•  2 May 2024
  •  ദീപം 57
  •  നാളം 8
വര്‍ത്തമാനം

വൈറസുകളെ വരുതിയിലാക്കാന്‍

രണത്തിന്റെ നിഴലില്‍ വസിക്കുന്നവര്‍ക്കു പ്രത്യാശയുടെ പ്രകാശകിരണംപോലെയാണ് കഴിഞ്ഞദിവസം (ഓഗസ്റ്റ് 11) ആ വാര്‍ത്തയെത്തിയത്. റഷ്യ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നു. മോസ്‌കോയിലെ ഗമേലിയ ഇന്‍സ്റ്റിറ്റിയൂട്ടാണ് ഈ ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്. 
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ തന്നെയാണ് ലോകത്തെ ഈ ആശ്വാസവാര്‍ത്ത അറിയിച്ചത്. മാത്രവുമല്ല, അദ്ദേഹത്തിന്റെ രണ്ടു പെണ്‍മക്കളില്‍ ഒരാള്‍തന്നെ ആദ്യമായി വാക്‌സിന്‍ എടുത്തിരിക്കുന്നു എന്ന വാര്‍ത്തയും അദ്ദേഹം പുറത്തുവിട്ടു. മരിയയാണോ കാതറീനായാണോ വാക്‌സിന്‍ എടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. മകളുടെ ശരീരത്തില്‍ ആന്റിബോഡി വര്‍ധിച്ചിരിക്കുന്നതായി പരിശോധനയില്‍ വെളിപ്പെടുകയും ചെയ്തിരിക്കുന്നത്രേ.
ലോകാരോഗ്യസംഘടനയില്‍ പലരും വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചു സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, എല്ലാ പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയശേഷമാണു വാക്‌സിന്‍ പ്രയോഗസജ്ജമാക്കിയിരിക്കുന്നതെന്നാണ് പുടിന്റെ അവകാശവാദം.
ആദ്യം ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് വാക്‌സിന്‍ നല്കുക. ഒക്‌ടോബര്‍ - നവംബറോടുകൂടിയേ സാധാരണ ജനങ്ങള്‍ക്കു വ്യാപകമായി വാക്‌സിന്‍ നല്കിത്തുടങ്ങുകയുള്ളൂ.
റഷ്യയ്ക്കു തീര്‍ച്ചയായും അഭിമാനിക്കാം. കഴിഞ്ഞ ഡിസംബറില്‍ ചൈനയിലെ വുഹാനില്‍നിന്ന് കൊറോണാ വൈറസ് ലോകത്തിനു ഭീഷണിയായി പുറത്തുവന്നതുമുതല്‍ അതിനെതിരെയുള്ള വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കാന്‍ ശാസ്ത്രലോകം തീവ്രശ്രമത്തിലായിരുന്നു. 27 രാജ്യങ്ങള്‍ പരീക്ഷണങ്ങളുടെ ആദ്യഘട്ടങ്ങള്‍ പിന്നിട്ടിട്ടുണെ്ടന്നാണു വാര്‍ത്ത. ചൈനയും ബ്രിട്ടണും ഇന്ത്യയും വാക്‌സിന്‍ പരീക്ഷണത്തിന്റെ അന്തിമഘട്ടത്തിലെത്തിക്കഴിഞ്ഞു.
ഇക്കഴിഞ്ഞ മേയ് 13 ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍നിന്ന് ഒരു വാര്‍ത്തയുണ്ടായിരുന്നു, കൊറോണയ്‌ക്കെതിരേയുള്ള വാക്‌സിന്‍ അവര്‍ നിര്‍മ്മിച്ചുകഴിഞ്ഞുവെന്ന്. ഇനി പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ - ഒക്‌ടോബര്‍ മാസത്തില്‍ വാക്‌സിന്‍ വിപണിയിലെത്തിക്കുമെന്നും. ലോകത്താകെ ആവശ്യമുള്ള പലവിധ വാക്‌സിനുകളുടെ 70 ശതമാനവും നമ്മുടെ ഈ സിറം ഇന്‍സ്റ്റിറ്റിയൂട്ടാണു നിര്‍മ്മിച്ചുനല്‍കുന്നത്. 
