ്നദര്‍ശനങ്ങള്‍ക്കു മീതെ ഒരു ധവളവര്‍ണത്തിരശ്ശീല വീണപ്പോള്‍ കുഞ്ഞച്ചനില്‍നിന്ന് മലമുകളിലെ നഗരവും നഗരകവാടത്തിലെ സ്ത്രീയും അന്യമായപ്പോയി. 
ആരോ തുറന്ന ജാലകത്തിലൂടെ അകത്തേക്കു വന്ന വെളിച്ചത്തിലേക്കാണ് കുഞ്ഞച്ചന്‍ കണ്ണുമിഴിച്ചത്. ആരാണ് ജാലകം തുറന്നത്, ആരാണ് തന്റെ കാലുകള്‍ തടവുന്നത്...? കുഞ്ഞാഗസ്തിയോ അതോ കുഞ്ഞോ... അല്ലെങ്കില്‍ വല്യമാണിയോ...? 
മുറിക്കുള്ളിലെ അരണ്ട വെളിച്ചത്തില്‍ കുഞ്ഞച്ചന് ഒന്നും വ്യക്തമായില്ല. തേവര്‍പറമ്പില്‍നിന്ന് ആരെങ്കിലും തന്നോടൊപ്പമുണ്ടാകുമെന്ന് കുഞ്ഞച്ചനറിയാമായിരുന്നു.
തന്റെ ശരീരത്തിന്റെ ക്ലേശങ്ങള്‍ ആരറിയാന്‍...? തന്റെ ആത്മാവിന്റെ പീഡകള്‍... അതിന്റെ വ്യസനങ്ങള്‍...?
എല്ലാറ്റിനുമുപരി തന്റെ ദളിത് മക്കളെക്കുറിച്ചോര്‍ത്തപ്പോള്‍ കുഞ്ഞച്ചന്‍ ചുട്ടുപൊള്ളുന്ന മരുഭൂമിക്കു നടുവില്‍ ചിറകുതളര്‍ന്ന പക്ഷിക്കുഞ്ഞിനെപ്പോലെയായി. മരണത്തിന്റെ കാവല്‍ദൂതന്‍ ചാരത്തെവിടെയോ നില്ക്കുന്നതുപോലെ കുഞ്ഞച്ചനു തോന്നി.
തനിക്കുള്ള സമയം സമാഗതമായിരിക്കുന്നുവെന്ന് കുഞ്ഞച്ചന്‍ കണ്ടു. ഈ വഴിയമ്പലത്തിലെ പാര്‍പ്പവസാനിപ്പിച്ച് തന്റെ സ്വദേശത്തേക്കുള്ള മടക്കയാത്രയ്ക്കുള്ള നേരം. ഈ ഭൂമിയിലേക്കു വന്നതുതന്നെ മടങ്ങിപ്പോകാനാണ്. യാത്രയ്ക്കുള്ള സമയമാകുമ്പോള്‍ ദൈവം പേരേടുകളില്‍നിന്ന് ഓരോരുത്തരെയായി പേരുചൊല്ലി വിളിക്കും. നമ്മള്‍ മടങ്ങിയേ മതിയാകൂ.
അതില്‍ കുഞ്ഞച്ചന് ഒട്ടും ഭയമോ ദുഃഖമോ തോന്നിയിട്ടില്ല.
മരണം കാലത്തിന്റെ അനിവാര്യതയാണ്. അതിലുപരി അത് മാനവന്റെ നിയോഗമാണ്. എന്തെന്നാല്‍, മനുഷ്യന്‍ കാലത്തിലൂടെയാണ് കടന്നുപോകുന്നത്.
പക്ഷേ, തന്റെ ദളിത്മക്കളെക്കുറിച്ചോര്‍ത്തപ്പോള്‍ കുഞ്ഞച്ചന്റെ ഹൃദയത്തില്‍ ഒരു ഭാരം തൂങ്ങി. എങ്കിലും മനസ്സിന്റെ ഉഷ്ണസ്ഥലികള്‍ക്കപ്പുറത്ത് കുഞ്ഞച്ചന്‍ ആശ്വാസത്തിന്റെ ഒരു മരുപ്പച്ച കണ്ടു. വള്ളുവന്‍ കോട്ടച്ചന്‍. ദളിത്മക്കള്‍ക്കിപ്പോള്‍ വള്ളുവന്‍കോട്ടച്ചനുണ്ട്. തന്നെക്കാള്‍ എത്രയോ സമര്‍ത്ഥന്‍. തന്നേക്കാള്‍ എത്രയോ ചെറുപ്പം.
എങ്കിലും... കുഞ്ഞച്ചന്റെ ആശ്വാസം പൂര്‍ണമായിരുന്നില്ല. ഹൃദയത്തില്‍ ദളിത്മക്കളെ പ്രതി കുഞ്ഞച്ചന്‍ ഒരു നീറ്റല്‍ അനുഭവിച്ചു. 
