•  2 May 2024
  •  ദീപം 57
  •  നാളം 8
ആരോഗ്യവീഥി

പാദപരിചരണം പ്രമേഹരോഗികളില്‍

പാദത്തിലുള്ള വ്രണങ്ങള്‍, അംഗച്ഛേദം എന്നിവ പ്രമേഹരോഗികളില്‍ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളും സ്വതന്ത്രചലനത്തിനു തടസ്സവും സൃഷ്ടിക്കും. കൃത്യമായതും ശ്രദ്ധയോടുകൂടിയതുമായ പാദപരിചരണം ഇത്തരം അപകടസാദ്ധ്യതകള്‍ ഒഴിവാക്കാന്‍ സഹായകമാണ്. നമ്മുടെ രാജ്യത്തില്‍ ഒരു വര്‍ഷം ഏകദേശം ഒരു ലക്ഷത്തിലധികം ആളുകളുടെ പാദഭാഗങ്ങള്‍ മുറിച്ചുമാറ്റേണ്ടി വരുന്നുവെന്നത് ഭീതിജനിപ്പിക്കുന്ന ഒരു കാര്യമാണ്. അതിനാല്‍, കൃത്യമായ അപകടസാധ്യതനിര്‍ണയം അത്യന്താപേക്ഷിതമാണ്.

പത്തു വര്‍ഷത്തിലധികമായി പ്രമേഹമുള്ള പുരുഷന്മാരില്‍ വ്രണങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗ്ലൂക്കോസ്‌നില നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, ഹൃദ്രോഗികള്‍, വൃക്കരോഗികള്‍ തുടങ്ങിയവര്‍ക്ക് അപകടസാധ്യത കൂടുതലാണ്. 
പ്രമേഹരോഗികളുടെ പാദങ്ങളില്‍ സാധാരണ കാണുന്ന ചില രോഗലക്ഷണങ്ങള്‍
- പെരുപ്പ്, മരവിപ്പ്, സ്പര്‍ശനശേഷിക്കുറവ്.
- രക്തസമ്മര്‍ദ്ദം, ചെമപ്പുനിറം, ആണി, തഴമ്പ്, എല്ലുകളുടെ രൂപമാറ്റം.
- കുറഞ്ഞതോ ഇല്ലാത്തതോ ആയ ഉപരിതല നാഡിയിടിപ്പ്.
- നഖങ്ങളിലെ കഠിനമായ രോഗബാധ.
പാദനിരീക്ഷണം
എല്ലാ പ്രമേഹരോഗികളും വര്‍ഷത്തിലൊരിക്കലെങ്കിലും പാദങ്ങള്‍ വൈദ്യപരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്.
സ്പര്‍ശനശേഷി, പാദഘടന, ഞരമ്പുകള്‍, ത്വക്ക് എന്നിവയുടെ അവസ്ഥ പരിശോധിപ്പിക്കുക. ഒന്നോ അതിലധികമോ രോഗസാധ്യതയുള്ളവര്‍ തുടര്‍ച്ചയായി പാദങ്ങളുടെ അവസ്ഥ പരിശോധിക്കേണ്ടതാണ്.
മുന്‍കരുതലുകള്‍
ഗ്ലൂക്കോസ്‌നില നിയന്ത്രിക്കുക
പുകവലി, പുകയിലപദാര്‍ഥങ്ങള്‍ എന്നിവ ഉപേക്ഷിക്കുക
ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികള്‍ ദിവസവും പാദങ്ങള്‍ പരിശോധിക്കുക
നഖം വൃത്തിയായി വെട്ടി സൂക്ഷിക്കുക. നഖത്തിന്റെ കോണുകള്‍ തൊലിയോടു ചേര്‍ത്തു വെട്ടാതിരിക്കുക.
നാഡിമരവിപ്പുള്ള രോഗികള്‍ കൃത്യമായ അളവിലുള്ള പാദരക്ഷകള്‍, മൈക്രോസെല്ലുലാര്‍ റബര്‍/ പ്ലാസ്റ്റിക് ചെരുപ്പുകള്‍ തുടങ്ങിയവ ഉപയോഗിക്കുക.
കൂടുതല്‍ സൗകര്യപ്രദമായിരിക്കാന്‍ സ്ട്രാപ്പുള്ള ചെരിപ്പുകള്‍ ഉപയോഗിക്കുക.
എല്ലുകള്‍ക്കു രൂപമാറ്റം വന്നവര്‍ അവര്‍ക്കു വേണ്ടുന്ന വിധത്തില്‍ രൂപകല്പനചെയ്ത പാദരക്ഷകള്‍ ധരിക്കുക
ഇളം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് പാദങ്ങള്‍ ദിവസവും കഴുകുക.
കാല്‍വിരലുകള്‍ക്കിടയിലുള്ള ഭാഗവും പാദങ്ങളും ഈര്‍പ്പമില്ലാതെ സൂക്ഷിക്കുക.
മോയിസ്ചറൈസിങ് ലേപനങ്ങള്‍ ഉപയോഗിക്കുക. എന്നാല്‍, അവ കാല്‍വിരലുകള്‍ക്കിടയില്‍ തേക്കരുത്.
പാദങ്ങളില്‍ കുരുക്കള്‍, മുറിവുകള്‍, ചുവപ്പുനിറം തുടങ്ങിയവയുണേ്ടായെന്നു പരിശോധിക്കുക. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.
സോക്‌സുകള്‍ നിത്യവും മാറ്റുക. വൃത്തിഹീനവും ഇറുകിയതുമായ സോക്‌സുകള്‍ ധരിക്കരുത്.
വീട്ടിനുള്ളിലും പുറത്തും നഗ്‌നപാദരായി നടക്കരുത്.
നല്ല നടപ്പിനു വേണ്ടുന്നവ
* മുറിവുകള്‍, ചുവപ്പുനിറം, നീര്, നഖത്തിനു പ്രശ്‌നം എന്നിവയുണേ്ടാ എന്ന് പരിശോധിക്കുക.
* മുറിവുകള്‍, പോറലുകള്‍ എന്നിവയുണ്ടാവാതെ സൂക്ഷിക്കുക.
* കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ സമീപിച്ചു പരിശോധിപ്പിച്ചാല്‍ അംഗച്ഛേദത്തിനുള്ള സാധ്യത 45% മുതല്‍ 85% വരെ കുറയ്ക്കാം.
* ഇറുകിയതും കനമുള്ളതും ഇലാസ്റ്റിക് ഉള്ളതുമായ സോക്‌സുകള്‍ ധരിക്കരുത്.
* പാദങ്ങള്‍ നനഞ്ഞിരിക്കരുത്.
പാദങ്ങളിലേക്കുള്ള രക്തചംക്രമണം കൃത്യമായി നിലനിര്‍ത്തുക. ഇതിനായി കാല്‍വിരലുകളും കണങ്കാലുകളും ദിവസത്തില്‍ രണേ്ടാ മൂന്നോ തവണ അഞ്ചു മിനിറ്റുനേരം മടക്കുകയും നിവര്‍ത്തുകയും ചെയ്യുക.
ദിവസവുമുള്ള ലഘുനടത്തം ആരോഗ്യത്തിനു വളരെ നല്ലതാണ്.
പ്രമേഹരോഗികള്‍ക്കുള്ള 
ചില മുന്‍കരുതലുകള്‍

