•  16 May 2024
  •  ദീപം 57
  •  നാളം 10
വചനനാളം

ജീവിതമാണു പ്രഘോഷണം

ജൂണ്‍ 4 ശ്ലീഹാക്കാലം രണ്ടാം ഞായര്‍
ജോയേ 2:18-26   ശ്ലീഹ 4:8-22
1 കോറി 6:1-11  ലൂക്കാ 7:36-50

റൂഹായാല്‍ നിറഞ്ഞ ശിഷ്യന്മാര്‍ സുവിശേഷപ്രഘോഷണത്തിനിറങ്ങുന്നു. തന്റെ പുത്രനെ ലോകത്തിലേക്കു നല്‍കാനായി ദൈവം ഒരുക്കിയ ജനതയുടെ ഇടയിലാണ് ശിഷ്യന്മാര്‍ ആദ്യ സുവിശേഷപ്രഘോഷണം നടത്തുന്നത്. ശിഷ്യന്മാരുടെ പ്രഘോഷണം സാധാരണജനങ്ങളില്‍ അദ്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും മതനേതാക്കന്മാരില്‍ സംഭ്രമമാണു ജനിപ്പിക്കുന്നത്. അതുകൊണ്ട് ഇത് ക്രൈസ്തവപീഡനത്തിന്റെ തുടക്കകാലംകൂടിയാണ്. 
തന്റെ ജനത്തിന് ഇനി ലജ്ജിക്കേണ്ടിവരില്ല എന്ന ദൈവത്തിന്റെ ഉറപ്പാണ് ജോയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള ആദ്യവായന (ജോയേ. 2:18-26). ജനത്തിനു സമാശ്വാസം ലഭിക്കണമെങ്കില്‍ അവര്‍ ചെയ്യേണ്ട രണ്ടു കാര്യങ്ങളുണ്ട്. ജനം പൂര്‍ണഹൃദയത്തോടെ കര്‍ത്താവിന്റെ അടുക്കലേക്കു തിരിച്ചുവരണം (ജോയേ. 2:12). കര്‍ത്താവിന്റെ ശുശ്രൂഷകരായ പുരോഹിതന്മാര്‍ ജനത്തെ ശിക്ഷിക്കാതിരിക്കാന്‍ ദൈവത്തോടു കരഞ്ഞു പ്രാര്‍ഥിക്കണം (ജോയേ. 2:17). അപ്പോള്‍ കര്‍ത്താവു തന്റെ ജനത്തോടു കാരുണ്യം കാണിക്കും (2:18). 
തന്റെ ജനത്തിന്റെ മധ്യേ താനുണ്ടെന്ന ഉറപ്പു നല്‍കുകയാണ് ദൈവം. ആ ഉറപ്പാണ് ജനത്തിന്റെ ധൈര്യത്തിന്റെയും വിജയത്തിന്റെയും അടിസ്ഥാനം. 'എന്റെ ജനത്തിന് ഇനിയൊരിക്കലും ലജ്ജിക്കേണ്ടി വരികയില്ല' (2:26,27) എന്ന് ദൈവം ആവര്‍ത്തിച്ചുപറയുന്നു. ആ ഉറപ്പിന് ജനം അത്രയേറെ വില കൊടുക്കാത്തതു കാരണമാണ് ദൈവത്തിനു തന്റെ പ്രിയപുത്രനെത്തന്നെ ലോകത്തിലേക്കയയ്‌ക്കേണ്ടി വരുന്നത്. ഈശോമിശിഹായുടെ മരണത്തിലും ഉത്ഥാനത്തിലും നടക്കുന്നത്  മുകളില്‍ പറഞ്ഞ രണ്ടു കാര്യങ്ങളുടെ പൂര്‍ത്തീകരണമാണ്. ഈശോ ജനത്തിലൊരാളായി ജനത്തിന്റെ പാപങ്ങള്‍ ഏറ്റെടുത്ത് അവര്‍ക്കുവേണ്ടി ബലിയാകുന്നു. യഥാര്‍ഥ ജനം ആ ദൈവത്തെ തിരിച്ചറിഞ്ഞ് അവിടുത്തെ പക്കലെത്തുന്നു. 
