ജൂണ്‍ 11  ശ്ലീഹാക്കാലം  മൂന്നാം ഞായര്‍
നിയ 1:5-8   ഏശ 1:1-9
1 കോറി 7:1-7   ലൂക്കാ 10:25-37
സുവിശേഷം പ്രസംഗിക്കുക മാത്രമല്ല, സുവിശേഷം ജീവിക്കാനുള്ള ദൗത്യംകൂടി ഏറ്റെടുത്തവരാണ് ശിഷ്യന്മാര്‍. പ്രഘോഷണത്തിലൂടെയും മാതൃകാപരമായ ജീവിതത്തിലൂടെയും ഈശോമിശിഹായാകുന്ന സത്യദൈവത്തിനു സാക്ഷ്യം നല്‍കാന്‍ വിളിക്കപ്പെട്ടവരാണ് ഇന്നത്തെ ശിഷ്യരായ ക്രിസ്ത്യാനികള്‍. 
ഇസ്രായേലിന്റെ ഏകദൈവത്തെപ്പറ്റി പരിസരങ്ങളിലുള്ളവരും അറിയേണ്ടതിനായി, ജനം പരിസരപ്രദേശങ്ങളിലേക്കും വ്യാപിക്കണമെന്ന് ദൈവം ആവശ്യപ്പെടുന്നു (നിയമ. 1:5-8). ആ ദേശങ്ങള്‍ കൈയടക്കണമെന്നാണ് ദൈവം ജനത്തോടു പറയുന്നത്. ഓരോ ദേശവും കൈയടക്കപ്പെടുമ്പോള്‍ (5:8) ഇസ്രായേലിന്റെ ദൈവത്തിന്റെ ശക്തിയും മഹത്ത്വവും അവര്‍ തിരിച്ചറിയും. 
വലുതും ചെറുതുമായ യുദ്ധങ്ങളില്‍ വിജയം നല്കുന്നവനാണ് ദൈവമെന്നും അതിനപ്പുറം അതില്‍ ആത്മീയമായ തലമൊന്നും ഇല്ലെന്നും ഇസ്രായേല്‍ജനം ചിന്തിക്കാന്‍ തുടങ്ങി യപ്പോളാണ് അവര്‍ ദൈവത്തില്‍നിന്ന് അകന്നുപോകാന്‍ തുടങ്ങിയത്. ഭൗതികമായ വിജയങ്ങളില്‍ ലഭിക്കുന്ന സന്തോഷം ജനം ആസ്വദിക്കാന്‍ തുടങ്ങിയപ്പോള്‍, ആ സന്തോഷം മാത്രമാണ് യാഥാര്‍ഥ്യം എന്ന മിഥ്യാധാരണയില്‍ ജനം ഒതുങ്ങിയപ്പോള്‍, അതിനപ്പുറത്തെ ആത്മീയതലത്തിലേക്ക്, തന്നെ യഥാര്‍ഥത്തില്‍ മനസ്സിലാക്കുന്ന തലത്തിലേക്ക്, ജനം വളരുമെന്ന ദൈവത്തിന്റെ ആഗ്രഹം സഫലമായില്ല. ദൈവത്തിന്റെ ആ പരിഭവമാണ് രണ്ടാമത്തെ വായനയില്‍ നാം കാണുന്നത് (ഏശ. 1:1-9).
കാളയും കഴുതയുംപോലും അവയുടെ യജമാനന്റെ  ആഗ്രഹം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നു (1:3). എന്നാല്‍, തന്റെ ജനം തന്റെ ആഗ്രഹം മനസ്സിലാക്കുന്നില്ല എന്ന പരിഭവം ദൈവം പ്രവാചകരിലൂടെ പങ്കുവയ്ക്കുന്നു. തങ്ങള്‍ക്കു ദൈവം നല്‍കുന്ന അനുഗ്രഹങ്ങളിലൂടെ ദൈവമഹത്ത്വത്തെ തിരിച്ചറിഞ്ഞ ജനം തങ്ങളുടെ ജീവന്റെ കാരണമായ ആ ദൈവത്തിലേക്കു തിരിച്ചുനടക്കാതെ, തിന്മയും അനീതിയും  ദുഷ്‌കര്‍മവും ചെയ്ത് കര്‍ത്താവിനെ പരിത്യജിച്ചു (1:4). ഭൗതികനേട്ടങ്ങളുടെ തലത്തില്‍നിന്നുയര്‍ന്ന്, അതിനെല്ലാം പിറകിലുള്ള ദൈവത്തിന്റെ മഹത്ത്വത്തെക്കുറിച്ച് ആത്മീയമായി ചിന്തിക്കാന്‍ ജനം പരാജയപ്പെട്ടപ്പോള്‍ ദൈവം പറയുന്നു: ''സീയോന്‍ പുത്രി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു'' (1:8). 
പ്രവാചകരിലൂടെയും പിതാക്കന്മാരിലൂടെയും വെളിവാക്കപ്പെട്ട ദൈവത്തിന്റെ ആഗ്രഹം മനുഷ്യന്‍ ദൈവമഹത്ത്വത്തില്‍ എത്തിച്ചേരുക എന്നതാണ്. പഴയ ഉടമ്പടിയില്‍ ആ ആഗ്രഹം  നിറവേറുന്നതു കാണുന്നില്ലാത്തതുകൊണ്ട്, അതിന്റെ പൂര്‍ത്തീകരണത്തിനായി, ദൈവംതന്നെ പുതിയ ഒരു ഉടമ്പടിക്ക് ഈശോമിശിഹായില്‍ തുടക്കമിടുന്നു. ആ ഉടമ്പടിയുടെ ഉള്ളടക്കം പൂര്‍ണമായും ജനത്തോടു പങ്കുവയ്ക്കുന്ന ഉപമയാണ് സുവിശേഷം (ലൂക്കാ 10:25-37). ആ ഉടമ്പടി കരുണയുടെയും സ്‌നേഹത്തിന്റെയും മറ്റുള്ളവരുടെ പാപവും കുറവുകളും സ്വയം ഏറ്റെടുക്കുന്നതിന്റെയും ഉടമ്പടിയാണ്. ആ ഉടമ്പടി കുരിശിലും മരണത്തിലും ഉത്ഥാനത്തിലും സാധിച്ചശേഷം ദൈവം പറയും: ''നീയും പോയി അതുപോലെ ചെയ്യുക'' (10:37). 
