•  16 May 2024
  •  ദീപം 57
  •  നാളം 10
വചനനാളം

സ്‌നേഹം കരുതലാക്കുന്നവന്‍

ജൂണ്‍ 25  ശ്ലീഹാക്കാലം  അഞ്ചാം ഞായര്‍

നിയ 1:33-46  ഏശ 1:21-31
1 കോറി 14:1-12  ലൂക്കാ 12:22-34

ദൈവരാജ്യത്തിന്റെ രഹസ്യമായി വിശുദ്ധഗ്രന്ഥത്തില്‍ കാണുന്നതും ഈശോയുടെ ശിഷ്യന്മാര്‍ അനുഭവിക്കുന്നതും അവര്‍ പിന്നീട് പ്രഘോഷിക്കുന്നതും ദൈവസ്‌നേഹമാണ്. സ്‌നേഹനിധിയായ ദൈവം മനുഷ്യനോടു കാണിക്കുന്ന കരുണയും, ആ കരുണയില്‍നിന്നുണ്ടാകുന്ന രക്ഷയുമാണല്ലോ ബൈബിളിന്റെ ഉള്ളടക്കം. ദൈവം മനുഷ്യനില്‍നിന്ന് ആ സ്‌നേഹം തിരികെ ആവശ്യപ്പെടുന്നുണ്ട്. 
ദൈവം ഇസ്രയേലിനോടു കാണിക്കുന്ന കരുണയും എന്നാല്‍ ആ കരുണയോടു വിശ്വസ്തത കാണിക്കാത്ത ജനത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പരിഭവവുമാണ് ഒന്നാം വായനയുടെ (നിയ. 1:33-46) ഇതിവൃത്തം. മോശയാണു സംസാരിക്കുന്നത്. ദൈവം ഇസ്രായേലിനോടു കാണിച്ച കരുണ അനുഭവിച്ചറിഞ്ഞയാള്‍. ആ കരുണയുടെ ആഴം എത്രയെന്നറിയണമെങ്കില്‍ ഇതുമാത്രം ശ്രവിച്ചാല്‍ മതി: ''നിങ്ങള്‍ക്കു വഴികാട്ടാനായി അവിടുന്ന് രാത്രി അഗ്നിയിലും പകല്‍ മേഘത്തിലും നിങ്ങള്‍ക്കു മുമ്പേ സഞ്ചരിച്ചിരുന്നു''(1:33). 
പിതാക്കന്മാര്‍ക്കു താന്‍ വാഗ്ദാനം ചെയ്ത കാനാന്‍ ദേശം ഇപ്പോഴത്തെ തലമുറയ്ക്കു നല്‍കുന്നതില്‍ ദൈവം വിമുഖത പ്രകടിപ്പിക്കുന്നു(1:34). ഈ തലമുറ കാണിക്കുന്ന അനുസരണക്കേടാണ് അതിന്റെ കാരണം. ദൈവത്തിന്റെ വാക്കുകള്‍ക്കു വിലകൊടുക്കുകയും അവിടുത്തെ കല്പനകള്‍ അനുസരിക്കുകയും ചെയ്യുന്നവരോടാണ് അവിടുത്തേക്കു പ്രതിപത്തി (1:36). അവിടുത്തെ അനുസരിക്കാതിരിക്കുകയും എന്നാല്‍, അവിടുന്ന് തങ്ങളോടൊത്തുണ്ട് എന്നഹങ്കരിച്ച് യുദ്ധത്തിനു പോകുകയും ചെയ്തതിനാല്‍ അമോര്യര്‍ക്കെതിരേ ഇസ്രായേല്‍ പരാജയപ്പെട്ടു(1:44). 
കര്‍ത്താവിനെ പരിത്യജിക്കുന്നവര്‍ നിശ്ശേഷം ഇല്ലാതാകും (ഏശ. 1:28) എന്ന സന്ദേശമാണ് ഏശയ്യാപ്രവാചകനിലൂടെ ദൈവം നല്‍കുന്നത് (രണ്ടാം വായന: ഏശ. 1:21-31). കര്‍ത്താവിനെ പരിത്യജിക്കുന്നവരുടെ  ലക്ഷണങ്ങള്‍ അവര്‍ പാപികളും കലഹപ്രിയരുമായിരിക്കും എന്നതാണ് (1:28). കര്‍ത്താവിന്റെ സ്‌നേഹവും കരുണയും പങ്കുപറ്റുന്ന ജനം ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങളാണ് അവരുടെയിടയില്‍ നടക്കുന്നതെന്ന് ഏശയ്യാ ഉദാഹരണസഹിതം ഓര്‍മിപ്പിക്കുന്നു: ''നീതിയും ധര്‍മവും കുടികൊണ്ടിരുന്ന അവളില്‍ ഇന്ന് കൊലപാതകികളാണു വസിക്കുന്നത്''(1:21). 
