മലയാളത്തിലെ അക്ഷരങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള തര്‍ക്കത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളഭാഷ രൂപപ്പെട്ട കാലംമുതല്‍ തുടങ്ങിയ വിവാദം ഇന്നും അവസാനിച്ചിട്ടില്ല. വിദേശികള്‍ അന്യഭാഷ എന്ന നിലയിലും അവരെ മാതൃകയാക്കിയ സ്വദേശികള്‍ മാതൃഭാഷ എന്ന നിലയിലും മലയാളലിപിപഠനം നിര്‍വഹിച്ചത് തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് ഇടയാക്കി. ഭാഷയ്ക്കും സാഹിത്യത്തിനും സംഭവിച്ചുകൊണ്ടിരുന്ന വികാസപരിണാമങ്ങളും ചാഞ്ചാട്ടങ്ങള്‍ക്കു കാരണമായിട്ടുണ്ടാകാം. ഫലത്തില്‍, അക്ഷരസംഖ്യാനിര്‍ണയനം സമസ്യയായി ഇപ്പോഴും തുടരുന്നു.
മൃതഭാഷയായ സംസ്‌കൃതത്തിന്റെ അക്ഷരമാലയില്‍ നിലനിറുത്തിയിട്ടുള്ള അനുസ്വാര(ം)ത്തെയും വിസര്‍ഗ്ഗ(ഃ)ത്തെയും മലയാളത്തിന്റെ അക്ഷരമാലയില്‍ തുടരണമെന്നു ചിലര്‍ വാശിപിടിക്കുന്നു. അതിന് ഉപോത്ബലകമായി അവര്‍ നിരത്തുന്ന ന്യായത്തെ വിചിത്രമെന്നു പറയണം! 'അമ്പത്തൊന്നക്ഷരാളീ...', ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നുപിഴയ്ക്കും ശിഷ്യന്' തുടങ്ങിയ കവിവാക്യങ്ങളെയാണു തെളിവായി നിരത്തുന്നത്. കവികളുടെ ആലങ്കാരികപ്രസ്താവങ്ങളെ വസ്തുനിഷ്ഠപഠനത്തിന് ആശ്രയിക്കരുതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. സ്വരങ്ങളുടെ കൂട്ടത്തില്‍ അനുസ്വാരത്തെയും വിസര്‍ഗ്ഗത്തെയും ഉള്‍പ്പെടുത്തിയതോടെ സ്വരസംഖ്യ പതിനഞ്ചായി (13+2). ഇവിടെ പരാമര്‍ശിച്ച + 2 അനുസ്വാരവും വിസര്‍ഗ്ഗവുമാണല്ലോ. അവ എന്താണെന്നറിയണമെങ്കില്‍ അനുസ്വാരം, വിസര്‍ഗം എന്നീ ശബ്ദങ്ങളുടെ നിരുക്ത്യര്‍ത്ഥം മനസ്സിലാക്കണം. 
''അനുഗതഃസ്വരാന്‍ ഇതി അനുസ്വാരഃ'' സ്വരങ്ങളെ അനുഗമിക്കുന്നതുകൊണ്ട് അനുസ്വാരം.  (അനുസ്വാരമെന്നാല്‍) സ്വരത്തിനുശേഷം വരുന്ന അനുനാസികധ്വനി എന്നര്‍ത്ഥം.* സംസ്‌കൃതത്തിലെ പദാന്തമകാരത്തിനുള്ള വികാരമാണുള്ളത്. സംസ്‌കൃതത്തില്‍ 'ം' മലയാളത്തില്‍ മ് = ം ആയി മാറി എന്നു ചുരുക്കം. 'മകാരം താനനുസ്വാരം സ്വരം ചേര്‍ന്നാല്‍ തെളിഞ്ഞിടു'മെന്ന കേരളപാണിനീയവിധി ഏറെ സുവിദിതമാണല്ലോ. പാണിനിമഹര്‍ഷി അനുസ്വാരരൂപത്തില്‍ ഒരു പ്രത്യയംപോലും വിധിച്ചിട്ടില്ല എന്നതും സ്മരണീയമാണ്. ഭാഷാശാസ്ത്രപരികല്പനംവച്ചു പറഞ്ഞാല്‍, മകാരത്തിന്റെ ഉപസ്വനമാണ് അനുസ്വാരം. അനുസ്വാരം എഴുതിക്കാണുന്ന എല്ലാ സാഹചര്യങ്ങളിലും ഉച്ചാരണം മകാരത്തിന്റേതാണ്.