കാലത്തിന്റെ ഗതിവിഗതികളും ദൈവത്തിന്റെ അംഗുലീയചലനങ്ങളും ആരറിയുന്നു. മനുഷ്യന്റെ കണക്കുകൂട്ടലുകള്‍ക്കും കിഴിക്കലുകള്‍ക്കുമെത്രയോ അപ്പുറത്താണതൊക്കെ. അതുകൊണ്ടാണല്ലോ ഒരദ്ഭുതംപോലെ കുഞ്ഞച്ചന്‍ രോഗവിമുക്തനായത്. അപ്പോള്‍ ദൈവം തന്നില്‍നിന്ന് എന്തൊക്കെയോ ഇനിയും പ്രതീക്ഷിക്കുന്നുവെന്ന് കുഞ്ഞച്ചന്‍ കണ്ടു. 
അസുഖത്തില്‍നിന്നു മോചിതനായെങ്കിലും ശരീരത്തിന്റെ ക്ഷീണവും അനാരോഗ്യവും കുഞ്ഞച്ചനെ വിട്ടൊഴിഞ്ഞിരുന്നില്ല. എങ്കിലും അദ്ദേഹം ദളിത്മക്കള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പൂര്‍വാധികം ശ്രദ്ധയോടെ വ്യാപൃതനായി.
ആയിടയ്ക്കാണ് ബഹുമാനപ്പെട്ട കച്ചിറമറ്റത്തില്‍ ആഗസ്തിയച്ചന്‍ രാമപുരത്ത് അസിസ്റ്റന്റായി നിയമിതനാകുകയും വള്ളുവന്‍കോട്ടച്ചന്‍ പാലാ കത്തീഡ്രല്‍ പള്ളിയിലേക്കു സ്ഥലം മാറിപ്പോവുകയും ചെയ്തത്.
കുഞ്ഞച്ചന്‍ കച്ചിറമറ്റത്തിലച്ചനെ ദളിത്മക്കളുടെ കാര്യാദികള്‍ ഭരമേല്പിച്ചു.
''ഇനി അച്ചന്‍ വേണം ദളിത് മക്കളുടെ കാര്യങ്ങള്‍ നോക്കാന്‍.''
''എനിക്കാവതെല്ലാം അവര്‍ക്കുവേണ്ടി ചെയ്യാം കുഞ്ഞച്ചാ. എല്ലാക്കാര്യത്തിനും കുഞ്ഞച്ചനുണ്ടല്ലോ കൂടെ.''
കൊച്ചച്ചനെ കേട്ട് കുഞ്ഞച്ചന്‍ പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു. 
''ഞാന്‍ ഇനി എത്രകാലം?''
ആ വാക്കുകളില്‍ കുഞ്ഞച്ചന്റെ ആത്മാവിന്റെ ഒരു വിങ്ങലുണെ്ടന്ന് കൊച്ചച്ചന്‍ അറിഞ്ഞു.
അങ്ങനെയൊന്നും ചിന്തിക്കേണ്ട. കുഞ്ഞച്ചനെക്കൊണ്ട് ഇനിയും കര്‍ത്താവിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്.
കുഞ്ഞച്ചനും അങ്ങനെതന്നെ വിശ്വസിച്ചു. ''അവനെക്കൊണ്ട് ആവതില്ലാത്തത് എന്ത്? അവന്റെ രാജത്വം എല്ലാറ്റിനെയും ദര്‍ശിക്കുന്നു. ഏലിയാവിനുവേണ്ടി ഒരു കാക്കയെയും യോനായ്ക്കുവേണ്ടി ഒരാവണക്കും ലാസറിനുവേണ്ടി ഒരു നായേയും അവന്‍ കരുതി. തന്റെ പ്രവാചകനുവേണ്ടി ഒരു തിമിംഗലത്തേയും അവന്‍ ഒരുക്കി.''
അവന്‍ ഇരുമ്പിനെ ഒഴുകുമാറാക്കുന്നു. പാറയെ പിളരുമാറാക്കുന്നു. അവന്‍ കാറ്റിനെയും കടലിനെയും ശാസിക്കുകയും ശാന്തമാക്കുകയും ചെയ്യുന്നു. അവനില്‍നിന്ന് സംഭവിക്കാനിടയില്ലാത്തത് എന്ത്?
