•  16 May 2024
  •  ദീപം 57
  •  നാളം 10
നോവല്‍

മഴനിലാവ്

കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചു പെണ്‍മക്കളില്‍ മൂത്ത അംഗമാണ് ഇന്ദുലേഖ. അവള്‍ക്കു ദൂരെ ഒരു സ്‌കൂളില്‍ റ്റീച്ചറായി ജോലി കിട്ടി. സ്‌കൂള്‍ മാനേജര്‍ ആനന്ദന്റെ മകന്‍ അഭിഷേകുമായി ഇന്ദു സൗഹൃദത്തിലായി. അതു പ്രണയമാണെന്നു തെറ്റിദ്ധരിച്ച് ആനന്ദന്‍ അവളെ പിരിച്ചുവിട്ടു. പിന്നീട് ചതിയില്‍പ്പെടുത്തി അപമാനിച്ചു നാടുകടത്തി. അമേരിക്കയില്‍ പോയിരുന്ന അഭിഷേക് തിരിച്ചെത്തിയപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്. അയാള്‍ ഇന്ദുവിനെ അന്വേഷിച്ചിറങ്ങി. തിരുവല്ലയില്‍ വൈദികര്‍ നടത്തുന്ന അനാഥമന്ദിരത്തില്‍ അവിടുത്തെ കുഞ്ഞുങ്ങളെ നോക്കി ഇന്ദു കഴിയുന്നുവെന്ന് വിവരം കിട്ടി. അഭിഷേക് പോയി കണ്ടു. നാട്ടിലേക്കു വരാന്‍ ഇന്ദു കൂട്ടാക്കിയില്ല. ഇതിനിടയില്‍ ആനന്ദന്‍ ഒരപകടത്തില്‍ നടുവൊടിഞ്ഞ് ആശുപത്രിയിലായി. ചെയ്തുപോയ തെറ്റുകളില്‍ പശ്ചാത്താപം തോന്നിയ ആനന്ദന്‍ ഇന്ദുവിനെ വിളിച്ചു വരുത്തി മാപ്പുചോദിച്ചു. വൈകാതെ ആനന്ദന് എണീറ്റു നടക്കാമെന്ന സ്ഥിതിയായി. അഭിഷേകിന്റെ ഭാര്യയായി ഇന്ദു തന്റെ വീട്ടില്‍ വന്നിരുന്നെങ്കില്‍ എന്ന് ആനന്ദന്‍ ആഗ്രഹിച്ചു. ഓര്‍ഫനേജിന്റെ ചുമതലയുള്ള മണപ്പള്ളിയച്ചനെ വിളിച്ച് ആനന്ദന്‍ ആഗ്രഹം പറഞ്ഞു. അച്ചന്റെ ഉപദേശം മാനിച്ച് ഇന്ദു അഭിഷേകിനെ വിവാഹം കഴിച്ചു. സ്‌കൂളിന്റെ മാനേജരായി  ഇന്ദു ചുമതലയേറ്റു. (തുടര്‍ന്നു വായിക്കുക)
 
വിദ്യാധരന്‍ മെമ്മോറിയല്‍ സ്‌കൂളിന്റെ ഗേറ്റുകടന്ന് കാര്‍ കോമ്പൗണ്ടിലേക്കു പ്രവേശിച്ചപ്പോള്‍ ഇന്ദുവിന് അഭിമാനം തോന്നി. മുമ്പ് കണ്ണീരോടെ പടിയിറങ്ങിയ സ്‌കൂളിലേക്ക് അതിന്റെ ഉടമയായി, സ്വന്തം കാറില്‍ തനിയെ ഡ്രൈവു ചെയ്തു തിരിച്ചെത്തുന്നു. ഒരു ജോലിക്കുവേണ്ടി ആരുടെയൊക്കെ കാലുപിടിച്ചിട്ടാണ് ഇവിടെ കയറിപ്പറ്റിയത്. പിരിച്ചുവിട്ടപ്പോള്‍ ജീവിതം അവസാനിപ്പിച്ചാലോ എന്നുപോലും ചിന്തിച്ചതാണ്. ഒടുവില്‍ കറങ്ങിത്തിരിഞ്ഞ് വീണ്ടും ഇവിടെയെത്തി.
