•  16 May 2024
  •  ദീപം 57
  •  നാളം 10
ശ്രേഷ്ഠമലയാളം

നിര്‍ഭയം ദുര്‍നയം

സംസ്‌കൃതത്തില്‍ നിസ്, ദുസ് എന്നിങ്ങനെ രണ്ട് പദപൂര്‍വാംശങ്ങള്‍ അഥവാ ഉപസര്‍ഗങ്ങള്‍ ഉണ്ട്. അവ വിശേഷ്യപദങ്ങളോടു ചേരുമ്പോള്‍ ചില മാറ്റങ്ങള്‍ വരും. പിന്നാലെ വരുന്ന ആദിവര്‍ണത്തിന്റെ സ്വഭാവമനുസരിച്ചാണ് വികാരങ്ങള്‍ സംഭവിക്കുന്നത്. ഈ വ്യത്യാസം മനസ്സിലാക്കല്‍ പലപ്പോഴും ക്ലേശകരമാണ്. നിസ് എങ്ങനെ നിര്(നിര്‍) എന്നും ദുസ് എങ്ങനെ ദുര്(ദുര്‍) എന്നും ആകുമെന്നറിയാന്‍ വ്യാകരണപാഠം അനുപേക്ഷണീയമാണ്. ഇത്തരം പദങ്ങള്‍  സമസ്തരൂപത്തില്‍ത്തന്നെ മനസ്സിലാക്കി വച്ചാല്‍ തെറ്റുകള്‍ ഒഴിവാകും. 

നിസ് എന്ന ഉപസര്‍ഗത്തിന് അകന്ന, വേറിട്ട, ഇല്ലാത്ത, അഭാവമുള്ള, ഒഴിവായ, പൂര്‍ണമായ, മുഴുവനായ, ധാരാളമായ, തീര്‍ച്ചയായ, അതീതമായ തുടങ്ങിയ അര്‍ഥങ്ങളില്‍ പ്രയോഗമുണ്ട്. ചീത്ത, നീചമായ, ദുഷ്ടമായ, ക്രൂരമായ, താഴ്ന്ന, ചെറിയ, കടുത്ത, പ്രയാസമായ, ഇല്ലാത്ത, അഭാവമുള്ള, കുറഞ്ഞ തുടങ്ങി നിഷേധാത്മകമായ സ്വഭാവത്തെക്കുറിക്കാന്‍ ദുസ് എന്ന ഉപസര്‍ഗം പൊതുവെ പ്രയോഗിക്കുന്നു. 
''അവര്‍ണമൊഴികെയുള്ള സ്വരത്തിനുശേഷം വരുന്ന സകാരത്തിന് ഏതെങ്കിലും സ്വരമോ മൃദു, ഘോഷം, അനുനാസികം, മധ്യമം, ഹകാരം ഇവയിലൊന്നോ വന്നാല്‍ രേഫാദേശം.''* (സകാരത്തിനു  രേഫാദേശം). അങ്ങനെ,   നിസ്+ ഭയം - നിര്‍ഭയം; നിസ് + ഹേതു = നിര്‍ഹേതു; നിസ് + വ്യാജം = നിര്‍വ്യാജം; നിസ് + ആശ്രയം = നിരാശ്രയം; നിസ് + ദയം = നിര്‍ദയം; നിസ് + വേദം = നിര്‍വേദം; നിസ് + ജലം = നിര്‍ജലം എന്നും ദുസ് + നയം = ദുര്‍നയം; ദുസ് + ഉക്തി = ദുരുക്തി; ദുസ് + ആലോചന = ദുരാലോചന; ദുസ് + യുക്തി = ദുര്‍യുക്തി; ദുസ് + ജനം = ദുര്‍ജനം; ദുസ് + മാര്‍ഗം = ദുര്‍മാര്‍ഗം എന്നും ശരിയായ സമസ്തപദങ്ങള്‍ ഉണ്ടാകുന്നു.
നിര്‍ഭയം = ഭയമില്ലാതെ, നിര്‍ഹേതു = കാരണമില്ലാതെ, നിര്‍വ്യാജം = വ്യാജമല്ലാത്ത, നിരാശ്രയം = ആശ്രയമില്ലാത്ത, നിര്‍ദയം = ദയയില്ലാതെ, നിര്‍വേദം = ഒന്നിലും താത്പര്യമില്ലാത്ത, നിര്‍ജലം - വെള്ളമില്ലാത്ത, ദുര്‍നയം = തെറ്റായ നയം,  ദുരുക്തി = ചീത്തവാക്ക്, ദുരാലോചന = ദുഷിച്ച ആലോചന, ദുര്‍യുക്തി = കുയുക്തി, ദുര്‍ജനം = ദുഷ്ടജനം, ദുര്‍മാര്‍ഗം = പ്രയാസമുള്ള വഴി. 
ഇങ്ങനെ പദങ്ങളുടെ നിരുക്തിയും പൊരുളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
*ജോണ്‍ കുന്നപ്പള്ളി, വിദ്വാന്‍, ശബ്ദസൗഭഗം (മലയാളവ്യാകരണം) എന്‍.ബി.            എസ്., കോട്ടയം, 1986,                  പുറം - 81, 86.

 

Login log record inserted successfully!