•  16 May 2024
  •  ദീപം 57
  •  നാളം 10
വചനനാളം

ക്രൈസ്തവജീവിതം കരുണയുടെ ജീവിതം

ജൂണ്‍ 18  ശ്ലീഹാക്കാലം നാലാം ഞായര്‍

നിയ 1:16-18  ഏശ 1:10-20
1 കോറി 9:19-27   ലൂക്കാ 6:27-36

''നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍'' (ലൂക്കാ 6:36). പിതാവില്‍നിന്നു സ്വീകരിച്ച കരുണ, മറ്റുള്ളവരിലേക്കു പകര്‍ന്നുകൊണ്ട്, അവരെയും കരുണകാണിക്കാന്‍ പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ക്രിസ്തീയജീവിതം. മനുഷ്യവര്‍ഗത്തോട് ഏറ്റവും വലിയ കരുണ കാണിച്ചത് ദൈവംതന്നെയാണ്.  സ്വപുത്രനെ നല്‍കി നമ്മുടെ രക്ഷ സാധിച്ചുകൊണ്ട് അവിടുന്ന് നമ്മോടു കരുണ കാണിച്ചു. ദൈവം മനുഷ്യനോടു കരുണ കാണിക്കുന്നതിന്റെ, മനുഷ്യനെ തന്നോടു രമ്യപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ പരാമര്‍ശങ്ങളാണ്  ഇന്നത്തെ വായനകള്‍. 
ഒന്നാം വായന നിയമാവര്‍ത്തനപ്പുസ്തകത്തില്‍നിന്നാണ് (നിയമാ. 1:16-18). പുസ്തകത്തിന്റെ തുടക്കത്തില്‍ത്തന്നെ, നിയമത്തിന്റെ നടപ്പാക്കല്‍ നീതിയുടെ പിന്‍ബലത്തോടെ ആയിരിക്കണമെന്ന് മോശ ജനത്തെ ഓര്‍മിപ്പിക്കുകയാണ് (1:16). നിയമങ്ങളുടെ ആകത്തുക മനുഷ്യന്റെ സമാധാനപൂര്‍വകവും ശാന്തവുമായ ജീവിതമാണ്. ദൈവം നല്‍കുന്ന നിയമത്തിന്റെ ലക്ഷ്യമാകട്ടെ ദൈവികനീതിയുടെ സ്ഥാപനത്തിലൂടെ ലഭിക്കുന്ന ദൈവമഹത്ത്വത്തിലേക്കുള്ള പ്രവേശനവുമാണ്. 
ന്യായം വിധിക്കുന്നതില്‍ പക്ഷപാതം ഉണ്ടാകാന്‍ പാടില്ല. ഇസ്രായേല്‍ജനത്തിന്റെ ന്യായാധിപന്മാര്‍ ദൈവത്തിന്റെ നീതിയുടെ നടത്തിപ്പുകാരാണ്. അതിനാല്‍ ദൈവത്തിന്റെ കണ്ണുകളിലൂടെ അവര്‍ മാനുഷികതര്‍ക്കങ്ങളെ കാണണം. ദൈവത്തിന്റെ നീതി അവര്‍ നടപ്പാക്കണം (1:17). ആ നീതി കരുണയുടെ സാക്ഷാത്കാരമാണ്.
നന്മയും നീതിയും അനുസരണവുമാണ് കര്‍ത്താവിനോടു രമ്യപ്പെടാനുള്ള വഴികളെന്ന് ഏശയ്യാപ്രവാചകനിലൂടെ ദൈവം നമ്മെ ഓര്‍മിപ്പിക്കുന്നു (രണ്ടാം വായന: ഏശ. 1:10-20). കര്‍ത്താവിന്റെ സന്നിധിയില്‍ നില്ക്കാന്‍ ജനത്തെ പ്രാപ്തമാക്കുന്നത് മേദസ്സുറ്റ മൃഗബലികളോ ആട്ടിന്‍കുട്ടികളുടെ രക്തമോ അല്ല.  തന്റെ പേരില്‍ നടത്തപ്പെടുന്ന അനീതി നിറഞ്ഞ  ആഘോഷങ്ങളും പരിപാടികളും തനിക്കു ദുസ്സഹമായിത്തീര്‍ന്നെന്ന് ദൈവംതന്നെ ജനത്തോടു പറയുന്നു (1:11-15). 
ദൈവസന്നിധിയില്‍ വിശുദ്ധിയോടെ നില്‍ക്കണമെങ്കില്‍ ജനം തങ്ങളുടെ ദുഷ്‌കര്‍മങ്ങളും അകൃത്യങ്ങളും അവസാനിപ്പിച്ചു രക്തപങ്കിലമായ ജീവിതത്തെ കഴുകി വൃത്തിയാക്കണം (1:16). അതുമാത്രം പോരാ, നന്മയും നീതിയും പ്രവര്‍ത്തിക്കണം. നീതിയെക്കുറിച്ചും നന്മയെക്കുറിച്ചും വിധവകളെയും അനാഥരെയും കുറിച്ചുമുള്ള ചര്‍ച്ചകള്‍ മാത്രം പോരാ, കൃത്യമായ നടത്തിപ്പ് ഇക്കാര്യങ്ങളില്‍ ഉണ്ടാകണം (1:17). ദൈവവുമായി രമ്യപ്പെടുന്നതിന് ഇക്കാര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്. ''അനുസരിക്കാന്‍ സന്നദ്ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും'' (1:17). തുടക്കത്തില്‍ പറഞ്ഞതുപോലെ ശാന്തവും സമാധാനപൂര്‍ണവുമായ ജീവിതത്തിലൂടെ, ദൈവത്തിന്റെ മഹത്ത്വമാകുന്ന ഐശ്വര്യം പ്രാപിക്കുന്നതിന് അനുസരണമല്ലാതെ മറ്റു  വഴികളില്ല. 
