•  16 May 2024
  •  ദീപം 57
  •  നാളം 10
വചനനാളം

ആരും എടുത്തുകളയാത്ത സന്തോഷം

ഏപ്രില്‍  30  ഉയിര്‍പ്പുകാലം  നാലാം ഞായര്‍
ഏശ 49:13-23   ശ്ലീഹ 8:14-25
എഫേ 2:1-7  യോഹ 16:16-24

പാപത്തിന്റെയും അനുസരണക്കേടിന്റെയും പഴയകാലത്തെയും പാപത്തിനു മരിച്ച് മിശിഹായില്‍ ജീവിക്കുന്ന പുതിയ കാലത്തെയും  അനുസ്മരിപ്പിച്ചുകൊണ്ടുള്ളതാണ് ഇന്നത്തെ വായനകള്‍. മരണത്തിനുമുമ്പും  ഉത്ഥാനത്തിനുശേഷവും തന്റെ പ്രിയപ്പെട്ടവരുടെ ഇടയിലുള്ള അവിടുത്തെ സാന്നിധ്യത്തെപ്പറ്റി, അല്പം നാടകീയത കലര്‍ത്തി, ഈശോതന്നെ സംസാരിക്കുന്ന സുവിശേഷവും ഇന്നത്തെ പ്രത്യേകതയാണ്. 
തന്റെ ജനത്തിന്റെ ദുരിതം മാറ്റുന്ന ദൈവത്തെക്കുറിച്ചുള്ള പ്രവചനമാണ് ഒന്നാം വായന (ഏശ. 49:13-23). ഇസ്രായേല്‍ ജനത്തിന്റെ അടിമത്തം അവരെ നിരാശരാക്കിയിരിക്കുന്നു. തങ്ങളെ രക്ഷിക്കാന്‍ ആരുമില്ല എന്നാണ് അവര്‍ ചിന്തിക്കുന്നത് (ഏശ. 49:14). അതാണ് അവരുടെ ആദ്യ അവസ്ഥ. ആ അവസ്ഥയിലേക്കാണ് ദൈവത്തിന്റെ ശക്തമായ കരങ്ങള്‍ ഇടപെടുന്നത്. 'കര്‍ത്താവ് തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു' (49:13) എന്നാണ് പ്രവാചകന്‍ പറയുന്നത്. അതായത്, കര്‍ത്താവിന്റെ ആശ്വാസം ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നതിനു മുമ്പുതന്നെ കര്‍ത്താവിന്റെ തീരുമാനം നടപ്പാക്കപ്പെടാന്‍ ആരംഭിച്ചിരിക്കുന്നു. 
തന്റെ ജനത്തെ  അടിമത്തത്തില്‍നിന്നു രക്ഷിക്കാന്‍ ദൈവം മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്നു. അത് ദൈവത്തിന്റെ നിത്യമായ ജ്ഞാനത്തില്‍ തീരുമാനിക്കപ്പെട്ടതാണ്. എന്നാല്‍, ജനത്തിന്റെ പരിമിതമായ അറിവിന് അതു ബോധ്യമാകണമെങ്കില്‍ അതു നടപ്പാക്കപ്പെടണം. അതുകൊണ്ടാണ് ദൈവം 'എനിക്കുവേണ്ടി കാത്തിരിക്കുന്നവര്‍  ലജ്ജിതരാകുകയില്ല' (49:23യ) എന്ന് എടുത്തുപറയുന്നത്. ദൈവം നല്‍കുന്ന രക്ഷയ്ക്കു കാത്തിരിക്കുന്നവര്‍ക്ക് അതു ബോധ്യമാകും. ആ രക്ഷ കാണുമ്പോളാണ് 'ഞാനാണ് കര്‍ത്താവെന്ന് അപ്പോള്‍ നീ അറിയും' (49:23മ) എന്ന വചനം നിറവേറപ്പെടുന്നത്. 