ഈശോമിശിഹായിലുള്ള രക്ഷ ഏറ്റുപറഞ്ഞവര്‍ക്ക് ഇനി ലജ്ജിക്കേണ്ടിവരില്ല. കാരണം, അവര്‍ യഥാര്‍ഥ ദൈവത്തെ തിരിച്ചറിഞ്ഞവരാണ്. അതുകൊണ്ടാണ് യാതൊരു ലജ്ജയോ പേടിയോ ഇല്ലാതെ അപാരമായ ധൈര്യത്തോടും ഈശോയില്‍ വിശ്വസിക്കുന്നവര്‍ എന്ന അഭിമാനത്തോടുംകൂടി തലയുയര്‍ത്തിത്തന്നെ അപ്പസ്‌തോലന്മാര്‍ പത്രോസിന്റെ നേതൃത്വത്തില്‍ അധികാരികളുടെയും ജനപ്രമാണികളുടെയും മഹാസമ്മേളനത്തിനു മുന്നില്‍ നില്‍ക്കുന്നത് (ശ്ലീഹ. 4:8-22). 
ഈശോയുടെ കുരിശുമരണം, മറ്റു കുരിശുമരണങ്ങള്‍പോലെ അപമാനത്തിന്റെയും ശിക്ഷയുടെയുമായിരുന്നെങ്കില്‍ ശിഷ്യന്മാര്‍ അവന്റെ നാമത്തില്‍ പ്രസംഗിക്കുമായിരുന്നില്ല എന്നതു യാഥാര്‍ഥ്യമാണല്ലോ. എന്നാല്‍ പത്രോസ് പ്രസംഗിക്കുന്നതിന്റെ കേന്ദ്രബിന്ദുതന്നെ ഈശോയുടെ കുരിശുമരണമാണ് (4:10). പഴയ ഉടമ്പടിയില്‍ ജനത്തിന്റെ ലജ്ജയും അപമാനവും മാറ്റുന്ന ദൈവത്തെ ജനം തിരിച്ചറിയുന്നി െല്ലങ്കില്‍ ഈശോയില്‍ പൂര്‍ത്തിയാകുന്ന പുതിയ ഉടമ്പടിയിലാകട്ടെ, മനുഷ്യന് അപമാനത്തിനും ലജ്ജയ്ക്കും കാരണമാകുന്ന പാപത്തെ നീക്കി, പാപത്തിലേക്കും മരണത്തിലേക്കും മനുഷ്യനെ നയിക്കുന്ന പിശാചിന്റെ ആധിപത്യം ഇല്ലാതാക്കി, തങ്ങളെ റൂഹായാല്‍ നിറയ്ക്കുന്ന ദൈവത്തെ വിശ്വാസികള്‍ തിരിച്ചറിയുന്നു. 
ഈശോയുടെ കുരിശുമരണംവഴി പാപമോചനവും, ഉത്ഥാനംവഴി നിത്യരക്ഷയും ഉറപ്പാക്കുന്നതിനുമുമ്പ്, അവന്റെ ജീവിതകാലത്തുതന്നെ അവനെ മനസ്സിലാക്കിയ ഒരാളുടെ അനുഭവമാണ് ഇന്നത്തെ സുവിശേഷം (ലൂക്കാ 7:36-50). പാപിയായ ഒരാള്‍ക്ക് ഏറ്റവും ആശ്വാസം നല്‍കുന്ന കാര്യമാണു പാപമോചനം. തന്റെ ജീവിതത്തില്‍ വന്നുപോയ തെറ്റുകള്‍ക്കു മോചനം ആഗ്രഹിക്കാത്ത മനുഷ്യരില്ല. ദൈവവിശ്വാസികളായവരും അല്ലാത്തവരും എല്ലാം ജീവിതത്തില്‍ വന്നുപോയ പിഴവുകള്‍ തിരുത്താന്‍ ആഗ്രഹിക്കുന്നവരും അതില്‍നിന്നു മോചനം ആഗ്രഹിക്കുന്നവരുമാണ്. 