സമൂഹത്തില്‍ നന്മ വ്യാപിക്കുമ്പോള്‍, നീതി നടപ്പാക്കുമ്പോള്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് കരുണയുടെ നടപ്പാക്കല്‍തന്നെയാണ്. ആ കരുണയാകട്ടെ, ദൈവത്തിന്റെ കരുണ തന്നെയാണ്. കാരണം, കരുണയുടെ പൂര്‍ണത ദൈവമാണ്. സമൂഹത്തില്‍ കരുണ പ്രാവര്‍ത്തികമാകുമ്പോള്‍ അത് ദൈവികകരുണയുടെതന്നെ പ്രതിഫലനമാണെന്നും അതിനു ദൈവപിതാവിന്റെ മക്കളെല്ലാം പരിശ്രമിക്കണമെന്നും സുവിശേഷത്തിലൂടെ ഈശോ നമ്മെ ഓര്‍മിപ്പിക്കുന്നു (ലൂക്കാ 6:27-36). 
കരുണ കാണിക്കണം എന്നത് ഒരു കല്പനമാത്രമാക്കാതെ അതു പ്രാവര്‍ത്തികമാക്കി കാണിച്ച ദൈവമാണ് നമ്മുടേത്. നാം പാപികളായിരിക്കേ, നമ്മെ തന്നോടു രമ്യപ്പെടുത്താന്‍, 'വരുവിന്‍ നമുക്കു രമ്യപ്പെടാം' (ഏശ. 1:18) എന്നു കരുണയോടെ പറഞ്ഞുകൊണ്ട്, സ്വപുത്രനെ നമുക്കുവേണ്ടി ദൈവം  ബലിയായി നല്‍കി. കരുണയെക്കുറിച്ചുള്ള ചര്‍ച്ചകളല്ല, കരുണയുടെ പരികര്‍മമാണ് ദൈവം നടത്തിയത്. മനുഷ്യന്‍ തന്റെ സഹോദരരോടു കാണിക്കേണ്ട കരുണയുടെ മാതൃക ദൈവം തന്റെ പുത്രനിലൂടെ ലോകത്തിനു നല്‍കുന്നു. 
ഈശോയുടെ ഓരോ വാക്കും വെറും വാചാടോപങ്ങളായി മാറിയില്ല; മറിച്ച്, അവന്‍ തന്റെ ജീവിതസാക്ഷ്യത്തിലൂടെ ആ വാക്കുകളെ പ്രായോഗികവും ജീവനുള്ളതുമാക്കി. ശത്രുക്കളെ സ്‌നേഹിക്കണമെന്നും ദ്വേഷിക്കുന്നവര്‍ക്കു നന്മ ചെയ്യണമെന്നും (6:27)  അവന്‍ പഠിപ്പിച്ചത് സ്വന്തജീവിതത്തിലൂടെയാണ്.  മനുഷ്യന്‍ തന്നോടു രമ്യപ്പെടണമെന്നാഗ്രഹിച്ച ദൈവം ആദ്യം അവനോടു രമ്യപ്പെടാന്‍ തയ്യാറായി (6:31). ദൈവം മനുഷ്യനായി, ഈ ഭൂമിയില്‍ അദ്ഭുതങ്ങള്‍ ചെയ്തു (6:35), തിരിച്ചെന്തെങ്കിലും കിട്ടും എന്നു പ്രതീക്ഷിക്കാതെ!
''അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങള്‍ അത്യുന്നതന്റെ പുത്രന്മാരായിരിക്കുകയും ചെയ്യും'' (6:35). അത്യുന്നതന്റെ പുത്രന്‍ ആരാണ്? അത് ഈശോമിശിഹായാണ്. തന്നെപ്പോലെയാകാനുള്ള ക്ഷണമാണ് ഈശോ നടത്തുന്നത്. നന്മയുടെയും കരുണയുടെയുമായ പ്രവൃത്തികള്‍ ചെയ്യുന്ന എല്ലാവരും ഈശോയാകുന്ന ദൈവത്തിന്റെ സഹോദരരും അതിനാല്‍ത്തന്നെ പിതാവായ ദൈവത്തിന്റെ മക്കളുമാണ്. അതുകൊണ്ടാണ് പിതാവിന്റെ സ്വഭാവം നമ്മുടെ ജീവിതത്തിലും ഉണ്ടാകണമെന്ന് ഈശോ പറയുന്നത്: ''നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരി ക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍'' (6:36). 
അനശ്വരമായ കിരീടത്തിനു വേണ്ടിയുള്ള ഓട്ടത്തില്‍ വിജയിയാകുന്നതിന് (1 കോറി. 9:25) മിശിഹായുടെ നിയമത്തിന് അധീനനാകണം (9:21) എന്ന് വി. പൗലോസ് നമ്മെ ഓര്‍മിപ്പിക്കുന്നു (1 കോറി. 9:19-27).  ആ മിശിഹായുടെ നിയമം കരുണയുടേതാണ്. വലിയ പാപികള്‍ എന്നു മനുഷ്യര്‍ വിധിക്കുന്നവരെയും കരുണയോടെ നോക്കുന്ന, തന്റെ കരുണയില്‍ തന്നോടു രമ്യപ്പെടാന്‍ നമ്മെ വിളിക്കുന്ന പിതാവായ ദൈവത്തിന്റെ നീതിക്ക് എളിമയോടെ നമ്മെ സമര്‍പ്പിക്കാം.

Login log record inserted successfully!