പഴയതുപോലെ ആരോഗ്യമുണ്ടായിരുന്നില്ലെങ്കിലും കുഞ്ഞച്ചന്‍ ദളിത്മക്കളുടെ കാര്യദികളില്‍ ദത്തശ്രദ്ധനായി. സഹായത്തിന് കച്ചിറമറ്റത്തിലച്ചനുമുണ്ടായിരുന്നു. പക്ഷേ, ഏറെക്കാലം തന്റെ ജോലികള്‍ തുടരാന്‍ കുഞ്ഞച്ചനു സാധിച്ചില്ല. കുഞ്ഞച്ചന്റെ ക്ഷീണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. പനിയും തളര്‍ച്ചയും കുഞ്ഞച്ചനെ അവശനാക്കി.
രാമപുരത്തെ ഡോക്ടര്‍മാരുടെ ചികിത്സകള്‍ ഫലിക്കാതെ വന്നപ്പോള്‍ അവരുടെതന്നെ നിര്‍ദ്ദേശപ്രകാരം കുഞ്ഞച്ചനെ ഭരണങ്ങാനത്തുള്ള മേരിഗിരി ആശുപത്രിയിലേക്കു മാറ്റി. അവിടെ വിദഗ്ധരായ ഡോക്ടര്‍മാരുടെ ചികിത്സ. പക്ഷേ, കാര്യമായ ഒരു ഗുണവും അതുകൊണ്ടുണ്ടായില്ല. കാലുകള്‍ക്കു തളര്‍ച്ച അനുഭവപ്പെട്ടു. ശബ്ദം തീരെയില്ല. തനിയെ എഴുന്നേറ്റു നില്ക്കാനും നടക്കാനും വയ്യെന്നായി. രണ്ടുമാസത്തോളം മേരിഗിരിയിലെ ചികിത്സകള്‍ കഴിച്ചിട്ടും പ്രയോജനപ്പെട്ടില്ല. ശരീരം ശോഷിച്ചു. ഒരു വശം തളര്‍ന്നു.
അവസാനം ഡോക്ടര്‍മാരുടെ അനുവാദത്തോടെ കുഞ്ഞച്ചനെ രാമപുരത്തേക്കു കൊണ്ടുപോന്നു. മുന്‍പു താമസിച്ചിരുന്ന പള്ളിമുറിയുടെ താഴത്തെ നിലയിലേക്ക് കുഞ്ഞച്ചന്‍ താമസം മാറ്റി.
ആവശ്യത്തിനു ജനാലകളും വാതിലുകളുമില്ലാതിരുന്ന മുറിയില്‍ എപ്പോഴുമെന്നപോലെ ഇരുട്ട് തങ്ങിനിന്നു. താരതമ്യേന പൊക്കംകുറഞ്ഞ ഒരു കട്ടില്‍. കട്ടിലിനു മുന്നിലായി ഒരു ചെറിയ മേശ. അതില്‍ ഒരു കുരിശുരൂപവും കറാപ്പും ടൈംപീസും. മേശപ്പുറത്ത് ദളിത് ക്രൈസ്തവരെ സംബന്ധിച്ചുള്ള രജിസ്റ്ററുകള്‍. അത്രയുമായിരുന്നു കുഞ്ഞച്ചന്റെ സ്ഥാവരജംഗമവസ്തുക്കള്‍. ദരിദ്രര്‍ക്കായി ജീവിതം ഉഴിഞ്ഞവച്ച കുഞ്ഞച്ചനും ദരിദ്രനായി കഴിഞ്ഞുകൂടി.
എഴുന്നേറ്റുനിന്നോ ഇരുന്നോ ദിവ്യബലി അര്‍പ്പിക്കാനുള്ള കരുത്ത് കുഞ്ഞച്ചന്റെ ശരീരത്തിനില്ലായിരുന്നു. എങ്കിലും ദിനവും ദിവ്യകാരുണ്യം സ്വീകരിക്കുന്നതില്‍ അദ്ദേഹം അത്യപൂര്‍വ്വമായ ഒരാനന്ദം അനുഭവിച്ചിരുന്നു. കാനോനനമസ്‌കാരം എത്തിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ മെത്രാനച്ചനില്‍നിന്ന് അനുവാദംവാങ്ങി കൊന്തനമസ്‌കാരം ചൊല്ലിയിരുന്നു.
ജപമാല രഹസ്യങ്ങളുടെ ഇടവേളകളില്‍ കുഞ്ഞച്ചന്‍ മയക്കത്തിന്റെ നീലക്കയങ്ങളിലേക്കു വഴുതിപ്പോകുന്നു. പിന്നെയെപ്പോഴോ തിരിച്ചെത്തി പ്രജ്ഞയുടെ സൂര്യവെട്ടത്തില്‍ കണ്ണുതുറക്കുമ്പോള്‍ തന്റെ കട്ടിലിനരുകില്‍ കുഞ്ഞച്ചന്‍ ആരെയെങ്കിലും കാണും. തന്നെ സവിശേഷശ്രദ്ധയോടെ നോക്കിനില്ക്കുന്ന ആരെയെങ്കിലുമൊക്കെ. അവരുടെ കണ്ണുകളില്‍ തന്നോടുള്ള സ്‌നേഹവും അലിവും കുഞ്ഞച്ചന്‍ കാണുന്നു. ഇപ്പോള്‍ കുഞ്ഞച്ചന്‍ കാണുന്നത് ചേര്‍ത്തലക്കാരന്‍ കുട്ടിയെ ആണ്. തന്റെ കുശിനിക്കാരന്‍. കുട്ടി ചോദിക്കുന്നു:
''കുഞ്ഞച്ചന് എന്താ കഴിക്കാന്‍ വേണ്ടത്?''