ഹെഡ്മിസ്ട്രസിന്റെ റൂമിന്റെ മുമ്പില്‍ കാര്‍ നിറുത്തിയിട്ട് ഇന്ദു ഇറങ്ങി സാവധാനം റൂമിലേക്കു നടന്നു. ഇന്ദുവിനെ കണ്ടതും ഹെഡ്മിസ്ട്രസ് സുജാത എണീറ്റു ബഹുമാനത്തോടെ കൈകൂപ്പി.
''എങ്ങനുണ്ട് റ്റീച്ചറേ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍?''
അഭിമുഖമായി ഇരുന്നിട്ട് ഇന്ദു ചോദിച്ചു.
''നന്നായിട്ടു പോകുന്നു.''
''പഴയ റ്റീച്ചേഴ്‌സ് എല്ലാരുമുണ്ടോ?''
''ഉം.''
''എനിക്കെല്ലാവരെയും ഒന്നു കാണണമല്ലോ. എപ്പഴാ സൗകര്യം?''
''മാഡത്തിന്റെ സൗകര്യം പറഞ്ഞാല്‍ ആ ദിവസം ഞാനൊരു സ്റ്റാഫ് മീറ്റിങ് വിളിക്കാം.''
മാഡം എന്ന വിളികേട്ടപ്പോള്‍ ഇന്ദുവിന് ചിരി വന്നുപോയി. എന്തൊരു സ്‌നേഹവും ബഹുമാനവും.
''വെള്ളിയാഴ്ച വൈകുന്നേരം ആയിക്കോട്ടെ. എല്ലാ റ്റീച്ചേഴ്‌സും ഉണ്ടാകണം.''
''ഉം.'' സുജാത തലകുലുക്കി. കുറച്ചുനേരം സംസാരിച്ചിരുന്നിട്ട് ഇന്ദു പോകാനായി എണീറ്റു. വരാന്തയിലേക്കിറങ്ങിയപ്പോള്‍ അവിചാരിതമായി സ്‌നേഹലതയെയും സതിയെയും കണ്ടു. സ്‌നേഹലത ഒരു വളിച്ച ചിരി ചിരിച്ചെങ്കിലും ഇന്ദു മൈന്‍ഡ് ചെയ്യാതെ മുറ്റത്തേക്കിറങ്ങി വേഗം കാറില്‍ കയറി ഡോര്‍ വലിച്ചടച്ചു. കാര്‍ ഗേറ്റു കടന്നു റോഡിലേക്കിറങ്ങി.
അന്നു വൈകുന്നേരം അഞ്ചുമണിയായപ്പോള്‍ ആനന്ദന്റെ വീട്ടുപടിക്കല്‍ ഒരു ഓട്ടോ വന്നു നിന്നു. ഓട്ടോയില്‍നിന്നിറങ്ങിയത് സ്‌നേഹലതയും സതിയുമായിരുന്നു. അവര്‍ ഗേറ്റ് കടന്ന് മുറ്റത്തേക്കു കയറി. 
ഡോര്‍ബെല്ലില്‍ വിരലമര്‍ത്തി കാത്തുനിന്നപ്പോള്‍ വാതില്‍ തുറന്നത് ശ്രീദേവി. 
''ഇന്ദുമാഡത്തിനെ കാണാന്‍ വന്നതാ.''
ശ്രീദേവി രണ്ടുപേരെയും അകത്തു ക്ഷണിച്ചിരുത്തിയിട്ട് സ്റ്റെയര്‍കേസ് കയറി മുകളിലേക്കു പോയി. അല്പനേരം കഴിഞ്ഞപ്പോള്‍ പടികളിറങ്ങി ഇന്ദു സ്വീകരണമുറിയിലേക്കു വന്നു. സ്‌നേഹലതയും ഇന്ദുവും എണീറ്റു ഭവ്യതയോടെ കൈകൂപ്പി. ഇന്ദുവിന്റെ മുഖം ഗൗരവപൂര്‍ണമായിരുന്നു.
''ഇരിക്ക്.''
സെറ്റിയിലേക്കു കൈചൂണ്ടിയിട്ട് ഇന്ദു അഭിമുഖമായി ഇരുന്നു. എന്തിനാണു വന്നതെന്ന ചോദ്യഭാവത്തില്‍ ഇന്ദു നോക്കി.
''മാഡം എന്നോടു ക്ഷമിക്കണം.''