വിസര്‍ഗത്തിന്, 'വിശേഷേണ സൃജതി ഇതി വിസര്‍ഗഃ' എന്നു നിരുക്തി. സൃജ് ധാതുവിന് പുറത്തുവിടുക അഥവാ സൃഷ്ടിക്കുക എന്നര്‍ത്ഥം.** പൂര്‍ണതയെക്കുറിക്കുന്ന വ്യാകരണ ചിഹ്നമാണ് സംസ്‌കൃതത്തില്‍ വിസര്‍ഗം. ഇതിനെ നാദിയായ 'ഹ'കാരത്തിന്റെ അവസ്ഥാന്തരമെന്നു വിശേഷിപ്പിക്കാം. വിസര്‍ഗം ഉറപ്പിക്കുമ്പോള്‍ ഉച്ചാരണത്തില്‍ അത് 'ഹ'കാരമായി മാറുന്നു. മലയാളപദങ്ങളില്‍ വിസര്‍ഗ്ഗം സാധാരണമല്ല. ''സംസ്‌കൃതപദങ്ങളിലേ വിസര്‍ഗ്ഗമുള്ളൂ. പിന്നില്‍ വരുന്ന വ്യഞ്ജനത്തിന് ഇരട്ടിപ്പുകൊടുത്ത് (മനഃശാസ്ത്രം = മനശ്ശാസ്ത്രം) മിക്കവാറും ഇതൊഴിവാക്കാവുന്നതാണ്. പദമധ്യത്തില്‍ വിസര്‍ഗ്ഗം വരുന്ന ദുഃഖം മാത്രം ഇതിനു വഴങ്ങുന്നില്ല. ദുക്ഖം എന്നെഴുതി ശീലിച്ചാല്‍ മലയാളത്തില്‍നിന്നു വിസര്‍ഗ്ഗം പാടേ നീക്കം ചെയ്യാം.''*** 
മേല്‍ വ്യക്തമാക്കിയ നിരീക്ഷണങ്ങളില്‍നിന്ന്, അനുസ്വാരവും വിസര്‍ഗ്ഗവും സ്വരമോ അക്ഷരമോ അല്ല എന്നു വ്യക്തമാക്കുന്നു. ഇവയെ സ്വര-വ്യഞ്ജനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി കൈകാര്യം ചെയ്യാനാവില്ല. എന്നാല്‍, ഇവയുടെ യഥാര്‍ത്ഥരൂപം അക്ഷരരൂപത്തില്‍ വ്യഞ്ജനങ്ങളില്‍ നിലീനമായിരിക്കുന്നു എന്നു പറഞ്ഞാല്‍ ഏറെക്കുറെ ശരിയാകും. 
*രാജഗോപാല്‍ എന്‍.കെ., സംസ്‌കൃതനിരുക്തകോശം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1999, പുറം - 14.
**രാജഗോപാല്‍ എന്‍.കെ., സംസ്‌കൃതനിരുക്തകോശം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1999, പുറം - 14.
*** നാരായണമേനോന്‍, പി., പ്രൊഫ., വ്യാകരണപാഠങ്ങള്‍, കേരള സാഹിത്യ അക്കാദമി, 2018, പുറം - 46.
							
 ഡോ. ഡേവിസ് സേവ്യര്‍ 
                    
									
									
									
									
									
									
									
									
									
									
                    