ഒന്നും വേണെ്ടന്ന് കുഞ്ഞച്ചന്‍ തലയനക്കി. ''എന്നാ ഇത്തിരി വാട്ടവെള്ളം തരട്ടെ.''
ആകാമെന്ന് കുഞ്ഞച്ചന്‍ വീണ്ടും തലചലിപ്പിച്ചു. 
രണ്ടു കവിള്‍ കാപ്പി. അതുമതിയായിരുന്നു കുഞ്ഞച്ചന്. കുട്ടിയുടെ പിന്നില്‍ വന്നുനില്ക്കുന്നതാരാണെന്ന് കുഞ്ഞച്ചന്‍ നോട്ടം നീട്ടി. കുഞ്ഞച്ചന് ആളെ മനസ്സിലായി. കുഞ്ഞച്ചന്റെ രണ്ടാമത്തെ ജ്യേഷ്ഠന്റെ മകനാണ്. പി.റ്റി. അഗസ്റ്റിന്‍. രാമപുരം ബോയ്‌സ് സ്‌കൂളിലെ അദ്ധ്യാപകന്‍. അഗസ്റ്റിന്‍ തലയിണ ചാരി കുഞ്ഞച്ചനെ ചുവരോടു ചേര്‍ത്തിരുത്തി. അതു നന്നായെന്ന് കുഞ്ഞച്ചനു തോന്നി. കിടന്നകിടപ്പില്‍ത്തന്നെ എത്ര നേരമാണ്! പുറം ചുട്ടുപൊള്ളുന്നു.
അയാള്‍ ജാലകം തുറന്നിട്ടു. വെളിച്ചം കടന്നുവന്നു. ദൂരെ മലമടക്കുകള്‍ക്കപ്പുറത്തുനിന്ന് സായാഹ്നക്കാറ്റു വീശി.
''രണ്ടുപേര്‍ കാണാന്‍ വന്നിട്ടുണ്ട്. വരാന്‍ പറയണോ...''
ആകട്ടെയെന്ന് കുഞ്ഞച്ചന്‍ കനം കുറഞ്ഞ ശബ്ദം വച്ചു.
അത് റോസമ്മയും ഭര്‍ത്താവ് പൗലോസും അവരുടെ രണ്ടാമത്തെ മകനുമായിരുന്നു. അവര്‍ കുഞ്ഞച്ചനു മുന്‍പില്‍ മുട്ടുകുത്തി. ഏറ്റുമാനൂരില്‍നിന്നു രായ്ക്കുരാമാനം പിടിച്ചുകൊണ്ടുവന്ന് വാണിയപ്പുരയ്ക്കലെ ഒറ്റമുറിവീട്ടില്‍ പൗലോസിനോടൊപ്പം പൂട്ടിയിടപ്പെട്ട റോസമ്മ മാനസാന്തരപ്പെട്ടു ഭര്‍ത്താവിനോടൊപ്പം ചേര്‍ന്നിരിക്കുന്നു. ആ കുടുംബം സൗഭാഗ്യമുള്ളതായിത്തീര്‍ന്നിരിക്കുന്നു.
കുഞ്ഞച്ചന്‍ അവരോടു ക്ഷേമകാര്യങ്ങള്‍ തിരക്കി.
പിന്നെ ഉപദേശിയെ വിളിച്ച് ഇടങ്ങഴി അരി കൊടുക്കാനേര്‍പ്പാടു ചെയ്തു. പിന്നെ പറഞ്ഞു:
''എന്നാ പൊയ്‌ക്കോ പൊയ്‌ക്കോ.''
സ്ഥലകാലങ്ങളുടെ വിദൂരസ്ഥലികള്‍ക്കപ്പുറത്ത് ജീവവൃക്ഷത്തിലെ ഒരിലകൊഴിയുകായിരുന്നു. എന്തുകൊണേ്ടാ കുഞ്ഞച്ചന്‍ ഇപ്രകാരം ചിന്തിച്ചു.
ജീര്‍ണിച്ചുതുടങ്ങിയ ഈ ശരീരം ഉപേക്ഷിക്കാന്‍ കാലമാകുന്നു.

 

Login log record inserted successfully!