ദൈവവചനത്തിനു വിധേയപ്പെട്ടുള്ള ജീവിതമാണ് ദൈവം ഒരുവനില്‍നിന്ന് ആഗ്രഹിക്കുന്നത്. എലെയാസര്‍ എന്ന് ഹീബ്രു പേരാണ് ലാസര്‍ എന്നു ഗ്രീക്കു ഭാഷയില്‍ ഉപയോഗിച്ചിരിക്കുന്നത്. എലെയാസര്‍ എന്ന വാക്കിന് ദൈവം സഹായിക്കുന്നു എന്നാണര്‍ത്ഥം. ആരും സഹായിക്കുവാനില്ലാത്തവനും ദൈവം തുണയായിരിക്കുന്നു എന്ന ചിന്തയും തിരുവചനം പങ്കുവയ്ക്കുന്നു.
          
     ഈജിപ്തിലെ അടിമത്തത്തില്‍നിന്നു മോശയുടെ നേതൃത്വത്തില്‍ വിമോചിപ്പിക്കപ്പെട്ട ഇസ്രായേല്‍ജനം അവിടെനിന്നു സീനായ്മലയുടെ താഴ്വാരത്താണ് ആദ്യംതാവളമടിക്കുന്നത്. അവിടെ ജനം ദൈവത്തെ ആരാധിക്കുകയും ദൈവം ഇസ്രായേലുമായി ഉടമ്പടി ചെയ്യുകയും ഇസ്രായേല്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാവുകയും ചെയ്തു. ആ ജനത്തിന്റെ കൂടെ വസിക്കുവാന്‍ ദൈവം ആഗ്രഹിക്കുകയും തന്റെ സാന്നിധ്യം അവരുടെ ഇടയില്‍ ഉണ്ടായിരിക്കുന്നതിനു സാക്ഷ്യപേടകം നിര്‍മിക്കുവാന്‍ ആവശ്യപ്പെടുകയും അവിടെ തന്റെ അദ്യശ്യമായ സാന്നിധ്യം ദൃശ്യമായ അടയാളങ്ങളിലൂടെ നല്‍കുകയും ചെയ്യുന്നു. പുറപ്പാട് പുസ്തകത്തിനുശേഷമുള്ള ലേവ്യരുടെ പുസ്തകത്തില്‍ പറയുന്നത്, ദൈവത്തിന്റെ ജനമായിത്തീര്‍ന്ന ഇസ്രായേല്‍ജനം എപ്രകാരമാണ് ദൈവത്തോടുള്ള കടമകള്‍ നിവര്ത്തിക്കേണ്ടണ്ടത് എന്ന കാര്യമാണ്. എപ്രകാരം ദൈവത്തിന് ആരാധനയും ബലിയര്‍പ്പണങ്ങളും നടത്തണമെന്നും ദൈവതിരുമുമ്പിലും സഹോദരങ്ങള്‍ക്കിടയിലും എങ്ങനെ വിശുദ്ധിയോടെ ജീവിക്കണമെന്നുമെല്ലാം അതില്‍ വിവരിക്കുന്നു. നിശ്ചിതസമയങ്ങളില്‍ തിരുനാളുകള്‍ നടത്തണമെന്നും ദൈവം ചെയ്തിട്ടുള്ള അനുഗ്രഹങ്ങളെ അനുസ്മരിക്കണമെന്നും ദൈവത്തിനു നന്ദി പറയണമെന്നും സഹോദരങ്ങളുമായി സന്തോഷത്തോടെ ജീവിക്കണമെന്നും ഈ ഗ്രന്ഥത്തില്‍ കാണാം.
ലേവ്യരുടെ പുസ്തകത്തില്‍നിന്നു ശ്രവിച്ച വചനഭാഗത്ത് ഇസ്രായേല്‍ജനം കൂടാരത്തിരുനാള്‍ ആചരിക്കേണ്ടത് എപ്രകാരമെന്ന് ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ഇസ്രായേല്‍ജനം ഈജിപ്ത്തില്നിന്നു പോന്ന് മരുഭൂമിയിലൂടെ യാത്ര ചെയ്യുന്നയവസരത്തില്‍ കൂടാരങ്ങളില്‍ താമസിച്ചിരുന്നതിനെ അനുസ്മരിച്ചുകൊണ്ടാണ് കൂടാരത്തിരുനാള്‍ ആചരിച്ചിരുന്നത്. തിരുനാളാചരണത്തിന്റെ പ്രധാന ഘടകം വിശുദ്ധ സമ്മേളനങ്ങളും ബലിയര്പ്പണങ്ങളുമായിരുന്നു. തിരുനാള്‍ദിവസങ്ങള്‍ സന്തോഷിച്ചാനന്ദിക്കുന്നതിനുള്ള അവസരംകൂടിയായിരുന്നു. വിളവെടുപ്പുകാലം കഴിഞ്ഞ് ഏഴു ദിവസം നീളുന്നതായിരുന്നു കൂടാരത്തിരുനാള്‍. കൃഷിയുടെ വിളവെടുപ്പു കഴിയുമ്പോള്‍ ദൈവത്തിനു നന്ദിപറയുന്നതിനും സഹോദരങ്ങളുമായി വിളവ് പങ്കുവച്ചു സന്തോഷിക്കുന്നതിനുമുള്ള അവസരം.