ഇപ്പോളിതാ ഇന്ത്യയുടെ ശ്രമങ്ങളും അന്തിമഘട്ടത്തിലെത്തിയിരിക്കുന്നു. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ കോവാക്‌സിനും സിഡസ് കാഡിലാ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന്റെ സികോവ്ഡിയും മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അനുമതി നല്‍കിക്കഴിഞ്ഞു. ജൂലൈ 15 നുതന്നെ 1000 വോളണ്ടിയര്‍മാര്‍ക്കുവീതം ഈ വാക്‌സിനുകള്‍ നല്കുകയും ചെയ്തിരിക്കുന്നു.
ഓഗസ്റ്റ് അവസാനം വാക്‌സിനുകളുടെ വന്‍തോതിലുള്ള ഉത്പാദനം ആരംഭിക്കുമെന്നും ഡിസംബറില്‍ വിപണിയിലെത്തുമെന്നും ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജനറല്‍ ഡോ. ബലറാം ഭാര്‍ഗവ അറിയിച്ചിട്ടുണ്ട്. സിറം ഇന്‍സ്റ്റിറ്റിയൂട്ട് സി.ഇ.ഒ. അദാര്‍ പൂനാവല്ലായും ഇങ്ങനെത്തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 
ഇത് ഇന്ത്യയ്ക്കും അഭിമാനകരംതന്നെ. സ്വയംപര്യാപ്തഭാരതം എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള ആദ്യചുവടുവയ്പുകളിലൊന്നായി ഈ നേട്ടത്തെ വിലയിരുത്താവുന്നതാണ്. 
ലോകമെമ്പാടും മരണഭീതി വിതച്ചുകൊണ്ട് കൊറോണ വൈറസിന്റെ മാരകയാത്ര ആരംഭിച്ചിട്ടു മാസം എട്ടു കഴിഞ്ഞിരിക്കുന്നു. രണ്ടു കോടിയിലധികം പേരെ ബാധിച്ച കൊറോണ ഏഴരലക്ഷത്തോളം ജീവന്‍ അപഹരിച്ചു. ഇതുപക്ഷേ, ചരിത്രത്തിലാദ്യം സംഭവിച്ച മാരകരോഗബാധയൊന്നുമല്ല. മാനവചരിത്രത്തിന്റെ തുടക്കം മുതല്‍ത്തന്നെ ഇത്തരം മഹാമാരികള്‍ ഇടയ്ക്കിടെ സംഹാരപ്രക്രിയകളും നടത്തിപ്പോന്നിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു.
ശാസ്ത്രം പറയുന്നുണ്ടല്ലോ, ലക്ഷക്കണക്കിനു മാരകവൈറസുകളും നല്ല വൈറസുകളോടൊപ്പം ഈ പ്രകൃതിയില്‍ത്തന്നെ ഉറങ്ങിക്കിടക്കുന്നുണെ്ടന്ന്. ഇടയ്ക്ക് അവയില്‍ ചിലത് ഉണരും. അതു പടര്‍ന്ന് ഒട്ടേറെ ജീവന്‍ കവരും. പക്ഷേ, അവിടെയുമുണ്ട് ദൈവത്തിന്റെ ഇടപെടല്‍. ഈ മാരകവൈറസുകളെ തിന്നൊടുക്കാന്‍ കഴിവുള്ള നല്ല വൈറസുകളും ഇവിടെയുണ്ട്. അവ ശക്തിപ്പെട്ടു പെരുകിപ്പടര്‍ന്ന് മാരകവൈറസുകളെ ഇല്ലായ്മ ചെയ്യുന്നു. ലോകം ഒരു സാംക്രമികരോഗബാധയില്‍നിന്നു മുക്തമാകുന്നു.