കര്‍ത്താവു നല്‍കുന്ന രക്ഷയുടെ ദാനം തികച്ചും സൗജന്യവും എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുള്ളതുമാണെന്ന് രണ്ടാം വായന ഓര്‍മിപ്പിക്കുന്നു (ശ്ലീഹ. 8:14-25). ആത്മീയമായ രക്ഷയുടെ ഈ ദാനം, ഈശോയുടെ ആത്മാവിനാല്‍, ശിഷ്യന്മാര്‍ പരിധികളില്ലാതെ പങ്കുവയ്ക്കുന്നതു കാണുമ്പോള്‍, ശിമയോന്‍ എന്ന വ്യക്തിക്കും അതുപോലെ ചെയ്യാനാഗ്രഹം! അതിനായി രക്ഷയ്ക്കായി കാത്തിരിക്കാനോ മാമ്മോദീസ സ്വീകരിച്ച് ആത്മാവിനാല്‍ നിറഞ്ഞ് ആ പ്രവര്‍ത്തനം തുടരാനോ അയാള്‍ ശ്രമിച്ചില്ല. മറിച്ച്, പണം കൊടുത്ത് ആ വരം വാങ്ങാമെന്നും അങ്ങനെ വാങ്ങിയ വരംകൊണ്ട് കൂടുതല്‍  പണം നേടാമെന്നും അയാള്‍ കരുതി. ദൈവത്തിന്റെ ദാനം പണം കൊടുത്തു വാങ്ങാമെന്നുള്ളത് വ്യാമോഹം മാത്രമാണ് (8:20). ഭൗതികമായ ധനം നല്‍കി ദൈവാനുഭവം സ്വന്തമാക്കാമെന്നത് ഭോഷത്തമാണെന്ന് തിരുവചനം ഓര്‍മിപ്പിക്കുന്നു. ബാലാമിന്റെ പ്രവചനവും നമ്മെ ഓര്‍മിപ്പിക്കുന്നതു മറ്റൊന്നല്ല (സംഖ്യ 23).
'ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്' (മത്താ. 19:24) എന്ന വചനം ധനവാന്‍ ഒരിക്കലും ദൈവരാജ്യത്തില്‍ പ്രവേശിക്കുകയില്ല എന്നു ചിലപ്പോള്‍ വ്യാഖ്യാനിക്കപ്പെടാറുണ്ട്. എന്നാല്‍, ഭൗതികമായ സമ്പത്തുകൊണ്ട് ആരും ദൈവരാജ്യം കരസ്ഥമാക്കില്ല എന്ന ആശയത്താല്‍ അതിനെ വ്യാഖ്യാനിക്കുമ്പോള്‍ കാര്യം കുറച്ചുകൂടി വ്യക്തമാകും. ലോകത്തിലുള്ള സകല ധനവും നല്‍കിയാലും രക്ഷ കരഗതമാകില്ല.
ഇക്കാര്യമാണ് പൗലോസ് ശ്ലീഹാ ലേഖനത്തില്‍ വ്യക്തമാക്കുന്നത് (എഫേ. 2:1-7). ഇസ്രായേല്‍ജനം പ്രവാസത്തില്‍ കഴിഞ്ഞിരുന്നപ്പോള്‍ ദൈവം അവരെ രക്ഷിക്കാന്‍ ഇടപെട്ടു. അത് ഭൗതികമായ രക്ഷയ്ക്കുവേണ്ടിയുള്ള ഇടപെടലായിരുന്നു. എന്നാല്‍, ഭൗതികമായ രക്ഷയ്ക്കുവേണ്ടിയുള്ള ഇടപെടലില്‍ത്തന്നെ ദൈവം തന്റെ ജനത്തിന്റെ ആത്മീയരക്ഷയ്ക്കായുള്ള, അവരുടെ ദൈവമഹത്ത്വത്തിലേക്കുള്ള പ്രവേശനത്തിന്റെ പദ്ധതി രൂപീകരിച്ചുകഴിഞ്ഞിരുന്നു. ദൈവത്തിന്റെ നിത്യമായ ജ്ഞാനത്തില്‍ അതു നടപ്പാക്കപ്പെട്ടുകഴിഞ്ഞിരുന്നു. എന്നാല്‍, മനുഷ്യന് അത് അനുഭവവേദ്യമായത് ഈശോമിശിഹായിലൂടെ ആ രക്ഷാപദ്ധതി അവന്റെ മുന്നില്‍ നടപ്പായപ്പോളാണ്. 'ഈ മനുഷ്യന്‍ സത്യമായും ദൈവപുത്രനാണ്' (മത്താ. 27:54) എന്നു വിളിച്ചുപറഞ്ഞ ശതാധിപന്‍ വിരല്‍ചൂണ്ടുന്നത് ദൈവത്തിന്റെ  രക്ഷാപദ്ധതിയുടെ പൂര്‍ത്തീകരണത്തിലേക്കാണ്. ഈ രക്ഷ ഭൂമിയില്‍ ലഭിക്കുന്ന ധനം മുഴുവനും കൊടുത്താല്‍ ലഭിക്കുകയില്ല. ''വിശ്വാസംവഴി കൃപയാലാണ് നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്'' (2:8). 