ദൈവവുമായുള്ള ഉടമ്പടി മറന്ന് തിന്മയുമായി ഉടമ്പടി ചെയ്ത് ദൈവത്തില്നിന്നകന്നുപോകുന്നതിനെതിരേ, അവരെ നയിക്കുന്നവര്‍ക്കെതിരേ, ശക്തമായ താക്കീതു നല്കുന്ന പ്രവാചകശബ്ദമാണ് ഏശയ്യാപ്രവാചകന്റെ ഗ്രന്ഥത്തില്‍നിന്നു വായിക്കുന്നത്. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടാകുമ്പോള്‍ യഥാര്‍ഥമായ വിശ്വാസമുള്ളവന് ചഞ്ചലചിത്തനാവുകയില്ലായെന്നും പ്രവാചകന് ഓര്‍മിപ്പിക്കുന്നു. ആത്മാര്‍ഥത നഷ്ടപ്പെട്ട ജനനേതാക്കളെ, മരണവുമായി ഉടമ്പടിയിലേര്പ്പെട്ടവരെ, ഏശയ്യായുടെ പുസ്തകത്തില്‍ കാണുമ്പോള്‍ യഥാര്ഥശുശ്രൂഷകന്റെ മനോഭാവം എന്തായിരിക്കണം എന്ന് പൗലോസ്ശ്ലീഹാ തന്റെതന്നെ ജീവിതത്തിന്റെ ആധികാരികതയില്‍ അടിസ്ഥാനമിട്ടു സംസാരിക്കുന്നതാണ് ലേഖനഭാഗത്തു വായിക്കുന്നത്. വസ്തുക്കളെക്കാളധികമായി വ്യക്തികള്‍ക്കു പ്രാധാന്യം നല്കുന്ന സുവിശേഷമാണ് ശ്ലീഹ പ്രാവര്‍ത്തികമാക്കുന്നത്. സമസ്തവും മിശിഹായില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. 
വ്യക്തിക്കു പ്രാധാന്യം നല്‍കാതെ വസ്തുക്കളില്‍ ഭ്രമിച്ചുകഴിഞ്ഞിരുന്ന ഒരു ധനികന്റെയും അവന്റെ വീട്ടുവാതില്ക്കല് കിടന്നിരുന്ന ഒരു ദരിദ്രന്റെയും അവസ്ഥ ഒരു ഉപമയിലൂടെ ഈശോ പറഞ്ഞുതരുന്ന വിവരണമാണ് വിശുദ്ധ സുവിശേഷത്തില്‍ വായിക്കുന്നത്. ഈ ഉപമയില്‍നിന്നു പഠിക്കാവുന്ന ചില പാഠങ്ങള്‍: ഈലോകജീവിതാന്ത്യത്തില് മരണം എല്ലാവര്ക്കും ബാധകമായ ഒരു യാഥാര്‍ഥ്യമാണ്. മരണശേഷവും ആത്മാവ് ജീവിക്കുന്നു. ഇഹലോകജീവിതത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും വരുവാനുള്ള ജീവിതവും. ഇഹലോകജീവിതത്തില്‍ മനുഷ്യജീവിതത്തിനുള്ള മാര്‍ഗദര്‍ശികളാണ് മോശയും പ്രവാചകന്മാരും, അതായത് വിശുദ്ധ വചനം. ദൈവവചനത്തിനു വിധേയപ്പെട്ടുള്ള ജീവിതമാണ് ദൈവം ഒരുവനില്‍നിന്ന് ആഗ്രഹിക്കുന്നത്. എലെയാസര്‍ എന്ന് ഹീബ്രു പേരാണ് ലാസര്‍ എന്നു ഗ്രീക്കു ഭാഷയില്‍ ഉപയോഗിച്ചിരിക്കുന്നത്. എലെയാസര്‍ എന്ന വാക്കിന് ദൈവം സഹായിക്കുന്നു എന്നാണര്‍ത്ഥം. ആരും സഹായിക്കുവാനില്ലാത്തവനും ദൈവം തുണയായിരിക്കുന്നു എന്ന ചിന്തയും തിരുവചനം പങ്കുവയ്ക്കുന്നു.
							
 ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ 
                    
									
									
									
									
									
									
									
									
									
									
                    