ഇപ്പറഞ്ഞ മിത്രവൈറസുകളെയും ബാക്ടീരിയകളെയും തിരിച്ചറിഞ്ഞ് പ്രത്യൗഷധങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷി ഇന്നു ശാസ്ത്രത്തിനുണ്ട്. അങ്ങനെയാണ് ആന്റിബയോട്ടിക്കുകള്‍ വഴി മാരകരോഗങ്ങളില്‍നിന്നു മനുഷ്യര്‍ രക്ഷ നേടുന്നത്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതും ഇതുതന്നെയാണ്. പക്ഷേ, അതു ഫലപ്രദമായി പ്രയോഗിക്കപ്പെടുന്നതിനുമുമ്പ് ഒട്ടേറെ മനുഷ്യജീവന്‍ അപഹരിക്കപ്പെട്ടിരിക്കുമെന്നു മാത്രം.
മാനവരാശിയെ വിറപ്പിക്കുകയും കൂട്ടത്തോടെ സംഹരിക്കുകയും ചെയ്ത കഴിഞ്ഞകാല സാംക്രമികബാധകളില്‍ ഏറ്റവും ഭീകരമായിരുന്നത് 14-ാം ശതകത്തില്‍ യൂറോപ്പിലുണ്ടായ പ്ലേഗാണ്. 1347 ഒക്‌ടോബറില്‍ സിസിലിയിലെ മെസ്സിനായിലാണ് ആദ്യം ഈ രോഗം വെളിപ്പെട്ടത്. അവിടെനിന്ന് യൂറോപ്പിന്റെ ഇതരഭാഗങ്ങളിലേക്കും വടക്കന്‍ ആഫ്രിക്കയിലേക്കും വ്യാപിച്ച പ്ലേഗ് 1353 വരെ സംഹാരതാണ്ഡവം നടത്തി. രണ്ടരക്കോടിയോളം മനുഷ്യര്‍ പ്ലേഗിനിരയായി എന്നാണു കണക്ക്. അത് അന്നത്തെ യൂറോപ്യന്‍ജനതയുടെ മൂന്നിലൊന്നായിരുന്നു!
ബ്ലാക്ക് ഡെത്ത് എന്നാണിതു ചരിത്രത്തില്‍ അറിയപ്പെടുന്നത്. മരണം എപ്പോഴാണു പടിവാതില്‍ കടന്നെത്തുക എന്നോര്‍ത്തു ജനങ്ങള്‍ ഭയന്നുവിറച്ചാണ് കഴിഞ്ഞു കൂടിയത്. ജോണ്‍ ക്ലൈന്‍ എന്ന ഫ്രാന്‍സിസ്‌കന്‍ സന്ന്യാസി അന്നത്തെ മരണാനുഭവത്തെ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: ''മരിച്ചവരുടെ ഇടയിലെന്നതുപോലെ ഓരോ നിമിഷവും ഞാന്‍ മരണത്തെ കാത്തിരിക്കേ, കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ സത്യസന്ധമായി കടലാസിലേക്കു പകര്‍ത്തട്ടെ. എന്നാല്‍, ഒരു കലാസൃഷ്ടി അതിന്റെ സ്രഷ്ടാവിനോടൊത്തു മൃതിപ്പെടാറില്ലെങ്കിലും, അയാള്‍ക്കു താന്‍ തുടങ്ങിവച്ച രചനാകര്‍മ്മം പൂര്‍ത്തിയാക്കാനാവാതെ വന്നേക്കാമെന്നതുകൊണ്ട്, ഒരുപക്ഷേ, ആരെങ്കിലും സാഹചര്യവശാല്‍ ഇവിടെ അവശേഷിക്കുകയോ, ആദാമിന്റെ ഏതെങ്കിലുമൊരു സന്തതി ഈ മഹാമാരിയില്‍നിന്നു രക്ഷപ്പെടുകയോ ചെയ്താല്‍ ഞാന്‍ തുടങ്ങിവച്ച ഈ കൃത്യം പൂര്‍ത്തിയാക്കാന്‍ വേണ്ടി, ഏതാനും കടലാസുകള്‍കൂടി ഇതോടൊന്നിച്ചു വയ്ക്കട്ടെ.
