ഫലദായകകാലമായ കൈത്താക്കാലത്തു നമ്മില്‍ നിന്ന് ദൈവം പ്രതീക്ഷിക്കുന്ന ഫലം നന്ദിയുടെ ജീവിതമാണ്. അനുഗ്രഹങ്ങള്‍ക്കു നന്ദിയര്‍പ്പിച്ചുകൊണ്ട്, ജീവിതത്തില്‍ വിശുദ്ധി പാലിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങളില്‍ നീതിനിഷ്ഠയും സത്യസന്ധതയും പരസ് നേഹവും നിറച്ചുകൊണ്ട് യഥാര്‍ഥ ആരാധകരാകുവാനുളള ക്ഷണമാണ് കൈത്താക്കാലം
          
     ലേവ്യരുടെ പുസ്തകത്തിന്റെ കാതല്‍ വിശുദ്ധിയിലേക്കുള്ള വിളിയാണ്. ദൈവത്തിന്റെ സ്വന്തം ജനമായി തിരഞ്ഞെടുക്കപ്പെട്ടവര്‍ വിശുദ്ധിയുള്ളവരായി ജീവിക്കണമെന്ന് പുസ്തകം പഠിപ്പിക്കുന്നു. പരിശുദ്ധനായ ദൈവവുമായുള്ള സമ്പര്‍ക്കമാണ് വിശുദ്ധി പ്രാപിക്കാനുള്ള പ്രധാനമാര്‍ഗമായി പുസ്തകം പറയുന്നത്. അതിനാല്‍ത്തന്നെ ഈ പുസ്തകത്തില്‍ പലവിധത്തിലുള്ള ആരാധനകളെക്കുറിച്ചും ബലിയര്പ്പണങ്ങളെക്കുറിച്ചും തിരുനാളുകളെക്കുറിച്ചും പറയുന്നുണ്ട്. ശുദ്ധത നഷ്ടപ്പെട്ടുപോകുമ്പോള്‍ എപ്രകാരം അതു വീണെ്ടടുക്കാമെന്നും പരിഹാരക്രിയകള്‍ എന്തെല്ലാമാണെന്നും പുസ്തകം പറയുന്നു. ശാരീരികവും ആന്തരികവുമായ ശുദ്ധതയെക്കുറിച്ചും വിശുദ്ധി പാലിക്കാനുള്ള നിയമങ്ങള്‍ നഷ്ടപ്പെട്ടാല്‍ എങ്ങനെ വീണെ്ടടുക്കണമെന്നുമെല്ലാം ഈ പുസ്തകത്തിലൂടെ പഠിപ്പിക്കുന്നു. ഈ പുസ്തകത്തില്‍ ആവര്‍ത്തിച്ചുകാണുന്ന ഒരു വചനമിതാണ്: ''നിങ്ങളുടെ ദൈവമായ ഞാന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍'' (11,44.45; 19, 2; 20, 26; 21,8; 22, 32) വിശുദ്ധി, പരിശുദ്ധി എന്നീ പദങ്ങള്‍ പുസ്തകത്തിലുടനീളം കാണാം. 
വിശുദ്ധിയുടെ നിയമങ്ങള്‍ പഠിപ്പിക്കുമ്പോഴും ആ വിശുദ്ധി ജീവിതകടമകളുടെ നിര്‍വഹിക്കലും പരസ്നേഹപ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠിപ്പിക്കുന്നുണ്ട്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണം (19, 14). നിങ്ങളുടെ ഇടയിലെ പരദേശിയെയും നിങ്ങളെപ്പോലെതന്നെ സ്നേഹിക്കണം (19; 34). ലേവ്യരുടെ പുസ്തകത്തില്‍നിന്നുള്ള വചനഭാഗവും, (19:1-4, 9-14) അനുദിനജീവിതത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജീവിതവിശുദ്ധി പ്രാപിക്കുന്നത് എന്നു പഠിപ്പിക്കുകയാണ്. കര്‍ത്താവ് ഇസ്രായേല്സമൂഹത്തോട്, ''നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍'' എന്നു പറഞ്ഞിട്ട് അത് എപ്രകാരമായിരിക്കണമെന്ന് തുടര്‍ന്നു നിര്‍ദേശിക്കുന്നു. മാതാവിനെയും പിതാവിനെയും ബഹുമാനിക്കുവാനും കര്‍ത്താവിന്റെ ദിവസം ആചരിക്കുവാനും വിഗ്രഹങ്ങളുടെ പിന്നാലെ പോകാതിരിക്കുവാനും ധാന്യം കൊയ്യുമ്പോഴും കൃഷിയുടെ ഫലങ്ങള്‍ എടുക്കുമ്പോഴും പാവങ്ങളെയും പരദേശികളെയും ഓര്‍ക്കണമെന്നും പഠിപ്പിക്കുന്നു. അനുദിനപ്രവര്ത്തനങ്ങളിലെ നീതിബോധവും ധര്‍മ്മനിഷ്ഠയുമാണ് ഒരുവന്റെ വിശുദ്ധിയുടെ അടയാളമെന്ന് തിരുവചനം നമ്മെ ഓര്‍മിപ്പിക്കുന്നു. 