സ്‌നേഹലത കൈകൂപ്പി അപേക്ഷിച്ചു. 
''എന്തിന്?''
''ഞാന്‍ ഒരുപാടു വേദനിപ്പിച്ചു മാഡത്തിനെ. സത്യം പറഞ്ഞാല്‍ പിന്നീട് എനിക്കതില്‍ കുറ്റബോധം തോന്നിയിരുന്നു. ക്ഷമ പറയാന്‍ മാഡത്തിന്റെ നമ്പരില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. കഴിഞ്ഞതെല്ലാം പൊറുക്കണം മാഡം. തെറ്റുപറ്റിപ്പോയി.''
തെല്ലുനേരം സ്‌നേഹലതയുടെ കണ്ണുകളിലേക്കുതന്നെ സൂക്ഷിച്ചുനോക്കി ഇരുന്നു ഇന്ദു. ആ നോട്ടത്തിന്റെ തീജ്ജ്വാലയില്‍ പൊള്ളിനീറുകയായിരുന്നു സ്‌നേഹലത.
''എന്നുമുതലാ ഈ പശ്ചാത്താപം തോന്നിയത്? ഞാനീ സ്‌കൂളിന്റെ മാനേജരായി വന്നപ്പം മുതല്‍ അല്ലേ? എന്റെ മുമ്പില്‍ വന്നിങ്ങനെ കൈകൂപ്പി നില്‍ക്കേണ്ടിവരുമെന്ന് സ്വപ്നത്തില്‍പ്പോലും വിചാരിച്ചില്ല അല്ലേ?''
ഇന്ദുവിന്റെ വാക്കുകള്‍ ആണിപോലെ ഹൃദയത്തില്‍ തറയ്ക്കുന്നതവള്‍  അറിഞ്ഞു. സ്‌നേഹലത വല്ലാതെ വിവശയായി. 
''നിങ്ങളെപ്പോലെ മജ്ജയും മാംസവും വികാരവും വിചാരവുമുള്ള ഒരു സ്ത്രീയാണ് ഞാനുമെന്ന് നിങ്ങള്‍ക്കെന്തുകൊണ്ട് ചിന്തിക്കാന്‍ സാധിച്ചില്ല?''
സ്‌നേഹലതയുടെ മുഖം കുനിഞ്ഞുപോയി.
''നിങ്ങള്‍ക്കറിയാമോ, ഒരു മനുഷ്യായുസ്സു മുഴുവന്‍ അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ വേദനയും വിഷമവും ഒരു വര്‍ഷംകൊണ്ടു ഞാനനുഭവിച്ചു. ഇതിനിടയില്‍ എനിക്കു നഷ്ടപ്പെട്ടത് എന്റെ അച്ഛനും അമ്മയുമാണ്. അമ്മയുടെ മൃതദേഹം കാണാന്‍പോലുമുള്ള യോഗമുണ്ടായില്ല.'' ഇന്ദുവിന്റെ ശബ്ദം ഇടറി. 
''സ്‌കൂളില്‍ ഒരു ജോലി സംഘടിപ്പിക്കാന്‍ എന്റച്ഛന്‍ പെട്ട പാട് നിങ്ങള്‍ക്കാര്‍ക്കും അറിയില്ല. ജോലി കിട്ടിയപ്പോള്‍ ഒത്തിരി സന്തോഷിച്ചതാണ് ഞാന്‍. കുടുംബം രക്ഷപ്പെട്ടെന്ന് ആശ്വസിച്ചതുമാണ്. ആറുമാസത്തെ ആയുസ്സുപോലുമുണ്ടായില്ല ആ സന്തോഷത്തിന്.'' 
ഇന്ദു ക്രുദ്ധയായി സ്‌നേഹലതയെ നോക്കി. 
''എന്നെ പിരിച്ചുവിടാന്‍വേണ്ടി ആനന്ദന്‍സാറിന്റെ ചെവിയില്‍ എന്തുമാത്രം കള്ളക്കഥകള്‍ ഓതി നിങ്ങള്‍! ഞാനും അഭിഷേകും തമ്മില്‍ പ്രണയമാണെന്നു കഥകള്‍ മെനഞ്ഞ് ആനന്ദന്‍സാറിന്റെ മനസ്സില്‍ വിഷം കുത്തിവച്ചപ്പോള്‍ നിങ്ങള്‍ക്ക് ഒരുപാടു സന്തോഷം കിട്ടിയില്ലേ? കല്യാണം നിശ്ചയിച്ചുകഴിഞ്ഞും ആനന്ദന്‍സാറിനെ ഫോണില്‍ വിളിച്ചു കുത്തിത്തിരുപ്പുണ്ടാക്കാന്‍ നോക്കിയില്ലേ? എല്ലാ വഴികളും അടഞ്ഞപ്പഴല്ലേ ഇപ്പം ക്ഷമാപണവുമായി വന്നത്.''
