യശസ്സാകുന്ന ശരീരത്തോടു കൂടിയവനെ യശഃശരീരന്‍ എന്നാണു വ്യവഹരിക്കേ ണ്ടത്. പരേതനായ കീര്‍ത്തിമാനാണ് യശഃശരീരന്‍. മരിച്ചിട്ടും കീര്‍ത്തിക്കപ്പെടുന്നവനാണ് അയാള്‍. പരേതയാണെങ്കില്‍ യശഃശരീര എന്നു പറയണം. കീര്‍ത്തിയാകുന്ന ശരീരത്തോടുകൂടിയവരാണ് യശഃശരീരര്‍. (യശഃശരീരന്‍, യശഃശരീര, യശഃശരീരര്‍.)
യശഃശരീരന്‍ എന്ന സംസ്‌കൃതശബ്ദത്തെ, യശശരീരന്‍, യശ്ശശ്ശരീരന്‍, യശഃശ്ശരീരന്‍ എന്നിങ്ങനെ പലവിധം എഴുതിക്കാണുന്നു. വ്യാകരണശുദ്ധി യശഃശരീരന്‍ എന്ന പ്രയോഗത്തിനാണ്. വ്യക്തമാക്കാം: യശഃശരീരന്‍ എന്ന സമസ്തപദത്തിന്റെ പൂര്‍വരൂപം  യശഃ(യശസ്) എന്നാണ്. ഇതിലെ വിസര്‍ഗ്ഗം ഉത്തരപദാരംഭത്തിലെ ശ യ്ക്കു മുമ്പില്‍ ശ് എന്നാകും (1) അങ്ങനെയാണ് (യശസ്) യശഃ+ശരീരം, സന്ധിയില്‍ യശഃശരീരം (യശശ്ശരീരം) എന്നായിത്തീരുന്നത്. ''ഊഷ്മാക്കള്‍ പിന്‍വരുമ്പോള്‍ വിസര്‍ഗ്ഗത്തിനു വികല്‌പേന സകാരാദേശം'' (2) എന്നാണല്ലോ നിയമവും അനുശാസിക്കുന്നത്. (യശസ്)ണ്ണ യശഃ + ശരീരം = യശഃശരീരം; യശശ്ശരീരം).
'അശുവ്യാപ്തൗ' (ദിക്കുകളെ വ്യാപിക്കുന്നത്) എന്ന വിവക്ഷിതത്തില്‍ 'യശസ്' കീര്‍ത്തിയാകുന്നു. 'യശസ്' ഭാഷയില്‍ യശസ്സ് എന്നാകും! പദാന്ത്യേ വ്യഞ്ജനം വന്നാല്‍ സംവൃതം ചേര്‍ത്തു ചൊല്ലുക എന്ന ഭാഷാനിയമപ്രകാരം യശസ്സ് എന്നുതന്നെ എഴുതണം. അതായത്, അന്ത്യവ്യഞ്ജനത്തിന് ഇരട്ടിപ്പും അരയുകാരവും ചേര്‍ക്കണമെന്നര്‍ത്ഥം.
സംസ്‌കൃതപദങ്ങളിലേ പൊതുവെ വിസര്‍ഗ്ഗമുള്ളൂ. പിന്നില്‍ വരുന്ന വ്യഞ്ജനത്തിന് ദ്വിത്വം കൊടുത്ത് മിക്കവാറും ഇതൊഴിവാക്കാവുന്നതാണ് (പദമധ്യത്തില്‍ വരുന്ന ദുഃഖം മാത്രം ഇതിനു വഴങ്ങുന്നില്ല). അങ്ങനെയെങ്കില്‍ യശഃശരീ    രന്‍ എന്നതിലെ വിസര്‍ഗ്ഗം ഉപേക്ഷിച്ച് യശശ്ശരീരന്‍ എന്നെഴുതി ശീലിച്ചാല്‍ സ്ഥാനത്തും അസ്ഥാനത്തും വിസര്‍ഗം ഉപയോഗിക്കുന്ന പ്രവണത ഇല്ലാതായിക്കൊള്ളും. സംസ്‌കൃതവൈയാകരണന്മാര്‍ യശശ്ശരീരന്‍ എന്ന രൂപത്തെയും ശുദ്ധമെന്നു ഗണിച്ചിട്ടുണ്ട്.
അനുബന്ധം
സംസ്‌കൃതം: പിടിയില്ലാത്തവര്‍ക്ക് കാണുന്നിടത്തൊക്കെ വിസര്‍ഗ്ഗമിടാനുള്ള ഭാഷ (എം. കൃഷ്ണന്‍നായര്‍).
1. ദാമോദരന്‍നായര്‍, പി., അപശബ്ദബോധിനി, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2013, പുറം - 532.
2. ജോണ്‍, കുന്നപ്പള്ളി, പ്രക്രിയാഭാഷ്യം, ഡി.സി. ബുക്‌സ്, കോട്ടയം, 1989, പുറം -55. 
							
 ഡോ. ഡേവിസ് സേവ്യര്‍ 
                    
									
									
									
									
									
									
									
									
									
									
                    