ഈശോ തന്റെ മരണംമൂലം ഏതാനും ദിവസത്തേക്ക് ഈ ലോകത്തിന് കാണാതാവുകയും ഉത്ഥാനത്തിനുശേഷം തന്റെ ശിഷ്യന്മാര്‍ക്കു വീണ്ടും കാണപ്പെടുകയും ചെയ്തു. അത് പാപത്തില്‍നിന്നും അതിന്റെ ഫലമായുള്ള മരണത്തില്‍നിന്നും മനുഷ്യനെ മോചിപ്പിക്കാനാണ്. പ്രവചനാത്മകമായ വാക്കുകളിലൂടെ ഈശോ അക്കാര്യം സംസാരിക്കുന്നു (യോഹ. 16:16-24). 
അല്പസമയം (16:17മ) എന്നത് അവന്റെ മരണത്തിന്റെ സമയമാണ്. ലോകത്തിനുവേണ്ടി അവന്‍ മരിച്ച് അടക്കപ്പെ
ടുന്ന സമയം. വീണ്ടും അല്പസമയം (16:17യ)  എന്നത് ഈശോ ഉത്ഥാനം ചെയ്തതിനുശേഷമുള്ള സമയമാണ്. ഈശോയുടെ മരണസമയത്ത് ദുഃഖിതരാകുന്ന ശിഷ്യന്മാര്‍ (16:22മ), ഈശോയുടെ ഉത്ഥാനത്തിനുശേഷം അവനെ കാണുമ്പോള്‍ സന്തോഷമുള്ളവരാകുന്നു (16:22യ); എന്നു മാത്രമല്ല, ഉത്ഥിതനായ ഈശോയുടെ സാന്നിധ്യം നല്‍കുന്ന സന്തോഷം സ്ഥിരമാണ് (16:22). കാരണം, 'യുഗാന്തം വരെ ഞാന്‍ നിങ്ങളോടു കൂടെയുണ്ടായിരിക്കും' (മത്താ. 28:20) എന്നവന്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. 
''അന്നു നിങ്ങള്‍ എന്നോട് ഒന്നും ചോദിക്കുകയില്ല'' (16:23). കാരണം, 'അതു കര്‍ത്താവാണ് എന്നവര്‍ അറിഞ്ഞിരുന്നു' (യോഹ 21:12). ഇപ്പോള്‍ ശിഷ്യന്മാര്‍ക്കു സംശയങ്ങളാണ്. അല്പസമയത്തിന്റെയും പിന്നീടുള്ള അല്പസമയത്തിന്റെയും പേരിലൊക്കെ തര്‍ക്കിക്കുന്ന ശിഷ്യന്മാര്‍ക്ക് ഉത്ഥാനശേഷം ചോദ്യങ്ങള്‍ ഒന്നുമില്ല എന്നു മാത്രമല്ല, അവര്‍ കൊടുക്കുന്നതൊക്കെയും ഉത്തരങ്ങള്‍ മാത്രമാണ്. മനുഷ്യര്‍ക്കു ജീവന്‍ പ്രദാനം ചെയ്യുന്ന ഉത്തരങ്ങള്‍ ആയിരുന്നു അവ. ''നിങ്ങള്‍ കുരിശില്‍ തറച്ച ഈശോയെ ദൈവം ഉയിര്‍പ്പിച്ച്  കര്‍ത്താവും മിശിഹായുമാക്കി. ഞങ്ങളെല്ലാരും അതിനു സാക്ഷികളാണ്'' (ശ്ലീഹ 2: 32,36). ലോകത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഏക ഉത്തരം.

Login log record inserted successfully!