സ്‌നേഹലതയ്ക്കു തൊണ്ട വരളുന്നതുപോലെ തോന്നി.
''കുട്ടികളെ നല്ലവഴിക്കു നയിക്കാന്‍ പഠിക്കേണ്ട ഒരധ്യാപികയ്ക്കു ചേര്‍ന്ന പ്രവൃത്തിയായിരുന്നോ റ്റീച്ചര്‍ ചെയ്തത്? ആലോചിച്ചുനോക്ക്. ആനന്ദന്‍സാറിനെ വഴി തെറ്റിച്ചതില്‍ നിങ്ങള്‍ക്കുമില്ലേ ഒരു നല്ല പങ്ക്?''
സ്‌നേഹലതയ്ക്ക് ഉത്തരമുണ്ടായില്ല. 
''മരിച്ചാലോ എന്നു പലവട്ടം ഞാന്‍ ചിന്തിച്ചതാ. പക്ഷേ, ദൈവം എന്നെ അതിനനുവദിച്ചില്ല. ഒരുപക്ഷേ, ദൈവം മുന്‍കൂട്ടി നിശ്ചയിച്ചിരുന്നിരിക്കാം നിങ്ങളെ ഒരുനാള്‍ എന്റെ മുമ്പില്‍ കൊണ്ടുവന്ന് ഇങ്ങനെ കൈകൂപ്പി ഇരുത്തണമെന്ന്.''
''തെറ്റുപറ്റിയെന്നു ഞാന്‍ സമ്മതിച്ചല്ലോ മാഡം. പിന്നെയും ഇങ്ങനെ...! ഞാന്‍ എന്തു പ്രായശ്ചിത്തമാ ചെയ്യേണ്ടതെന്നു മാഡം പറഞ്ഞോളൂ. ഞാന്‍ ചെയ്യാം.''
''പ്രായശ്ചിത്തം ചെയ്താല്‍ തീരുന്നതാണോ എനിക്കുണ്ടായ കഷ്ടങ്ങളും നഷ്ടങ്ങളും? മരിച്ചുപോയ എന്റെ അച്ഛനേം അമ്മയേം റ്റീച്ചര്‍ക്കു തിരിച്ചുകൊണ്ടുവരാന്‍ പറ്റ്വോ?''
സ്‌നേഹലതയ്ക്കു മറുപടി ഉണ്ടായില്ല.
''ദയവു ചെയ്ത് നിങ്ങളിവിടുന്നൊന്നു പോയിത്തന്നാല്‍ മതി. അതില്‍ കൂടുതല്‍ പ്രായശ്ചിത്തമോ പരിഹാരമോ ഒന്നും വേണ്ട.''
കൂടുതലൊന്നും പറയാതെ ഇന്ദു എണീറ്റു തിരിഞ്ഞു പടികള്‍ കയറി മുകളിലേക്കു പോയി. ഇനി ഇവിടെയിരുന്നിട്ട് പ്രയോജനമില്ലെന്നു കണ്ടപ്പോള്‍ സ്‌നേഹലതയും സതിയും എണീറ്റു. മുറ്റത്തേക്കു കാലെടുത്തുവച്ചതും  സ്‌നേഹലത കൂട്ടുകാരിയോടു പറഞ്ഞു:
''അവളു വല്യ ചൂടിലാണല്ലോ. പണക്കാരിയായതിന്റെ ഹുങ്കാ. എന്തായാലും എന്നെ പിരിച്ചുവിടാനൊന്നും പറ്റില്ലല്ലോ.''
''അതിപ്പം എന്തെങ്കിലും ഒരു കള്ളക്കേസുണ്ടായി പിരിച്ചുവിട്ടാലോ. സൂക്ഷിക്കണം റ്റീച്ചറേ.'' 