1. ചൂടാക്കാനുള്ള പാഡുകള്‍, കുപ്പികള്‍ എന്നിവ ഒരിക്കലും ഉപയോഗിക്കരുത്. അവമൂലം പൊള്ളലുകള്‍ ഉണ്ടാവാം.
2. പാദങ്ങള്‍ നേരേ ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കരുത്. കൈകള്‍ ഉപയോഗിച്ച് ചൂടു പരിശോധിച്ചതിനുശേഷം മാത്രമേ അങ്ങനെ ചെയ്യാവൂ.
3. തഴമ്പ്, ആണി എന്നിവ സ്വയം നീക്കംചെയ്യരുത്, നിങ്ങളുടെ ഡോക്ടറെ അതിനുവേണ്ടി സമീപിക്കുക.
ചാര്‍ക്കോട്ട് ഫുട്ട്
നാഡിമരവിപ്പുള്ള രോഗികളില്‍ എല്ലുകളും സന്ധികളും ബലഹീനമാകുന്ന അവസ്ഥയാണിത്. നീര്, ചുവപ്പുനിറം, ചെറുചൂട്, വേദനയോടെയോ അല്ലാതെയോ സ്പര്‍ശനശേഷി നഷ്ടപ്പെടുക എന്നിവയാണ് ലക്ഷണങ്ങള്‍. 
പാദങ്ങള്‍ ദിവസവും പരിശോധിക്കുക. എന്തെങ്കിലും മാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.
നാഡീമരവിപ്പുണ്ടാകാതെ ശ്രദ്ധിക്കുക.
മുന്‍കരുതലുകള്‍ പരിചരണത്തെക്കാള്‍ മികച്ചതാണ്. അതിനാല്‍ നിങ്ങളുടെ പാദങ്ങള്‍ സൂക്ഷ്മതയോടെ സംരക്ഷിക്കുക.

ലേഖകന്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ജനറല്‍ & ലാപ്രോസ്‌കോപിക് സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റാണ്.

Login log record inserted successfully!