ആ  തലമുറയിലെ ജനം ചെയ്യുന്ന അതേ പാപങ്ങളൊക്കെത്തന്നെയാണ് ഇന്നത്തെ ജനവും ചെയ്യുന്നതെന്നത് വിരോധാഭാസമായിത്തോന്നാം. സ്വാര്‍ഥലാഭത്തിനായി കള്ളന്മാരോടും കള്ളക്കടത്തുകാരോടും കൂട്ടുകൂടുന്ന നേതാക്കള്‍. കോഴ കൊതിക്കുന്ന ഉദ്യോഗസ്ഥര്‍, പണമുണ്ടാക്കുന്നതിനായി അഴിമതികാണിക്കുന്നവര്‍, സാധാരണ ജനത്തിന്റെ ആവശ്യങ്ങളുടെ കൂടെ നില്‍ക്കാത്ത അധികാരികള്‍. ഇതൊക്കെ ദൈവരാജ്യസങ്കല്പത്തിന് എതിരു നില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളാണ്. അന്നും ഇന്നും വലിയ മാറ്റമൊന്നും ദൈവത്തിന്റെ സ്‌നേഹത്തിനും മനുഷ്യന്റെ പ്രതികരണത്തിനും ഉണ്ടായിട്ടില്ല എന്നതിന് നമ്മുടെ തലമുറതന്നെ സാക്ഷി!
ദൈവത്തിന്റെ മനുഷ്യനോടുള്ള സ്‌നേഹം പൂര്‍ണമായും കരുതലിന്റേതും കരുണയുടേതുമാണെന്നും, അതു വാക്കുകളില്‍ ഒതുങ്ങാതെ പ്രാവര്‍ത്തികമാക്കപ്പെടുന്നെന്നും ഈശോ ഓര്‍മിപ്പിക്കുന്നു (ലൂക്കാ 12:22- 34). ആകുലരാകാതെ ദൈവപരിപാലനയില്‍ ആശ്രയിക്കാന്‍ ഈശോ തന്നെ ശ്രവിക്കുന്നവരോടു പറയുന്നു. പക്ഷേ, ശ്രവിക്കുന്നവര്‍ക്കറിയില്ലല്ലോ ഇതു ദൈവംതന്നെയാണു സംസാരിക്കുന്നതെന്ന്. അതുകൊണ്ടുതന്നെ 'എത്ര പ്രവാചകന്മാര്‍ തങ്ങളോടിതു പറഞ്ഞിട്ടുള്ളതാണ്' എന്നു പറഞ്ഞ് ഈശോയുടെ വാക്കുകളെ നിസ്സാരവത്കരിക്കുന്നുണ്ടാകാം. എന്നാലും ഈശോ തന്റെ ദൗത്യത്തില്‍നിന്നു പിന്മാറുന്നില്ല. 
'ആകുലരാകരുത്' എന്ന് ദൈവമായ ഈശോതന്നെ പറയുമ്പോള്‍ അതിന്റെ കാരണവും അവിടുന്നുതന്നെ പറയുന്നുണ്ട്: ''എന്തെന്നാല്‍, ജീവന്‍ ഭക്ഷണത്തിനും വസ്ത്രത്തിനും ഉപരിയാണ്''(12:23). ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണം വേണം എന്ന കാഴ്ചപ്പാടാണ് ലോകത്തിനുള്ളത്. പക്ഷേ, യാഥാര്‍ഥ ജീവന്‍ ദൈവം തരുന്ന നിത്യജീവന്‍ നിലനിര്‍ത്താന്‍ മാനുഷികമായ ഭക്ഷണം ആവശ്യമില്ല (ലൂക്കാ 4:4). ആ ജീവന്‍ ഈ ലോകത്തിന്റെ ചിന്തകള്‍ക്കുപരിയാണ്. ലളിതവും ദൈവാശ്രയ ബോധത്തിലുള്ളതുമായ ജീവിതത്തിലേക്ക്, പക്ഷികളുടെയും സസ്യങ്ങളുടെയും ഉദാഹരണം ചൂണ്ടിക്കാണിച്ച് ഈശോ നമ്മെ ക്ഷണിക്കുന്നു. 