സതിറ്റീച്ചര്‍ മുന്നറിയിപ്പു നല്‍കി. 
സ്‌നേഹലതയുടെ  ഉള്ളില്‍ അറിയാതെ ഒരു ഭയം കൂടുകൂട്ടി.
 സ്റ്റേര്‍കേസ് കയറി ഇന്ദുലേഖ മുറിയിലേക്കു കയറിച്ചെല്ലുമ്പോള്‍ വാട്ട്‌സ്ആപ്പ് നോക്കിക്കൊണ്ട് അഭിഷേക് കട്ടിലില്‍ കിടപ്പുണ്ടായിരുന്നു.
''ആരായിരുന്നു?'' അഭിഷേക് ചോദിച്ചു.
''സ്‌നേഹലതയും സതിയും.''
''എന്തേ?'' 
''ക്ഷമ ചോദിക്കാന്‍ വന്നതാ; പണ്ടു ചെയ്ത തെറ്റുകള്‍ക്ക്.''
''എന്തു പറഞ്ഞുവിട്ടു?''
''എനിക്കൊന്നും കേള്‍ക്കണ്ടാന്നു പറഞ്ഞു.''
''അതുമോശമായിപ്പോയി. ആയുധം വച്ചു കീഴടങ്ങുന്ന ശത്രുവിനോട് പിന്നെ പക കാണിക്കാന്‍ പാടില്ല.''  
''ഞാന്‍ ഒരുപാട് ദേഷ്യപ്പെട്ടൊന്നുമില്ല. മനസ്സിലുള്ള വിഷമങ്ങളൊക്കെ തുറന്നുപറഞ്ഞിട്ട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു.''
''ഇനി പിണക്കമൊന്നും കാണിക്കണ്ടാന്നേ. എല്ലാവരുമായിട്ട് സൗഹൃദത്തില്‍ പോകാന്‍ നോക്ക്. നീ ഇനി റ്റീച്ചറല്ല, സ്‌കൂളിന്റെ മാനേജരാണന്ന ഓര്‍മ വേണം.''
''എനിക്കു പിണക്കമൊന്നുമില്ല അഭിയേട്ടാ.''
ഇന്ദുലേഖ കട്ടിലിലേക്കു ചാഞ്ഞ് കൈചുറ്റി ഭര്‍ത്താവിനെ ചേര്‍ത്തുപിടിച്ചു.
*   *   * *
വെള്ളിയാഴ്ച.
വൈകുന്നേരം മൂന്നരയ്ക്ക് വിദ്യാധരന്‍ മെമ്മോറിയല്‍ സ്‌കൂളിലെ അധ്യാപകരെല്ലാം ഒരു ക്ലാസ്മുറിയില്‍ സമ്മേളിച്ചു. സ്റ്റാഫ് മീറ്റിങ്ങാണ്.
കൃത്യം മൂന്നരയ്ക്കുതന്നെ ഇന്ദുവിന്റെ കാര്‍ സ്‌കൂള്‍വളപ്പില്‍ വന്നുനിന്നു. അവളെ സ്വീകരിക്കാന്‍ ഹെഡ്മിസ്ട്രസ് വരാന്തയില്‍ നില്പുണ്ടായിരുന്നു. ഇന്ദു കാറില്‍നിന്നിറങ്ങി വരാന്തയിലേക്കു കയറിയതും ഗുഡ് ഈവനിങ് പറഞ്ഞ് ഭവ്യതയോടെ അവര്‍ വിഷ് ചെയ്തു.
''ഞാന്‍ വൈകിയോ?'''
''ഇല്ല മാഡം.''
''റ്റീച്ചേഴ്‌സ് എല്ലാരുമുണ്ടല്ലോ അല്ലേ?''
''ഉണ്ട്.''