പില്ക്കാലത്ത് യൂറോപ്പില്‍ നിരവധി സാഹിത്യരചനകള്‍ക്കും ചിത്രരചനകള്‍ക്കും ശില്പനിര്‍മ്മിതികള്‍ക്കും 'കറുത്ത മരണം' വിഷയമായിട്ടുണ്ട്.
പ്ലേഗുബാധ ഒരു ഘട്ടംകൊണ്ടുമാത്രം യൂറോപ്പുവന്‍കരയില്‍നിന്ന് ഒഴിഞ്ഞുപോയില്ല. 1400 വരെ നാലഞ്ചുഘട്ടങ്ങള്‍കൂടി അതിന്റെ മരണനൃത്തം ആവര്‍ത്തിച്ചു. സ്വിറ്റ്‌സര്‍ലണ്ടുകാരനായ ശാസ്ത്രജ്ഞന്‍ അലക്‌സാണ്ടര്‍ യെര്‍സിന്‍ (1863-1943) 1895 ല്‍ മാത്രമാണ് പ്ലേഗിനെതിരേയുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.
റോമന്‍ ചക്രവര്‍ത്തി ജസ്റ്റീനിയന്റെ ഭരണകാലത്ത് (527-565) യൂറോപ്പിനെ വിറപ്പിച്ച മറ്റൊരു മാരകരോഗബാധയാണ്, ചക്രവര്‍ത്തിയുടെ പേരുചേര്‍ത്തുതന്നെ അറിയപ്പെടുന്ന ജസ്റ്റീയന്‍ ഫ്‌ളൂ. 1889-90 കാലത്ത് യൂറോപ്പില്‍ താണ്ഡവമാടിയ ഏഷ്യാറ്റിക് ഫ്‌ളൂ, 1918-19 കാലത്തുണ്ടായ സ്പാനിഷ് ഫ്‌ളൂ, 1957-58 ല്‍ ചൈനയില്‍നിന്നു പടര്‍ന്ന ഏഷ്യന്‍ ഫ്‌ളൂ, 1968-69 ലുണ്ടായ ഹോങ്കോങ് ഫ്‌ളൂ, 2002-2004 ല്‍ ചൈനയില്‍നിന്ന് വീണ്ടും പടര്‍ന്ന സാര്‍സ് വൈറസ്, 2009-2010 ലെ സ്‌വൈന്‍ ഫ്‌ളൂ തുടങ്ങിയവയൊക്കെ ലോകത്തെ വിറപ്പിച്ച സാംക്രമികരോഗബാധകളാണ്. 
ഇവയെക്കൂടാതെ പ്രാദേശികതലങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട് അവിടെത്തന്നെ ഒടുങ്ങിപ്പോകുന്ന നിരവധി മാരകവൈറസുകളെപ്പറ്റിയും ശാസ്ത്രം പറയുന്നുണ്ട്. പ്രാചീനകാലങ്ങളില്‍, ഇന്നത്തേതുപോലെ യാത്രാസൗകര്യവും കമ്യൂണിക്കേഷന്‍ സംവിധാനവുമില്ലാതിരുന്നതുകൊണ്ട് അവ ഏറെ പടരാതെയും അറിയപ്പെടാതെയും ചരിത്രത്തില്‍ അവശേഷിക്കുകയാണു ചെയ്തത്.
ഇത്തരം ബാധകള്‍ ഇല്ലാതാവുകയല്ല, ശമിക്കുക മാത്രമാണത്രേ ചെയ്യുന്നത്. ചിലതൊക്കെ പ്രകൃതിയുടെതന്നെ നിര്‍ധാരണപ്രക്രിയകൊണ്ടു ശാന്തമാകുന്നു. മറ്റു ചിലത് മനുഷ്യന്‍ കണെ്ടത്തിയ പ്രത്യൗഷധങ്ങള്‍ക്കുമുന്നില്‍ പരാജയപ്പെടുന്നു. ഏതുസമയത്തും ഉണരാവുന്നവിധം അവയൊക്കെ നമ്മോടൊപ്പം ഉറങ്ങിക്കിടക്കുകയാണുപോലും!
