•  16 May 2024
  •  ദീപം 57
  •  നാളം 10
ശ്രേഷ്ഠമലയാളം

സ്വരവും വ്യഞ്ജനവും

ശാസ്ത്രവിഷയങ്ങള്‍ വിശദീകരിക്കാന്‍ സാങ്കേതികസംജ്ഞകളെ ആശ്രയിക്കേണ്ടിവരും. സാമാന്യവ്യവഹാരത്തിലും വിശേഷവ്യവഹാരത്തിലും വ്യത്യസ്തമായ അര്‍ഥങ്ങളെ അവ ഉത്പാദിപ്പിക്കുന്നു. ഒരു പദം സാങ്കേതികമായി ഉപയോഗിക്കുമ്പോള്‍ ഒരര്‍ഥവും അല്ലാത്തപ്പോള്‍ മറ്റൊരര്‍ഥവും ഉണ്ടാകുന്നത് അസ്വാഭാവികമല്ല. കേരളപാണിനി അക്ഷരമാല വര്‍ഗീകരിച്ചപ്പോള്‍ അവതരിപ്പിച്ച രണ്ടു സാങ്കേതികമായ സംജ്ഞകളാണു സ്വരം, വ്യഞ്ജനം എന്നിവ. അക്ഷരമാലപഠനം സുകരമാക്കുന്ന അടിസ്ഥാന വിഭജനമാണത്.
എന്താണു സ്വരം? തമിഴര്‍ സ്വരങ്ങളെ 'ഉയിര്‍' ആയി കണക്കാക്കിയിരിക്കുന്നു. ''സ്വരന്തി ശബ്ദായതേ'' (ശബ്ദമായിത്തീരുന്നത് സ്വരം) ''സ്വര്യന്തേ അര്‍ത്ഥാഃ ഏദി'' (അര്‍ഥം ധ്വനിപ്പിക്കുന്നത് സ്വരം) ''സ്വേനരാജന്തേ'' (സ്വയം രാജിക്കുന്നത് അഥവാ പ്രകാശിക്കുന്നത്) എന്നിങ്ങനെ സ്വരശബ്ദത്തെ പലവിധത്തില്‍ നിഷ്പാദിപ്പിക്കാം.* തനിയെ ഒറ്റയായിട്ട് ഉച്ചരിക്കാവുന്ന ശബ്ദം സ്വരം** എന്നാണ് ഏ.ആര്‍. രാജരാജവര്‍മ്മ സ്വരത്തെ നിര്‍വചിച്ചത്. അ മുതല്‍ ഔ വരെയുള്ള അക്ഷരങ്ങളാണ് സ്വരങ്ങള്‍. ഭാഷയുടെ അടിസ്ഥാനഭൂതമായ ശബ്ദങ്ങള്‍ ആയതിനാല്‍ വര്‍ണങ്ങള്‍ (അവിഭാജ്യമായ മൂലകം) എന്നും അവയെ വിളിക്കാം. സ്വരങ്ങള്‍ ഉച്ചരിക്കുമ്പോള്‍ ഉച്ഛ്വാസവായുവിനു തടസ്സം ഉണ്ടാകുന്നില്ല. അതുകൊണ്ട് സ്വരങ്ങളെ പാടാന്‍ കഴിയുന്ന വര്‍ണങ്ങള്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. ഏതു സ്ഥാനത്തുള്ള വര്‍ണമായാലും ഉച്ചരിച്ചു വെളിയില്‍ വരുമ്പോള്‍  അവ സ്വരങ്ങള്‍ ആയിത്തീരും.
ക മുതല്‍ ഹ വരെയുള്ള അക്ഷരങ്ങളെയാണ് വ്യഞ്ജനം എന്ന പദംകൊണ്ട് വ്യവഹരിക്കുന്നത്. സ്വരത്തിന്റെ സഹായത്തോടെ മാത്രമേ വ്യഞ്ജനങ്ങളെ ഉച്ചരിക്കാനാവൂ. പാടാവുന്ന ശബ്ദമാണ് സ്വരമെങ്കില്‍ പാടിക്കൂടാത്ത ശബ്ദമാണ് വ്യഞ്ജനം. 'വ്യജ്യതേ ഇദം' (യാതൊന്നാണോ വ്യഞ്ജിപ്പിക്കപ്പെടുന്നത് അത് വ്യഞ്ജനം). ഉയിര്‍ (സ്വരം)കൊണ്ട് ജീവിക്കുന്ന മെയ്യ് എന്നാണ് വ്യഞ്ജനത്തെ തമിഴര്‍ വിശേഷിപ്പിച്ചത്. ഹല്ല് എന്നാണ് സംസ്‌കൃതത്തില്‍ വ്യഞ്ജനത്തിന്റെ പേര്; സ്വരത്തിന് അച്ച് എന്നും.
സ്വരവും സ്വരം ചേര്‍ന്ന വ്യഞ്ജനവുമാണ് അക്ഷരം. 'അക്ഷരം ന ക്ഷരം' (ക്ഷരം അല്ലാത്തത് അക്ഷരം) 'ന ക്ഷരതി അക്ഷരം ഭവതി' (ഇളകാത്തത് അക്ഷരമാകുന്നു) 'ന ക്ഷീയതേ അക്ഷരം ഭവതി' (ക്ഷയം സംഭവിക്കാത്തത് അക്ഷരമാകുന്നു) *** എന്നിങ്ങനെ പലവിധത്തില്‍ വ്യഞ്ജനശബ്ദത്തെ നിഷ്പാദിപ്പിക്കാം. ശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതിന്റേതായ ഒരു പദാവലി ഉപയോഗിക്കേണ്ടി വരുമെന്ന് മേല്‍സൂചനകള്‍ വ്യക്തമാക്കുന്നു.
* ഗോപി, ആദിനാട്, മലയാളം (ഭാഷ, വ്യാകരണം, പ്രയോഗം), കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019, പുറം - 129, 130, 132).
** രാജരാജവര്‍മ്മ, ഏ.ആര്‍., കേരളപാണിനീയം, എന്‍.ബി.എസ്. കോട്ടയം, 1988, പുറം - 94.
*** രാജഗോപാല്‍, എന്‍.കെ., സംസ്‌കൃതനിരുക്തകോശം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1999, പുറം - 2.

 

Login log record inserted successfully!