•  16 May 2024
  •  ദീപം 57
  •  നാളം 10
ശ്രേഷ്ഠമലയാളം

നുറുങ്ങ്

ഴുത്തും ഉച്ചാരണവും തമ്മില്‍ പിണങ്ങുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ മലയാളത്തിലുണ്ട്. എഴുതുന്നപോലെ ഉച്ചരിക്കണമെന്ന് എത്ര ശഠിച്ചാലും നടക്കാതെപോകാം. ഒരുതരം വര്‍ണപരിണാമം വാമൊഴിയില്‍ ഉണ്ടാകുന്നു. നിശ്ചിതമായ വര്‍ണത്തിനു നിശ്ചിതകാലഘട്ടത്തില്‍ വന്നുചേരുന്ന വികാരമാണത്. എല്ലായ്‌പ്പോഴും അര്‍ഥപരിണാമം സംഭവിക്കണമെന്നില്ല. അര്‍ഥം   മാറാതെ രൂപം മാത്രം മാറിയ ചില പദങ്ങള്‍ പരിചയപ്പെടാം.
തവര്‍ഗത്തില്‍പ്പെട്ട അഞ്ചാമത്തെ അക്ഷരമാണ് ന. (ന്+അ=ന) ദന്ത്യമായ അനുനാസികമാണത്. നകാരം പദാദിയില്‍ വരുന്ന ഒട്ടേറെ വാക്കുകള്‍ മലയാളത്തിലുണ്ട്. അവയില്‍ ചിലത് എഴുത്തിലും ചിലത് ഉച്ചാരണത്തിലും ഞകാരമായി മാറുന്നു. ചവര്‍ഗത്തിലെ പഞ്ചമാക്ഷരമാണ് ഞ. താലവ്യമായ അനുനാസികവര്‍ണമാണത് (ഞ്+അ=ഞ) ദന്ത്യാനുനാസികമായ 'ന' താലവ്യാനുനാസികമായ 'ഞ' ആയി മാറുന്നുവെന്നു സാരം. ഉദാ. നാന്‍ - ഞാന്‍; നാങ്കള്‍ - ഞാങ്ങള്‍ (ഞങ്ങള്‍); നണ്ട് - ഞണ്ട്; നാവല്‍ - ഞാവല്‍; നടുക്കം - ഞടുക്കം; നടുവു - ഞടുവ്; നുറുങ്ങ് - ഞുറുങ്ങ്; നുറുക്കുക- ഞുറുക്കുക; നമുക്ക് - ഞമുക്ക്; നമനം - ഞമനം; നരി - ഞരി; നവണി - ഞവണി; നരമ്പ് - ഞരമ്പ്; നവര - ഞവര ഇവയിലെല്ലാം ന ണ്ണ ഞ വിനിമയം കാണാം. ഇക്കൂട്ടത്തില്‍ ഞണ്ട്, ഞാവല്‍, ഞരമ്പ്, ഞടുക്കം മുതലായവ എഴുത്തുഭാഷയിലേക്കു കടന്നുകഴിഞ്ഞു. ഇനി അവയുടെ പൂര്‍വരൂപങ്ങളിലേക്കു മടങ്ങിപ്പോകാന്‍ കഴിയുമെന്നു തോന്നുന്നില്ല; പോകേണ്ടതുമില്ല. എന്നാല്‍, ന-ഞ വിനിമയം സാര്‍വത്രികമല്ലാത്തതിനാല്‍ മറ്റുള്ളവയെ എഴുത്തിലേക്കു കൊണ്ടുവരാതിരിക്കുന്നതാണ് ഭാഷയുടെ പരിനിഷ്ഠിതസ്വഭാവത്തിനു നല്ലത്. മേല്‍സൂചിപ്പിച്ച പദങ്ങള്‍ക്ക് മാനകത്വം ലഭിക്കുന്നതുവരെ അവ എഴുത്തുഭാഷയില്‍നിന്ന് അകന്നുനില്‍ക്കട്ടെ! 
''വമ്പെഴും നിന്റെ പുരികക്കൊടിയുടെ/യമ്പുകള്‍ കൊണ്ടു ഞരമ്പുകള്‍/ കമ്പൊടിഞ്ഞൊരു ശീലക്കുടയുടെ കമ്പിപോലെ വലിഞ്ഞുപോയ്' (ചിത്രം - നീലക്കുയില്‍) എന്ന ഗാനത്തിലെ ഞരമ്പുകള്‍ എന്ന പ്രയോഗം എഴുത്തുഭാഷയിലെ സ്വീകാര്യത ഉറപ്പിക്കുന്നു.
* ഭാസ്‌കരന്‍, പി., നാഴിയുരിപ്പാല്, കറന്റ് ബുക്‌സ്, തൃശൂര്‍, 2004, പുറം - 57.

 

Login log record inserted successfully!