മനുഷ്യന്റെയൊപ്പം ചിന്താബോധമില്ലാത്ത മൃഗങ്ങളും പറവകളും സസ്യങ്ങളുമെല്ലാം ആകുലതയില്ലാതെ ജീവിക്കുന്നുണ്ടെങ്കില്‍ ദൈവത്തെ അറിയുന്ന, അവിടുന്നില്‍ വിശ്വസിക്കുന്ന മനുഷ്യര്‍ക്ക് എത്രയധികം ആശ്വാസം ഉണ്ടാകേണ്ടതാണ്? അതിനുപകരം, ലോകത്തിന്റെ രീതികളില്‍ നിക്ഷേപങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ ശ്രമങ്ങളെ ഈശോ പരിഹസിക്കുന്നതും (ലൂക്കാ 12:20-21) നാം കാണുന്നുണ്ട്. 
മനുഷ്യന്റെ ചിന്തയില്‍ മൃഗങ്ങളുടെയും സസ്യങ്ങളുടെയും ജീവിതം നിസ്സാരമാണ്, വിലയില്ലാത്തതാണ്. അതുപോലെ, ദൈവത്തിന്റെ ചിന്തയില്‍ മനുഷ്യന്റെ ജീവിതവും നിസ്സാരമാണ് എന്നു ചിന്തിക്കാന്‍ നമുക്കു കഴിയുമെങ്കില്‍ ദൈവാശ്രയബോധം നമുക്കു കരുത്താകും. മനുഷ്യജീവിതം പുല്‍ക്കൊടിക്കു തുല്യമാണ് (സങ്കീ. 103:15) എന്നത് ദൈവത്തിന്റെ നിത്യതയുടെ കാഴ്ചപ്പാടിലാണ് അര്‍ഥമുള്ളതാകുന്നത്. എണ്‍പതോ നൂറോ വര്‍ഷമുള്ള മനുഷ്യജീവിതം നിത്യനായ ദൈവത്തിന്റെ കാഴ്ചപ്പാടില്‍ ഒരു പുല്‍ക്കൊടിയുടെ ആയുസ്സിനു സമമാണ്. എന്നിട്ടാണ് മനുഷ്യന്‍ അഹങ്കാരത്തിലും താന്‍പോരിമയിലും ജീവിച്ച് സഹോദരരുടെ ജീവിതം ദുസ്സഹമാക്കുകയും സ്വന്തജീവന്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്നത്. 
ദൈവത്തിന്റെ സ്‌നേഹത്തെ അടുത്തറിഞ്ഞ പൗലോസാകട്ടെ, സ്‌നേഹിക്കാനുള്ള ആഹ്വാനവുമായി വീണ്ടും എഴുതുകയാണ് (1 കോറി. 14: 1-12). ''സ്‌നേഹമായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം'' (14:1). ആ സ്‌നേഹം വ്യക്തിഗതമല്ലെന്ന് പൗലോസ് ഓര്‍മിപ്പിക്കുന്നു. കൂട്ടായ്മയില്‍ ജീവിക്കുന്നവരാണ് ക്രിസ്ത്യാനികള്‍. അതുകൊണ്ടുതന്നെ, സഭയിലും സഭയോടുമുള്ള സ്‌നേഹം പരമപ്രധാനമാണ്. 'സഭ' എന്നതുകൊണ്ട് തന്നില്‍നിന്നു മാറിനില്‍ക്കുന്ന ഒരു പ്രസ്ഥാനമാണെന്നു ചിന്തിക്കുന്ന വിശ്വാസികളെ തിരുത്താന്‍ പൗലോസ് ശ്രമിക്കുന്നുണ്ട്. ''നിങ്ങള്‍ ആത്മീയകാര്യങ്ങളില്‍ ഉത്സുകരായിരുന്നുകൊണ്ട് സഭയുടെ ഉത്കര്‍ഷത്തിനായി യത്‌നിക്കുവിന്‍'' (14:1). സഭയുടെ അഭിവൃദ്ധിക്കായി പരിശ്രമിക്കുമ്പോള്‍ നമ്മുടെതന്നെ ഉയര്‍ച്ചയും നിത്യരക്ഷയിലേക്കുള്ള കൂട്ടായ ശ്രമവുമാണ് നടക്കുന്നതെന്ന ബോധ്യം ഓരോ വിശ്വാസിക്കും ഉണ്ടാകണം.

Login log record inserted successfully!