അതേ, ഈ ഉപമയിലെ നല്ല സമരിയാക്കാരന്‍ ഈശോമിശിഹാതന്നെയാണ്! കവര്‍ച്ചക്കാരനായ പിശാചിനാല്‍ അടിമയാക്കപ്പെട്ട്, തിന്മയാലും  അനീതിയാലും മുറിവേല്‍ക്കപ്പെട്ട്, ദൈവികച്ഛായയും സാദൃശ്യവും നഷ്ടപ്പെട്ടുകിടക്കുന്ന മനുഷ്യനെ  തിരഞ്ഞിറങ്ങിയ നല്ല സമരിയാക്കാരനാണ് ഈശോമിശിഹാ. തന്റെ ശരീരത്തിലേറ്റ പീഡനങ്ങളിലൂടെ, കുരിശുമരണത്തിലൂടെ, ഉത്ഥാനത്തിലൂടെ, പിതാവാകുന്ന സത്രംസൂക്ഷിപ്പുകാരന്റെ അടുത്ത് നമ്മെ ഈശോ എത്തിക്കുന്നു. അവന്റെ മാര്‍വിടത്തില്‍നിന്നൊഴുകിയ രക്തവും ജലവുമാണ് അവിടുന്ന് നമുക്കുവേണ്ടി ദൈവപിതാവിന്റെ പക്കല്‍ കൊടുക്കുന്ന രണ്ടു ദനാറകള്‍. 
അതുമാത്രമല്ല, നമ്മെ രക്ഷിച്ച് പിതാവിന്റെ അടുത്തെത്തിച്ചിട്ട് അതോടെ എല്ലാം അവസാനിപ്പിക്കുന്നവനല്ല നമ്മുടെ സഹോദരനായ ഈശോമിശിഹാ. നമ്മുടെ രക്ഷയ്ക്കായി കൂടുതല്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കില്‍ അതും ചെയ്യാന്‍ തയ്യാറായവനാണ് അവന്‍ (10:35). തിരിച്ചുവരുമ്പോള്‍ ചെയ്യാനുള്ളതു ചെയ്യും എന്നുമാത്രമല്ല, ഇവിടെയില്ലാത്ത സമയത്ത് തന്റെ സാന്നിധ്യം കൂദാശകളിലൂടെ അവന്‍ ഉറപ്പാക്കിയിട്ടുമുണ്ട്. 
'നീയും പോയി അതുപോലെ ചെയ്യുക' എന്നതിന്റെ ഒരു  പ്രായോഗിക ഉദാഹരണമാണ് വിവാഹബന്ധത്തെപ്പറ്റി പറയുന്ന വി. പൗലോസിന്റെ വാക്കുകള്‍  (1 കോറി. 7:1-7).  'ഭാര്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല അധികാരം, ഭര്‍ത്താവിനാണ്. അതുപോലെതന്നെ, ഭര്‍ത്താവിന്റെ ശരീരത്തിന്മേല്‍ അവനല്ല, ഭാര്യയ്ക്കാണ് അധികാരം'' (7:4). ദാമ്പത്യജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം രക്ഷകരാകേണ്ടതിന്റെ ക്രിസ്തീയമാതൃകയാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. ഈ അധികാരം കാരുണ്യത്തില്‍നിന്നുരുവാകു ന്നതാണ് എന്നു മനസ്സിലാക്കാതെവരുമ്പോള്‍ അത് അധികാരപ്രമത്തതയാകും; ശാരീരികമര്‍ദനവും മരണങ്ങളുമൊക്കെ ഉണ്ടാകും, ദാമ്പത്യജീവിതം നരകമാകും. 
ഈശോ പറയുന്നത്, 'നീയും പോയി അതുപോലെ ചെയ്യുക' എന്നാണ്. ഏതുപോലെ? അതിനുള്ള ഉത്തരം തൊട്ടുമുന്നിലെ വാക്യത്തിലുണ്ട്. ''അവനോടു കരുണ കാണിച്ചവന്‍ എന്ന് ആ നിയമജ്ഞന്‍ പറഞ്ഞു'' (10: 37മ).  മനുഷ്യന്റെമേലുള്ള തന്റെ അധികാരം ദൈവം പ്രകടമാക്കിയത് അവിടുത്തെ കാരുണ്യംവഴിയാണ്. പരസ്പരം കാരുണ്യം കാണിച്ചുകൊണ്ടുമാത്രമേ ജീവിതത്തില്‍ ശാശ്വതമായ സമാധാനവും സന്തോഷവും നിലനിര്‍ത്താനാവൂ. ആ മാതൃക നമ്മോടു കാണിച്ച ഈശോമിശിഹാ ചെയ്തത് നീയും ചെയ്യുക!
							
 ഡോ. ജോസഫ് കരികുളം
                    
									
									
									
									
									
									
									
									
									
									
                    