എശയ്യാപ്രവാചകന്‍ വിശുദ്ധിയോടെ ജീവിക്കുന്നവരുടെ അവസ്ഥയാണ് എടുത്തുപറയുന്നത്. കര്‍ത്താവില്‍ നവമായ സന്തോഷം ലഭിക്കും; ഇസ്രായേലിന്റെ പരിശുദ്ധനില്‍ ആഹ്ലാദിക്കും. കൈത്താക്കാലം അഞ്ചാം ഞായറാഴ്ച എശയ്യാപ്രവാചകന്റെ വാക്കുകളില്‍ നിഴലിച്ചുനിന്നത് തിന്മ ചെയ്യുന്നവര്‍ക്കുള്ള താക്കീതും ശിക്ഷണവുമായിരുന്നെങ്കില് ഇന്ന് പ്രത്യാശയുടെ വാക്കുകളാണ്. യാക്കോബ് ഇനിമേല്‍ ലജ്ജിതനാവുകയില്ല. അവന്റെ മുഖം വിവര്ണമാവുകയില്ല. തെറ്റിലേക്കു വഴുതിപ്പോയവര്പോലും വിവേകത്തിലേക്കു മടങ്ങിവരുമെന്ന പ്രത്യാശ നല്കുന്നു. തെറ്റുകള്‍ക്കു പരിഹാരം ചെയ്ത് വിശുദ്ധിയിലേക്കുള്ള ഇസ്രായേല്‍ജനത്തിന്റെ തിരിച്ചുവരവാണ് പ്രവാചകന് മുന്നില്‍ കാണുന്നത്.
മാനുഷികമായ സംപ്രീതിക്കുവേണ്ടിയല്ല ഹൃദയങ്ങള്‍ പരിശോധിക്കുന്ന ദൈവത്തിന്റെ പ്രീതിക്കായി സുവിശേഷം പ്രസംഗിക്കുന്നുവെന്ന് പൗലോസ് ശ്ലീഹാ എഴുതുമ്പോള്‍ സുവിശേഷവേളയിലെ ആന്തരികവിശുദ്ധിയാണ് എടുത്തുകാട്ടുന്നത്. ജീവിതത്തിന്റെ ആധികാരികതയാണ് പൗലോസ് ലക്ഷ്യം വയ്ക്കുന്നത്. പവിത്രവും നീതിപൂര്‍വകവും കുറ്റമറ്റതുമായ ജീവിതമാണ് യഥാര്ഥവിശുദ്ധിയെന്ന് പൗലോസ് ശ്ലീഹാ ഓര്‍മിപ്പിക്കുന്നു.
സുവിശേഷഭാഗത്തു നാം കാണുന്നത് അശുദ്ധരായി കണക്കാക്കി മാറ്റിനിര്‍ത്തപ്പെട്ടവരുടെ അടുത്തേക്കു കടന്നുചെന്ന് അവരെ സുഖപ്പെടുത്തുന്ന ഈശോയെയാണ്. അശുദ്ധമാക്കപ്പെട്ടവരെ മാറ്റി നിര്‍ത്തുന്നവനല്ല; മറിച്ച്, ചേര്‍ത്തുനിര്‍ത്തി വിശുദ്ധീകരിക്കുന്നവനാണ് ഈശോ. ദൈവികകൃപ പരികര്‍മ്മം ചെയ്തപ്പോഴും മാനുഷികമായ സാക്ഷ്യം ആവശ്യപ്പെടുന്ന ഈശോയെയാണ് കാണുന്നത്: ''പോയി നിങ്ങളെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുവിന്‍.'' 
ഫലദായകകാലമായ കൈത്താക്കാലത്തു നമ്മില്‍ നിന്ന് ദൈവം പ്രതീക്ഷിക്കുന്ന ഫലം നന്ദിയുടെ ജീവിതമാണ്. അനുഗ്രഹങ്ങള്‍ക്കു നന്ദിയര്‍പ്പിച്ചുകൊണ്ട്, ജീവിതത്തില്‍ വിശുദ്ധി പാലിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങളില്‍ നീതിനിഷ്ഠയും സത്യസന്ധതയും പരസ് നേഹവും നിറച്ചുകൊണ്ട് യഥാര്‍ഥ ആരാധകരാകുവാനുളള ക്ഷണമാണ് കൈത്താക്കാലം ആറാം ഞായറാഴ്ച തിരുവചനം നല്‍കുന്നത്.
							
 ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ 
                    
									
									
									
									
									
									
									
									
									
									
                    