•  16 May 2024
  •  ദീപം 57
  •  നാളം 10
ശ്രേഷ്ഠമലയാളം

പലായനവും പാലായനവും

തെറ്റും ശരിയും പരിചയപ്പെടുത്തുന്ന പുസ്തകങ്ങളില്‍ പലായനം ശരി പാലായനം തെറ്റ് എന്നു രേഖപ്പെടുത്തിക്കാണാറുണ്ട്. പലായനവും പാലായനവും ഭിന്നാര്‍ഥത്തില്‍ ശുദ്ധരൂപങ്ങളാണ്. പല + അയനം = പലായനം. (അ + അ = ആ) തിരിഞ്ഞോട്ടം എന്നര്‍ഥം. ആപത്തില്‍നിന്നു രക്ഷപ്പെടാനുള്ള ഓട്ടമാണത്. ''പലായനമെങ്കില്‍ പലായനം'' എന്ന ശൈലിയും ആ വിവക്ഷിതം ഉള്‍ക്കൊള്ളുന്നു. ഭാവനാസ്പദമായ ജീവിതഭംഗികള്‍ മാത്രം ആവിഷ്‌കരിക്കുന്ന സാഹിത്യരീതിക്ക് പലായനവാദം എന്നു പറയാറുണ്ടല്ലോ!
 പാല (പാലാ) എന്ന സ്ഥലനാമത്തോട് അയനം (സഞ്ചാരം) ചേര്‍ത്താലത് പാലായനമാകും. പാല+അയനം എന്നോ പാലാ + അയനം എന്നോ പാലായന ശബ്ദത്തെ പിരിച്ചും ചേര്‍ത്തും എഴുതാം* അപ്പോള്‍ പാലായനത്തിന് പാലയിലേക്ക് യാത്ര എന്ന അര്‍ഥം വന്നുചേരുന്നു. പാലായിലേക്കുള്ള ഓടിപ്പോകലാണത്. അതുപക്ഷേ, രക്ഷപ്പെടാനുള്ള പിന്‍തിരിഞ്ഞോട്ടമല്ല. നേരേമറിച്ച്, പാലാ ലക്ഷ്യമാക്കിയുള്ള സഞ്ചാരമാണ്. പോകുന്നത് പാലായ്ക്കാണെങ്കില്‍ പാലായനം എന്നുതന്നെ പറയാം. അതായത്, പലായനവും പാലായനവും ഉദ്ദിഷ്ടത്തിന് വിപരീതമായ അര്‍ഥത്തെ പ്രദാനം ചെയ്യുന്നു. ശത്രുക്കളെ ഭയന്നുള്ള രക്ഷപ്പെടലിന് പലായനം എന്നും കോട്ടയം ജില്ലയിലെ ചെറുപട്ടണമായ പാലായിലേക്കുള്ള യാത്രയ്ക്ക് പാലായനമെന്നും വ്യവഹരിച്ചാല്‍ മൊഴിയും പൊരുളും ശുദ്ധമാകും. ''അര്‍ഥം മനസ്സിലാക്കാതെ പദംകൊണ്ട് കളിക്കുന്നതുകൊണ്ടാണ് ഇത്തരം പ്രമാദം പറ്റുന്നത്. പ്രമാദത്തിന് തെറ്റ് എന്നാണര്‍ഥം. എഴുതുന്ന ആളിന്റെ പ്രമാദം  വായനക്കാരെയും പ്രമാദത്തിലേക്കു നയിച്ചേക്കും. പ്രമാദത്തിന്റെ ശരിയായ അര്‍ഥം ധരിച്ചവര്‍ 'പ്രമാദമായ കേസ്' എന്നു കേട്ടാല്‍ കള്ളക്കേസെന്നു ധരിച്ചുപോകുമല്ലോ.*
1. കൃഷ്ണന്‍നായര്‍ കുളത്തൂര്‍, പ്രൊഫ., തെറ്റരുത് മലയാളം, മനോരമ ബുക്‌സ്, കോട്ടയം, 2023, പുറം - 122.
2. വാസുദേവഭട്ടതിരി, സി.വി. നല്ല മലയാളം, ഇംപ്രിന്റ്, കൊല്ലം, 1992, പുറം - 150.

 

Login log record inserted successfully!