പാപിനിയായ സ്ത്രീ അത്തരത്തിലുള്ള എല്ലാ മനുഷ്യരുടെയും പ്രതിനിധിയാണ്. പാപമോചനം ആരില്‍നിന്നു യഥാര്‍ഥത്തില്‍ ലഭിക്കുമെന്നു തിരിച്ചറിയുന്ന അവള്‍ നേരിട്ട് അവന്റെ പക്കല്‍ത്തന്നെ എത്തുന്നു. താന്‍ കര്‍ത്താവിന്റെ അടുത്തുനിന്നു നേടണമെന്ന് ആഗ്രഹിക്കുന്ന പാപമോചനത്തിനായി തന്റെ പാപങ്ങളെല്ലാം കണ്ണീരായി അവള്‍ അവന്റെ പാദങ്ങളില്‍ സമര്‍പ്പിക്കുന്നു. പാപങ്ങളെല്ലാം തുടച്ചു നീക്കപ്പെടുന്നു എന്നതിന്റെ പ്രതീകമായി അവന്റെ പാദങ്ങള്‍ തലമുടികൊണ്ടു തുടയ്ക്കുന്നു. വിശുദ്ധിയുടെ ആത്മാവിനാല്‍ നിറയാന്‍ ആഗ്രഹമുള്ള അവള്‍ ഈശോയെ തന്റെ കൈയിലുള്ള തൈലത്താല്‍ പൂശുന്നു (7:38). വിശുദ്ധ കുമ്പസാരത്തില്‍ നടക്കുന്ന ദൈവികമായ പാപമോചനത്തിന്റെയും അതിനു മനുഷ്യന്‍ നല്‍കുന്ന വലിയ വിലയുടെയും ഉത്തമദൃഷ്ടാന്തമാണ് ഈ സംഭവം. 
പാപം ചെയ്തുവെന്ന കുറ്റബോധത്തെക്കാള്‍ അത് ഞാനും ദൈവവുമായുള്ള സ്‌നേഹബന്ധം ഇല്ലാതാക്കി എന്ന തിരിച്ചറിവാണ് മനുഷ്യനുണ്ടാകേണ്ടതെന്ന് ഈശോ  ഓര്‍മിപ്പിക്കുന്നു (7:47). ഈശോയെ കൂടുതല്‍ സ്നേഹിക്കുമ്പോള്‍ കൂടുതല്‍ ക്ഷമിക്കപ്പെടും എന്നു പറയുമ്പോള്‍, അവിടുത്തെ കൂടുതല്‍ സ്നേഹിക്കുകയാണെങ്കില്‍  പാപംതന്നെ ഉണ്ടാകുകയില്ല എന്നുകൂടി ആന്തരാര്‍ഥമുണ്ടല്ലോ. 
സുവിശേഷത്തിലെ ഈ സംഭവങ്ങള്‍ നമ്മുടെ സാഹചര്യങ്ങളില്‍ പ്രാവര്‍ത്തികമാക്കാനുള്ള പ്രായോഗികനിര്‍ദേശങ്ങളാണ് ഇന്നത്തെ ലേഖനം (1 കോറി. 6:1-11). വിജാതീയരെപ്പോലെ ജീവിക്കേണ്ടവരല്ല ക്രിസ്ത്യാനികള്‍. ക്രിസ്ത്യാനികള്‍ തമ്മില്‍ വ്യവഹാരങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. കാരണം, തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് സ്‌നേഹവും കരുണയും കരുതലും നഷ്ടപ്പെടുമ്പോളാണല്ലോ. ഇക്കാര്യത്തിലുള്ള ശ്ലീഹായുടെ വിമര്‍ശനമാണ് കൂടുതലും (6:18). സഹോദരരില്‍നിന്നു നമുക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറച്ചൊക്കെ സഹിക്കണം. അവന്‍ ചെയ്യുന്ന അതേ രീതിയില്‍ അവനോടു പ്രവര്‍ത്തിക്കുന്നത് ക്രൈസ്തവികമല്ല എന്നത് നാമോര്‍ക്കണം. 
ഈശോയിലുള്ള വിശ്വാസവും അവനോടുള്ള സ്‌നേഹവും അവന്‍ നല്‍കുന്ന റൂഹായുടെ ശക്തിയും നമ്മെ പുതിയ മനുഷ്യരാക്കിയിരിക്കുന്നു. പഴയ ജീവിതശൈലികളില്‍ തുടരുകയെന്നാല്‍ ഈശോയെ നാം സ്‌നേഹിക്കുന്നില്ല എന്നര്‍ഥം (6:10,11). ഈശോയെ സ്‌നേഹിക്കുന്നവരായ ക്രിസ്ത്യാനികളാണോ നമ്മള്‍ എന്ന് ലോകം നമ്മോടു ചോദിക്കുന്നു. അതിനുത്തരം ഒറ്റവാക്കിലുള്ള ഒരു മറുപടിയല്ല. ക്രിസ്ത്യാനിയുടെ ജീവിതം ആകമാനം ആ ചോദ്യത്തിനുള്ള ഉത്തരമാണ്.

Login log record inserted successfully!