വസൂരിയും മലമ്പനിയും മന്തും പ്ലേഗുമൊക്ക ഇങ്ങനെ പതുങ്ങിക്കിടക്കുന്ന മാനവശത്രുക്കളാണ്. അങ്ങനെതന്നെയായിരിക്കുമത്രേ കൊറോണയും. മനുഷ്യന്‍ കണെ്ടത്തുന്ന വാക്‌സിനുകള്‍ക്കു മുന്നില്‍ അതു പത്തിതാഴ്ത്തും. പക്ഷേ, നമ്മോടൊപ്പം ഇവിടെത്തന്നെയുണ്ടാകും. ചിക്കുന്‍ഗുനിയായും തക്കാളിപ്പനിയും ഡെങ്കുപ്പനിയും പന്നിപ്പനിയും എലിപ്പനിയുമൊക്കെപ്പോലെ! ഒരര്‍ത്ഥത്തില്‍, കൊറോണയും പുതിയൊരു പാഠമാകുകയാണ്.
അദ്ഭുതകരമായൊരു പ്രതിഭാസംതന്നെ. ജീവന്റെ വൃക്ഷത്തോടൊപ്പം മരണത്തിന്റെ വൃക്ഷവും ഇവിടെത്തന്നെയുണ്ട്. മരണവൃക്ഷം പൂത്തുകായ്ക്കുമ്പോള്‍ മനുഷ്യന്റെ നിലവിളി ദൈവസന്നിധിയിലെത്തുന്നു. അവിടുന്ന് അതിനു ചെവികൊടുക്കുമ്പോള്‍ മറുവശത്തു ജീവന്റെ വൃക്ഷം പതിന്മടങ്ങു പൂത്തുലയുന്നു.
ലോകത്തെ നടുക്കിയ ഓരോ സാംക്രമികരോഗബാധയും മാളത്തിലേക്കു മടങ്ങിപ്പോയതു മനഷ്യന്റെ സാമര്‍ത്ഥ്യംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ കരുണകൊണ്ടുംകൂടിയാണ്. രക്ഷിക്കണേ എന്നു നിലവിളിച്ചുകൊണ്ട് ഇരുകൈകളും ഉയര്‍ത്തി കണ്ണീരൊഴുക്കി മനുഷ്യര്‍ പ്രാര്‍ത്ഥനാനിരതരാകുമ്പോള്‍ അവര്‍ക്കുനേരേ അവിടുത്തെ കരുണാകടാക്ഷം ഉണ്ടാവാതിരിക്കില്ല. എന്നാല്‍, കാറ്റും കോളും അടങ്ങി തെളിഞ്ഞ പ്രഭാതം സ്വാഗതം ചെയ്യുമ്പോള്‍ അവര്‍ ഇക്കാര്യം മറന്നുപോകാം. മനുഷ്യന്റെ സാമര്‍ത്ഥ്യത്തെക്കുറിച്ചു മാത്രം വീമ്പിളക്കിയെന്നും വരും.
ഖുറാനില്‍ അള്ളാഹുതന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്: ''നാം മനുഷ്യനെ അനുഗ്രഹിച്ചു കഴിഞ്ഞാല്‍, അവന്‍ നമ്മില്‍ നിന്നു മുഖംതിരിക്കുകയും അഹംഭാവത്തോടെ അകന്നു പോകുകയും ചെയ്യും. മറിച്ച്, വല്ല ആപത്തും അവനെ ബാധിച്ചാലോ, അവനതാ വീണ്ടും നീണ്ട പ്രാര്‍ത്ഥനക്കാരനായിത്തീരുന്നു''(41/51).

 

Login log record inserted successfully!