ഹെഡ്മിസ്ട്രസ് സുജാത അവളെ ക്ലാസ്മുറിയിലേക്കു നയിച്ചു. വാതില്‍ക്കല്‍ ഇന്ദുവിന്റെ മുഖം കണ്ടതും അതുവരെ ശബ്ദമുഖരിതമായിരുന്ന ക്ലാസ്‌റൂം നിശ്ശബ്ദമായി. ഇന്ദു അകത്തേക്കു കയറിയപ്പോള്‍ എല്ലാവരും എണീറ്റു വിഷ് ചെയ്തു. കസേരയില്‍ വന്നിരുന്നിട്ട് ഇന്ദു എല്ലാ മുഖത്തേക്കും ഒന്നു കണ്ണോടിച്ചു. ഏറ്റവും പിന്നിലായിരുന്നു സ്‌നേഹലത ഇരുന്നത്. ഹെഡ്മിസ്ട്രസ് ആദ്യം ഒരു പരിചയപ്പെടുത്തല്‍ നടത്തിയിട്ട് ഇന്ദുലേഖയെ സംസാരിക്കാനായി ക്ഷണിച്ചു. ഇന്ദു എണീറ്റ് എല്ലാവരെയും ഒന്നു നോക്കിയിട്ടു പറഞ്ഞു:
''ഒരിടവേളയ്ക്കുശേഷം ഞാന്‍ വീണ്ടും ഈ സ്‌കൂളിലേക്കു വന്നിരിക്കയാണ്. മുമ്പ് ഒരു അധ്യാപികയായിട്ടാണു വന്നതെങ്കില്‍ ഇന്നു മാനേജരായിട്ടാണ് എന്ന വ്യത്യാസംമാത്രം. ഒന്നൊഴികെ ബാക്കിയെല്ലാം എനിക്കു പരിചയമുള്ള മുഖങ്ങളാണ്. സൗമ്യറ്റീച്ചറോടു സംസാരിച്ചിട്ടില്ലെങ്കിലും കണ്ടിട്ടുണ്ട്. ഒരുപാടു വേദനകളും വിഷമങ്ങളും സമ്മാനിച്ച ഒരു സ്‌കൂളുകൂടിയാണിത്. ഒരിക്കല്‍ കരഞ്ഞുകൊണ്ടാണ് ഞാനീ സ്‌കൂളിന്റെ പടിയിറങ്ങിപ്പോയത്. കുട്ടികള്‍ക്ക് അറിവും നന്മയും പകര്‍ന്നുകൊടുക്കേണ്ട അധ്യാപകര്‍ സഹപ്രവര്‍ത്തകരെക്കുറിച്ചു കള്ളക്കഥകളും അപവാദങ്ങളും പറഞ്ഞുപരത്തുമ്പോള്‍ ഇരുളിലാകുന്നത്  ആ വ്യക്തിയുടെ ജീവിതം മാത്രമല്ല, ആ കുടുംബത്തിന്റെ ജീവിതം മൊത്തമാണ്. എന്റെ ജോലി നഷ്ടപ്പെട്ടപ്പോള്‍ എനിക്കു നഷ്ടമായത് എന്റെ സന്തോഷം മാത്രമല്ല എന്റെ കുടുംബത്തിന്റെ സന്തോഷംകൂടിയാണ്. അച്ഛന്‍ ഹൃദയംപൊട്ടി മരിച്ചു. പിന്നാലെ അമ്മയും പോയി. അപമാനിതയായി ഞാനീ നാടുവിട്ടുപോകുമ്പോള്‍ മനസ്സിനകത്ത് പൂര്‍ണമായും ഇരുട്ടായിരുന്നു. പിടിച്ചുനില്‍ക്കാന്‍ പറ്റില്ല എന്ന തോന്നല്‍ ഉണ്ടായപ്പോള്‍ മരണത്തെപ്പറ്റി ചിന്തിച്ചു. പക്ഷേ, ദൈവം തോല്‍ക്കാന്‍ എന്നെ അനുവദിച്ചില്ല. കറങ്ങിത്തിരിഞ്ഞ് വീണ്ടും ഇവിടെ എത്തിച്ചു. സന്തോഷമുണ്ട്. വേദനിപ്പിച്ച മുഖങ്ങളും ഞാനിവിടെ കാണുന്നു. എനിക്കാരോടും പകയും വെറുപ്പുമില്ല. ഒരഭ്യര്‍ഥനയേയുള്ളൂ. ഇനിയെങ്കിലും നന്മയുടെ വഴികളിലൂടെ സഞ്ചരിക്കാന്‍ നിങ്ങള്‍ ആധ്യാപകര്‍ മനസ്സു കാണിക്കണം. മറ്റുള്ളവരുടെ കണ്ണീരിലും കഷ്ടപ്പാടിലും കണ്ടെത്തുന്ന സന്തോഷം സാത്താന്റെ സന്തോഷമാണ്. അതു ശാശ്വതമല്ല. എന്നെങ്കിലും തിരിച്ചടി ഉണ്ടാകും. ഞാന്‍ തിരിച്ചുവരില്ലെന്നു കരുതി സന്തോഷിച്ച മുഖങ്ങള്‍ ഇവിടെയുണ്ട്. അവരോടൊന്നേ എനിക്കു പറയാനുള്ളൂ. അവസാനവിജയം സത്യത്തിനാണ്. നന്മ വിതച്ചാല്‍ നമുക്കു നന്മ കൊയ്യാന്‍ പറ്റും. തിന്മ വിതച്ചാല്‍ തിന്മയും.''
ഇന്ദുവിന്റെ പ്രസംഗം പിന്നെയും നീണ്ടു. ഒടുവില്‍ ഇന്ദു പറഞ്ഞു നിറുത്തി:
''കഴിഞ്ഞതൊക്കെ നമുക്കു മറക്കാം. അതിന്റെ പേരില്‍ ഞാനിനി ആരെയും ദ്രോഹിക്കുകയോ പ്രതികാരം ചെയ്യുകയോ ചെയ്യില്ല. സ്‌കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി. കുട്ടികളുടെ നല്ല ഭാവിക്കുവേണ്ടി, നമുക്കൊത്തൊരുമിച്ചു പ്രവര്‍ത്തിക്കാം. ഈ സ്‌കൂളിനെ ജില്ലയിലെ ഏറ്റവും നല്ല സ്‌കൂളാക്കി മാറ്റാന്‍ നമുക്ക് ആത്മാര്‍ഥമായി ശ്രമിക്കാം. നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി, നമസ്‌കാരം.'' 
ഇന്ദു പറഞ്ഞു നിറുത്തിയതും നീണ്ട കരഘോഷം. പിന്നീട് അധ്യാപകര്‍ക്കു പറയാനുള്ള കാര്യങ്ങള്‍ ഓരോരുത്തരും എണീറ്റുനിന്നു പറഞ്ഞു. ആവശ്യങ്ങളും ആവലാതികളും ഇന്ദു കുറിച്ചെടുത്തു. ഒടുവില്‍ സ്‌നേഹലത എണീറ്റു. ചെയ്ത തെറ്റുകള്‍ക്കവള്‍ മാപ്പു ചോദിക്കുകയും കരയുകയും ചെയ്യുന്നതു കണ്ടപ്പോള്‍ ഇന്ദുവിന് അവളോടുണ്ടായിരുന്ന നീരസവും വെറുപ്പും ഉരുകിയൊലിച്ചുപോയി.
മീറ്റിങ് കഴിഞ്ഞു ചായസല്‍ക്കാരം ഉണ്ടായിരുന്നു. ചായ കഴിക്കുമ്പോള്‍ പഴയ സഹപ്രവര്‍ത്തകരോടെല്ലാം ഇന്ദു കുശലം പറഞ്ഞു. സ്‌നേഹലതയോടും സ്‌നേഹത്തോടെ സംസാരിച്ചു. പണക്കൊഴുപ്പിന്റെ അഹങ്കാരമോ തലക്കനമോ അവള്‍ക്ക് ഇല്ലെന്നു കണ്ടപ്പോള്‍ അധ്യാപകര്‍ക്ക് ഇന്ദുവിനെ ഇഷ്ടമായി. ചിരിച്ചും തമാശകള്‍ പറഞ്ഞും റ്റീച്ചര്‍മാരുടെ കരംപുണര്‍ന്നും ഇന്ദു സ്‌നേഹം പങ്കുവച്ചു.
എല്ലാവരോടും യാത്ര പറഞ്ഞു പിരിയുമ്പോള്‍ മണി അഞ്ച്. ഇന്ദു കാറില്‍ കയറി ഓടിച്ചുപോയി.
വീട്ടുമുറ്റത്തു കാര്‍ നിറുത്തിയിട്ട് ഇന്ദു ഡോര്‍ തുറന്നു പുറത്തേക്കിറങ്ങി. സിറ്റൗട്ടിലെ കസേരയിലിരിക്കുന്ന ആളെക്കണ്ട് അവള്‍ ഒരുനിമിഷം അമ്പരപ്പോടെ നോക്കിനിന്നു. 
.
(തുടരും)
Login log record inserted successfully!